Jump to content

കാഴ്ച (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kaazhcha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാഴ്ച എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാഴ്ച (വിവക്ഷകൾ) എന്ന താൾ കാണുക. കാഴ്ച (വിവക്ഷകൾ)
കാഴ്ച
സംവിധാനംബ്ലെസി
രചനബ്ലെസി
അഭിനേതാക്കൾമമ്മൂട്ടി, യഷ്, പത്മപ്രിയ
മനോജ് കെ. ജയൻ
സംഗീതംമോഹൻ സിത്താര
ഛായാഗ്രഹണംഅഴകപ്പൻ
റിലീസിങ് തീയതി27 ഓഗസ്റ്റ് 2004
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

കാഴ്ച 2004-ൽ മലയാള സിനിമാ ലോകത്ത് ചലനം സൃഷ്ടിച്ച ചലച്ചിത്രം. ബ്ലെസി എന്ന സംവിധായകന്റെ ആദ്യ ചിത്രമായിരുന്നു ഇത്. അക്കാലത്തിറങ്ങിയ സിനിമകളിൽ നിന്നും വ്യത്യസ്തമായ പ്രമേയം സ്വീകരിച്ചിട്ടും ഈ ചിത്രം പ്രദർശന വിജയം നേടി. മലയാളത്തിലെ വാണിജ്യ സിനിമകളധികവും ജീവിത ഗന്ധിയല്ലാത്ത ഹാസ്യകഥകളുമായി പുറത്തിറങ്ങുമ്പോഴാണ് ഗുജറാത്ത് ഭൂകമ്പം ചിതറിച്ച ഒരു ബാലന്റെ കഥ ചിത്രീകരിക്കുന്ന കാഴ്ച പുറത്തിറങ്ങുന്നത്. ഒരു വൻ‌ദുരന്തം ചിലരിലേൽപ്പിക്കുന്ന പോറലുകളും അതിൽ സഹജീവികൾ നടത്തുന്ന വിവിധ രീതിയിലുള്ള ഇടപെടലുകളുമാണ് കാഴ്ചയിലൂടെ സംവിധായകൻ പറഞ്ഞുവയ്ക്കുന്നത്.

ഗുജറാത്ത് ഭൂകമ്പത്തെത്തുടർന്ന് ഉറ്റവർ നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽനിന്നും ചിതറിക്കപ്പെട്ട പവൻ എന്ന ബാ‍ലനും കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റർ മാധവനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. ദേശം, ഭാഷ, പ്രായം എന്നീ വ്യത്യാസങ്ങൾക്കതീതമായി ഇരുവരും വളർത്തിയെടുക്കുന്ന സ്നേഹമാണ് കഥയുടെ പ്രധാന ആകർഷണം. ഭൂകമ്പത്തെത്തുടർന്ന് ഭിക്ഷാടക സംഘത്തിന്റെ കയ്യിലകപ്പെട്ട പവൻ അവിടെ നിന്നും രക്ഷപ്പെട്ട് ഉത്സവപ്പറമ്പുകളിൽ സിനിമാ പ്രദർശനം നടത്തി ജീവിക്കുന്ന മാധവൻ എന്ന സാധാരണക്കാരന്റെ അരികിൽ എത്തിച്ചേരുന്നു. പവന്റെ അനാഥത്വത്തിൽ മനസലിഞ്ഞ മാധവൻ അവനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനായ ബാലൻ ഭൂകമ്പത്തെത്തുടർന്ന് അനാഥനായതാണെന്ന തിരിച്ചറിവ് മറ്റു ചിലർ സ്വാർഥലാഭത്തിനായി ഉപയോഗിക്കാൻ തുടങ്ങുന്നതോടെ അവന്റെ ജീവിതഗതി മാറിമറിയുന്നു. തുടർന്ന് പവനെക്കാണുന്നത് പൊലീസ് സ്റ്റേഷനിലും അനാഥാലയത്തിലും കോടതിയിലുമൊക്കെയാണ്. മാധവനും ഈ ബാലനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ തീവ്രത നിയമ പുസ്തകങ്ങൾക്കു മനസ്സിലാക്കാനാകുന്നില്ല. അവർ അവനെ ഗുജറാത്തിലേക്ക് തിരിച്ചയക്കുന്നു. സ്വന്തം നാടുവിട്ട് പുറത്തുപോയിട്ടില്ലാത്ത ഓപ്പറേറ്റർ മാധവനും അവനൊപ്പം സഹായത്തിന് ഗുജറാത്തിലേക്ക് പുറപ്പെട്ടു.

ഗുജറാത്തിലെത്തിയപ്പോൾ ദുരന്തത്തിന്റെ ക്രൂരമായ പ്രഹേളികകൾ മാധവൻ നേരിട്ടു കാണുകയാണ്. പവന്റെ മാതാപിതാക്കൾ അവിടെയില്ല. എന്നാൽ അവർ മരിച്ചോ അതോ ജീവനോടെയുണ്ടോ എന്ന് അധികാരികൾക്ക് തീർച്ചയില്ല. അവരുടെ രേഖകളിൽ ഒരു വാചകമുണ്ട്- കാണ്മാനില്ല. എന്നുവച്ചാൽ അവർ എന്നുവേണമെങ്കിലും തിരിച്ചുവരാം. ഇക്കാരണത്താൽ മാധവന് പവനെ ദത്തെടുക്കാനാവില്ല. ഒടുവിൽ തനിക്കു പിറക്കാ‍തെപോയ മകനെ വീണ്ടും അനാഥത്വത്തിന്റെ ദുരിതങ്ങളിലേക്ക് തനിച്ചാക്കി മടങ്ങാൻ മാധവൻ നിർബന്ധിതനാകുന്നതോടെ കഥ പൂർണ്ണമാകുന്നു. ഉറ്റവർ ഒരിക്കലും എത്താതിരുന്നാൽ തന്നെ അറിയിക്കണമെന്നും താൻ സ്വന്തം മകനെപ്പോലെ വളർത്തിക്കോളാമെന്നും അഭ്യർഥിച്ച് മാധവൻ തന്റെ വിലാസം എഴുതി ഉദ്യോഗസ്ഥനെ ഒരു കത്ത് ഏൽപ്പിക്കുന്നു. മാധവൻ തിരികെ നടക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ കത്ത് ചവറ്റുകുട്ടയിലേക്കെറിയുന്നു. ഇതൊന്നും അറിയാതെ മനസ്സിൽ നന്മകളുമായി നടന്നകലുന്ന മാധവനിൽ ചിത്രം അവസാനിക്കുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രങ്ങളായ ഫിലിം ഓപ്പറേറ്റർ മാധവനെയും അനാഥ ബാലൻ പവനെയും അവതരിപ്പിക്കുന്നത് യഥാക്രമം മമ്മൂട്ടിയും യഷുമാണ്. മാധവന്റെ ഭാര്യയായി പത്മപ്രിയയും മകളായി സനുഷയും വേഷമിടുന്നു. ഇന്നസെന്റ്, മനോജ് കെ. ജയൻ, വേണു നാഗവള്ളി എന്നിവർ മറ്റു കേന്ദ്രകഥാ‍പാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മപ്രിയയുടെ ആദ്യ മലയാളചിത്രമായിരുന്നു ഇത്.

അവതരണം

[തിരുത്തുക]

ജീവിത നൈർമ്മല്യങ്ങൾ വിട്ടുമാറാത്ത, കുട്ടനാട്ടിലെ ഇഴയുന്ന ജീവിതപശ്ചാത്തലത്തിലാണ് സംവിധായകൻ കഥ ചിത്രീകരിക്കുന്നത്. ഒരു അനാഥ ബാ‍ലനും നാട്ടുമ്പുറത്തുകാരനുമായുള്ള സ്നേഹബന്ധത്തിന്റെ സുന്ദര മുഹൂർത്തത്തിൽനിന്ന് പെട്ടെന്ന് സാമൂഹിക വിമർശനത്തിലേക്കാണ് സിനിമ പടർന്നു കയറുന്നത്. ദുരന്തങ്ങൾ സാധാരണക്കാരന്റെ ജീവിതത്തിൽ ഏൽപ്പിക്കുന്ന മുറിവുകളെ നിയമപ്പുസ്തകങ്ങളുപയോഗിച്ച് അധികാരികൾ നിസ്സാരവൽക്കരിക്കുന്നത് എങ്ങനെയെന്നു കാട്ടുകയാണ് സംവിധായകൻ. നന്മയുടെ ഭാഷ മനസ്സിലാക്കാത്ത ഉദ്യോഗ വർഗ്ഗത്തെയും തുറന്നുകാട്ടുന്ന അവതരണമാണ് ചിത്രത്തിന്റേത്. കഥയുമായി ബന്ധമില്ലാത്ത സമകാലിക സംഭവങ്ങളെയും ഇടയ്ക്ക് വിമർശിക്കുന്നുണ്ട്. 'അല്പസ്വല്പം വിദേശ ബന്ധമില്ലാത്ത ആരാ ഇവിടെയുള്ളത്' എന്ന പരാമർശം ഒരുദാഹരണം.

പ്രകടനം

[തിരുത്തുക]

കുറഞ്ഞ ചിലവിൽ നിർമ്മിക്കപ്പെട്ട കാഴ്ച പതിവ് വിപണനഘടകങ്ങളൊന്നും ഇല്ലാതിരുന്നിട്ടും മികച്ച സാമ്പത്തിക വിജയം നേടി. റിലീസ് ചെയ്ത മിക്ക കേന്ദ്രങ്ങളിലും ഈ സിനിമ 100 ദിവസം പിന്നിട്ടു. ലളിതമായ പ്രമേയം സ്വീകരിച്ച് ഈ സിനിമ നേടിയ വിജയം ഒട്ടേറെ സംവിധായകരെ ആ വഴിക്ക് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

2004ലെ കേരളസംസ്ഥാന സിനിമ അവാർഡിൽ കാഴ്ച ഒട്ടേറെ പുരസ്കാരങ്ങൾ നേടി. മികച്ച നവാഗത സംവിധായകൻ(ബ്ലെസി), മികച്ച നടൻ(മമ്മൂട്ടി),മികച്ച ബാലതാരങ്ങൾ(യഷ്, സനുഷ), ജനകീയ സിനിമ എന്നീ വിഭാഗത്തിലാണ് കാഴ്ച സംസ്ഥാന അവാർഡ് നേടിയത്. ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ജനകീയ വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ച പുരസ്കാര പട്ടികയിലും കാഴ്ച ഇടംനേടി. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച പുതുമുഖ നായിക, മികച്ച ഛായാഗ്രാഹകൻ എന്നിവയാണ് കാഴ്ച കരസ്ഥമാക്കിയ ഏഷ്യാനെറ്റ് അവാർഡുകൾ. പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരവും നേടി.

വിമർശനങ്ങൾ, വിവാദങ്ങൾ

[തിരുത്തുക]

സിനിമ ഇറങ്ങി ഏറെക്കഴിഞ്ഞാണെങ്കിലും കാഴ്ച ഏതാനും വിവാദങ്ങളിലും ഉൾപ്പെട്ടു. 2004ലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കാഴ്ച പൂർണ്ണമായും തഴയപ്പെട്ടിരുന്നു. വിധികർത്താക്കളുടെ കൂട്ടത്തിലുള്ള മലയാളികൾക്കെതിരേ കടുത്ത വിമർശനവുമുയർന്നു. ഇതേത്തുടർന്ന് വിധികർത്താക്കളിൽ ഒരാളായ മലയാള സിനിമാ സംവിധായകൻ മോഹൻ രൂക്ഷമായ ഭാഷയിൽ കാഴ്ചയെ വിമർശിച്ചു. കാഴ്ചയുടെ പ്രമേയം മൗലികമല്ലെന്നതായിരുന്നു മോഹൻ ഉന്നയിച്ച പ്രധാ‍ന ആരോപണം. തമിഴ് സംവിധായകൻ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൻ എന്ന ചിത്രത്തിന്റെ പ്രമേയംതന്നെയാണ് കാഴ്ചയുടേതെന്നും മോഹൻ ആരോപിച്ചു.

നുറുങ്ങുകൾ

[തിരുത്തുക]
  • തമിഴ്‌ നടൻ വിക്രമിനെ ആയിരുന്നു സംവിധായകൻ ആദ്യഘട്ടത്തിൽ നായകനായി ആലോചിച്ചിരുന്നത്‌. പിന്നീട്‌ മമ്മൂട്ടിയിൽ എത്തിച്ചേരുക ആയിരുന്നു.[1]
  • സംസ്ഥാനപുരസ്കാര ജേതാവായ മേക്കപ്‌ മാൻ രഞ്ചിത്ത്‌ അമ്പാടിയുടെ പ്രഥമചിത്രം കൂടിയായിരുന്നു കാഴ്ച.[2]
  • ചിത്രീകരണത്തിന്റെ കാര്യത്തിലും സംവിധായകൻ വ്യത്യസ്തത പുലർത്തി. എല്ലാ അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ആലുവയിൽ അഭിനയക്കളരി നടത്തിയ ശേഷമാണ് കാഴ്ച ചിത്രീകരിച്ചത്. മലയാളത്തിലെ തിരക്കേറിയ നടനായ മമ്മൂട്ടി ഉൾപ്പെടെ എല്ലാവരും ഈ ശിൽ‌പശാലയിൽ പങ്കെടുത്തിരുന്നു. ഓരോ രംഗവും നാടകത്തിലെന്നപോലെ അവതരിപ്പിച്ചാണ് ബ്ലെസി സിനിമയുടെ ചിത്രീകരണത്തിനായി അഭിനേതാക്കളെ സജ്ജരാക്കിയത്.
  • കാഴ്ചയിൽ ഗുജറാത്തി അനാഥ ബാലനായി അഭിനയിച്ച യഷ് യഥാർഥത്തിൽ ഗുജറാത്തി തന്നെയാണ്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഒട്ടേറെ ഗുജറാത്തികളിലൊരുവൻ.

അവലംബം

[തിരുത്തുക]
  1. Aswini (2015 November 14). "കാഴ്ച മമ്മൂട്ടി കൊണ്ടുപോയി, ആടുജീവിതം പൃഥ്വിയും; എന്തുകൊണ്ട് വിക്രമിനെ മാറ്റി, ബ്ലെസി പറയുന്നു". Filmibeat.com. Retrieved 2015 December 9. {{cite news}}: Check date values in: |access-date= and |date= (help); line feed character in |title= at position 28 (help)
  2. "Ranjith Bags Three Kerala State Awards". The New Indian Express. 2015 December 12. Archived from the original on 2015-12-22. Retrieved 2015 December 14. {{cite web}}: Check date values in: |access-date= and |date= (help); line feed character in |title= at position 32 (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]