Jump to content

പേരാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേരാൽ
Banyan tree (Ficus benghalensis) in front of the Edison museum in Fort Myers, Florida
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F. benghalensis
Binomial name
Ficus benghalensis
Synonyms
  • Ficus banyana Oken
  • Ficus benghalensis var. krishnae (C.DC.) Corner
  • Ficus chauvieri G.Nicholson
  • Ficus cotoneifolia Vahl
  • Ficus cotonifolia Stokes
  • Ficus crassinervia Kunth & C.D.Bouché [Invalid]
  • Ficus karet Baill.
  • Ficus krishnae C.DC.
  • Ficus lancifolia Moench
  • Ficus lasiophylla Link
  • Ficus procera Salisb.
  • Ficus pubescens B.Heyne ex Roth
  • Ficus umbrosa Salisb.
  • Perula benghalensis Raf.
  • Urostigma benghalense (L.) Gasp.
  • Urostigma crassirameum Miq.
  • Urostigma procerum Miq.
  • Urostigma pseudorubrum Miq.
  • Urostigma rubescens Miq.
  • Urostigma sundaicum Miq.
  • Urostigma tjiela Miq.
ചാവക്കാട് കറുകമാട് എന്ന സ്ഥലത്ത് പുഴയുടെ കെട്ടിൽ വളരുന്ന ഒരു പേരാൽ. Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, ആൽ വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു പേരാൽ. (ശാസ്ത്രീയനാമം: Ficus benghalensis). 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്‌. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്‌. വേരേത്‌ തടിയേത്‌ എന്ന് വേർതിരിച്ചറിയാൻ കഴിയില്ല. നിലത്തുതന്നെ വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതായിരിക്കും.

ബനിയൻ ട്രീ എന്നു പലതരം ആലുകൾക്ക്‌ പറയാറുണ്ടെങ്കിലും പേരാലിനാണത്‌ ഏറ്റവും ഉപയോഗിക്കുന്നത്‌. പണ്ട്‌ കച്ചവട ജാതിക്കാരായ ബനിയകൾ കച്ചവടത്തിനു പോവുമ്പോൾ വിശ്രമിക്കാൻ ഇരുന്ന മരച്ചുവടിൽ നിന്നാവാം ആ പേരു വന്നത്‌. മറ്റു പേരുകൾ ഇന്ത്യൻ ആൽമരം 'Indian fig' , ബംഗാൾ ആൽമരം 'Bengal fig' എന്ന് ഇംഗ്ലീഷിലും. തമിഴിൽ ആലമരം എന്നും (ஆலமரம்). തെലുങ്കിൽ മാറിചെട്ടു എന്നും , സംസ്കൃതത്തിൽ ന്യഗ്രോഥ എന്നും [1], കന്നടത്തിൽ ആലട മരാ എന്നും അറിയപെടുന്നു. മറ്റു ഭാഷകളിൽ bargad/برگد, borh/بوڑھ, wad (Marathi:वड ).

രൂപവിവരണം

[തിരുത്തുക]

ജാലികസിരാവിന്യാസമുള്ള മിനുസമുള്ള ലഘു ഇലകൾ. പ്ലവിലകളോട്‌ നല്ല സാമ്യമുണ്ട്‌. സിരകൾ നന്നായി തെളിഞ്ഞുകാണാം. അഞ്ചെട്ടു ജോടി പാർശ്വസിരകൾ ഉണ്ട്‌. വരൾച്ചയുള്ള സ്ഥലത്തു വളരുന്ന പേരാലിന്റെ ഇല മുഴുവൻ ഡിസംബർ-ജനുവരി മാസങ്ങളിൽ പൊഴിയും. പുതിയ ഇലകൾ പെട്ടെന്നു തന്നെയുണ്ടാവും. ജനുവരി മുതൽ മാർച്ചുവരെയാണു പൂക്കാലം. പൂക്കളെല്ലാം ചെറുതാണ്‌. ഞെട്ടില്ല. ആൺപൂവും പെൺപൂവും വേവ്വേറെയാണ്‌. രണ്ടിനും നാലുകർണ്ണങ്ങളുള്ളപുടമുണ്ട്‌. ആൺപൂവിന്‌ ഒരു കേസരമേയുള്ളൂ. കായ വിളയാൻ മൂന്നു മാസം വേണം. വിളഞ്ഞകായ്‌ ചുമന്നിരിക്കും. ഏകദേശം 2.5 സെ.മി. വ്യാസവും 1.25 ഗ്രാം തൂക്കവും കാണും. പക്ഷികൾ കായ കൊത്തിവിഴുങ്ങുകയാണു ചെയ്യുന്നത്‌. കായ്കൾ പഴുക്കുന്ന കാലത്ത്‌ ധാരാളം പക്ഷികൾ പഴം തിന്നാനെത്തും. കാക്കകൾക്ക് ഇത് ഉതസവകാലം പോലെയാണ്‌. "ആലിൻപഴം പഴുക്കുമ്പോൾ‍ കാക്കക്ക് വായ്പുണ്ണ് ‌" എന്നൊരു ചൊല്ലു തന്നെ നടപ്പുണ്ട്. വിത്ത്‌ കേടുകൂടാതെ തന്നെ വിസർജ്ജിക്കപ്പെടുന്നു. മതിലിന്റെ വിടവുകളിലോ മരത്തിന്റെ പോടുകളിലോ വിസർജ്ജിക്കപ്പെടുന്ന വിത്തുകൾ മുളച്ചുവരുന്നു. പക്ഷികൾ വിസർജ്ജിക്കുന്ന വിത്തുകൾക്ക്‌ മുളയ്ക്കാനുള്ള്‌ ശേഷി കൂടുതലുണ്ട്‌ , വിത്ത് വാഹക്കാരിൽ പ്രധാനി മൈന ആണ്.[1]

വളർന്നുതുടങ്ങുന്നതോടെ വേഗത്തിൽ നിലത്തെത്തുന്ന വായവവേരുകൾ താങ്ങുവേരുകളാകുന്നു. ഈ താങ്ങുവേരുകളുടെ ധൃതരാഷ്ട്രാലിംഗനത്തിൽ ആതിഥേയമരം നശിച്ചുപോയേക്കാം. ഇതിനാൽ പേരാലിനെ കാട്ടിലെ ഏറ്റവും വലിയ കുറ്റവാളിയായി കണക്കാക്കുന്നു. കൃത്രിമപുനരുൽപാദനത്തിനു തൈകൾ പറിച്ചുനടുകയോ, പതിവയ്ക്കുകയോ കമ്പുകൾ വെട്ടിനടുകയോ ചെയ്താൽ മതി.

താങ്ങുവേരുകളാണ്‌ ഭൂമിയ്ക്കു സമാന്തരമായി വളരുന്ന ശാഖകളെ താങ്ങിനിർത്തുന്നത്‌. താങ്ങുവേരുകളിൽ നിന്നു കിട്ടുന്ന തടിയ്ക്ക്‌ കാണ്ഡത്തേക്കാൾ ബലമുണ്ട്‌. അനാവശ്യമായി വളരുന്ന പേരാലുകളെ ശ്രദ്ധാപൂർവം മുറിച്ചുനീക്കിയില്ലെങ്കിൽ മാതൃവൃക്ഷത്തെ അതു നശിപ്പിക്കും. കെട്ടിടങ്ങളുടെയും മതിലുകളിലെ വിടവുകളിലും വളരുന്ന മരങ്ങളെ നീക്കിയില്ലെങ്കിൽ കെട്ടിടത്തിനും മതിലിനും നാശമുണ്ടാകും. ട്രിക്ലോപൈർ എന്ന കളനാശിനി തൈകളെ നശിപ്പിക്കാൻ ഹവായിയിൽ ഉപയോഗിക്കുന്നു.

മനോഹരമായ ഈ വൃക്ഷം ഒരു മികച്ച ഉദ്യാനവൃക്ഷമായി വളർത്തപ്പെടുന്നു. ബോൺസായി ആയും പേരാലിനെ ധാരാളം വളർത്താറുണ്ട്‌.

കണ്ണൂർ സയൻസ്‌ പാർക്കിലുള്ള പേരാൽ

പരാഗണം

[തിരുത്തുക]

ഓരോ ആൽമരത്തിനും പരാഗണം നടക്കണമെങ്കിൽ ഓരോ പ്രത്യേകം കടന്നലുകൾ ആവശ്യമാണ്‌. പേരാലിന്റെ കടന്നൽ യൂപ്രിസ്റ്റിന മാസോണി ആണ്‌. [2]

ആവാസവും വിതരണവും

[തിരുത്തുക]

ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്‌. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ലെന്നു തന്നെ പറയാം.

പുറത്തുനിന്നും കൊണ്ടു വന്ന പേരാൽ മരങ്ങൾ ഹവായിയിലും ഫ്ലോറിഡയിലും ഉണ്ട്‌. ഫ്ലോറിഡയിൽ പേരാലുകൾ ധാരാളമായി വളരുന്നുണ്ട്‌. ഹവായിയിൽ പേരാലിന്റെ കടന്നലിനെ കൊണ്ടുവന്നിട്ടില്ലാത്തതിനാൽ അവിടെ പേരാൽ വ്യാപനം നിയന്ത്രിതമാണ്‌. ഹവായിയിലേക്ക്‌ ആ കടന്നൽ വരാതിരിക്കാൻ അതീവ കരുതൽ എടുത്തിരിക്കുന്നു. [3] ലോകത്താകെ നനവുള്ള ഉഷ്ണമേഖലയിൽ പേരാൽ നട്ടുവളർത്തലിലൂടെ വ്യാപിച്ചിട്ടുണ്ട്‌.

ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്‌. 1925-ൽ ഒരു ഇടിമിന്നലിനെത്തുടർന്ന് വെട്ടിച്ചെറുതാക്കുന്നതുവരെ കൊൽക്കത്തയിലെ 200-250 വർഷം പ്രായമായ പേരാലായിരുന്നു ഏറ്റവും വലിയ വൃക്ഷം. ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ്‌ ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം. ഇതിന്‌ 1100-ഓളം വേരുകൾ ഉണ്ട്‌.പലതരം ജീവജാലങ്ങൾ ഈ മരത്തിലുണ്ട്‌. വാരണസിയിലും ബെംഗളൂരുമുള്ള പേരാലുകളും വലിപ്പത്തിന്റെ കാര്യത്തിൽ പ്രസിദ്ധങ്ങളാണ്‌. നർമദാ തീരത്തുണ്ടായിരുന്ന പ്രസിദ്ധമായ പേരാൽച്ചുവട്ടിൽ അലക്സാണ്ടർ ചക്രവർത്തിയുടെ 7000 ഭടന്മാർക്ക്‌ തമ്പടിക്കാൻമാത്രം വിസ്താരമുണ്ടായിരുന്നത്രേ. വെള്ളപ്പൊക്കത്താൽ ഇതിന്റെ വലിപ്പംവളരെ കുറഞ്ഞിരുന്നെങ്കിലും അതിന്റെ അവശേഷിച്ച ഭാഗത്തിന്‌ 2000 അടി ചുറ്റളവു ഉണ്ടായിരുന്നെന്ന്‌ 1813-15-ൽ എഴുതിയ ഓറിയന്റൽ മെംവാസ്‌ എന്ന പുസ്തകത്തിൽ ജയിംസ്‌ ഫോബ്സ്‌ പറഞ്ഞിട്ടുണ്ട്‌. ആ മരത്തിന്‌ 3000-ലേറെ തായ്‌വേരുകൾ ഉണ്ടായിരുന്നു.[4]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം - കഷായം, മധുരം

ഗുണം - ഗുരു, രൂക്ഷം

വീര്യം - ശീതം

വിപാകം: കടു [5]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

തൊലി, പൂമൊട്ട്, പൂവ്, കായ് [5]

ഉപയോഗം

[തിരുത്തുക]

പേരാൽ നല്ല തണൽ മരമാണ്‌. ഗ്രാമാതിർത്തിയിൽ വച്ചുപിടിപ്പിക്കണമെന്ന്‌ മനുസ്മൃതിയിൽ കാണുന്നു. ജലദൌർലഭ്യം ഉണ്ടാവാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വരാഹമിഹിരൻ ബൃഹൽസംഹിതയിൽ പറഞ്ഞിട്ടുണ്ട്‌.

തടിക്ക്‌ മങ്ങിയ വെള്ളനിറമാണ്‌. കടുപ്പവുമുണ്ട്‌. നന്നായി ഉണങ്ങിയ തടി ഫർണിച്ചറിന്‌ കൊള്ളാം. വെള്ളത്തിൽ ദീർഘകാലം കേടുകൂടാതെ കിടക്കുന്നതുകൊണ്ട്‌ കിണറിന്‌ അടിയിൽ പാകാൻ ഉപയോഗിക്കുന്നു. മണ്ണൊലിപ്പു തടയാനും പേപ്പർ പൾപ്പുണ്ടാക്കാനും കാലിത്തീറ്റയ്ക്കായും എല്ലാം പേരാലിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിക്കുന്നു.

ഫ്രഞ്ച്‌ പോളിഷിൽ ചേർക്കുന്ന ഷെല്ലാക്‌ ഉണ്ടാക്കുന്നത്‌ ആലിൽ ജീവിക്കുന്ന ചില തര കീടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന നൂൽ പോലെയുള്ള പശ ഉപയോഗിച്ചണ്‌.

പേരാലിന്റെ തൊലിയിൽ ടാനിനും ഔഷധാംശവുമുണ്ട്‌. തൊലിയിട്ടു തിളപ്പിച്ച വെള്ളം ഉഷ്ണപ്പുണ്ണ്‌ കഴുകാൻ നല്ലതാണ്‌. വായവമൂലത്തിന്റെ അഗ്രഭാഗം കഠിനമായ ഛർദ്ദിക്കും ഗുഹ്യരോഗത്തിനും നല്ലതാണ്‌. ത്വക്‌ രോഗങ്ങൾക്കും വയറിളക്കത്തിനും പ്രമേഹത്തിനും അൾസറിനും അലർജിക്കുമെല്ലാം പേരാൽ ഔഷധമായി ഉപയോഗിക്കുന്നു.

വേര്‌, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.

വായു മലിനീകരണം മരങ്ങളുടെ വളർച്ചയേയും നിലനിൽപ്പിനേയും ബാധിക്കാറുണ്ട്‌. പല മരങ്ങൾക്കും അതിനെ ചെറുത്തുനിൽക്കാനുള്ള കഴിവ്‌ പലതരത്തിലാണ്‌. അഹമ്മദാബാദിൽ നടത്തിയ ഒരു പഠനത്തിൽ മനസ്സിലായത്‌ വായുമലിനീകരണത്തിൽ പിടിച്ചുനിൽക്കാൻ മറ്റു പലതരം മരങ്ങളേക്കാൾ കഴിവ്‌ പേരാലിനാണെന്നാണ്‌.

അമേരിക്കയിലെ ആദ്യ പേരാൽ നട്ടത്‌ തോമസ്‌ ആല്വാ ഏഡിസൺ ആണ്‌. അദ്ദേഹത്തിന്റെ ഫ്ലൊറിഡയിലെ ഫോർട്‌ മെയേഴ്‌സിലെ ഭവനത്തിൽ 1925-ൽ നട്ട മരമാണത്‌. ഇന്ത്യയിൽ നിന്നും കൊണ്ടുവന്ന പേരാലിന്റെ തൈ പ്രമുഖ റബർ വ്യവസായിയായ ഹാർവി ഫയർസ്റ്റോൺ ആണ്‌ അദ്ദേഹത്തിനു നൽകിയത്‌. 64 അടി ഉയരത്തിൽ ഒരേക്കറോളം സ്ഥലത്ത്‌ ഇന്നത്‌ വളർന്നു നിൽക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ അമേരിക്കയ്ക്ക്‌ റബ്ബറിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ വന്നപ്പോൾ റബ്ബർ പോലെയുള്ള മറ്റു വസ്തുക്കൾ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ്‌ റബ്ബർപാൽ പോലെ കറയുള്ള പേരാൽ ഗവേഷണാർത്ഥം നട്ടുവളർത്തിയത്‌.[6]

ആൽവർഗ്ഗത്തിലെ മരത്തിന്റെ പാലിൽ 3 ശതമാനം ലാറ്റക്സ്‌ ആണുള്ളത്‌. പരീക്ഷണം നടത്താൻ നിരവധി ആൽവൃക്ഷങ്ങൾ നാട്ടുവളർത്തി പരീക്ഷണം നടത്തിയിരുന്നു.

ജലസംരക്ഷണം

[തിരുത്തുക]

ആൽമരങ്ങൾ മുറിച്ചുമാറ്റുനത് വരൾച്ചയുടെ കാഠിന്യം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആൻഡ് ട്രീ ബ്രീഡിംഗ് നടത്തിയ പഠനത്തിൽ വ്യാപകമായി കേരളത്തിൽ ആൽമരങ്ങൾ മുറിച്ചുമാറ്റിയതും പകരം നട്ടുവളർത്താത്തതും ജലദൗർലഭ്യം വർധിപ്പിക്കാനിടയായതായി കാണിക്കുന്നു. വരൾച്ചയും ചൂടും വർധിക്കാൻ കാരണമായത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരങ്ങളിൽ 80 ശതമാനവും മുറിച്ചു മാറ്റിയതുകൊണ്ടാണത്രേ. ജലജൗർലഭ്യം ഉണ്ടാകാതിരിക്കാൻ ജലാശയങ്ങളുടെ കരയിൽ പേരാൽ നടണമെന്ന് വ്യക്തമായ പരാമർശം വരാഹമിഹിരൻ നടത്തിയിട്ടുണ്ട്. പേരാലിന്റെ തൊലി, പൂമൊട്ട്, പൂവ്, കായ് എന്നിവയ്ക്ക് ഔഷധഗുണമുള്ള പേരാൽ വായുമലിനീകരണത്തെ പിടിച്ചുനിർത്താൻ ഏറ്റവും കഴിവുള്ള മരമാണെന്ന് അഹമ്മദാബാദിൽ നടന്ന ഒരു ഗവേഷണത്തിൽ പറയുന്നു. ആലിൻകായകൾ ഭക്ഷിക്കുന്ന കാക്കകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് ആൽമരങ്ങളുടെ വ്യാപനത്തിന് പ്രധാനമായി സഹായിച്ചിരുന്നതെങ്കിലും കാക്കകളും പക്ഷികളും വംശനാശഭീഷണി നേരിടുന്നതും ആൽമരങ്ങളുടെ വ്യാപനത്തെ ബാധിക്കുന്നുണ്ടെന്നും ഈ പഠനത്തിൽ പറയുന്നു.[7]

മറ്റു കാര്യങ്ങൾ

[തിരുത്തുക]

പേരാലിന്റെ ഇലയിലാണ്‌ കൃഷ്ണൻ വിശ്രമിക്കുന്നത്‌.[8]

കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മ്രരാമി

- എന്ന് ബാലമുകുന്ദാഷ്ടകത്തിൽ പറയുന്നു.

ഹിന്ദുക്കളുടെ പുണ്യവൃക്ഷമാണ്‌ പേരാൽ. ഉത്തരേന്ത്യയിൽ മിക്കവാറും ചെറുതോ വലുതോ ആയ ഒരു അമ്പലവും അതിനു ചുവട്ടിൽ കാണും, ഇല്ലെങ്കിലും ആ മരത്തെ തന്നെ പൂജിക്കാറുമുണ്ട്‌. കടുത്തചൂടിൽ പക്ഷിമൃഗാദികൾക്കും വഴിപോക്കർക്കും അഭയം നൽകുന്ന പേരാൽ ഇന്ത്യൻ സംസ്കാരത്തിന്റെ തന്നെ ഭാഗമായി കരുതപ്പെടുന്നു. എല്ലാ വഴിവക്കിലും ഗ്രാമങ്ങളിലും പേരാൽ നട്ടുവളർത്താറുണ്ട്‌. പേരാലിന്റെ കൊമ്പിൽ യക്ഷഗന്ധർവാദികൾ വസിക്കുന്നതായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. വേദാന്തതത്ത്വോപദേശിയായ ദക്ഷിണാമൂർത്തി പേരാലിന്റെ തണലിലിരുന്നാണ്‌ ജ്ഞാനോപദേശം നൽകിയത്‌. പേരാലിന്റെ ചുവട്ടിൽ വച്ച്‌ പിതൃശ്രാദ്ധം നടത്തുന്നത്‌ നല്ലതാണ്‌. പ്രയാഗിലുള്ള ഒരു പേരാലിന്റെ ചുവട്ടിൽവച്ചാണ്‌ ശ്രീരാമൻ അച്ഛന്റെ ശ്രാദ്ധം നടത്തിയത്‌.

ഇന്ത്യയുടേ ദേശീയ വൃക്ഷമാണ്‌ പേരാൽ.[9]

എല്ലാ ആഗ്രഹങ്ങളും സാധിപ്പിക്കുന്ന കൽപവൃക്ഷമെന്ന്‌ അറിയപ്പെടുന്നു.

വീടിന്റെ പൂർവ്വഭാഗത്ത്‌ പേരാൽ ശുഭലഷണമാണ്‌. പശ്ചിമഭാഗത്തായാൽ ശത്രുബാധ ഒഴിയുകയില്ല. പ്രേതബാധ മാറ്റാൻ പാണൻമാർ നടത്തുന്ന പാതാളഹോമത്തിനും ഗർഭസ്ഥശിശു ആണാവാൻ കടിഞ്ഞൂൽഗർഭത്തിന്റെ മൂന്നാം മാസത്തിൽ ബ്രാഹ്മണസ്ത്രീകൾ അനുഷ്ഠിക്കുന്ന പുംസവനത്തിനും പണിയജാതിയിലുള്ളവർക്ക്‌ മരണാനന്തരചടങ്ങുകൾ നടത്തുവാനും പേരാലിന്റെ കൊമ്പുവേണം. പേരാലിന്റെ കിഴക്കോട്ടോ വടക്കോട്ടോ പോയ ശാഖയിലുണ്ടാവുന്ന വൃഷണാകൃതിയിലുള്ള രണ്ടു കായോടു കൂടിയ ചെറിയകമ്പാണ്‌ പുംസവനത്തിന്‌ ഉപയോഗിക്കുന്നത്‌.

ചക്രദത്തത്തിൽ പേരാലിനെക്കുറിച്ച്‌ രസകരമായ്‌ പരാമർശമുണ്ട്‌. തൊഴുത്തുണ്ടായിരുന്ന സ്ഥലത്തു വളരുന്ന പേരാലിന്റെ കിഴക്കുവശത്തുനിന്നു വടക്കോട്ടുപോയ ശാഖയിലെ രണ്ടുമൊട്ട്‌, രണ്ട്‌ ഉഴുന്ന്, രണ്ട്‌ വെൺകടുക്‌ ഇവ തൈരിൽ അരച്ച പൂയം നക്ഷത്രത്തിൽ സേവിച്ചാൻ വന്ധ്യപോലും പുരുഷപ്രജയെ പ്രസവിക്കുമത്രേ!

വിശാലമണ്ഡപം പോലുള്ള പടുകൂറ്റൻ മരത്തിന്‌ ജന്മമേകുന്ന പേരാലിന്റെ കായുടെ സർഗശക്തിയെ ആത്മാവിന്റെ അത്ഭുതപ്രതിഭാസത്തോട്‌ ഛാന്ദോഗ്യോപനിഷത്തിൻ ഉപമിച്ചിട്ടുണ്ട്‌.

ചിലർക്ക്‌ പേരാലിന്റെ പാൽപോലെയുള്ള കറ തൊലിക്കും കണ്ണിനും അലർജിക്ക്‌ കാരണാമാവാറുണ്ട്‌.

കൃഷ്ണനാലിന്റെ ഇല

പേരാലിന്റെ ഒരു ചെറിയ വകഭേദം. ഇലകൾ കുമ്പിളുകൂട്ടിയതുപോലിരിക്കും. കൃഷ്ണൻ ചെറുതായിരിക്കുമ്പോൾ ഭക്ഷണം നൽകാൻ കുമ്പിളുകൂട്ടിയതാണത്രേ, അതുകൊണ്ട്‌ കൃഷ്ണനാൽ എന്നു പേർ വന്നു .

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Midya, S.; R. L. Brahmachary (1991) The Effect of Birds Upon Germination of Banyan (Ficus bengalensis) Seeds. Journal of Tropical Ecology. 7(4):537-538.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-24. Retrieved 2012-08-26.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-10-22. Retrieved 2012-08-26.
  4. Chisholm, Hugh, ed. (1911). "Fig" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  5. 5.0 5.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-16. Retrieved 2012-08-26.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-21. Retrieved 2016-05-20.
  8. Simoons, F.J. (1998). Plants of Life, Plants of Death. University of Wisconsin Press. ISBN 9780299159047.
  9. "National Tree". Govt. of India Official website.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പേരാൽ&oldid=3994823" എന്ന താളിൽനിന്ന് ശേഖരിച്ചത്