Jump to content

അൽ ഉസ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൽ-ഉസ്സ (അറബി: العزى al-ʻUzzá [al ʕuzzaː]) ഇസ്ലാമിന് മുൻപുള്ള അറേബ്യൻ മതങ്ങളിലെ മുന്ന് പ്രധാന ദേവതകളിൽ ഒന്നായിരുന്നു. അല്ലത്, മനത് എന്നീ ദേവതകൾക്കൊപ്പം അൽ ഉസ്സയെയും ജനങ്ങൾ ആരാധിച്ചിരുന്നു. നബാതിയന്മാർ അൽ ഉസ്സയെ ഗ്രീക്ക് ദേവതയായ ആഫ്രോഡൈറ്റി ഔറാനിയയ്ക്ക് (റോമൻ വീനസ് കേലസ്റ്റിസ്) തുല്യയായിട്ടാണ് കരുതിയിരുന്നത്. മക്കയ്ക്കടുത്തുള്ള അത്-തായിഫിലെ ഒരു സമചതുരക്കട്ട അൽ ഉസ്സ വിശ്വാസത്തിന്റെ ഭാഗമായി ആരാധിച്ചിരുന്നു. ഖുറാനിലെ സൂറ 53:19-ൽ ജനങ്ങൾ ആരാധിച്ചിരുന്ന ഒരു ദേവതയായി അൽ ഉസ്സയെപ്പറ്റി പരാമർശമുണ്ട്.

ഹുബാളിനെപ്പോലെ അൽ ഉസ്സയോടും കുറേഷ് ഗോത്രവർഗ്ഗക്കാർ സംരക്ഷണത്തിനായി പ്രാർത്ഥിച്ചിരുന്നു. "624-ൽ 'ഉഹുദ് യുദ്ധത്തിൽ' കുറേഷ് വംശജരുടെ യുദ്ധാഹ്വാനം ഇപ്രകാരമായിരുന്നു: "ഉസ്സയുടെ ജനങ്ങളേ, ഹുബാളിന്റെ ആൾക്കാരേ!"[1] സാത്താന്റെ വചനങ്ങൾ സംബന്ധിച്ച ഇബ്ൻ ഇഷാക്കിന്റെ പ്രസ്താവനയിലും അൽ ഉസ്സ പ്രത്യക്ഷപ്പെടുന്നുണ്ട്.[2]

അൽ ഉസ്സയുടെ ക്ഷേത്രവും വിഗ്രഹവും ഖാലിദ് ഇബ്ൻ അൽ വാലിദ് 630 എഡിയിൽ നശിപ്പിച്ചിരുന്നു.[3][4]

ക്ഷേത്രം തകർത്തത്

[തിരുത്തുക]

മക്ക കീഴടക്കിയതിന് പിന്നാലെ മുഹമ്മദ് ഇസ്ലാമിക കാലത്തിനു മുൻപുള്ള വിഗ്രഹങ്ങൾ നശിപ്പിക്കുവാൻ ആരംഭിച്ചു.

ഖാലിദ് ഇബ്ൻ അൽ-വാലിദിനെ 630 എഡിയിലെ റംസാനിൽ അദ്ദേഹം നഖ്‌ല എന്ന സ്ഥലത്തേയ്ക്കയച്ചു. ക്വറൈഷ്, കിനാന എന്നീ ഗോത്രക്കാർ ഇവിടെ അൽ ഉസ്സയുടെ വിഗ്രഹം ആരാധിച്ചിരുന്നു. ബാനു ഷൈബാനിൽ നിന്നുള്ളവരായിരുന്നു ആരാധനാലയത്തിന്റെ മേൽനോട്ടക്കാർ. അൽ ഉസ്സ ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ദേവതയായാണ് കരുതപ്പെട്ടിരുന്നത്.

30 കുതിരക്കാരുമായി ഖാലിദ് ക്ഷേത്രം തകർക്കാൻ പുറപ്പെട്ടു. അവിടെ അൽ ഉസ്സയുടെ രണ്ട് വിഗ്രഹങ്ങളുണ്ടായിരുന്നു. ഒന്ന് യഥാർത്ഥ വിഗ്രഹമായിരുന്നുവെങ്കിലും ഒരെണ്ണം ശരിയായ വിഗ്രഹമായിരുന്നില്ല. ഖാലിദ് ആദ്യം തെറ്റായ വിഗ്രഹമാണ് കണ്ടുപിടിച്ച് നശിപ്പിച്ചത്. അതിനുശേഷം അദ്ദേഹം മുഹമ്മദിനടുത്ത് തിരികെയെത്തി താൻ വിജയിച്ചു എന്നറിയിച്ചു. "നീ എന്തെങ്കിലും അസാധാരണമായി കണ്ടുവോ?" എന്ന് പ്രവാചകൻ ചോദിച്ചു. ഖാലിദ് "ഇല്ല" എന്ന് മറുപടി പറഞ്ഞപ്പോൾ "എങ്കിൽ നീ അൽ ഉസ്സയെ നശിപ്പിച്ചിട്ടില്ല" എന്നും "ഒരിക്കൽ കൂടി പോകൂ" എന്നും ആജ്ഞാപിച്ചു.

തെറ്റുപറ്റിയതിലെ ദേഷ്യവുമായി ഖാലിദ് നഖ്‌ലയിലേയ്ക്ക് ഒന്നുകൂടി യാത്ര ചെയ്തു. ഇത്തവണ അൽ ഉസ്സയുടെ യഥാർത്ഥ ക്ഷേത്രം കണ്ടുപിടിച്ച ഖാലിദ് ക്ഷേത്രത്തിൽ പ്രവേശിച്ചു. ക്ഷേത്ര നടത്തിപ്പുകാർ ഓടി രക്ഷപെട്ടിരുന്നുവെങ്കിലും വിഗ്രഹത്തിന് സ്വയം പ്രതിരോധിക്കാൻ കഴിയും എന്ന വിശ്വാസത്തിൽ ഒരു വാൾ വിഗ്രഹത്തിന്റെ കഴുത്തിൽ തൂക്കിയിരുന്നു. ഖാലിദ് ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ ഇരുണ്ട നിറമുള്ള നഗ്നയായ ഒരു സ്ത്രീ മാർഗ്ഗതടസ്സമുണ്ടാക്കി നിന്നുകൊണ്ട് കരയുന്നുണ്ടായിരുന്നു. ഈ സ്ത്രീ വിഗ്രഹം സംരക്ഷിക്കാനാണോ തന്നെ വശീകരിക്കാനാണോ നിൽക്കുന്നതെന്ന് ഖാലിദിന് മനസ്സിലായില്ല. ഖാലിദ് അള്ളാഹുവിന്റെ നാമത്തിൽ വാളൂരി ഒറ്റ വെട്ടിന് ഈ സ്ത്രീയെ രണ്ടായി മുറിച്ചു. എന്നിട്ട് ഖാലിദ് വിഗ്രഹം തച്ചുടയ്ക്കുകയും തിരികെ മക്കയിലെത്തുകയും ചെയ്തു. പ്രവാചകനോട് എന്താണ് നടന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം "അതെ, അത് അൽ ഉസ്സയായിരുനു; ഇനി അവൾ നിന്റെ നാട്ടിൽ ഒരിക്കലും ആരാധിക്കപ്പെടുകയില്ല" എന്നും പറഞ്ഞു[3][4]

ഉസ്സയുടെ കൾട്ട്

[തിരുത്തുക]

ഹിഷാം ഇബ്ൻ അൽ-കൽബി എഴുതിയ ബുക്ക് ഓഫ് ഐഡൽസ് (കിതാബ് അൽ-അസ്നാം) എന്ന പുസ്തകത്തിൽ ഇപ്രകാരം പറയുന്നു:[5] അവൾക്കുമീതേ [ഒരു അറബി] ബസ്സ് എന്ന കെട്ടിടം പണിതു. ഇതിൽ ആളുകൾക്ക് പ്രവചനങ്ങൾ ലഭിക്കുമായിരുന്നു. അറബികളും കുറേഷുകളും തങ്ങളുടെ കുട്ടികൾ അബ്ദുൾ ഉസ്സ എന്ന് പേരിട്ടുവിളിക്കുമായിരുന്നു. കുറേഷുകൾക്കിടയിലെ ഏറ്റവും വലിയ വിഗ്രഹമായിരുന്നു ഇത്. അവർ അൽ ഉസ്സയ്ക്കടുത്തേയ്ക്ക് സമ്മാനങ്ങളുമായി യാത്ര ചെയ്യുമായിരുന്നു. ബലികളിലൂടെ അവളുടെ അനുഗ്രഹം അവർ തേടുമായിരുന്നു.[6]

ക‌അബയെ ചുറ്റിക്കൊണ്ട് കുറേഷുകൾ ഇപ്രകാരം പറയുമായിരുന്നു,
അല്ലത്, അൽ-ഉസ്സ,
അടുത്തുതന്നെയുള്ള വിഗ്രഹമായ അൽ മനത്,
ഇവർ അൽ-ഖരാനിക് തന്നെ
ഇവരുടെ ഇടപെടൽ തേടേണ്ടതാണ്.

ഈ പ്രാർത്ഥനയിലെ അവസാന വരി സാത്താന്റെ വചനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. "ബഹുമാനിക്കപ്പെടുന്ന സ്ത്രീകൾ" എന്നാണ് ഫാരിസ് വിഗ്രഹങ്ങളുടെ പുസ്തകത്തിൽ ഈ വരി തർജ്ജമ ചെയ്യുന്നത്. "അക്ഷരാർത്ഥത്തിൽ നുമിഡിയയിലെ കൊക്കുകൾ" എന്നാണ് ഈ വാക്കിന്റെ അർത്ഥം എന്ന് അദ്ദേഹം പറയുന്നുണ്ട്.

ഈ മൂന്ന് ദേവതകൾക്കും മക്കയ്ക്കടുത്ത് പ്രത്യേകം ആരാധനാലയങ്ങളുണ്ടായിരുന്നു. അൽ ഉസ്സയുടെ ഏറ്റവും പ്രശസ്തമായ ക്ഷേത്രം ക്വുദ്യാദിനടുത്തുള്ള നഖ്ല എന്ന സ്ഥലമായിരുന്നു. ഉസ്സയ്ക്ക് പ്രിയപ്പെട്ട മൂന്ന് മരങ്ങൾ അവിടെയുണ്ടായിരുന്നു.[7] അറബി കവിതകളിൽ അൽ ഉസ്സ എന്ന പേര് സൗന്ദര്യത്തെ സൂചിപ്പിക്കാൻ ഉപയോഗിച്ചിർന്നു. ആളുകൾ അൽ ഉസ്സയുടെ നാമത്തിൽ പ്രതിജ്ഞയെടുത്തിരുന്നു.

അൽ ഉസ്സയുടെയും അല്ലത്തിന്റെയും വ്യക്തിത്ത്വങ്ങൾ മദ്ധ്യ അറേബ്യയിൽ ഒന്നായിരുന്നു എന്ന് സൂസൻ ക്രോൺ സൂചിപ്പിക്കുന്നുണ്ട്.[8]

യഹൂദമതത്തിലും ക്രിസ്ത്യൻ പാരമ്പര്യത്തിലും ഉസ്സ മാലാഖ എന്ന അർത്ഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Tawil (1993).
  2. Ibn Ishaq Sirat Rasul Allah, pp. 165-167.
  3. 3.0 3.1 The sealed nectar, By S.R. Al-Mubarakpuri, Pg256. Books.google.co.uk. Retrieved 2013-02-03.
  4. 4.0 4.1 "He sent Khalid bin Al-Waleed in Ramadan 8 A.H", Witness-Pioneer.com
  5. Ibn al-Kalbi, trans. Faris (1952), pp. 16–23.
  6. Jawad Ali, Al-Mufassal Fi Tarikh al-Arab Qabl al-Islam (Beirut), 6:238-9
  7. Hitti (1937), pp. 96–101.
  8. Krone, Susan (1992). Die altarabische Gottheit al-Lat Cited in Arabic Theology, Arabic Philosophy: From the Many to the One. Berlin: Speyer & Peters GmbH. p. 96. ISBN 9783631450925.

ഗ്രന്ഥസൂചിക

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അൽ_ഉസ്സ&oldid=3778139" എന്ന താളിൽനിന്ന് ശേഖരിച്ചത്