ഡ്രാക്കുള
കർത്താവ് | ബ്രാം സ്റ്റോക്കർ |
---|---|
രാജ്യം | United Kingdom of Great Britain and Ireland (ഇപ്പോൾ റിപ്പബ്ലിക്ക് ഓഫ് അയർലണ്ട്) |
ഭാഷ | English |
സാഹിത്യവിഭാഗം | Horror novel, gothic novel |
പ്രസാധകർ | Archibald Constable and Company (UK) |
പ്രസിദ്ധീകരിച്ച തിയതി | May 1897 |
മാധ്യമം | Print (Hardback) |
ISBN | NA |
ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള.[1]. സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടി. മറ്റു പല സാഹിത്യ ശാഖകളും പിന്നീട് സ്റ്റോക്കറുടെ ഈ സൃഷ്ടി ആധാരമാക്കിയിട്ടുണ്ട്. അടിസ്ഥാനപരമായി ഇതൊരു എപ്പിസ്റ്റോളറി ശൈലിയിലുള്ള നോവലാണ്. അത് കൊണ്ട് തന്നെ ഈ കഥ പുരോഗമിക്കുന്നത് കത്തുകൾ, ഡയറിക്കുറിപ്പുകൾ, കപ്പൽ രേഖകൾ എന്നിവയിൽ കൂടിയാണ്.
കഥാസംഗ്രഹം
[തിരുത്തുക]കാർപത്യൻമലയിലെ കൊട്ടാരത്തിലെ ഡ്രാക്കുളപ്രഭു എന്ന പ്രധാന കഥാപാത്രം പകൽ സമയം മുഴുവൻ നിസ്സഹായനായി ശവപ്പെട്ടിക്കുള്ളിൽ കഴിയുകയും യാമങ്ങളിൽ ശവപ്പെട്ടിക്കുള്ളിൽ നിന്നും തനിയെ പുറത്തിറങ്ങി യുവതികളുടെ രക്തം കുടിക്കുകയും ചെയ്യുന്നു. തന്റെ ചൈതന്യം നിലനിർത്തുവാനായാണ് അദ്ദേഹം രക്തം കുടിക്കുന്നത്. രക്തം നഷ്ടപ്പെടുന്ന ഈ യുവതികൾ യക്ഷികളായി മാറി കൊട്ടാരത്തിൽ വിഹരിക്കുന്നു. പ്രഭുവിനെക്കുറിച്ച് കേട്ടറിഞ്ഞ ജോനാതൻ എന്ന അഭിഭാഷകൻ കഥാപാത്രം ദുർഘടമായ യാത്രകളിലൂടെ കൊട്ടാരത്തിൽ എത്തിച്ചേരുന്നു. നഗരത്തെക്കുറിച്ച് ജോനാതനിൽ നിന്നും മനസ്സിലാക്കിയ പ്രഭു അവിടെ ഒരു ഭവനം വാങ്ങുവാനുള്ള ആഗ്രഹം ജോനാതനോട് ഉണർത്തിച്ചു. തിരക്കാർന്ന നഗരത്തിൽ യാമങ്ങളിൽ തന്റെ രക്തപാനം വർദ്ധിതമായി നടത്താമെന്നായിരുന്നു പ്രഭുവിന്റെ കണക്കുകൂട്ടൽ. തന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രഭു ജോനാതനോടൊപ്പം നഗരത്തിലെത്തുന്നു. നഗരത്തിലെത്തിയ പ്രഭു ജോനാതന്റെ വേണ്ടപ്പെട്ടവരിൽ തന്നെ ആദ്യം തന്റെ ശ്രമങ്ങൾ ആരംഭിക്കുന്നു. അവസാനം സാഹസികരുടെ ഒരു സംഘം നിതാന്ത ശ്രമത്തിലൂടെ ഡ്രാക്കുളയെ വേട്ടയാടി അവസാനിപ്പിക്കുന്നു.
ഡ്രാക്കുളയുടെ സൃഷ്ടി
[തിരുത്തുക]ബ്രാം സ്റ്റോക്കർ തുടക്കത്തിൽ ഭാവനാശക്തിയും പ്രണയവും ഉൾക്കൊള്ളുന്ന കൃതികളാണ് രചിച്ചിരുന്നത്. ദ അൺ-ഡെഡ് എന്ന പേരിലാണ് ആദ്യ പുസ്തകം രചിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് അതേ മാതൃകയിൽ രചിച്ചവയിൽ ജൂവൽ ഓഫ് ദ സെവൻ സ്റ്റാർസ് എന്ന പുസ്തകമൊഴികെ ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.
പ്രൊഫസർ അർമിനിയസ് വാം ബെറി എന്ന ബുഡാപെസ്റ്റുകാരനിൽ നിന്നാണ് അദ്ദേഹം ആദ്യമായി ഡ്രാക്കുളയെക്കുറിച്ചറിയുന്നത്. ഡ്രാക്കുള എന്ന പേര് ബ്രാമിനെ വല്ലാതെ ആകർഷിച്ചിരുന്നു. ഫ്രാങ്കൻസ്റ്റീൻ, വാർണി ദ വാംപയർ, ദ ഫീസ്റ്റ് ഓഫ് ബ്ലഡ് തുടങ്ങിയ കെട്ടുകഥകളും മറ്റും വായിച്ച ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ ഉയർന്നു വന്നു. ഇതെല്ലാം ചേർത്ത് ഡ്രാക്കുളയെന്ന ഒരു ഭീകരകഥ രചിക്കാൻ ബ്രാമിനു താത്പര്യം ജനിച്ചു. ഷെർലക്ക് ഹോംസിന്റെ കഥകൾ പ്രചുരപ്രചാരം നേടിയിരുന്ന കാലഘട്ടത്തിലായിരുന്നു ഡ്രാക്കുള പിറവി കൊണ്ടത്. കഥ നടക്കുന്ന ട്രാൻസിൽവാനിയ അഥവാ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശമാണ് കഥയ്ക്ക് പശ്ചാത്തലം ഒരുക്കിയത്. 1887-ൽ കഥ നടക്കുന്നതായാണ് സ്റ്റോക്കർ കൃതിയിൽ വിവരിക്കുന്നത്.
1887-ലാണ് സ്റ്റോക്കർ ഡ്രാക്കുളയുടെ രചന ആരംഭിച്ചത്. പിന്നീട് പത്താം വർഷത്തിൽ 1897-ലാണ് കൃതി പ്രസിദ്ധീകരിക്കുന്നത്[2]. 1987-ൽ പുറത്തിറങ്ങിയ ദി സെന്റിനറി ബുക്കിൽ 1887 കഥാ പശ്ചാത്തലമാക്കാൻ സ്റ്റോക്കറെ അക്കാലത്ത് ഉണ്ടായ ചില സംഭവങ്ങൾ പ്രേരിപ്പിച്ചിരുന്നെന്ന് പീറ്റർ ഹൈനിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 1887-ൽ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ലണ്ടനിൽ ചില അസാധാരണങ്ങളായ സംഭവങ്ങൾ നടന്നിരുന്നെന്ന് സമർത്ഥിക്കുന്നു. അതിൽ ഒരു സംഭവം ലണ്ടനിലെ വിക്ടോറിയ രാജ്ഞിയുടെ ജൂബിലി ആചരിച്ച ആ വർഷം നാട്ടിൽ വിഷജ്വരം പടർന്നെന്നതാണ്. മറ്റൊന്ന് ക്ലാർക്ക് എന്നയാൾ ഒരു പ്രത്യേക രക്തമിശ്രിതം പുറത്തിറക്കി എന്നതാണ്. ഇതിന്റെ പരസ്യം അക്കാലത്ത് ടൈംസ് പത്രത്തിൽ വന്നിരുന്നു. രക്തം കുടിക്കുന്ന ഒരാളെക്കുറിച്ചുള്ള കഥകൾ അക്കാലത്ത് മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം സ്റ്റോക്കർക്ക് പ്രചോദനമായെന്ന് സെന്റിനറി ബുക്കിൽ വിവരിക്കുന്നു.
നാടകങ്ങളിൽ
[തിരുത്തുക]ആദ്യകാലത്ത് ഡ്രാക്കുള നോവൽ പലരും നാടകരൂപത്തിലാക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും 1924-ൽ ഹാമിൽടൺ ഡീൻ [3][4]എന്ന സ്റ്റോക്കറുടെ കുടുംബസുഹൃത്തും നടനുമാണ് നാടകത്തിൽ വിജയം നേടിയത്. ലണ്ടനിലെ നിരവധി അരങ്ങുകളിൽ നാടകം അരങ്ങേറി. തുടർന്ന് മൂന്നു വർഷങ്ങൾക്കു ശേഷം ന്യൂയോർക്കിലെ ഒരു പ്രസാധകനായ ഹൊറേസ് ലിവറൈറ്റാണ് ഡ്രാക്കുളയെ അമേരിക്കയിലേക്ക് എത്തിച്ചത്. ഹംഗേറിയൻ നടനായ ബേല ലുഗോസിയാണ് പ്രധാന ഭാഗം അഭിനയിച്ചത്. ഇത് വൻ വിജയം നേടുകയും 1300 തവണ തുടർച്ചയായി അരങ്ങേറുകയും ചെയ്തു. ഈ നാടകരൂപമാണ് പിന്നീട് ചലച്ചിത്രമായി മാറിയത്.
ചലച്ചിത്രങ്ങളിൽ
[തിരുത്തുക]ബേല ലുഗോസി പ്രധാന വേഷത്തിൽ അഭിനയിച്ച നാടകം വൻ വിജയം നേടിയ ശേഷം അമേരിക്കൻ സംവിധായകനായ ടോഡ്ബ്രൗണിങ്ങാണ് നാടകത്തെ ചലച്ചിത്രമാക്കി മാറ്റിയത്[5]. പിന്നീട് ആഗോളമായി ഇരുന്നൂറിലധികം ഡ്രാക്കുള ചലച്ചിത്രങ്ങൾ വിവിധ ഭാഷകളിലായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റഫർ ലീയാണ് ഡ്രാക്കുള എന്ന വേഷത്തിൽ കൂടുതൽ അഭിനയിച്ചതും വളരെ ശ്രദ്ധിക്കപ്പെട്ടതും. എന്നാൽ ക്രിസ്റ്റഫർ ലീ ആയിരുന്നില്ല ഡ്രാക്കുളയായി ആദ്യം വേഷമിട്ടത്. 1931-ലാണ് വാലന്റൈൻസ് ദിനത്തിൽ ന്യൂയോർക്കിലെ റോക്‌സി തിയേറ്ററിൽ ഡ്രാക്കുളയുടെ ആദ്യ പ്രദർശനം നടന്നത്. ഡ്രാക്കുളയെ ആദ്യം ജനപ്രിയമാക്കി മാറ്റിയ ബേല ലുഗോസി 1956-ൽ അന്തരിച്ചപ്പോൾ ഡ്രാക്കുളയുടെ വേഷം ധരിപ്പിച്ചാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.
ലുഗോസിയുടെ അന്ത്യത്തോടെ ഡ്രാക്കുളയ്ക്ക് താൽകാലിക അന്ത്യമായിരുന്നു ഫലം. പിന്നീട് 25 വർഷങ്ങൾക്കു ശേഷമാണ് ഡ്രാക്കുള വീണ്ടും നിർമ്മിക്കപ്പെട്ടത്. ബ്രിട്ടനിലെ ഹാമർ ഫിലിംസ് ഭീകരചിത്രത്തിന്റെ വിജയസാധ്യതകൾ കണക്കാക്കി സ്റ്റോക്കറുടെ കഥകൾ വീണ്ടും ചലച്ചിത്രമാക്കാൻ തീരുമാനിച്ചു. ഹാമർ ഫിലിംസിന്റെ ആദ്യ ചിത്രമായിരുന്നു ഹൊറർ ഓഫ് ഡ്രാക്കുള. അക്കാലത്തെ എല്ലാ കളക്ഷൻ റെക്കോർഡുകളും പുറത്തിറങ്ങിയ ഈ ചിത്രം ഭേദിച്ചിരുന്നു. ഇതേ തുടർന്ന് 9 ഡ്രാക്കുള ചിത്രങ്ങൾ കൂടി പുറത്തിറങ്ങി. ഈ ചിത്രങ്ങളിൽ ക്രിസ്റ്റോഫർ ലീയാണ് ഡ്രാക്കുള പ്രഭുവിനെ അവതരിപ്പിച്ചത്. അതോടെ ഡ്രാക്കുളയിൽ ക്രിസ്റ്റഫർ ലീ അവിഭാജ്യ ഘടകമായിത്തീർന്നു. ആഗോളമായി ഇന്നും ഭീകരചിത്രങ്ങളിൽ ഏറ്റവും ആകർഷിക്കപ്പെടുന്നത് ഡ്രാക്കുളച്ചിത്രങ്ങളാണ്.
എന്നാൽ പിന്നീട് പുറത്തിറങ്ങിയ ദ ബ്രൈഡ്‌സ് ഓഫ് ഡ്രാക്കുള, സൺ ഓഫ് ഡ്രാക്കുള, ദ റെവഞ്ച് ഓഫ് ഡ്രാക്കുള തുടങ്ങിയ ചിത്രങ്ങൾ അശ്ലീലതയുടെ കുത്തൊഴുക്കിൽ[അവലംബം ആവശ്യമാണ്] വികൃതമായി മാറി.
ദൃശ്യമാദ്ധ്യമങ്ങളിൽ
[തിരുത്തുക]ഡ്രാക്കുളയെ ആധാരമാക്കി അഞ്ച് ടെലിവിഷൻ പരമ്പരകൾ സംപ്രേഷണം ചെയ്യപ്പെട്ടു. ബി.ബി.സി. ചാനലിനു വേണ്ടി ബ്രോം സ്റ്റോക്കറുടെ ജീവിതകഥ ഡാൻപാർസൻ ടെലിഫിലിമാക്കി പ്രദർശിപ്പിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.bramstoker.org/novels.html Bibliography of Stoker's novles at Bram Stoker Online.
- ↑ Bram Stoker: A Brief Biography
- ↑ ഗൂഗിൾ ബുക്സ്
- ↑ IMDB-യിൽ നിന്ന്
- ↑ ഗൂഗിൾ ബുക്സ്