Jump to content

ടർബലേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടർബലേറിയ
Temporal range: 40–0 Ma[1]
A marine species Pseudobiceros bedfordi (Bedford's Flatworm), a member of the Polycladida
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: Platyhelminthes
Class: ടർബലേറിയ
Ehrenberg, 1831
Subgroups

See text.

പ്ലാറ്റിഹെൽമിന്തസ് (Platyheminthes)[2] ജന്തുഫൈലത്തിലെ ഒരു വർഗമാണ് ടർബലേറിയ. ഇതിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ പരപ്പൻപുഴുക്കൾ എന്ന പേരിലും അറിയപ്പെടുന്നു. ഇവ സ്വതന്ത്രജീവികളാണ്. അപൂർവം പരജീവികളുമുണ്ട്. പ്രോട്ടോസോവകൾക്കും നെമറ്റോഡുകൾക്കും ആതിഥ്യം വഹിക്കുന്നവയും വിരളമല്ല. ഈ വിഭാഗത്തിൽപ്പെട്ട 3400-ലധികം സ്പീഷീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെ മൊത്തത്തിൽ എസീല (Acoela), റാബ്ഡൊസീല (Rhabdocoela),[3] അല്ലോയിയോസീല (Alloeocoela),[4] ട്രൈക്ലാഡിഡ (Tricladida),[5] പോളിക്ലാഡിഡ (Polycladida)[6] എന്നീ അഞ്ചു ഗോത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ശരീരഘടന

[തിരുത്തുക]

ടർബലേറിയകളുടെ ശരീരം അണ്ഡാകാരമോ ദീർഘാകാരമോ വർത്തുളമോ ആവാം. ഇവയ്ക്ക് ഒരു മി.മീ. മുതൽ 50 സെ. മീ. വരെ നീളമുണ്ടാകും. വലിപ്പം കൂടിയ സ്പീഷീസ് വർണശബളമാണ്. ചെറിയ ഇനങ്ങളധികവും കറുപ്പോ, തവിട്ടോ ചാരനിറമോ ഉള്ളവയായിരിക്കും. വർണരഹിത ഇനങ്ങൾ സുതാര്യമായതിനാൽ ഉള്ളിലെ ആഹാരത്തിന്റെ നിറം വ്യക്തമായി കാണാനാകും.

ശുദ്ധജലത്തിലും സമുദ്രജലത്തിലും നനവുള്ള മണ്ണിലും സാർവത്രികമാണെങ്കിലും പരപ്പൻപുഴുക്കൾക്കു സാമ്പത്തിക പ്രാധാന്യമൊന്നും തന്നെയില്ല. ജീവിതചക്രവും വളരെ ലളിതമാണ്. ആദിമജന്തു ഇനങ്ങളുടെ സ്വഭാവസവിശേഷതകളായ ദ്വിപാർശ്വസമമിത ശരീരം, ശീർഷപ്രാധാന്യത (cephalization),[7] മധ്യനാഡീവ്യൂഹം, അന്തർമിസോഡേം (endomesoderm),[8] വിസർജനവ്യൂഹം, ദ്രവസ്ഥിതിക വ്യവസ്ഥ (hydrostatic system), അവയവപേശികൾ, ഉപാംഗങ്ങളോടു കൂടിയ പ്രത്യുത്പാദനവ്യൂഹം തുടങ്ങിയവ ഇവയ്ക്കുള്ളതിനാൽ ജന്തുശാസ്ത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. ബഹുകോശ ജീവികളിൽ ഏറ്റവും ലളിതമായ ശരീരഘടനയുള്ളതിനാൽ ഇവയെ വിവിധ ഗവേഷണങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.

ടർബലേറിയകൾക്ക് പ്രത്യേകചലനാവയവങ്ങളില്ല. ഇവ നീന്തിയോ, ഇഴഞ്ഞോ ശരീരപേശികളുടെ വികാസസങ്കോചം മൂലം ശരീരഭിത്തി ചലിപ്പിച്ചോ സഞ്ചരിക്കുന്നു. ശ്വസനാവയവങ്ങളില്ലാത്തതിനാൽ ഇവ ബാഹ്യചർമതലത്തിലൂടെയാണ് ഓക്സിജൻ വിനിമയം നടത്തുന്നത്.

ബാഹ്യചർമം കോശീയമോ ബഹുകേന്ദ്രകയുതമോ (syncytial) ആയിരിക്കും. അവിടവിടെയായി സീലിയകളും കാണപ്പെടുന്നു. ബാഹ്യചർമത്തിൽ ഇവ ആഹരിച്ച സീലന്ററേറ്റുകളുടെ തന്തുശരങ്ങൾ കാണാൻ കഴിയും. ബാഹ്യചർമത്തിലെ ശ്ളേഷ്മസ്രവങ്ങൾ പശപോലുള്ളതാണ്. ഇതിൽനിന്ന് നീളം കൂടിയതും കുറഞ്ഞതു മായ റാബ്സോയിഡുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ബാഹ്യചർമത്തിനടിയിലാണ് ആധാരസ്തരം സ്ഥിതി ചെയ്യുന്നത്. ആധാരസ്തര ത്തിനുള്ളിൽ വൃത്താകാരത്തിലുള്ള പാരൻകൈമ പേശീസ്തരവും കാണുന്നു. അസീലഗോത്രത്തിലെ സ്പീഷീസിൽ ഇത്തരം പേശികൾ കാണാറില്ല. ഇത്തരത്തിലുള്ള രണ്ടു പേശീസ്തരങ്ങൾ ക്കുള്ളിലായി കുടൽഭിത്തിയുണ്ട്. ശരീരഭിത്തിക്കും ആന്തരാവയ വങ്ങൾക്കും ഇടയിലായി പാരൻകൈമ കോശങ്ങളാണുള്ളത്. ഇവയ്ക്കിടയിലുള്ള പ്ലാസ്മ, പര്യയനദ്രവ(circulatory fluid)കർമം നിർവഹിക്കുന്നു.

ടർബലേറിയകളുടെ അധരഭാഗത്ത് മുന്നറ്റത്തായി വായ് കാണപ്പെടുന്നു. വായ് ഗ്രസനിയിലേക്കാണ് തുറക്കുന്നത്. സരളം, ബൾബ് സദൃശം, വലിതം (plicate) എന്നിങ്ങനെ മൂന്നുതരം ഗ്രസനികളുണ്ട്. ടർബലേറിയനുകളിൽ കുറിയ അന്നനാളവും ബഹുഗ്രസനിതാവസ്ഥ (polypharyngy)യും കാണാറുണ്ട്. കുടൽ ശാഖിതമോ അശാഖിതമോ ആയിരിക്കും. കുടലിനകവശത്ത് നീളംകൂടിയ എപ്പിത്തീലിയ കോശങ്ങളുണ്ട്. ടർബലേറിയകൾക്ക് ഗുദം കാണാറില്ല. ഇവ മാംസാഹാരികളാണ്. സാധാരണ അന്തഃകോശദഹനമാണിവയിൽ നടക്കാറുള്ളത്.

വിസർജനാവയവങ്ങൾ പ്രോട്ടോനെഫ്രീഡിയകളാണ്. ഇവ നീളം കൂടിയ ജോടികളായി കാണപ്പെടുന്നു. പ്രോട്ടോനെഫ്രീഡിയകളുടെ പാർശ്വശാഖകളിൽ ബൾബുപോലുള്ള ജ്വാലാകോശങ്ങളുണ്ട്. ഇവയ്ക്ക് ഒന്നോ അതിലധികമോ ബാഹ്യസുഷിരങ്ങളുമുണ്ടായിരിക്കും.

നാഡീവ്യൂഹം

[തിരുത്തുക]

നാഡീ വ്യൂഹം ബാഹ്യചർമത്തിൽ വ്യാപിച്ചിരിക്കുന്നു. അഞ്ചുജോടി അനുദൈർഘ്യനാഡികൾ ഒരു നാഡീവലയത്തോടു സംയോജിച്ചിരിക്കും. നാഡികളിലും നാഡീവലയത്തിലുമുള്ള ചെറുമുഴകൾ ഉയർന്ന ജീവികളിലെ മസ്തിഷ്കത്തിന്റെ പൂർവരൂപമായി കരുതപ്പെടുന്നു. ഇത്തരം ചെറുമുഴകൾ സംയോജിച്ച് നാഡീഗുച്ഛികകൾ (ganglia) രൂപപ്പെട്ട് പാരൻകൈമയിലേക്ക് വിലയിക്കുന്നു. പിന്നറ്റത്തുള്ള അനുദൈർഘ്യനാഡികൾ രൂപഭേദം സംഭവിച്ച് ഒരു അധരജോടിയും ഒരു ചെറിയ അപാക്ഷ ജോടിയും ആയി മാറിയിരിക്കുന്നു. ഇതിന്റെ രണ്ടിന്റെയും ഇടനിലയിലും നാഡികൾ കാണാറുണ്ട്. സന്തുലനാവയവമായ സംവേദകഗ്രാഹികൾ (sensory receptors) പ്രധാനമായും തലയിലാണ് കാണുക. സംവേദക കോശങ്ങളിൽനിന്ന് സ്പർശരോമങ്ങളുണ്ടാകാറുണ്ട്. സംവേദക തലങ്ങളിൽ ജലപരിസഞ്ചരണത്തിനു സഹായിക്കുന്ന ബാഹ്യചർമത്തിന്റെ നിമ്നഭാഗങ്ങളിൽ സീലിയാമയഗ്രാഹികൾ കാണപ്പെടുന്നു. ഇവ രാസസംവേദഗ്രാഹികൾ എന്ന പേരിലറിയപ്പെടുന്നു. ആദിമ സമുദ്ര ഇനങ്ങളിൽ സംതുലനപുടികൾ (statocysts) കാണപ്പെട്ടിരുന്നു. കാഴ്ചയ്ക്കുതകുന്ന രണ്ടുജോടി പ്രകാശഗ്രാഹികൾ (photo receptors) പല സ്പീഷീസിലുമുണ്ട്. ഇഴയുന്ന സ്പീഷീസിൽ ഇവയുടെ എണ്ണം കൂടുതലായിരിക്കും,

പ്രജനനം

[തിരുത്തുക]

ടർബലേറിയവർഗത്തിലെ ജീവികളെല്ലാം തന്നെ ഉഭയലിംഗികളാണ്. ആൺ-പെൺ പ്രത്യുത്പാദനവ്യൂഹങ്ങൾ വേർതിരിഞ്ഞ് സ്വതന്ത്ര വ്യവസ്ഥകളായോ പൊതുഗഹ്വരവും രന്ധ്രവും പങ്കിടുന്ന വ്യവസ്ഥകളായോ കാണപ്പെടുന്നു. പ്രജനന രന്ധ്രങ്ങൾ മധ്യ-അധരതലത്തിലായി സ്ഥിതിചെയ്യുന്നു. ചിലപ്പോൾ ഇവ വായ്ദ്വാരവുമായി ബന്ധപ്പെട്ടും കാണാറുണ്ട്. സഞ്ചിരൂപത്തിലുള്ള ജനനഗ്രന്ഥികൾ പുടകങ്ങളായോ ഞെരുങ്ങിച്ചേർന്ന വിധത്തിലോ കാണപ്പെടുന്നു. ആൺപ്രജനനവ്യൂഹത്തിന് ഒരു ജോടി ബീജാണുവാഹികളുണ്ട്. ഇവ തമ്മിൽ സംയോജിച്ച് ഒരു ശുക്ലനാളിയായി മാറുന്നു. പേശീമയ മൈഥുനാവയത്തിനോടു ബന്ധപ്പെട്ട് ഒരു സ്ഖലനനാളിയും കാണപ്പെടാറുണ്ട്. എല്ലാ പുഴുക്കളിലും ബാഹ്യലൈംഗികാവയവം കാണുന്നു. പീതകസഞ്ചിയുള്ളതോ ഇല്ലാത്തതോ ആയ അണ്ഡാശയവും പാരൻകൈമയിൽത്തന്നെ സ്ഥിതിചെയ്യുന്നു. ബീജസങ്കലനം നടന്ന അണ്ഡം ശരീരഭിത്തിയിലുണ്ടാകുന്ന വിള്ളലിലൂടെയോ ദഹനേന്ദ്രിയവ്യവസ്ഥയിലൂടെയോ വായയിലൂടെയോ പുറത്തേക്കു വരുന്നു. ഉഭയലിംഗികളാണെങ്കിലും പരബീജസങ്കലനം സാർവത്രികമാണ്. അപൂർവം സ്പീഷീസിൽ അലൈംഗിക പ്രജനനം നടക്കാറുണ്ട്. ശരീരം ഖണ്ഡങ്ങളായി മുറിഞ്ഞോ, ദ്വിഭേദനം (fragmentation) മൂലമോ വേർപെട്ട് ഓരോ ഭാഗവും മുഴുജീവികളായി വികസിക്കുന്ന തരത്തിലുള്ള പുനരുദ്ഭവ പ്രജനന രീതിയും ചില സ്പീഷീസിൽ കണ്ടുവരുന്നു.

അവലംബം

[തിരുത്തുക]
  1. Poinar, George, Jr. (November 2003). "A rhabdocoel turbellarian (Platyhelminthes, Typhloplanoida) in Baltic amber with a review of fossil and sub-fossil platyhelminths". Invertebrate Biology. 122 (4): 308–312. doi:10.1111/j.1744-7410.2003.tb00095.x. JSTOR 3227067.{{cite journal}}: CS1 maint: multiple names: authors list (link)
  2. Platyheminthes[പ്രവർത്തിക്കാത്ത കണ്ണി]
  3. The ultrastructure of the germanium in some Rhabdocoela[പ്രവർത്തിക്കാത്ത കണ്ണി]
  4. North American Rhabdocoela and Alloeocoela IV. Mesostoma
  5. Tricladida
  6. "Polycladida". Archived from the original on 2017-05-14. Retrieved 2010-11-26.
  7. cephalization
  8. endomesoderm[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടർബലേറിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടർബലേറിയ&oldid=4115553" എന്ന താളിൽനിന്ന് ശേഖരിച്ചത്