Jump to content

ഡോൺ ഹുവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രഞ്ച് നാടകം. മോളിയെയാണ് രചയിതാവ്. 1664-ൽ രചിക്കപ്പെട്ട നാടകം 1665-ലാണ് അരങ്ങേറിയത്. പാരിസിലെ പുരോഹിതവർഗത്തിന്റെ രൂക്ഷമായ വിമർശനത്തെത്തുടർന്ന് നാടകത്തിന്റെ അവതരണം പെട്ടെന്നു നിറുത്തി വയ്ക്കേണ്ടിവന്നു. സ്പാനിഷ് നാടകകൃത്തായ ടിർ സൊഡി മൊലിനയുടേതാണ് മൂലഗ്രന്ഥം. ഇത് 1630-ലാണ് പ്രസിദ്ധീകൃതമായത്. പിന്നീട് ഈ നാടകത്തിന് ഒരു ഇറ്റാലിയൻ വ്യാഖ്യാനമുണ്ടായി. ഫ്രഞ്ചു നാടക കൃത്തുക്കളായ ക്ളോഡ് ഡിവില്ലേഴ്സും, നിക്കൊളാസ് ഡോറിമോൺഡും ഈ നാടകം യഥാക്രമം 1959-ലും 1961-ലും പരിഷ്കരിച്ചവതരിപ്പിച്ചിട്ടുണ്ട്. മോളിയെയുടെ ടർട്യുഫ് എന്ന നാടകം പുരോഹിത വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് തടസ്സപ്പെട്ടപ്പോഴാണ് പെട്ടെന്ന് ഡോൺ ജുവാൻ എന്ന നാടകത്തിന് അദ്ദേഹം രൂപം നൽകിയത്. ഫെസ്റ്റിവൽ ദൈസാങ് പ്രൊവാങ്സിൽ ഡോൺ ജൂവാൻ അവതരിപ്പിച്ചപ്പോൾ ഇക്കാരണത്താൽ കെട്ടുറപ്പില്ലാത്ത ഒരു നാടകമാണ് ഡോൺ ജുവാൻ എന്ന അഭിപ്രായം നിലവിലുണ്ട്. സാഹസികനും കാമുകനുമായ ഡോണിന്റെ കഥയിലെ അലൗകിക സംഭവങ്ങളെല്ലാം നാടകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അന്തിമശിക്ഷയ്ക്കു വിധേയനായി ഡോൺ നരകത്തിൽ പതിക്കുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.

ഡോൺ എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത് ഹാസ്യാത്മകമായിട്ടാണ്. നിഷ്കളങ്കകളായ സ്ത്രീകളെ ഭംഗിവാക്കുകൾ പറഞ്ഞ് വശീകരിക്കുന്ന ഡോൺ പുരോഹിത വർഗത്തെ ധിക്കരിച്ചുകൊണ്ട് മുന്നേറുന്നു. ഡോൺ ജുവാൻ എന്ന കഥാപാത്രത്തിന്റെ ആവിഷ്കരണത്തിലുള്ള നിഗൂഢതയും അലൌകികമായ പശ്ചാത്തലവുമാണ് കാണികളെ ശക്തമായി ആകർഷിക്കുന്നത്. അതോടൊപ്പം മതപരമായ ആത്മവഞ്ചനയേയും നാടകകൃത്ത് വിമർശനവിധേയമാക്കുന്നു.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡോൺ ഹുവാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡോൺ_ഹുവാൻ&oldid=1845662" എന്ന താളിൽനിന്ന് ശേഖരിച്ചത്