ഡീലോസ്
ഡീലോസ് Δήλος | |
---|---|
General view of Delos | |
Geography | |
Coordinates: | 37°23′36″N 25°16′16″E / 37.39333°N 25.27111°E |
Island Chain: | Cyclades |
Area:[1] | 3.43 km² (1 sq.mi.) |
Highest Mountain: | Mt. Kynthos (112 m (367 ft)) |
Government | |
Greece | |
Periphery: | South Aegean |
Prefecture: | Cyclades |
Statistics | |
Population: | 14 (as of 2001) |
Density: | 4 /km² (11 /sq.mi.) |
Postal Code: | 841 xx |
Area Code: | 22890 |
License Code: | EM |
ദക്ഷിണ ഈജിയൻ കടലിൽ സ്ഥിതി ചെയ്യുന്നതും ഗ്രീസിന്റെ അധീനതയിലുള്ളതുമായ ദ്വീപാണ് ഡീലോസ്. സൈക്ലേഡ്സ് (Cyclades) ദ്വീപസമൂഹത്തിലെ ഏറ്റവും ചെറിയ ദ്വീപാണിത്. സുമാർ 5 ച. കി. മീ. മാത്രം വിസ്തീർണമുള്ള ഈ ദ്വീപ് പുരാതന കാലത്ത് ആസ്റ്റീരിയ (Asteria), സിന്തസ് (Cynthus), ഓർടീജിയ (Ortygia) എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഈ ദ്വീപിൽ വച്ചാണ് ലിറ്റോ അഥവാ ലറ്റോണ (Leto (Latona)) അപ്പോളോയ്ക്കും ആർട്ടെമിസിനും ജന്മം നൽകിയതെന്നാണ് വിശ്വാസം. പ്രശസ്തമായ ഒരു അപ്പോളോ ദേവാലയവും ഇവിടെയുണ്ടായിരുന്നതായി പറയപ്പെടുന്നു.
ഗ്രീക്ക് വിശ്വാസം
[തിരുത്തുക]ഗ്രീക്ക് വിശ്വാസപ്രകാരം സമുദ്രാന്തർഭാഗത്തു നിന്നും പോസിഡാൻ ഉയർത്തിയ ഒരു പാറയാണ് ഡീലോസ്. ഡീലോസിൽ നടന്ന പുരാവസ്തു ഗവേഷണങ്ങളുടെ ഫലമായി വെങ്കലയുഗത്തിൽ ഇവിടെയുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൈക്ലാഡിക് ജനങ്ങളുടേതാണെന്നു വിശ്വസിക്കുന്ന ഈ ഗ്രാമം ഉദ്ദേശം 2000 ബി. സി. യിൽ സിന്തസ് പർവതത്തിന് ചുറ്റുമായി (mt.cynthus) വികസിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. ദ്വീപിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സിന്തസിന് 110 മീറ്ററോളം ഉയരമുണ്ട്.
മൈസീനിയൻ ഗ്രീക്കുകാർ
[തിരുത്തുക]1400 ബി. സി. യോടെ മൈസീനിയൻ ഗ്രീക്കുകാർ ഡീലോസിൽ വാസമുറപ്പിച്ചു. ദ്വീപിന്റെ സമതലപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഈ ജനവിഭാഗങ്ങളുടെ നിവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങൾ ദ്വീപിന്റെ പല ഭാഗത്തു നിന്നും ലഭിച്ചിട്ടുണ്ട്. ബി. സി. 900-700 കാലഘട്ടത്തിലെ നിരവധി പ്രാചീനരൂപങ്ങൾ ആർട്ടെമിസ് ദേവാലയത്തിനും, ഹൗസ് ഒഫ് ദ് നാക്സിയൻസിനും (House of the Naxians) കീഴിൽനിന്നും കണ്ടെടുത്തിരുന്നു. 700 ബി. സി. യോടെ ഡീലോസ് ഒരു പ്രസിദ്ധ ആരാധനാകേന്ദ്രമായി വികസിച്ചു. ക്രമേണ ഈ ദ്വീപിന്റെ ഭരണാധികാരം ഏഥൻസിൽ നിക്ഷിപ്തമായി. പേർഷ്യൻ ആക്രമണങ്ങളെ ചെറുത്തു നിൽക്കാൻ ആതൻസും മറ്റു ഗ്രീക്കു സംസ്ഥാനങ്ങളും ചേർന്നു രൂപംകൊടുത്ത ഡീലിയൻ ലീഗിന്റെ പൊതുഖജനാവ് 477-454 ബി. സി. വരെ ഡീലോസിലായിരുന്നു. 426 ബി.സി.-യിൽ അഥീനിയക്കാർ ഡീലോസിന്റെ ശുദ്ധീകരണപ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവിടത്തെ ശവക്കല്ലറകൾ നീക്കം ചെയ്യുകയും ജനന-മരണങ്ങൾ നിരോധിക്കുകയും ചെയ്തു. ശുദ്ധീകരണപ്രക്രിയ പൂർത്തിയാക്കുന്നതിനുവേണ്ടി 422-ൽ ജനങ്ങളെ മുഴുവൻ ദ്വീപിൽ നിന്നും മാറ്റിയെങ്കിലും താമസിയാതെ അവരെ തിരിച്ചു വരുന്നതിന് അനുവദിക്കുകയാണുണ്ടായത്.
പുരാവസ്തു ഗവേഷണം
[തിരുത്തുക]1829-ൽ ഡീലോസിൽ പുരാവസ്തുഗവേഷണം ആരംഭിച്ചു. ഇതിന്റെ ഫലമായി ഇവിടെ നിന്നും ക്ഷേത്രങ്ങൾ, വാസ്തുശില്പങ്ങൾ, വ്യാപാരകേന്ദ്രങ്ങൾ, വീടുകൾ, തിയെറ്റർ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുവാൻ സാധിച്ചു. 1877-നുശേഷമുണ്ടായ യുദ്ധങ്ങൾ സൃഷ്ടിച്ച തടസങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു ഗവേഷണം പുരോഗമിച്ചത്. പൂർവമെഡിറ്ററേനിയനിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു ഡീലോസ്. ഇപ്പോൾ ഗ്രീക്ക് പ്രവിശ്യയായ സൈക്ലേഡ്സിന്റെ ഭാഗമാണിത്. അലഞ്ഞു നടക്കുന്ന ആട്ടിടയന്മാരാണ് ഇവിടത്തെ ഏകജനസമൂഹം.
ചിത്രശാല
[തിരുത്തുക]-
ഹൗസ് ഓഫ് ഡയോണിസസ്
-
സൈക്ലേഡ്സ് ദ്വീപുകൾ. ഡീലോസ് മദ്ധ്യത്തിൽ
-
ഡീലോസ് സിംഹപ്രതിമ
-
ഹൗസ് ഓഫ് ക്ലിയോപാട്ര
-
പുരാതന ഡീലോസ്
-
ഡീലോസിന്റെ അവശിഷ്ടം
-
റൂയിൻസ് ഓൺ ഡീലോസ്
-
ഫ്ലോറിലെ ചിത്രവേല
-
പുരാതന ഗ്രീക്ക് തിയേറ്റർ
-
റി കൺസ്ട്രക്ഷൻ സൈഡ്
-
ഡീലോസ് ദ്വീപുകൾ
അവലംബം
[തിരുത്തുക]- ↑ "Basic Characteristics". Ministry of the Interior. www.ypes.gr. Retrieved 2007-08-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://whc.unesco.org/en/list/530
- http://www.sacred-destinations.com/greece/delos
- http://www.grisel.net/delos.htm
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡീലോസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |