105 കിലോയിൽനിന്ന് 80ലേക്ക്; ജിമ്മിൽ പോയില്ല, പട്ടിണി കിടന്നില്ല, 6 മാസംകൊണ്ട് 25 കിലോ കുറച്ചത് ഇങ്ങനെ!
![woman-loses-25kg-in-6-months-overcomes-body-shaming woman-loses-25kg-in-6-months-overcomes-body-shaming](https://img-mm.manoramaonline.com/content/dam/mm/mo/health/fitness-and-yoga/images/2025/2/5/woman-loses-25kg-in-6-months-overcomes-body-shaming.jpg?w=1120&h=583)
Mail This Article
ശരീരഭാരം കൂടുതലെന്ന പേരിൽ കളിയാക്കലുകൾ കേൾക്കേണ്ടി വരുന്ന ഒരാളുടെ സങ്കടം അത് അനുഭവിച്ചവർക്കേ പലപ്പോഴും മനസ്സിലാവാറുള്ളു. പ്രിയപ്പെട്ടവർതന്നെ കളിയാക്കുമ്പോൾ പലപ്പോഴും ഷൈനി എന്ന യുവതി കരഞ്ഞുപോയിട്ടുണ്ട്. പക്ഷേ തളർന്ന് ഇരുന്നില്ല. 105 കിലോ ഭാരത്തിൽ നിന്ന് 80 കിലോയിലേക്ക് എത്തിക്കാൻ ഷൈനി വർഗീസ് എന്ന 37കാരിക്ക് വേണ്ടി വന്നത് വെറും ആറ് മാസം. തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്നും ഭാരം കുറച്ചത് എങ്ങനെയെന്നും ഇനി ഷൈനി പറയട്ടെ.
കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ഞാൻ. കുട്ടിക്കാലം മുതൽ നല്ല വണ്ണമുണ്ടായിരുന്നു. രണ്ടാമത്തെ പ്രസവം കഴിഞ്ഞതോടെ അത് വീണ്ടും കൂടി. ഞാൻ ഒരു നഴ്സ് ആണ്. തിരക്ക് എത്രത്തോളമുണ്ടാകുമെന്ന് പറയേണ്ടല്ലോ. മിക്കവാറും രാവിലെ ഒന്നും കഴിക്കാതെയാണ് ഡ്യൂട്ടിക്കു പോകുന്നത്. വൈകിട്ട് നാലു മണി ഒക്കെ ആകുമ്പോഴാണ് ജോലി കഴിഞ്ഞു വരുന്നത്. അപ്പോൾ ചായയും കുടിക്കും, ഭക്ഷണം അധികമായി കഴിക്കുകയും ചെയ്യുമായിരുന്നു. പിന്നെ റസ്റ്റെടുക്കും. അതായിരുന്നു എന്റെ രീതി. പക്ഷേ എന്റെ ആഹാരരീതി ഒട്ടും ശരിയല്ലായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു.
2020ൽ കോവിഡിന്റെ സമയത്തായിരുന്നു എന്റെ രണ്ടാമത്തെ പ്രസവം. ആ സമയത്ത് എന്റെ ഭാരം 105 കിലോ വരെ എത്തി. അതിനു ശേഷം എനിക്ക് വെയ്റ്റ് നോക്കാൻതന്നെ പേടി ആയിരുന്നു. ഒരുപക്ഷേ അന്ന് 105ൽ കൂടുതല്‍ വെയ്റ്റ് ആയിട്ടുണ്ടായിരിക്കാം. തടി കൂടുതലുള്ള ഏതൊരു വ്യക്തിയെയും പോലെ എനിക്കും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. കുളി കഴിഞ്ഞതിനുശേഷം ബാത്റൂമിൽ നിന്ന് ഉടുപ്പ് മാറാൻ പോലും പറ്റില്ല, കുനിയാൻ അത്ര ബുദ്ധിമുട്ടായിരുന്നു. ബെഡ്റൂമിലെ ഒരു കസേരയുടേയോ ബെഡിന്റെയോ സഹായമില്ലാതെ എനിക്ക് വസ്ത്രം മാറാൻ പറ്റാത്ത അവസ്ഥ. കൂടാതെ മുട്ടുവേദന, കുറച്ച് നടക്കുമ്പോൾ തന്നെ ശ്വാസം മുട്ടൽ എന്നിവയും ഉണ്ടായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളേക്കാൾ മാനസികമായാണ് ഞാൻ ഒരുപാട് കഷ്ടപ്പെട്ടത്. കളിയാക്കലുകൾ ഒരുപാട് നേരിട്ടൊരാളാണ് ഞാൻ. അതിനെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും എനിക്ക് സങ്കടം വരും. എന്നാൽ അതിൽ നിന്നൊക്കെ മാറിയതിൽ എനിക്ക് ഒരുപാട് സന്തോഷവും ഉണ്ട്. മുൻപ് ശരീരഭാഗങ്ങളെ പലരോടും ഉപമിച്ചായിരിക്കും കളിയാക്കുക. എന്നെ മാനസികമായി ഏറ്റവും കൂടുതൽ അലട്ടിയതും ഈ കളിയാക്കലുകൾ തന്നെയായിരുന്നു. എന്റെ ഭർത്താവിനെ കണ്ടാൽ രണ്ട് കുട്ടികളുടെ അപ്പൻ ആണെന്ന് പറയില്ല. യോഗ തുടങ്ങുന്ന സമയത്ത് എന്റെ പരിചയക്കാരി എന്നോടു പറഞ്ഞു, ഷൈനിക്ക് ഒന്നും തോന്നരുത്, പക്ഷേ രാജേഷിനെ കണ്ടുകഴിഞ്ഞാൽ ഇപ്പോഴും കല്യാണം കഴിഞ്ഞ ചെക്കനാണെന്ന് പറയില്ല. രാജേഷും ഷൈനിയും ചേരത്തില്ല. ഷൈനിക്ക് ഇത്രയും വണ്ണമില്ലേ, എന്നൊക്കെ പറഞ്ഞതു കേട്ടപ്പോൾ എനിക്കു വലിയ വിഷമമായിരുന്നു.
![shiny-varghese shiny-varghese](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
തടി കൂടുതലാണെന്ന പേരിൽ പ്രിയപ്പെട്ടവർ എന്നെയൊരു രോഗിയെപ്പോലെ കണ്ടു. അതെന്നെ ശരിക്കും വിഷമിപ്പിച്ചു. ഭർത്താവിനോട് അത് പറഞ്ഞ് സങ്കടപ്പെട്ടിട്ടുണ്ട്. എന്റെ ശരീരഭാരം കുറയണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. പൊതുവേ വണ്ണം ഉള്ള ആളുകൾ വളരെ കുറച്ച് കഴിച്ചാൽ പോലും കാണുന്നവർ അഭിപ്രായം പറയും, കുറച്ച് കഴിക്ക്, ഇത്രയും തടിവച്ചില്ലേ എന്നൊക്കെ. അതൊന്നും
അങ്ങനെയിരിക്കുമ്പോൾ ഭർത്താവിന്റെ അനിയന്റെ ഭാര്യ എന്നോട് യോഗയ്ക്കു ചേരാൻ പറഞ്ഞത്. അവളും യോഗ വഴി ശരീരഭാരം കുറച്ച ആളാണ്. യോഗ ക്ലാസിനു ചേർന്ന ശേഷം ജീവിതം മാറിയെന്നുതന്നെ പറയാം. നമ്മൾ അറിയാതെ തന്നെ വണ്ണം കുറയ്ക്കുന്ന എന്തോ ടെക്നിക്കാണ് യോഗ പഠിപ്പിച്ച മാഡം ചെയ്തതെന്നു തോന്നുന്നു. കാരണം, പട്ടിണി കിടക്കേണ്ടി വന്നില്ല, മണിക്കൂറുകളോളം വര്‍ക്ഔട്ട് ചെയ്ത് തളരേണ്ട അവസ്ഥയും വന്നില്ല. ആദ്യത്തെ കുറച്ചു ദിവസം സ്വാഭാവികമായും ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ ക്ലാസിൽനിന്നു നിർദേശിക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ വയറ് നിറയുന്നുമുണ്ടായിരുന്നു. വർക്ഔട്ട് ഒരു മണിക്കൂറിൽ താഴെയാണ് ചെയ്യേണ്ടിവന്നിരുന്നത്. പറഞ്ഞുതന്ന വ്യായാമമുറകളെല്ലാം എനിക്ക് വലിയ ഗുണങ്ങളാണുണ്ടാക്കിയത്. ഒരാഴ്ച കൊണ്ട് മൂന്ന് കിലോ കുറഞ്ഞു. അത് വലിയൊരു പ്രചോദനമായി. എന്ത് കഴിക്കണം എന്ത് ഒഴിവാക്കണമെന്നൊക്കെ ക്ലാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
2023 മാർച്ചിൽ ആണ് ഞാൻ യോഗ ക്ലാസിൽ ചേരുന്നത്. തുടർച്ചയായി നാലു മാസം ഞാൻ ക്ലാസ്സ് അറ്റൻഡ് ചെയ്തിരുന്നു. അതിനുശേഷം ചെറിയൊരു ഇടവേള എടുക്കേണ്ടിവന്നു. പക്ഷേ ഈ നാലു മാസം കൊണ്ട് ആഹാരത്തിന്റെ എല്ലാ കാര്യങ്ങളും ഞാൻ പഠിച്ചു. മുൻപ്, കിട്ടുന്ന എന്തു ഭക്ഷണവും വലിച്ചു വാരി കഴിക്കുമായിരുന്നു. ഇപ്പോൾ എന്തെങ്കിലും ഒരു എണ്ണപ്പലഹാരം കഴിച്ചു കഴിഞ്ഞാൽ പിന്നെ അത് വർക്കൗട്ട് ചെയ്ത് അതിനെ ബാലൻസ് ചെയ്യാതെ എനിക്ക് സമാധാനമില്ല. ആ രീതിയിൽ എന്നെ മാറ്റിയെടുത്തതാണ് യോഗയാണ്. മുൻപ് കളിയാക്കിയ അതേ വ്യക്തി കഴിഞ്ഞ ദിവസം എന്നെകണ്ടപ്പോൾ, ഇപ്പോൾ കണ്ടാൽ കൊച്ചുപെണ്ണാണെന്നേ പറയൂ എന്നും എന്നെ കണ്ടിട്ട് എന്റെ മോളാണ് നടന്നു വരുതെന്ന് തോന്നിയെന്നും പറഞ്ഞു. സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി.
![shyni-varghese shyni-varghese](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ശരീരഭാരം കുറയ്ക്കുന്നതിൽ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. രാവിലെ എഴുന്നേറ്റ ഉടൻ തലേന്ന് വെള്ളത്തിലിട്ട ചിയ വിത്ത്/ ബദാം/ അണ്ടിപ്പരിപ്പ്/ ഈന്തപ്പഴം എന്നിവയിൽ ഏതെങ്കിലുമൊന്ന് കഴിക്കും. രാവിലത്തെ ഭക്ഷണത്തിന് റാഗിപ്പുട്ട്, റാഗിദോശ, മില്ലറ്റ് ദോശ, കടലക്കറി എന്നിവയിൽ ഏതെങ്കിലുമാണ് കഴിച്ചിരുന്നത്. ഉച്ചയ്ക്ക് ചോറ് കഴിക്കാം. ബ്രൗൺ റൈസ്, മില്ലറ്റ് എന്നിവ കഴിക്കും അതിന്റെ കൂടെ ഇലത്തോരൻ, സാമ്പാർ, സോയാബീൻ, കോളീഫ്ലവർ എന്നിവയും ഉണ്ടാകും. ഒപ്പം സീസണൽ പഴങ്ങൾ ഏതെങ്കിലും കഴിക്കാം. വൈകിട്ട് നാല് മണിയോടെ ഗ്രീൻ ടീ, കടലയോ നട്സോ, ജ്യൂസ്, ബദാം എന്നിവയിൽ ഏതെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാറുണ്ട്. 6 മണിക്ക് രാത്രിഭക്ഷണം കഴിക്കണം. ഓട്സ്, പഴം, ഈന്തപ്പഴം എന്നിവ ചേർത്ത ഷേക്ക്, മിക്സഡ് ഫ്രൂട്സ് ഷേക്ക് എന്നിവയാണ് രാത്രിയിൽ കഴിക്കാറ്. ഇടയ്ക്ക് കൊറിക്കണമെന്ന് തോന്നുമ്പോൾ കടലയോ മറ്റോ കഴിക്കാം. ഇങ്ങനെയാണ് നിലവിൽ ഭക്ഷണം കഴിക്കുന്നത്.
കുറച്ചു കാലങ്ങൾക്കു മുൻപ് മഞ്ജുവാര്യർ വൈറ്റ് ഷർട്ടും ബ്ലാക് സ്കർട്ടും ഇട്ടിട്ടുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. അത് വൈറലായിരുന്നു. ആ സമയത്ത് എനിക്ക് 105 കിലോ വെയ്റ്റ് ഉണ്ട്. അന്ന് ഞാൻ ഭർത്താവിനോടു പറഞ്ഞു, എനിക്കും ഇതുപോലെ ആകണം, എനിക്കും സ്കർട്ടും ഷർട്ടും ഇടണം. അതിനെന്താ ഇപ്പോൾ ശരിയാക്കി തരാം എന്നു പറഞ്ഞിട്ട് മഞ്ജു വാര്യരുടെ തല വെട്ടിമാറ്റി എന്റെ തല വച്ച് എഡിറ്റ് ചെയ്ത് അയച്ചു തന്നു. അന്നെനിക്ക് അങ്ങനെ വിഷമമൊന്നും തോന്നിയില്ല. എങ്കിലും എനിക്ക് അതുപോലുള്ള ഡ്രസ്സൊന്നും ഇടാൻ പറ്റില്ലല്ലോ എന്നൊരു സങ്കടം തോന്നിയിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ള േവഷമായിരുന്നു ഷർട്ടും പാവാടയും. വണ്ണം കുറഞ്ഞപ്പോൾ അതൊക്കെ കുറേ വാങ്ങിവയ്ക്കുകയാണ് ഞാൻ ആദ്യം ചെയ്തത്. ഇപ്പോൾ അത്തരത്തിലുള്ള ഡ്രസ്സാണ് കൂടുതൽ ഇടുന്നതും. നമുക്ക് ഇഷ്ടമുള്ള ഡ്രസ്സിടാൻ പറ്റുന്നതാണ് ഏറ്റവും വലിയ കാര്യം.
![woman-loses-25kg-in-6-months-overcomes-body-shaming woman-loses-25kg-in-6-months-overcomes-body-shaming](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇപ്പോൾ എന്നും വ്യായാമം ചെയ്യാറുണ്ട്. ചെയ്യേണ്ട വർക്കൗട്ടുകളുടെ വിഡിയോ അയാൾ അയച്ചു തരും. നിലവിൽ യോഗ ചെയ്യുന്നില്ല. എന്നിരുന്നാലും ആ യോഗ ക്ലാസുകളാണ് എന്റെ ലൈഫ് മാറ്റിയത്. എന്റെ വണ്ണം ഇത്രയും കുറയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ എന്റെ പഴയ ഫോട്ടോ കാണുമ്പോഴേ എനിക്ക് ശ്വാസം മുട്ടും. ഇത്രയും വണ്ണം വച്ചാണോ ഞാൻ നടന്നതെന്ന് ഇന്നോർക്കുമ്പോൾ ശരിക്കും യോഗയോട് ഞാൻ നന്ദി പറയുന്നു.
എല്ലാത്തിനുമുപരി എനിക്ക് വണ്ണം കുറയ്ക്കാനുള്ള മോട്ടിവേഷൻ തന്നത് എന്റെ മമ്മിയാണ്. ഡയറ്റിലുള്ള അതേ ആഹാരം മമ്മി എനിക്ക് കറക്റ്റ് സമയത്തിനു റെഡിയാക്കി തരുമായിരുന്നു. ഫുഡിന്റെ കാര്യത്തിൽ എനിക്കൊരു ടെൻഷനും ഇല്ലായിരുന്നു. വർക്കൗട്ട് ചെയ്യുന്നതിനിടെ ഞാൻ കിതയ്ക്കുമ്പോൾ മമ്മി സങ്കടപ്പെടുകയും വണ്ണം കുറഞ്ഞു വന്നപ്പോൾ വർക്കൗട്ട് ചെയ്യാൻ എന്നെ നിർബന്ധിക്കുന്നതും മമ്മിയായിരുന്നു. ഷൈനി എഴുന്നേൽക്ക് ഇന്ന് വർക്കൗട്ട് ചെയ്തില്ല, ചെയ്യണം എന്നു പറയും. വർക്കൗട്ട് ചെയ്യുന്നതിനിടെ ആ വഴി പോകേണ്ടി വന്നാൽ മമ്മി എന്ന നോക്കി തമ്പ്സ് അപ് കാണിക്കുകയും ഒക്കെ ചെയ്യും. എനിക്കും അത് വലിയ മോട്ടിവേഷനായിരുന്നു.
പിന്നെ ഭർത്താവിന്റെ പിന്തുണ. വേറെ ആര് സപ്പോർട്ട് ചെയ്താലും ഒരു ഭാര്യയ്ക്ക് ഭർത്താവിന്റെ സപ്പോർട്ടാണ് ഏറ്റവും വലുത്. അദ്ദേഹം എന്നെ അഭിനന്ദിക്കുമ്പോഴാണ് ഞാൻ ഏറ്റവും ഹാപ്പി ആകുന്നത്. പിന്നെ അനിയത്തി മീനുവും ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ചേച്ചിക്ക് പറ്റും, കളിയാക്കുന്നവരുടെ മുൻപിൽ ചേച്ചി കാണിച്ചു കൊടുക്കണം എന്നു പറഞ്ഞു അനിയത്തിയും കൂടെ നിന്നു. യോഗയ്ക്ക് ചേർന്നപ്പോൾ പോലും എന്നെ പലരും കളിയാക്കിയിരുന്നു. മുൻപ് ഭാരം കുറച്ചപ്പോൾ മീനുവിന്റെ വെയ്റ്റ്‌ലോസ് സ്റ്റോറി മനോരമയില്‍ വന്നിരുന്നു. അത് കണ്ടിട്ട് ഷൈനിയുടെ പേരും അതുപോലെ വരുമെന്ന് കരുതിയിട്ടാവും യോഗയ്ക്ക് ചേർന്നത് എന്നു പറഞ്ഞ് പലരും കളിയാക്കിയിട്ടുണ്ട്. അന്ന് ഞാൻ അങ്ങനെയൊന്നും മനസ്സിൽ കണ്ടിട്ടുപോലുമില്ല. പക്ഷേ ഇപ്പോൾ എനിക്ക് മനോരമയിലൂടെ എന്റെ ജീവിതം പറയുമ്പോൾ അടങ്ങാത്ത അഭിമാനവും സന്തോഷവുമുണ്ട്.