Jump to content

പിഡിപി-11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിഡിപി–11
ഒരു PDP–11/40 CPU താഴെയാണ്, അതിന് മുകളിൽ TU56 ഡ്യുവൽ ഡെക്ടടേപ്(DECtape) ഡ്രൈവ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ഡെവലപ്പർDigital Equipment Corporation
ഉദ്പന്ന കുടുംബംProgrammed Data Processor
തരംMinicomputer
പുറത്തിറക്കിയ തിയതി1970; 55 വർഷങ്ങൾ മുമ്പ് (1970)
റീടെയിലിൽ ലഭ്യമായത്1970–1997
നിർത്തലാക്കിയത്1997; 28 വർഷങ്ങൾ മുമ്പ് (1997)
വിറ്റ യൂണിറ്റുകൾaround 600,000
ഓപ്പറേറ്റിംഗ് സിസ്റ്റംBATCH-11/DOS-11, DSM-11, IAS, P/OS, RSTS/E, RSX-11, RT-11, Ultrix-11, Seventh Edition Unix, SVR1, 2BSD
പിന്നീട് വന്നത്VAX-11

1970 മുതൽ 1990-കളുടെ അവസാനം വരെ ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ (DEC) വിറ്റ 16-ബിറ്റ് മിനികമ്പ്യൂട്ടറുകളുടെ ഒരു പരമ്പരയാണ് പിഡിപി–11, പ്രോഗ്രാമ്ഡ് ഡാറ്റാ പ്രോസസർ (PDP) ശ്രേണിയിലെ ഒരു കൂട്ടം ഉൽപ്പന്നങ്ങളിൽ ഒന്നാണ്. മൊത്തത്തിൽ, എല്ലാ മോഡലുകളുടെയും ഏകദേശം 6,00,000(ആറുലക്ഷത്തിൽ പരം) പിഡിപി-11 കമ്പ്യൂട്ടറുകൾ വിറ്റു, ഇത് ഡിഇസിയുടെ ഏറ്റവും വിജയകരമായ ഉൽപ്പന്ന ലൈനുകളിൽ ഒന്നാക്കി മാറ്റി. പിഡിപി-11 ഏറ്റവും ജനപ്രിയമായ മിനികമ്പ്യൂട്ടറായി ചില വിദഗ്ധർ കണക്കാക്കുന്നു[1][2].

പിഡിപി-11 അതിൻ്റെ ഇൻസ്ട്രക്ഷൻ സെറ്റിൽ നിരവധി നൂതന സവിശേഷതകൾ അവതരിപ്പിക്കുകയും കൂടുതൽ ജനറൽ-പർപ്പസ് രജിസ്റ്ററുകൾ ചേർക്കുകയും ചെയ്തു. ഈ മാറ്റങ്ങൾ ഇതിന് മുമ്പുള്ള പിഡിപി മോഡലുകളെ അപേക്ഷിച്ച് പ്രോഗ്രാമിംഗ് ലളിതവും കൂടുതൽ വഴക്കമുള്ളതുമാക്കി. പിഡിപി-11-ൻ്റെ നൂതനമായ യൂണിബസ് സിസ്റ്റം ഡയറക്ട് മെമ്മറി ആക്സസ് (DMA) ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ബാഹ്യ ഉപകരണങ്ങളെ ബന്ധിപ്പിക്കുന്നത് എളുപ്പമാക്കി. വിവിധ പെരിഫറലുകളെ പിന്തുണയ്ക്കുകയും സിസ്റ്റത്തെ കൂടുതൽ വൈവിധ്യപൂർണ്ണമാക്കുകയും ചെയ്തു. പല തത്സമയ കമ്പ്യൂട്ടിംഗ് ജോലികളിലും പിഡിപി-11 പിഡിപി-8-ന് പകരമായി ഉപയോഗിച്ചു വന്നു, എന്നാൽ ഈ രണ്ട് സിസ്റ്റങ്ങളും 10 വർഷത്തിൽ കൂടുതൽ വിൽപനയിലുണ്ടായിരുന്നു. പിഡിപി-11 പ്രോഗ്രാം ചെയ്യാൻ എളുപ്പമായിരുന്നു, ഇതിലെ പല ഉപയോഗങ്ങളും ഉപഭോക്താക്കൾക്ക് പ്രിയമായിത്തീർന്നു.

പിഡിപി-11 ൻ്റെ രൂപകൽപ്പന 1970-കളുടെ അവസാനത്തിൽ ഇന്റൽ x86 (Intel x86), മോട്ടറോള 68000 (Motorola 68000) തുടങ്ങിയ മൈക്രോപ്രൊസസ്സറുകൾ വികസിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തി. പിഡിപി-11 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ രൂപകൽപ്പനയും ഡിജിറ്റൽ ഉപകരണത്തിൽ നിന്നുള്ള മറ്റ് സിസ്റ്റങ്ങളും, സിപി/എം(CP/M) പോലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ നിർമ്മാണത്തെ സ്വാധീനിച്ചു, അത് പിന്നീട് മൈക്രോസോഫറ്റിന്റെ എംഎസ്ഡോസിന് പ്രേരകമായിത്തീർന്നു. യുണിക്സിൻ്റെ ആദ്യ ഔദ്യോഗിക പതിപ്പ് 1970-ൽ പിഡിപി-11/20 സിസ്റ്റത്തിൽ ഉപയോഗിച്ചു[3]. ഇതേ സമയത്ത് തന്നെ വികസിപ്പിച്ചെടുത്ത സി പ്രോഗ്രാമിംഗ് ഭാഷ, പിഡിപി-11-ൻ്റെ പല നിമ്നതലത്തിലുളള(low level) സവിശേഷതകളും ഉപയോഗിച്ചിരുന്നു[4].

പിഡിപി-11-നെ 16-ബിറ്റിൽ നിന്ന് 32-ബിറ്റ് അഡ്രസ്സിലേക്ക് വികസിപ്പിക്കുന്നതിന് വേണ്ടി, അതിൻ്റെ പേരിൻ്റെ ഒരു ഭാഗം പിഡിപി-11-ൽ നിന്ന് കടമെടുത്ത് വാക്സ്-11(VAX-11) വികസിപ്പിച്ചെടുത്തു.

ചരിത്രം

[തിരുത്തുക]

മുമ്പുണ്ടായിരുന്ന യന്ത്രങ്ങൾ

[തിരുത്തുക]

1963-ൽ ഡിജിറ്റൽ എക്യുപ്‌മെൻ്റ് കോർപ്പറേഷൻ (ഡിഇസി) ആദ്യത്തെ വാണിജ്യ മിനികമ്പ്യൂട്ടറായി കണക്കാക്കപ്പെടുന്ന പിഡിപി-5 അവതരിപ്പിച്ചു. പിഡിപി-5 എന്നത് 1962 ലിങ്ക്(LINC) മെഷീനെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത 12-ബിറ്റ് കമ്പ്യൂട്ടറാണ്, ഇത് യഥാർത്ഥത്തിൽ ലബോറട്ടറി ഉപയോഗത്തിനായി ഉദ്ദേശിച്ചുള്ളതാണ്. വലിയ 18-ബിറ്റ് പിഡിപി-4 ൻ്റെ ശക്തി ആവശ്യമില്ലാത്ത ചെറിയ ക്രമീകരണങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന കൂടുതൽ താങ്ങാനാവുന്ന വിലയ്ക്കുള്ള ഒരു കമ്പ്യൂട്ടർ നിർമ്മിക്കാൻ ലിങ്കിന്റെ രൂപകൽപ്പനയും നിർദ്ദേശങ്ങളും ഡിഇസി ലളിതമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പിഡിപി-5 നിർമ്മിക്കുകയും, ഈ സിസ്റ്റം വിപണിയിൽ വിജയം കൈവരിക്കുകയും ചെയ്തു, പിഡിപി-5 ഏകദേശം 1,000 യൂണിറ്റുകൾ വിറ്റു. ഈ വിജയത്തിൻ്റെ അടിസ്ഥാനത്തിൽ, ഡിഇസി പിഡിപി-8 അവതരിപ്പിച്ചു, കൂടുതൽ ചെലവ് കുറച്ച് ചെയ്ത 12-ബിറ്റ് മോഡലായ, പിഡിപി-8 വളരെ ജനപ്രിയമാവുകയും ഏകദേശം 50,000 യൂണിറ്റുകൾ വിൽക്കുകയും ചെയ്തു.

1960-കളിൽ, കമ്പ്യൂട്ടറുകൾ 6 ബിറ്റ് ഗ്രൂപ്പുകളിൽ നിന്ന് 8 ബിറ്റുകളിലേക്ക് മാറി, ഇത് ടെക്സ്റ്റിനായി ഉപയോഗിക്കുന്ന പുതിയ 7-ബിറ്റ് ആസ്കി മാനദണ്ഡവുമായി പൊരുത്തപ്പെടുന്നു. 1967-1968 കാലഘട്ടത്തിൽ, ഡിഇസി എഞ്ചിനീയർമാർ പിഡിപി-എക്സ്(PDP-X) എന്ന പേരിൽ ഒരു പുതിയ 16-ബിറ്റ് കമ്പ്യൂട്ടർ ഡിസൈൻ സൃഷ്ടിച്ചു[5]. എന്നിരുന്നാലും, പിഡിപി-എക്സിൽ തുടരേണ്ടെന്ന് കമ്പനി തീരുമാനിച്ചു, കാരണം ഇത് അവരുടെ നിലവിലുള്ള 12-ബിറ്റ്, 18-ബിറ്റ് കമ്പ്യൂട്ടറുകളേക്കാൾ മികച്ചതായിരുന്നില്ല, അതിനാൽ ഈ സിസ്റ്റം വിപണിയിലിറക്കിയില്ല.

ഇത് പിഡിപി-X പ്രോഗ്രാമിൽ നിന്നുള്ള നിരവധി എഞ്ചിനീയർമാരെ ഡിഇസി വിട്ട് ഡാറ്റാ ജനറൽ രൂപീകരിക്കാൻ പ്രേരിപ്പിച്ചു. തൊട്ടടുത്ത വർഷം അവർ 16-ബിറ്റ് ഡാറ്റ ജനറൽ നോവ അവതരിപ്പിച്ചു.[6]നോവ പതിനായിരക്കണക്കിന് യൂണിറ്റുകൾ വിൽക്കുകയും 1970-കളിലും 1980-കളിലും ഡിഇസിയുടെ പ്രധാന എതിരാളികളിൽ ഒന്നായി മാറുകയും ചെയ്തു.

വിതരണം(Release)

[തിരുത്തുക]

ഡിഇസിയുടെ പ്രസിഡൻ്റും സ്ഥാപകനുമായ കെൻ ഓൾസണ്, വലിയ 16-ബിറ്റ് സിസ്റ്റത്തേക്കാൾ ചെറുതും 8-ബിറ്റ് കമ്പ്യൂട്ടർ സൃഷ്ടിക്കുന്നതിലായിരുന്നു കൂടുതൽ താൽപ്പര്യം. ഇത് "ഡെസ്ക് കാൽക്കുലേറ്റർ" എന്ന പേരിൽ ഒരു പ്രോജക്റ്റ് വികസിപ്പിക്കുന്നതിലേക്ക് നയിച്ചു. ഡിഇസി ഈ പ്രോജക്റ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന വാർത്ത പുറത്തുവന്നപ്പോൾ, ഡെസ്ക് കാൽക്കുലേറ്ററുകൾ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരുന്ന വാങ് ലബോറട്ടറീസ് എന്ന കമ്പനിയെ അത് ആശങ്കപ്പെടുത്തി. എന്നിരുന്നാലും, കമ്പ്യൂട്ടർ മാർക്കറ്റ് 16-ബിറ്റ് സിസ്റ്റങ്ങളിലേക്ക് മാറുകയാണെന്ന് വ്യക്തമായി, അതിനാൽ ട്രെൻഡ് നിലനിർത്തുന്നതിന് ഡെസ്ക് കാൽക്കുലേറ്റർ പ്രോജക്റ്റ് 16-ബിറ്റ് ഡിസൈനിലേക്ക് മാറ്റാൻ ഡിഇസി തീരുമാനിച്ചു[7].

പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മെമ്മറിയുടെ അളവ് കുറയ്ക്കുന്നത് കൂടുതൽ കാര്യക്ഷമമായ ഒരു സിസ്റ്റം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് പുതിയ കമ്പ്യൂട്ടർ രൂപകൽപ്പനയിൽ പ്രവർത്തിക്കുന്ന ടീം തീരുമാനിച്ചു. ലാറി മക്‌ഗോവൻ അസംബ്ലി ഭാഷയിൽ പ്രോഗ്രാമുകൾ എഴുതി, അത് ഒരു ലോ-ലെവൽ കോഡിംഗ് ഭാഷയാണ്, കൂടാതെ ഓരോ നിർദ്ദേശത്തിനും എത്ര മെമ്മറി ഉപയോഗിച്ചുവെന്ന് കാണാൻ നിലവിലുള്ള വ്യത്യസ്ത കമ്പ്യൂട്ടർ പ്ലാറ്റ്‌ഫോമുകളിൽ അവ പരീക്ഷിച്ചു. മറ്റൊരു ടീം അംഗമായ ഹരോൾഡ് മക്ഫാർലാൻഡ്, തുടക്കത്തിൽ വളരെ സങ്കീർണ്ണമായ നിർദ്ദേശങ്ങളുടെ ഒരു കൂട്ടം സൃഷ്ടിച്ചു, അത് വളരെ സങ്കീർണ്ണമായതിനാൽ ആത്യന്തികമായി നിരസിക്കപ്പെട്ടു. എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ രണ്ടാമത്തെ ലളിതമായ രൂപകൽപ്പനയോടുകൂടി നിർമ്മിച്ച പിഡിപി-11 എന്ന വിജയകരമായ ഡിഇസി കമ്പ്യൂട്ടർ മോഡലിന് അടിത്തറയായി ഇത് മാറി.

അവലംബം

[തിരുത്തുക]
  1. Supnik, Bob (August 31, 2004). "Simulators: Virtual Machines of the Past (and Future)". ACM Queue. 2 (5): 52–58. doi:10.1145/1016998.1017002. S2CID 20078751.
  2. Rose, Frank (1985). Into the Heart of the Mind: An American Quest for Artificial Intelligence. p. 37. ISBN 9780394741031. Archived from the original on 2024-07-01. Retrieved 2020-07-19.
  3. Bakyo, John. "Section Three: The Great Dark Cloud Falls: IBM's Choice". Great Microprocessors of the Past and Present (V 13.4.0). Part I: DEC PDP-11, benchmark for the first 16/32 bit generation. (1970). Archived from the original on 2023-04-30. Retrieved 2023-04-30.
  4. Ritchie, Dennis M. (April 1993). "The Development of the C Language". In Thomas J. Bergin, Jr.; Richard G. Gibson, Jr. (eds.). History of Programming Languages-II. Second History of Programming Languages conference. Cambridge, MA: ACM Press (New York) and Addison-Wesley (Reading, Mass). ISBN 0-201-89502-1. Archived from the original on 2015-06-11. Retrieved 2023-04-30.
  5. "PDP-X memoranda". bitsavers.org. Archived from the original on 2017-09-23. Retrieved 2017-07-13.
  6. "Oral History of Edson (Ed) D. de Castro" (PDF). Archived (PDF) from the original on 2016-03-05. Retrieved April 28, 2020.
  7. McGowan, Larry (19 August 1998). "How the PDP-11 Was Born". Archived from the original on 2015-06-17. Retrieved 2015-01-22.
"https://ml.wikipedia.org/w/index.php?title=പിഡിപി-11&oldid=4111414" എന്ന താളിൽനിന്ന് ശേഖരിച്ചത്