ചാക്യാർ
കേരളത്തിലെ ഒരു ഹിന്ദു ബ്രാഹ്മണജാതിയാണ് ചാക്യാർ അല്ലെങ്കിൽ ചാക്കിയാർ. അമ്പലവാസി സമുദായത്തിൽ പെടുന്ന ജാതികളിൽ ഒന്ന്. കേരളത്തിലെ ദേവാലയങ്ങളിലെ നാട്യകലകളായ കൂത്ത്, കൂടിയാട്ടം എന്നിവ പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിച്ചു വരുന്നത്. ചാക്യാർസ്‌ത്രീകൾ, ഇല്ലത്തമ്മ അഥവാ ഇല്ലോടമ്മ (ഇല്ലോടിയമ്മ, ഇല്ലോട്ടമ്മ എന്നും എഴുതാറുണ്ട്) എന്നു വിളിക്കപ്പെടുന്നു. ചാക്യാർ ഗൃഹങ്ങൾ ഇല്ലം എന്ന് അറിയപ്പെടുന്നു. മരുമക്കത്തായമാണ് ഇവരുടെ ദായക്രമം. ഉപനയനസംസ്കാമുള്ളവരും പൂണൂൽധാരികളുമാണ്.
പേരിനു പിന്നിൽ
[തിരുത്തുക]ചാക്യാന്മാർ ബുദ്ധന്മാരിൽ നിന്ന് വന്നവരാണ് എന്ന് കരുതപ്പെടുന്നു. ബൗദ്ധപാരമ്പര്യത്തിലെ ശാക്യഃ എന്ന പദത്തിൽ നിന്നാണ് ചാക്യാർ എന്ന പേരു വന്നത് എന്നു കരുതപ്പെടുന്നു.[1]
സവിശേഷതകൾ
[തിരുത്തുക]ചാക്യാർ സമുദായത്തിലുള്ളവരുടെ ആചാരങ്ങൾ നമ്പൂതിരി സമുദായത്തിലെ ആചാരങ്ങളോട് അടുത്ത ബന്ധം പുലർത്തുന്നവയാണ്. നാട്യശാസ്ത്രവും നാട്യകലകളും അഭ്യസിക്കുകയും രംഗവേദികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുകയോ നായർ സ്ത്രീകളെ സംബന്ധം ചെയ്യുകയോ ആയിരുന്നു പതിവ്. പഴയകാലത്ത് നമ്പൂതിരിമാർ ചാക്യാർ സ്തീകളെ അനുലോമവിവാഹം ചെയ്തിരുന്നു. നമ്പൂതിരിമാർക്ക് ചാക്യാർ സ്ത്രീകളുമായുള്ള സംബന്ധത്തിലുണ്ടാകുന്ന സന്താനങ്ങളെയും ചാക്യാർ എന്നാണ് കണക്കാക്കിയിരുന്നത്.
നാട്യകലകൾ
[തിരുത്തുക]ചാക്യാർ സമുദായത്തിലെ അംഗങ്ങൾ പരമ്പരാഗതമായി അവതരിപ്പിച്ചു വരുന്ന അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. ചാക്യാന്മാരുടെ കൂത്ത് എന്ന അർത്ഥത്തിലാണ് ഈ പേർ നിലവിൽ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്. ഒന്നിൽ കൂടുതൽ ചാക്യാന്മാർ ചേർന്ന് സംസ്കൃതനാടകങ്ങൾ അവതരിപ്പിക്കുന്നതിനെ കൂടിയാട്ടം. ഭാസൻ തുടങ്ങിയ മഹാകവികളുടെ സംസ്കൃതനാടകങ്ങളെ ഉപജീവിച്ച് നാട്യശാസ്ത്രവിധിപ്രകാരം അഭിനയിക്കപ്പെടുന്ന കലാരൂപമാണ് ഇത്. കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള നിരീക്ഷിക്കുന്നുണ്ട്. [2]. എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന രാജാവ് ഉത്തരദിഗ്വിജയം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ വടക്കൻ പറവൂരുകാരനായ ഒരു ചാക്യാർ (കൂത്തച്ചാക്കൈയൻ) ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ രസിപ്പിച്ചുവെന്ന് ഇളംകോവടികളുടെ ചിലപ്പതികാരത്തിൽ വർണിച്ചിട്ടുണ്ട്. [3]. കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം ചാക്യാർക്കൂത്ത് ഇന്നത്തെ രൂപത്തിലായത്.
ചാക്ക്യാന്മാരും അവരുടെ കലാസപര്യകളും നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കൻ കേരളത്തിലെ പെരിഞ്ചെല്ലൂർ പ്രദേശത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്നുള്ള പതിനെട്ട് ചാക്യാർ കുടുംബങ്ങൾ അവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നുണ്ട്.[4]
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചാക്യാർ കൂത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ Archived 2006-08-26 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ ശ്രീകണ്ഠേശ്വരം, പദ്മനാഭപിള്ള (ഏപ്രിൽ 2006) [1923]. പി.ദാമോദരൻ നായർ (ed.). ശബ്ദതാരാവലി (29 പതിപ്പ് ed.). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം ലിമിറ്റഡ്, നാഷണൽ ബുക്ക് സ്റ്റാൾ.
{{cite book}}
: Cite has empty unknown parameters:|accessyear=
,|origmonth=
,|accessmonth=
,|chapterurl=
,|origdate=
, and|coauthors=
(help) - ↑ രണ്ടാം ചേരസാമ്രാജ്യകാലം, പ്രൊ. ഇളംകുളംകുഞ്ഞൻപിള്ളയുടെ കൃതികൾ, പേജ് 536.
- ↑ പ്രൊഫ. രാമവർമ്മ, അമ്പലപ്പുഴ (2014). കേരളത്തിലെ പ്രാചീനകലകൾ. കോട്ടയം: സാഹിത്യപ്രസാധക സഹകരണസംഘം. p. 12. ISBN 978-93-82654-93-3.
- ↑ Dance of The Gods, an article on DEVAKKOOTHTHU, K.K.Gopalakrishnan, The Hindu Sunday Supplement, February 10, 2013