Jump to content

ബ്രിട്ടീഷ് രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്രിട്ടീഷ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സാമ്രാജ്യം

ബ്രിട്ടീഷ് രാജ്
1858–1947
ഇന്ത്യ
പതാക
{{{coat_alt}}}
കുലചിഹ്നം
ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം, 1909
ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം, 1909
പദവികോളനി
തലസ്ഥാനംകൽക്കട്ട (1858 - 1912)
ന്യൂ ഡെൽഹി (1912 - 1947)
പൊതുവായ ഭാഷകൾഹിന്ദുസ്ഥാനി, ഇംഗ്ലീഷ്, മറ്റു പല ഭാഷകളും
ഗവൺമെൻ്റ്രാജവാഴ്ച്ച
ഇന്ത്യയുടെ ചക്രവർത്തി
 
• 1858-1901
വിക്ടോറിയ¹
• 1901-1910
എഡ്വാർഡ് VII
• 1910-1936
ജോർജ്ജ് V
• 1936
എഡ്വാർഡ് VIII
• 1936-1947
ജോർജ്ജ് VI
വൈസ്രോയ്² 
• 1858-1862
വൈസ്കൌണ്ട് കാന്നിങ്ങ്
• 1947
വൈസ്കൌണ്ട് മൌണ്ട്ബാറ്റൺ
ചരിത്ര യുഗംNew Imperialism
ഓഗസ്റ്റ് 2 1858
ഓഗസ്റ്റ് 15 1947
നാണയവ്യവസ്ഥബ്രിട്ടീഷ് ഇന്ത്യൻ രൂപ
മുൻപ്
ശേഷം
ഇന്ത്യയിലെ കമ്പനി ഭരണം
Dominion of India
Dominion of Pakistan
British rule in Burma
Colony of Aden
¹ Reigned as Empress of India from May 1, 1876, before that as Queen of the United Kingdom.
² Governor-General and Viceroy of India

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ 1858 മുതൽ 1947 വരെയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭരണകാലത്തെയും ഭരണത്തെയും ഭരണ പ്രദേശത്തെയുമാണ് ബ്രിട്ടീഷ് രാജ് (രാജ് എന്ന ഹിന്ദി പദത്തിന്റെ അർത്ഥം "ഭരണം" എന്നാണ്) അല്ലെങ്കിൽ ബ്രിട്ടീഷ് ഇന്ത്യ എന്നു വിളിക്കുന്നത് (ഔദ്യോഗിക നാമം: ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യം). അക്കാലത്ത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ എന്ന പദം ബ്രിട്ടീഷ് രാജിനെ കുറിച്ചു.

യുണൈറ്റഡ് കിങ്ഡം നേരിട്ടു ഭരിച്ച ഭൂപ്രദേശങ്ങളും[1] (അക്കാലത്ത്, "ബ്രിട്ടീഷ് ഇന്ത്യ") ബ്രിട്ടീഷ് കിരീടത്തിന്റെ പരമാധികാരത്തിനു കീഴിൽ നാടുവാഴികൾ ഭരിച്ച നാട്ടുരാജ്യങ്ങളും ഇതിൽ ഉൾപ്പെട്ടു. ബ്രിട്ടീഷുകാരുമായി സന്ധി ഉടമ്പടികളിൽ ഒപ്പുവെച്ച നാട്ടുരാജാക്കന്മാർക്ക് അന്താരാഷ്ട്ര കാര്യങ്ങളിൽ പൂർണ്ണ ബ്രിട്ടീഷ് പ്രാതിനിധ്യം ബ്രിട്ടീഷ് സാമന്ത രാജ്യമാവുന്നതിനുള്ള സമ്മതം എന്നിവയ്ക്കു പകരമായി ഒരു പരിധിവരെ സ്വയം ഭരണം അനുവദിച്ചിരുന്നു.

ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങൾക്കു പുറമേ പല സമയത്തും ഏദൻ (1858 മുതൽ 1937 വരെ), അധോ ബർമ്മ (1858 മുതൽ 1937 വരെ), ഉപരി ബർമ്മ (1886 മുതൽ 1937 വരെ) (ബർമ്മ പൂർണ്ണമായും 1937-ൽ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നും വിഘടിപ്പിച്ചു)[2]), ബ്രിട്ടീഷ് സൊമാലിലാന്റ് (1884 മുതൽ 1898 വരെ), സിങ്കപ്പൂർ (1858 മുതൽ 1867 വരെ) എന്നിവയും ബ്രിട്ടീഷ് ഇന്ത്യയുടേ ഭാഗമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മദ്ധ്യപൂർവ്വദേശങ്ങളിലെ ബ്രിട്ടീഷ് വസ്തുവകകളുമായി ബന്ധമുണ്ടായിരുന്നു; ഈ പ്രദേശങ്ങളിൽ പലയിടത്തും ഇന്ത്യൻ രൂപ നാണയമായി ഉപയോഗിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ ഇന്നത്തെ ഇറാഖ് ബ്രിട്ടീഷ് സർക്കാരിന്റെ ഇന്ത്യ ഓഫീസ് ആണ് ഭരിച്ചത്.

സ്വന്തമായി പാസ്പോർട്ടുകൾ നൽകിയിരുന്ന ഇന്ത്യൻ സാമ്രാജ്യം തദ്ദേശീയമായും അന്താരാഷ്ട്ര തലത്തിലും ഇന്ത്യ എന്ന് അറിയപ്പെട്ടു. ഇന്ത്യ എന്ന പേരിൽത്തന്നെ ലീഗ് ഓഫ് നേഷൻസിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നായിരുന്നു. ഒരു അംഗരാഷ്ട്രമായി ഇന്ത്യ 1900, 1928, 1932, 1936 എന്നീ വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്തു.

ഈ ഭൂപ്രദേശത്തെ രാജ്യങ്ങളിൽ സിലോൺ (ഇന്നത്തെ ശ്രീ ലങ്ക) ഒരു ബ്രിട്ടീഷ് കോളനി ആയിരുന്നു എങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല. (1802-ൽ ഒപ്പുവെയ്ച്ച ഏമിയെൻസ് ഉടമ്പടി അനുസരിച്ച് ശ്രീ ലങ്ക യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭരണത്തിനു കീഴിലായി). നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങൾ ബ്രിട്ടനുമായി യുദ്ധം ചെയ്യുകയും ഉടമ്പടികൾ ഒപ്പുവെയ്ക്കുകയും ചെയ്തെങ്കിലും സ്വതന്ത്ര രാജ്യങ്ങളായി അവയെ അംഗീകരിച്ചിരുന്നു. നേപ്പാളും ഭൂട്ടാനും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.[3][4][not in citation given] 1861-ൽ “ആംഗ്ലോ-സിക്കിമീസ് ഉടമ്പടി” ഒപ്പുവെയ്ച്ചതിനു പിന്നാലെ സിക്കിം ഒരു നാട്ടുരാജ്യം ആയി, എങ്കിലും സിക്കിമിന്റെ പരമാധികാരം നിർവ്വചിക്കാതെ കിടന്നു.[5] മാലിദ്വീപുകൾ ബ്രിട്ടീഷ് 1867 മുതൽ 1965 വരെ സാമന്ത രാജ്യമായിരുന്നെങ്കിലും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നില്ല.

1858-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണം ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയ രാജ്ഞിയ്ക്കു കൈമാറിയതു മുതൽ (1877-ൽ വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായി പ്രഖ്യാപിക്കപ്പെട്ടു) 1947-ൽ ഇന്ത്യയുടെ വിഭജനം വരെ (ഇന്ത്യ “ഡൊമീ‍നിയൻ ഓഫ് ഇന്ത്യ” (പിന്നീട് റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ), “ഡൊമീനിയൻ ഓഫ് പാകിസ്താൻ“ (പിന്നീട് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്താൻ, പീപിൾസ് റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ്) എന്നീ രാജ്യങ്ങളായി വിഭജിക്കപ്പെട്ടു) ഈ ഭരണസംവിധാ‍നം തുടർന്നു. ബർമ്മ ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യത്തിന്റെ ഭരണത്തിൽ നിന്നും 1937-ൽ വിഘടിപ്പിച്ച് ബ്രിട്ടൻ നേരിട്ടു ഭരിച്ചു; പിന്നീട് 1948-ൽ ബർമ്മയ്ക്ക് “യൂണിയൻ ഓഫ് ബർമ്മ” എന്ന പേരിൽ സ്വാതന്ത്ര്യം ലഭിച്ചു.

പശ്ചാത്തലം: ഇന്ത്യയിലെ കമ്പനി ഭരണം

[തിരുത്തുക]

1600 ഡിസംബർ 31-നു ഇംഗ്ലണ്ട് രാജ്ഞിയായ എലിസബത്ത് I ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് കിഴക്കുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടാനുള്ള രാജകീയ അനുമതി പത്രം നൽകി. ഇന്ത്യയിൽ ബ്രിട്ടീഷ് കപ്പലുകൾ ആദ്യമായി എത്തിയത് ഇന്നത്തെ ഗുജറാത്തിലെ സൂറത്ത് തുറമുഖത്ത് 1608-ൽ ആണ്. നാലു വർഷത്തിനു ശേഷം ബ്രിട്ടീഷ് കച്ചവടക്കാർ സ്വാലി യുദ്ധത്തിൽ പോർച്ചുഗീസുകാരുമായി യുദ്ധം ചെയ്തത് മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ പ്രീതിയ്ക്കു കാരണമായി. 1615-ൽ ഇംഗ്ലണ്ടിലെ രാജാവായ ജെയിംസ് I തന്റെ പ്രതിനിധിയായി സർ തോമസ് റോയെ ജഹാംഗീറിന്റെ കൊട്ടാരത്തിലേയ്ക്കയച്ചു. അദ്ദേഹം മുഗളരുമായി സ്ഥാപിച്ച വാണിജ്യ കരാർ യൂറോപ്പിൽ നിന്നുള്ള ചരക്കുകൾക്കു പകരമായി കമ്പനിയ്ക്ക് ഇന്ത്യയിൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള അനുമതി നൽകി. കമ്പനി പരുത്തി, പട്ട്, വെടിയുപ്പ്, നീലമരി, തേയില തുടങ്ങിയവയിൽ വ്യാപാരം നടത്തി.

സൂറത്തിൽ 1612-ൽ സ്ഥാപിച്ച ആദ്യത്തെ പണ്ടികശാലയ്ക്കു പുറമേ 1600-കളുടെ മദ്ധ്യത്തോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി പിന്നീട് പ്രധാന ഇന്ത്യൻ നഗരങ്ങളായിത്തീർന്ന ബോംബെ, മദ്രാസ് നഗരങ്ങളിലും പണ്ടികശാലകൾ സ്ഥാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തൊടെ കമ്പനി ബംഗാളിലെ മൂന്നു ചെറിയ മത്സ്യബന്ധന ഗ്രാമങ്ങളിൽ പണ്ടികശാലകൾ സ്ഥാപിച്ചു. അവയിൽ ഒന്നിന്റെ പേര് കാളികട്ട എന്നായിരുന്നു - ഇതിൽ നിന്നാണ് കൽക്കത്ത എന്ന പേര് വന്നതെന്നു കരുതുന്നു. 1670-ൽ ഇംഗ്ലണ്ടിലെ രാജാവായ ചാൾസ് II കമ്പനിയ്ക്ക് സ്ഥലം ഏറ്റെടുക്കുവാനും ഒരു സൈന്യം രൂപവത്കരിക്കാനും സ്വന്തം പണം അച്ചടിക്കാനും കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ നിയമനിർവ്വഹണം നടത്താനുമുള്ള അധികാരം നൽകി. 18-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്ന് ഇന്ത്യൻ പ്രസിഡൻസികൾ ഭരിക്കുന്ന കമ്പനി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒരു രാഷ്ട്രം പോലെ പ്രവർത്തിച്ചു എന്നു പറായാം.

റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള കമ്പനി പടയാളികൾ ബംഗാൾ നവാബ് ആയിരുന്ന സിറാജ് ഉദ് ദൌളയെ പ്ലാസ്സി യുദ്ധത്തിൽ 1757-ൽ പരാജയപ്പെടുത്തിയതോടെയാണ് കമ്പനിയ്ക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭൂപ്രദേശങ്ങളുടെമേൽ അധികാരം ലഭിച്ചത്. ബംഗാൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ ഒരു ബ്രിട്ടീഷ് സാമന്തരാജ്യമായി.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടം, 1855

ലോഡ് നോർത്ത് ബ്രിട്ടീഷ് നിയമസഭയിൽ അവതരിപ്പിച്ച ഇന്ത്യാ ബിൽ ആയ റെഗുലേറ്റിങ്ങ് ആക്ട് (1773) ബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായ വൈറ്റ്‌ഹാളിനു ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെമേൽ മേൽനോട്ട (നിയന്ത്രണ) അധികാരങ്ങൾ നൽകി, എങ്കിലും പാർലമെന്റ് അധികാരം ഏറ്റെടുത്തില്ല. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിന്റെ ഭരണത്തിനുള്ള ആദ്യപടിയായിരുന്നു. ഈ നിയമം ഇന്ത്യയുടെ ഗവർണർ-ജനറൽ എന്ന പദവി പ്രാബല്യത്തിലാക്കി, ഈ പദവിയിലിരുന്ന ആദ്യ വ്യക്തി വാറൻ ഹേസ്റ്റിങ്ങ്സ് ആയിരുനു. 1813-ഇലെ ചാർട്ടർ ആക്ട്, 1833-ഇലെ ചാർട്ടർ ആക്ട് തുടങ്ങിയ നിയമങ്ങൾ കമ്പനിയും ബ്രിട്ടീഷ് സർക്കാരും തമ്മിലുള്ള ബന്ധത്തെ കൂടുതൽ നിർവ്വചിച്ചു.

വാറൻ ഹേസ്റ്റിങ്ങ്സ് 1784 വരെ ഇന്ത്യയിൽ തുടർന്നു. വാറൻ ഹേസ്റ്റിങ്ങ്സിനു ശേഷം കോൺ‌വാലിസ് ഗവർണർ ജനറലായി. കോൺ‌വാലിസ് ജമീന്ദാർമാരുമായി കരം പിരിക്കുന്നതു സ്ഥിരപ്പെടുത്തിയ പെർമനെന്റ് സെറ്റിൽമെന്റ് (ചിരോസ്ഥായി ബന്ദൊബസ്തോ) എന്ന നിയമം കൊണ്ടുവന്നു. അടുത്ത അൻപതു വര്ഷത്തേയ്ക്ക് ബ്രിട്ടീഷുകാർ ഇന്ത്യൻ എതിരാളികളെ ഉന്മൂലനം ചെയ്യുന്നതിൽവ്യാപൃതരായിരുന്നു.

19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെല്ലസ്ലി പ്രഭു (ആർഥർ വെല്ലസ്ലിയുടെ സഹോദരനായ റിച്ചാഡ് വെല്ലസ്ലി) കമ്പനിയുടെ ഭരണപ്രദേശം വൻപിച്ച തൊതിൽ വ്യാപിപ്പിച്ചുതുടങ്ങി. അദ്ദേഹം ടിപ്പു സുൽത്താനെ കീഴ്പ്പെടുത്തി തെക്കേ ഇന്ത്യയിലെ മൈസൂർ രാജ്യം പിടിച്ചടക്കി. വെല്ലസ്ലി ഉപഭൂഖണ്ഡത്തിലെ ഫ്രഞ്ച് നിയന്ത്രണം പൂർണ്ണമായും ഇല്ലാതാക്കി. 19-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഗവർണർ ജനറലായിരുന്ന ഡൽഹൌസി പ്രഭു കമ്പനിയുടെ ഏറ്റവും ദുഷ്കരം എന്നുപറയാവുന്ന യുദ്ധത്തിൽ ഏർപ്പെട്ടു, ആംഗ്ലോ-സിഖ് യുദ്ധങ്ങളിൽ സിക്കുകാരെ കീഴ്പ്പെടുത്തി ഫുൽകിയാൻ പ്രദേശം ഒഴിച്ചുള്ള പഞ്ചാബ് പിടിച്ചടക്കി. ഡൽഹൌസി രണ്ടാം ബർമ്മ യുദ്ധത്തിൽ ബർമ്മക്കാരെയും പരാജയപ്പെടുത്തി. പുരുഷ അനന്തരാവകാശി ഇല്ലാതെ മരിക്കുന്ന രാജാക്കന്മാരുടെ രാജ്യം ഏറ്റെടുക്കാൻ വ്യവസ്ഥചെയ്യുന്ന ഡൊക്ട്രിൻ ഓഫ് ലാപ്സ് നിയമം അനുസരിച്ച് ചെറിയ നാട്ടുരാജ്യങ്ങളായ സത്താര, സമ്പല്പൂർ, ഝാൻസി, നാഗ്പൂർ തുടങ്ങിയവയുടെ നിയന്ത്രണം ഏറ്റെടുത്തു. 1856-ൽ ഔധ് പിടിച്ചടക്കിയതായിരുന്നു കമ്പനിയുടെ അവസാനത്തെ ഭൂമി പിടിച്ചടക്കൽ.

1857-ലെ ഇന്ത്യൻ പ്രക്ഷോഭം

[തിരുത്തുക]

1857 മെയ് 10-നു ഡെൽഹിയ്ക്ക് 65 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മീററ്റിലെ ഒരു കന്റോണ്മെന്റിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടുന്ന ഭടന്മാർ ("ശിപായികൾ" എന്ന് ഇവർ അറിയപ്പെട്ടു ഉർദു / പേർഷ്യൻ ഭാഷകളിൽ ഭടൻ എന്ന് അർത്ഥം വരുന്ന സിപാഹി എന്ന പദത്തിൽ നിന്നും)ബ്രിട്ടീഷുകാർക്ക് എതിരായി കലാപം ഉയർത്തി. ആ സമയത്ത് കമ്പനി സൈന്യത്തിന്റെ ഇന്ത്യയിലെ അംഗസംഘ്യ 238,000 ആയിരുന്നു. ഇതിൽ 38,000 മാത്രമായിരുന്നു യൂറോപ്യന്മാർ. ഇന്ത്യൻ സൈനികർ ദില്ലിയിലേയ്ക്ക് മാർച്ച് ചെയ്ത് തങ്ങളുടെ സേവനങ്ങൾ മുഗൾ ചക്രവർത്തിയ്ക്ക് വാഗ്ദാനം ചെയ്തു. തൊട്ടുപിന്നാലെ ഉത്തരേന്ത്യയുടെയും മദ്ധ്യ ഇന്ത്യയുടെയും മിക്ക ഭാഗങ്ങളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരായി ഒരു വർഷത്തോളം നീണ്ടുനിന്ന സായുധ പ്രക്ഷോഭത്തിലേയ്ക്ക് കൂപ്പുകുത്തി. പല ഇന്ത്യൻ റെജിമെന്റുകളും ഇന്ത്യൻ രാജ്യങ്ങളും ഈ പ്രക്ഷോഭത്തിൽ ചേർന്നു. മറ്റു പല ഇന്ത്യൻ യൂണിറ്റുകളും ഇന്ത്യൻ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് കമാൻഡർമാരെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയെയും പിന്തുണയ്ച്ചു.

ഗവർണർ-ജനറൽ ആയിരുന്ന ഡൽഹൌസി പ്രഭു പിന്തുടർന്ന ദത്താപഹാര നയം ("ഡോക്ട്രിൻ ഓഫ് ലാപ്സ്") ബ്രിട്ടീഷ് സാമന്തരാജ്യമായ ഏതെങ്കിലും നാട്ടുരാജ്യത്തിലെ രാജാവ് നേരിട്ടുള്ള അനന്തരാവകാശി ഇല്ലാതെ മരിച്ചാൽ ആ രാജ്യം കമ്പനിയുമായി ലയിപ്പിക്കാൻ വ്യവസ്ഥചെയ്തു. മതപരമായും പരമ്പരാഗതമായും ദത്തെടുക്കൽ അനന്തരാവകാശികളില്ലാത്ത രാജാക്കന്മാർ പിന്തുടർന്നിരുന്നു. ദത്തുപുത്രനെ അടുത്ത നാടുവാഴിയാക്കാനുള്ള അവകാശം ദത്താപഹാര നയം നിഷേധിച്ചു. ഈ നിയമം അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യയിൽ ചേർത്ത രാജ്യങ്ങളിൽ സത്താര, തഞ്ജാവൂർ, സംഭാൽ, ഝാൻസി, ജേഥ്പൂർ, ഉദയ്പൂർ, ബഘത് തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിനു പുറമേ പ്രത്യേകിച്ചു കാരണങ്ങൾ ഇല്ലാതെ സിന്ധ് (1843-ൽ). ഔധ് (1856-ൽ) എന്നിവയെയും ബ്രിട്ടീഷ് ഇന്ത്യയോടു കൂട്ടിച്ചേർത്തു. മുഗൾ സാമ്രാജ്യത്തിന്റെ തുടർച്ചയായ ഔധ് ഭീമമായ വരുമാനം ഉത്പാദിപ്പിക്കുന്ന ഒരു സമ്പന്നരാജ്യമായിരുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ ഇന്ത്യക്കാർക്കെതിരേ പക്ഷപാതപരമായിരുന്നു. ഈസ്റ്റ് ഇന്ത്യ (റ്റോർച്ചർ) 1855–1857 — എന്ന പേരിലുള്ള ഔദ്യോഗിക നീല പുസ്തകങ്ങൾ 1856, 1857 വർഷങ്ങളിൽ ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസിനു മുൻപിൽ വിചാരണയുടെ ഭാഗമായി സമപ്പിച്ചു. ഇതു പ്രകാരം കമ്പനി ഉദ്യോഗസ്ഥർ ഇന്ത്യക്കാർക്കെതിരേ മൃഗീയമായി ക്രൂരതകൾക്ക് കുറ്റാരോപിതരായാലോ കുറ്റക്കാരെന്നു കണ്ടാലോ അവർക്ക് അനവധി തവണ അപ്പീലുകൾക്ക് പോകുവാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഔദ്യോഗിക നയങ്ങളെയും ഇന്ത്യക്കാർ വെറുത്തു. നികുതി എന്ന പേരിൽ ഇന്ത്യയിൽ നിന്നും വളരെയധികം സ്വർണ്ണം, ആഭരണങ്ങൾ, വെള്ളി, പട്ട് എന്നിവ ബ്രിട്ടനിലേയ്ക്കു കടത്തിക്കൊണ്ടു പോവുകയും പലപ്പൊഴും ലേലത്തിൽ വിൽക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ഇന്ത്യയ്ക്ക് ഒരുകാലത്തുണ്ടായിരുന്ന ബൃഹത്തായ സമ്പത്തും അമൂല്യ രത്നങ്ങളും നഷ്ടപ്പെട്ടു. ഭൂമി നികുതി പിരിക്കുന്നതിനുള്ള എളുപ്പത്തിനുവേണ്ടി താരതമ്യേന കഠിനമായ ജമീന്ദാരി സമ്പ്രദായത്തിൽ പുനർക്രമീകരിച്ചു. പല ഭാഗങ്ങളിലും കൃഷിക്കാർ ഭക്ഷ്യ കൃഷികളിൽ നിന്നും അമരി, ചണം, കാപ്പി, തെയില തുടങ്ങിയ വാണിജ്യ കൃഷികളിലേയ്ക്കു തിരിയാൻ നിർബന്ധിക്കപ്പെട്ടു. തത്ഭലമായി കർഷകരുടെ ജീവിതം ദുസ്സഹമാവുകയും ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കുകയും ചെയ്തു. പ്രാദേശീയ വ്യവസായങ്ങൾ, പ്രത്യേകിച്ചും ബംഗാളിലെയും കിഴക്കേ ഇന്ത്യയിലെയും പ്രശസ്തരായ തുന്നൽക്കാർ, ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ കഷ്ടപ്പെട്ടു. പരമ്പരാഗത ബ്രിട്ടീഷ് സ്വതന്ത്രവ്യാപാര നയങ്ങൾക്കനുസരിച്ച് ഇറക്കുമതി ചുങ്കങ്ങൾ വളരെ കുറച്ചുവെയ്ച്ചത് ഇന്ത്യയിലേയ്ക്ക് ബ്രിട്ടണിൽ നിന്നുള്ള വിലകുറഞ്ഞ തുണിത്തരങ്ങൾ ധാരാളമായി പ്രവഹിക്കുന്നതിനു കാരണമായി. തദ്ദേശീയ വ്യവസായങ്ങൾക്ക് ഇതിനു മുൻപിൽ പിടിച്ചുനിൽക്കാനായില്ല. ഒരുകാലത്ത് ഇംഗ്ലണ്ടിനു ആവശ്യമായ മേൽത്തരം തുണിത്തരങ്ങൾ ഉൽപ്പാദിപ്പിച്ചിരുന്ന ഇന്ത്യ ബ്രിട്ടണിലേയ്ക്ക് പരുത്തി കയറ്റിയയച്ച് അവിടെനിന്നും വസ്ത്രങ്ങൾ ഇന്ത്യക്കാർ വാങ്ങുന്നതിനുവേണ്ടി ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമായി മാറി.

യുദ്ധത്തിന്റെ പരിണതഫലം: പുതിയ രാജ്

[തിരുത്തുക]
വിക്ടോറിയ രാജ്ഞി 1858 നവംബർ 1-നു ഇന്ത്യയിലെ രാജാക്കന്മാർക്കും തലവന്മാർക്കും ജനങ്ങൾക്കുമായി പുറപ്പെടുവിച്ച വിളംബരം. "ഞങ്ങളെ മറ്റെല്ലാ പ്രജകളുമായി ബന്ധിപ്പിക്കുന്ന കടപ്പാടുപോലെത്തന്നെ ഞങ്ങൾ ഇന്ത്യൻ ഭൂപ്രവിശ്യകളുമായി ബന്ധിതരായിരിക്കുന്നു എന്നു വിശ്വസിക്കുന്നു." (p. 2)
വിക്ടോറിയാ രാജ്ഞിയുടെ സ്മാരക ഛായാചിത്രം, 1887-ൽ വരക്കപ്പെട്ടത്

1857-ലെ ലഹള ഇന്ത്യയിലെ ബ്രിട്ടീഷ് മേൽക്കോയ്മയെ ഉലച്ചു എങ്കിലും അതിനെ നിലം‌പരിശാക്കിയില്ല. 1857 വരെ ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ഡൽഹൌസി പ്രഭുവിനു കീഴിൽ, ബ്രിട്ടനുമായി സാമൂഹികവും സാമ്പത്തികവുമായി കിടപിടിക്കുന്ന ഒരു ശക്തിയായി ഇന്ത്യയെ ധൃതഗതിയിൽ നിർമ്മിക്കുകയായിരുന്നു. വിപ്ലവത്തിനു ശേഷം ബ്രിട്ടീഷുകാർ ഈ ശ്രമങ്ങളിൽ സംശയാലുക്കളായി. 1857-ലെ വിപ്ലവത്തിന്റെ കാരണങ്ങളെക്കുറിച്ച് ഏറെ വിചിന്തനം നടന്നു. ഇതിൽ നിന്നും മൂന്നു പ്രധാന പാഠങ്ങൾ ഉരുത്തിരിഞ്ഞു.

  • കൂടുതൽ പ്രായോഗികമായ തലത്തിൽ, ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മിൽ കൂടുതൽ സംഭാഷണവും സാഹോദര്യവും വേണം എന്ന തോന്നൽ ഉണ്ടായി; ഇത് സൈനിക തലത്തിൽ ബ്രിട്ടീഷ് സേനാ ഉദ്യോഗസ്ഥരും ഇന്ത്യൻ ഭടന്മാരും തമ്മിൽ മാത്രമല്ല, പൌരന്മാർക്കിടയിലും വേണം എന്ന തോന്നൽ ഉണ്ടായി. ഇന്ത്യൻ സൈന്യത്തെ പൂർണ്ണമായും ഉടച്ചുവാർത്തു: ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന ശക്തിയായിരുന്ന ആഗ്രാ, അവധ് ഐക്യ പ്രവിശ്യകളിലെ മുസ്ലീങ്ങളും ബ്രാഹ്മണരും അടങ്ങിയ യൂണിറ്റ് പിരിച്ചുവിട്ടു.[6] ബ്രിട്ടീഷ് അഭിപ്രായത്തിൽ കൂടുതൽ വിശ്വസ്തത ഇന്ത്യക്കാരായി കരുതപ്പെട്ട സിക്കുകാരും ബലൂചികളും അടങ്ങിയ പുതിയ റെജിമെന്റുകൾ രൂപവത്കരിച്ചു. ഇതിനു ശേഷം 1947 വരെ ഇന്ത്യൻ കരസേനയുടെ സംഘടനാക്രമം മാറ്റമില്ലാ‍തെ തുടർന്നു.[7]
  • ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തതു വഴി, ഇന്ത്യൻ രാജാക്കന്മാരും വലിയ ഭൂവുടമകളും, ലോഡ് കാനിങ്ങിന്റെ അഭിപ്രായത്തിൽ “കൊടുങ്കാറ്റിലെ തടയണകളായി“ പ്രവർത്തിച്ചു.[6] ഇവർക്ക് പുതിയ ബ്രിട്ടീഷ് രാജ് ഇതിനു പകരമായി ഓരോ നാട്ടുരാജ്യവുമായി ഔദ്യോഗികമായി അംഗീകരിയ്ക്കപ്പെട്ടതും ബ്രിട്ടീഷ് രാജ്ഞി ഒപ്പുവെയ്ച്ചതുമായ ഉടമ്പടികൾ സ്ഥാപിച്ചു.[7] ഇതേ സമയം, ഐക്യ പ്രവിശ്യകളിൽ കർഷകർക്കുവേണ്ടി വൻപിച്ച ഭൂപരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടും വിശ്വസ്തതകാണിക്കാതെ കർഷകർ പലയിടത്തും തങ്ങളുടെ പഴയ ഭൂവുടമകളോടു ചേർന്ന് ബ്രിട്ടീഷുകാർക്കെതിരായി പോരാടി എന്നു വിലയിരുത്തപ്പെട്ടു. തത്ഭലമായി അടുത്ത 90 വർഷത്തേയ്ക്ക് ഒരു പുതിയ ഭൂപരിഷ്കരണവും നടപ്പാക്കിയില്ല: ബംഗാളും ബിഹാറും വലിയ ജമീന്ദാർമാരുടെ പിടിയിൽത്തന്നെ തുടർന്നു. (പഞ്ജാബിലും ഉത്തർ പ്രദേശിലും സ്ഥിതി വ്യത്യസ്തമായിരുന്നു).[7]
  • അവസാ‍നമായി, സാമൂഹിക പരിവർത്തനത്തോടുള്ള ഇന്ത്യൻ പ്രതികരണത്തിൽ ബ്രിട്ടീഷുകാർ നിരാശ പൂണ്ടു. ഒന്നാം സ്വാതന്ത്ര്യസമരം വരെ, ബ്രിട്ടീഷുകാർ സാമൂഹിക പരിഷ്കരണത്തെ ശക്തമായി നടപ്പിൽ വരുത്താൻ ശ്രമിച്ചു, ഉദാഹരണത്തിനു സതി ആചാരത്തിൽ വില്യം ബെന്റിങ്ക് പ്രഭു വരുത്തിയ നിരോധനം.[6] യുദ്ധത്തിന്റെ ഫലമായി ഇന്ത്യയിലെ ആചാരങ്ങളും സമ്പ്രദായങ്ങളും അവയെ എളുപ്പത്തിൽ മാറ്റാൻ കഴിയാത്ത വിധത്തിൽ വളരെ ശക്തവും ആഴത്തിൽ വേരുള്ളതുമാണെന്ന് ബ്രിട്ടീഷുകാർ വിലയിരുത്തി; തത്ഭലമായി സാമൂഹിക രംഗത്ത്, പ്രത്യേകിച്ചും മതപരമായ കാര്യങ്ങളിൽ, പിന്നീട് ഒരു ബ്രിട്ടീഷ് ഇടപെടലുകളും ഉണ്ടായില്ല. ബ്രിട്ടീഷുകാർക്ക് ഹിന്ദു ബാലവിധവകളുടെ പുനർവിവാഹക്കാര്യത്തിൽ വളരെ ശക്തമായ അഭിപ്രായങ്ങൾ ഉണ്ടായിട്ടുപോലും അവർ ഇടപെടുന്നതിൽ നിന്നും മാറിനിന്നു.[7]

മുൻപ് നിലനിന്ന പല സാമ്പത്തിക, വരുമാന നയങ്ങളും 1857-നു ശേഷവും മാറ്റമില്ലാതെ തുടർന്നു, എങ്കിലും ഭരണപരമായി പല മാറ്റങ്ങളും ബ്രിട്ടീഷുകാർ അവതരിപ്പിച്ചു. ലണ്ടനിൽ കാബിനറ്റ് പദവിയായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഇന്ത്യ എന്ന പദവി സ്ഥാപിച്ചു. ഇന്ത്യയുടെ ഗവർണർ ജനറൽ (നാമമാത്രമായി സ്വയംഭരണാവകാശമുള്ള ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കുമ്പോൾ ഗവർണർ ജനറൽ വൈസ്രോയ് എന്ന് അറിയപ്പെട്ടു) കൽക്കത്ത ആസ്ഥാനമാക്കി ഇന്ത്യയുടെ ഭരണം നടത്തി. എക്സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ് കൌൺസിലുകൾ ഇതിൽ ഗവർണർ ജനറലിനെ സഹായിച്ചു. ഗവർണർ ജനറലിനു കീഴിൽ ഇന്ത്യയിലെ പ്രവിശ്യകൾക്ക് ഗവർണർമാർ ഉണ്ടായിരുന്നു. ഇവർക്കുകീഴിൽ ജില്ലാ ഭരണാധികാരികൾ ഭരണം നടത്തി. ജില്ലാ ഭരണാധികാരികൾ ഇന്ത്യൻ സിവിൽ സർവ്വീസിന്റെ താഴേത്തട്ട് ആയിരുന്നു.

നാട്ടുരാജ്യങ്ങളുമായുള്ള മുൻ‌കാല ഉടമ്പടികൾ മാനിക്കുമെന്നും ഡോക്ട്രിൻ ഓഫ് ലാപ്സ് നിറുത്തലാക്കും എന്നും 1858-ൽ ഇന്ത്യയുടെ വൈസ്രോയ് പ്രഖ്യാപിച്ചു. ഡോക്ട്രിൻ ഓഫ് ലാപ്സ് അനുസരിച്ച് പുരുഷ അനന്തരാവകാശികൾ ഇല്ലാത്ത നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ സാമ്രാജ്യത്തോടു ചേർത്തിരുന്നു. ഇന്ത്യൻ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തോളവും ജനസംഘ്യയുടെ 20-25 ശതമാനവും ഹിന്ദു, സിഖ്, മുസ്ലീം, തുടങ്ങിയ മതങ്ങളിൽ പെട്ട രാജാക്കന്മാരുടെ കീഴിൽ തുടർന്നു.

സമ്പദ്‌വ്യവസ്ഥയിൽ ഉള്ള പ്രത്യാഘാതങ്ങൾ

[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യകൾ

[തിരുത്തുക]

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് താഴെപ്പറയുന്ന പ്രവിശ്യകളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്:

ഇതിൽ പതിനൊന്നു പ്രവിശ്യകൾ ഗവർണർമാരുടെ ഭരണത്തിൻ കീഴിലായിരുന്നു (ആസാം, ബംഗാൾ, ബീഹാർ, ബോംബെ, മദ്ധ്യ പ്രവിശ്യകൾ, മദ്രാസ്, ഉത്തര-പശ്ചിമ അതിർത്തി പ്രവിശ്യകൾ, ഒറീസ്സ, പഞ്ജാബ്, സിന്ധ് എന്നിവ) ബാക്കി ആറു പ്രവിശ്യകൾ ചീഫ് കമ്മീഷണറുടെ ഭരണത്തിൻ കീഴിലായിരുന്നു (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ബലൂചിസ്ഥാൻ, കൂർഗ്, ഡൽഹി, പന്ത്-പിപ്ലോദ എന്നിവ).

ഇവ അല്ലാതെ നൂറുകണക്കിനു ഇന്ത്യൻ നാട്ടുരാജ്യങ്ങൾ ബ്രിട്ടീഷ് സംരക്ഷണയിൽ തദ്ദേശീയരായ നാടുവാഴികൾ ഭരിച്ചു. ഇവയിൽ ഏറ്റവും പ്രശസ്തതമായവയായിരുന്നു ജെയ്പൂർ‍, ഗ്വാളിയാർ, ഹൈദ്രബാദ്, മൈസൂർ, തിരുവിതാംകൂർ, ജമ്മു കാശ്മീർ എന്നിവ.

കുറിപ്പുകൾ

[തിരുത്തുക]
  1. Firstly the United Kingdom of Great Britain and Ireland then after 1927, the United Kingdom of Great Britain and Northern Ireland
  2. പേനയ്ക്കു പകരം വാൾ Archived 2020-07-29 at the Wayback Machine., റ്റൈം മാസിക, April 12, 1937
  3. British Empire - Relations with Bhutan
  4. British Empire - Relations with Nepal
  5. "Sikkim." Encyclopædia Britannica. 2007. Encyclopædia Britannica Online. 5 Aug. 2007 <http://www.britannica.com/eb/article-46212>.
  6. 6.0 6.1 6.2 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  7. 7.0 7.1 7.2 7.3 ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Bairoch, Paul, Economics and World History, University of Chicago Press, 1995
  • Bhatia, B. M., Famines in India: A study in Some Aspects of the Economic History of India with Special Reference to Food Problem, Delhi: Konark Publishers Pvt. Ltd, 1985
  • Bowle, John, The Imperial Achievement, Secker & Warburg, London, 1974, ISBN-13: 978-0316104098
  • Coates, Tim, (series editor), The Amritsar Massacre 1919 - General Dyer in the Punjab (Official Reports, including Dyer's Testimonies), Her Majesty's Stationary Office (HMSO) 1925, abridged edition, 2000, ISBN 0-11-702412-0
  • Davis, Mike, Late Victorian Holocausts: El Niño Famines and the Making of the Third World 2001, ISBN 1-85984-739-0
  • Dutt, Romesh C. Open Letters to Lord Curzon on Famines and Land Assessments in India, first published 1900, 2005 edition by Adamant Media Corporation, Elibron Classics Series, ISBN 1-4021-5115-2
  • Dutt, Romesh C. The Economic History of India under early British Rule, first published 1902, 2001 edition by Routledge, ISBN 0-415-24493-5
  • Forbes, Rosita, India of the Princes', London, 1939
  • Forrest, G. W., CIE, (editor), Selections from The State Papers of the Governors-General of India - Warren Hastings (2 vols), Blackwell's, Oxford, 1910
  • James, Lawrence, Raj - The Making and Unmaking of British India, London, 1997, ISBN 0-316-64072-7
  • Keay, John, The Honourable Company - A History of the English East India Company, HarperCollins, London, 1991, ISBN 0-00-217515-0
  • Moorhouse, Geoffrey, India Britannica, Book Club Associates, UK, 1983
  • Morris, Jan, with Simon Winchester, Stones of Empire - The Buildings of the Raj, Oxford University Press, 1st edition 1983 (paperback edition 1986, ISBN 0-19-282036-2
  • Sen, Amartya, Poverty and Famines: An Essay on Entitlements and Deprivation, Oxford, Clarendon Press, 1982
  • Srivastava, H.C., The History of Indian Famines from 1858-1918, Sri Ram Mehra and Co., Agra, 1968
  • Voelcker, John Augustus, Report on the Improvement of Indian Agriculture, Indian Government publication, Calcutta, 2nd edition, 1897.
  • Woodroffe, Sir John, Is India Civilized - Essays on Indian Culture, Madras, 1919.
  • Bibliography
  • India,Pakistanഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു.

ഇതും കാണുക

[തിരുത്തുക]


പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]