Jump to content

പാബ്ലോ നെരൂദ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
പാബ്ലോ നെരൂദ

പാബ്ലോ നെരൂദ (ജൂലൈ 12, 1904 - സെപ്റ്റംബർ 23, 1973) ചിലിയിലെ കവിയും എഴുത്തുകാരനും കമ്യൂണിസ്റ്റ് പ്രവർത്തകനുമായ റിക്കാർഡോ എലിസെർ നെഫ്താലി റെയെസ് ബസോആൾട്ടോയുടെ തൂലികാനാമമാണ്. 1971-ൽ നെരൂദ നോബൽസമ്മാനത്തിന്‌ തിരഞ്ഞെടുക്കപ്പെട്ടു.

കവിതാമൊഴികൾ

[തിരുത്തുക]

1.ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു

കാരണമറിയാതെ കരയുക;

സ്വപ്നങ്ങളൊന്നും ശേഷിപ്പിക്കാതെ

പെട്ടെന്നൊരുനാൾ ഉറക്കമുണരുക;

സ്വന്തമോർമ്മകളെത്തന്നെ

പേടിച്ചുകഴിയുക...

ഇതിനാൽ വിലക്കപ്പെട്ടിരിക്കുന്നു

അപായത്തിന്റെ മുഖത്തു നോക്കി

പുഞ്ചിരിക്കാതിരിക്കുക;

താൻ സ്നേഹിക്കുന്നവർക്കായുള്ള

യുദ്ധത്തിൽ നിന്നു പിൻവാങ്ങുക;


2.സാവധാനം മരിക്കാൻ തുടങ്ങുന്നു

യാത്ര പോകുന്നില്ല നിങ്ങളെങ്കിൽ,

വായനയില്ല നിങ്ങൾക്കെങ്കിൽ,

ജീവിതത്തിന്റെ ശബ്ദങ്ങൾക്കു കാതു കൊടുക്കുന്നില്ല നിങ്ങളെങ്കിൽ,

തന്നെ മതിപ്പില്ല നിങ്ങൾക്കെങ്കിൽ.

സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ

ആത്മാഭിമാനത്തെ കൊല ചെയ്യുന്നു നിങ്ങളെങ്കിൽ;

അന്യസഹായം വേണ്ടെന്നു വയ്ക്കുന്നു നിങ്ങളെങ്കിൽ.

സാവധാനം മരിക്കാൻ തുടങ്ങുന്നു നിങ്ങൾ

ശീലങ്ങൾക്കടിമയാവുന്നു നിങ്ങളെങ്കിൽ,

ഒരേ വഴിയിലൂടെയാണു നിങ്ങൾക്കെന്നും യാത്രയെങ്കിൽ...


3.മാനത്തു നക്ഷത്രങ്ങൾ നിരന്നു നമ്മെ ചോദ്യം ചെയ്യുമ്പോൾ

നമുക്കാകെയുള്ള മറുപടി നമ്മുടെ ഉറക്കമാവട്ടെ,

നിഴലുകളെ പുറത്തിട്ടടച്ച ഒറ്റയൊരു വാതിലാവട്ടെ.


4.നമ്മുടെ പ്രണയം തുടിക്കട്ടെ

തണുപ്പത്തു ചെകിളയിളക്കുന്ന മത്സ്യം പോലെ.


5.വസന്തം ചെറിമരത്തോടു ചെയ്യുന്നത്

എനിക്കു നിന്നോടും ചെയ്യണം.


6.അത്രമേൽ ഹ്രസ്വം പ്രണയം,

വിസ്മൃതിയെത്ര ദീർഘവും.


7.നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ

ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ

മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.


8.നിങ്ങൾ ചോദിക്കും:

"എന്തു കൊണ്ടാണ് നിങ്ങളുടെ കവിത

സ്വപ്നത്തെക്കുറിച്ച് ഇലകളെക്കുറിച്ച് പൂക്കളെക്കുറിച്ച്

നിങ്ങളുടെ നാട്ടിലെ അഗ്നിശൈലങ്ങളെക്കുറിച്ച് പാടാത്തതെന്ന്?"

വരൂ ഈ തെരുവിലെ ചോര കാണൂ!

വരൂ ഈ തെരുവിലെ ചോര കാണൂ!

9.ഈ രാവാകുമേറ്റവും ദുഖപൂരിതമായ വരികളെഴുതുവാൻ

ഈ രാവാകുമവളെന്റേതല്ലെന്നുമോർക്കുവാൻ

9. സ്നേഹിപ്പു നിന്നെ ഞാനെന്തിനെന്നില്ലാതെ

നേരമോർക്കാതെയും വേരു തേടാതെയും

ആത്മസങ്കീർണ്ണതയ്ക്കക്കരെച്ചെന്നെത്തി

ഞാനെന്ന ഭാവത്തിനപ്പുറം നിന്നിതാ

സ്നേഹിപ്പു നിന്നെ ഞാൻ സ്നേഹിപ്പു നിന്നെ ഞാൻ

സ്നേഹിപ്പു നിന്നെ ഞാൻ നേർക്കുനേരേ സഖീ

എന്തിന്നു നീട്ടണം, സ്നേഹിപ്പു നിന്നെ ഞാൻ

സ്നേഹിക്കയല്ലാതെയൊന്നിനും വയ്യാതെ. *


10. ഈ രാത്രി നമ്മൾ തമ്മിൽ

ചേർത്തു കെട്ടുക തോ‍ഴീ

ആർദ്രമാം ഹൃദയങ്ങൾ

അവയ്ക്കു ജയിക്കുവാൻ

ക‍ഴിയുമിരുട്ടിനെ *


11. എത്ര മൺ പാതകൾ എത്ര സമുദ്രങ്ങൾ

എന്തുമാത്രം പോന്ന തീക്കൊടുങ്കാറ്റുകൾ

എന്നിലെത്തും വരെ എണ്ണിയെണ്ണിത്താണ്ടി

ഇത്രടം വന്നെത്തി നിൻറെ പാദം സഖീ *


12. ഇന്നു ഞാനുണർന്നപ്പോൾ

നിന്നുള്ളിലുറങ്ങുന്ന

പറവപ്പെരുങ്കൂട്ടം

ചിലച്ചൂ ചിലു ചിലെ

പറന്നൂ ദേശാന്തരം

തിരഞ്ഞു തെരു തെരെ. *


13. നീ നഗ്നവിശുദ്ധിയായ് മാറുന്നെൻ മുന്നിൽ നില്ക്കെ

നീ നഗ്ന, നീ നഗ്ന, നീ നഗ്ന നഗ്നത പോലെ. *


14. തെരുവിൽ ഇവൻ വീണു

ചോരയിൽപ്പിടയുമ്പോൾ

ചിരിക്ക നീ നിൻ ചിരി

ഉറുക്കും ഉറുമിയും *


15. ഇല്ല പൂച്ചെണ്ടുകൾ

വാ‍ഴ്ത്തുഗീതങ്ങളും

ഉള്ളതെനിക്കെൻറെ

സ്നേഹം തുറന്നതാം

ഈ മുറിവു മാത്രം:

ഒരു മുറിവു മാത്രം. *


16. എനിക്കു ദാഹിക്കുന്നു

നിൻറെയാച്ചൊടികൾക്കും

നീ പെയ്യും ശബ്ദത്തിനും

നിൻ നീല മുടിക്കുമായ്. *


17. എത്ര ഹ്രസ്വം പ്രേമം; എന്നാൽ മറക്കൽ

എത്രമാത്രം നീണ്ട, നീണ്ടോരലച്ചിൽ *


18. ഞാൻ മരിക്കും നിന്നെ സ്നേഹിക്ക കാരണം

ചോരയിൽ, തീയിലും, നിന്നെ ഞാനിങ്ങനെ

സ്നേഹിക്ക കാരണം, സ്നേഹിക്ക കാരണം. *


19. നീ എവിടെപ്പോയപ്പോൾ?

നിന്നൊപ്പം മറ്റേതൊരാൾ?

നിങ്ങളെന്താവോ മിണ്ടീ? *


20. ഇവിടം - ഓ! നമ്മൾ തനിച്ചുള്ള ഭൂമി

ഇനി നമ്മൾ ജന്മം തുടങ്ങേണ്ട ഭൂമി. *


21. നീ ചെന്നിറുക്കാത്ത പൂവേതു ഭൂമിയിൽ,

നീയേറ്റു വാങ്ങാത്ത നോവേതു മണ്ണിതിൽ? *


22. മരിക്കുമ്പോൾ, ഇവൻ കൊതിപ്പു നിൻ കരം

നിറയുമെൻ മി‍ഴി തിരുമ്മി മൂടണം. *


23. വസന്തം വാകയ്ക്കൊപ്പം

ചെയ്യുന്നതെനിക്കിനി

ചെയ്യേണം നിനക്കൊപ്പം. *


24. വരൂ, കാണൂ,

തെരുവിലൊ‍ഴുകും

ചുടു ചോര! *


(*) പാബ്ലോ നെരൂദയുടെ പ്രണയ കവിതകളിൽ (പരിഭാഷ - എൻ.പി. ചന്ദ്രശേഖരൻ) നിന്ന്

   ഇരുപതു പ്രണയഗീതങ്ങളും ഒരു നിരാശാഗീതവും [Veinte Poemas de Amor y una Canción Desesperada] (1924), XX, trans. William Merwin [Penguin Classics, 1993, ISBN 0-140-18648-4] (p. 49)


ഫലകം:സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ

"https://ml.wikiquote.org/w/index.php?title=പാബ്ലോ_നെരൂദ&oldid=21024" എന്ന താളിൽനിന്ന് ശേഖരിച്ചത്