ഐഗർ യെവ്ഗിനെവിച് ടാം
ഐഗർ യെവ്ഗിനെവിച് ടാം | |
---|---|
ജനനം | ഐഗർ യെവ്ഗിനെവിച് ടാം 8 ജൂലൈ 1895 |
മരണം | 12 ഏപ്രിൽ 1971 | (പ്രായം 75)
ദേശീയത | Soviet Union |
കലാലയം | Moscow State University |
അറിയപ്പെടുന്നത് | Cherenkov–Vavilov effect Tamm–Dancoff approximation Hydrogen bomb |
പുരസ്കാരങ്ങൾ | Order of the Hero of Socialist Labour and Stalin Prize (1954) Nobel Prize in Physics (1958) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Particle Physics |
സ്ഥാപനങ്ങൾ | Second Moscow State University Moscow State Pedagogical University Moscow Institute of Physics and Technology USSR Academy of Sciences |
ഡോക്ടറൽ വിദ്യാർത്ഥികൾ | Leonid Brekhovskikh |
പ്രമുഖനായൊരു റഷ്യൻ ഭൗതികശാസ്ത്രജ്ഞനാണ് ഐഗർ യെവ്ഗിനെവിച് ടാം (8 ജൂലൈ 1895 - 12 ഏപ്രിൽ 1971). ചെരങ്കോഫ് വികിരണത്തെക്കുറിച്ചുള്ള പഠനത്തിന് ഐ.എം. ഫ്രാങ്ക്, പവേൽ ചെരങ്കോഫ് എന്നിവരുമായി 1958-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു.
ജീവിതരേഖ
[തിരുത്തുക]റഷ്യയിലെ വ്ളാഡിവോസ്തോക്കിൽ 1895 ജൂലൈ 8-ന് ടാം ജനിച്ചു. മോസ്കോ സർവകലാശാലയിൽ നിന്ന് 1918-ൽ ബിരുദവും 1933-ൽ ഡോക്ടറേറ്റും നേടി. മോസ്കോ സർവകലാശാലയിൽ പ്രൊഫസർ, സൈദ്ധാന്തിക ഭൗതികശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷൻ, ലെബെദ്യെവ് ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവൻ, അക്കാദമി മെംബർ എന്നീ ഔദ്യോഗിക പദവികളിൽ പ്രവർത്തിച്ചു. 1971 ൽ മോസ്കോയിൽ നിര്യാതനായി.[1]
പ്രമുഖ സംഭാവനകൾ
[തിരുത്തുക]ഖരാവസ്ഥാഭൗതികത്തിൽ ക്വാണ്ടംമെക്കാനിക ആശയങ്ങളുടെ പ്രയോഗവിധികളിലായിരുന്നു ടാമിന്റെ ഗവേഷണങ്ങളധികവും. അടിസ്ഥാനകണികകൾ, അണുകേന്ദ്രീയ ബലങ്ങൾ, അണുകേന്ദ്രീയ സംയോജനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ എന്നീ മേഖലകളിലെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. 1934-ൽ അണുകേന്ദ്രീയബലങ്ങളെക്കുറിച്ചുള്ള ബീറ്റാ സിദ്ധാന്തം ടാം അവതരിപ്പിച്ചു. അർധചാലകങ്ങളെയും ട്രാൻസിസ്റ്ററുകളെയും കുറിച്ചുള്ള ഭൗതികപഠനത്തിൽ ഇലക്ട്രോണുകളുടെ പ്രത്യേക പരിബദ്ധാവസ്ഥകളെ (bounded states) സൂചിപ്പിക്കുന്ന 'ടാംസ് ലെവലുകൾ' എന്ന പരികല്പന ഇദ്ദേഹത്തിന്റെ പ്രമുഖ സംഭാവനയാണ്.
ചെരങ്കോഫിന്റെ പുതിയ വികിരണ കണ്ടുപിടിത്തത്തെ തുടർന്ന് (1934-36) ടാമും ഐ. എം. ഫ്രാങ്കും ചേർന്ന് ചെരങ്കോഫ് വികിരണങ്ങളുടെ ഉത്പാദനത്തെക്കുറിച്ചും അതിന്റെ ധ്രുവീകരണം (polarisation) പോലുള്ള ഗുണവിശേഷങ്ങളെക്കുറിച്ചുമുള്ള ഗണിതീയസിദ്ധാന്തത്തിനു രൂപം നൽകി. 1950-കളിൽ ഇവർ വളരെ കൃത്യതയുള്ള ചെരങ്കോഫ് കൗണ്ടർ വികസിപ്പിച്ചെടുത്തു. ആന്റിപ്രോട്ടോൺ ഉൾപ്പെടെയുള്ള അടിസ്ഥാന കണികകളുടെ സാന്നിധ്യം, തോത് എന്നിവ മനസ്സിലാക്കാൻ ഇതുപകരിച്ചു. സൂപ്പർ ലൈറ്റ് ഓപ്റ്റിക്സ് എന്ന ശാഖയിൽ വിസ്തൃതമായൊരു മേഖലയായി ഇവരുടെ സിദ്ധാന്തം വികസിച്ചു. പ്ലാസ്മാഭൗതികം പോലുള്ള രംഗങ്ങളിൽ പല പ്രയോഗസാധ്യതകളുമുള്ള മേഖലയായി ഇതു വളരുകയും ചെയ്തു.
കൃതികൾ
[തിരുത്തുക]ടാമിന്റെ മുഖ്യ ഗ്രന്ഥരചനകളിൽ ഓൺ ദ് മാഗ്നറ്റിക് മൊമെന്റ് ഒഫ് ദ് ന്യൂട്രിനൊ (1934), റിലേറ്റിവിസ്റ്റിക് ഇന്റർആക്ഷൻ ഒഫ് എലിമെന്ററി പാർട്ടിക്കിൾസ് (1945), ഇലക്ട്രോഡൈനമിക്സ് എന്നിവ ഉൾപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- 1958-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
അവലംബം
[തിരുത്തുക]- ↑ Chernenko, Gennady (19 October 2004). "Igor Tamm". biographical encyclopedia peoples.ru. Retrieved 2009-09-07.
പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഐഗർ യെവ്ഗിനെവിച് (1895 - 1971) ടാം, ഐഗർ യെവ്ഗിനെവിച് (1895 - 1971) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |