നമീബ് മരുഭൂമി
ലോകത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള മരുഭൂമിയാണ് നമീബ് മരുഭൂമി[1]. ദക്ഷിണാഫ്രിക്കയുടെ പശ്ചിമതീരത്തുള്ള ഈ മരുഭൂമിയുടെ ഭൂരിഭാഗവും നമീബിയയിലാണ് സ്ഥിതിചെയ്യുന്നത്. തെക്ക് ഓറഞ്ച് നദി മുതൽ വടക്ക് അംഗോള വരെ വ്യാപിച്ചിരിക്കുന്ന നമീബ് മരുഭൂമിക്ക് ഏകദേശം 2,70,000 ച.കി.മീ. വിസ്തൃതിയുണ്ട്. അറ്റ്ലാന്റിക് സമുദ്രമാണ് ഈ മരുഭൂമിയുടെ പടിഞ്ഞാറൻ അതിർത്തി. നമീബിയൻ എസ്കാർവ്മെന്റ് എന്ന പേരിൽ അറിയപ്പെടുന്ന ചെങ്കുത്തായ ഭൂപ്രദേശമാണ് കിഴക്കൻ അതിർത്തി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഡ്യൂണുകൾ കാണപ്പെടുന്നത് നമീബ് മരുഭൂമിയിലാണ്. ഇവയിൽ ചിലതിന് 400 മീറ്ററിലധികം ഉയരമുണ്ട്. വരണ്ട കാലാവസ്ഥയാണ് മറ്റൊരു പ്രത്യേകത. മൂടൽമഞ്ഞും പുകമഞ്ഞും സർവ സാധാരണമായ ഇവിടെ വിരളമായി മാത്രമേ മഴ ലഭിക്കാറുള്ളു. തീരപ്രദേശത്തോടടുത്തുള്ള പ്രദേശങ്ങളിൽ ചിലപ്പോൾ പ്രതിവർഷം 2 സെ.മീ.-ഓളം മഴ ലഭിക്കാറുണ്ട്. സ്വകൊപ്മുൻഡ്, വാൾവിസ്ബേ, ലുഡറിറ്റ്സ്, ഓറഞ്ച്മഡ് എന്നിവയാണ് നമീബ് ഭൂപ്രദേശത്തെ പ്രധാന നഗരങ്ങൾ. 1904-ൽ നമീബ് മരുഭൂമിയിൽ വജ്രം കണ്ടെത്തി. മരൂഭൂമിയുടെ തീരപ്രദേശത്തോടടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും വജ്രം ഖനനം ചെയ്യുന്നുണ്ട്.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ നമീബ് മരുഭൂമി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |