മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25), നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴുമെന്ന നിരീക്ഷണങ്ങൾ ശക്തമായിരിക്കെ, ആദായനികുതി ഭാരം ഉൾപ്പെടെ കുറച്ച്, ഉപഭോക്തൃവിപണിക്ക് കരുത്തേകി വളർച്ച തിരികെപ്പിടിക്കാനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നിർമല സീതാരാമന്റെ എട്ടാം ബജറ്റ് അവതരണമാണിത്. തുടർച്ചയായി 6 തവണ ബജറ്റ് അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡ് കഴിഞ്ഞ ജൂലൈയിൽ നിർമല മറികടന്നിരുന്നു.