Jump to content

സുവിശേഷഭാഗ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുവിശേഷഭാഗ്യങ്ങളുടെ പ്രഘോഷണം, 19-ആം നൂറ്റാണ്ടിലെ ഫ്രെഞ്ച് കലാകാരൻ ജെയിംസ് ടിസോറ്റിന്റെ സങ്കല്പത്തിൽ

യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഭാഗമായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരു പറ്റം അനുഗ്രഹവചസ്സുകളാണ് സുവിശേഷഭാഗ്യങ്ങൾ (Beatitudes). മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മത്തായിയുടെ സുവിശേഷത്തിലെ പ്രബോധനസമാഹാരമായ ഗിരിപ്രഭാഷണത്തിന്റെ തുടക്കത്തിൽ[1] ഇവ എട്ട് അനുഗ്രഹങ്ങൾ അഥവാ "അഷ്ടസൗഭാഗ്യങ്ങൾ" ആയി പ്രത്യക്ഷപ്പെടുന്നു. ലൂക്കായുടെ സുവിശേഷത്തിലെ സമതലപ്രസംഗത്തിൽ ഇവ നാല് അനുഗ്രഹങ്ങളും തുടർന്ന് അവയുടെ പ്രതിരൂപങ്ങളായ നാല് ശാപങ്ങളും ആകുന്നു.

ശക്തിയിലും ബലാൽക്കാരത്തിലും എന്നതിനു പകരം സ്നേഹത്തിലും വിനീതഭാവത്തിലും അടിയുറച്ച ക്രിസ്തീയാദർശത്തിന്റെ രൂപരേഖയാണ് ഈ അനുഗ്രഹവചസ്സുകൾ. ആത്മീയമനസ്ഥിതിയേയും, കാരുണ്യത്തേയും, സഹാനുഭൂതിയേയും സംബന്ധിച്ച യേശുവിന്റെ പ്രബോധനങ്ങൾ അവയിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.

അഷ്ടസൗഭാഗ്യങ്ങൾ

[തിരുത്തുക]
മെക്സിക്കോ നഗരത്തിൽ ലുഡാവിസ്റ്റാ പ്രാന്തത്തിലുള്ള വിശുദ്ധ കാജെത്താന്റെ ദേവാലയത്തിലെ അഷ്ടസൗഭാഗ്യഫലകം

സുവിശേഷഭാഗ്യങ്ങൾക്ക് പലവിധത്തിൽ, എട്ടു മുതൽ പത്തു വരെ എണ്ണം പറയാറുണ്ടെങ്കിലും എട്ടുഭാഗ്യങ്ങളുടെ പട്ടികയാണ് സാധാരണം. ഈ ഭാഗ്യവാഗ്ദാനങ്ങൾ ഒരു പൊതുമാതൃക പിന്തുടരുന്നവയാണ്. ഒരു വ്യവസ്ഥയും, വ്യവസ്ഥാപാലനത്തിൽ നിന്നു സിദ്ധിക്കുന്ന അനുഗ്രഹത്തിന്റെ വാഗ്ദാനവുമായി, ഓരോന്നും രണ്ട് ഉപവാക്യങ്ങൾ ചേർന്നതാണ്. പൊതുവേ നിർഭാഗ്യരോ അവഗണിക്കപ്പെടേണ്ടവരോ ആയി കരുതപ്പെടുന്ന ഒരു വിഭാഗത്തെ പേരെടുത്തു പറഞ്ഞശേഷം അവരെ ഭാഗ്യവാന്മാരായി പ്രഖ്യാപിക്കുകയാണ് ഇവയിലെല്ലാം യേശു ചെയ്യുന്നത്.

മത്തായി

[തിരുത്തുക]

മത്തായിയുടെ സുവിശേഷത്തിൽ, ഗിരിപ്രഭാഷണത്തിന്റെ ആമുഖഭാഗത്ത് കാണുന്ന അഷ്ടസൗഭാഗ്യങ്ങൾ[2] താഴെപ്പറയുന്നവയാണ്:-

  • ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.
  • വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും.
  • ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും.
  • നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും.
  • കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.
  • ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.
  • സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും.
  • നീതിക്കു വേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.
ഗലീലാക്കടൽ തീരത്തെ "അഷ്ടസൗഭാഗ്യങ്ങളുടെ ദേവാലയം" സുവിശേഷഭാഗ്യങ്ങളുടെ പ്രഘോഷണസ്ഥാനമായി കരുതപ്പെടുന്നു

അനുഗ്രഹപ്രഖ്യാപനത്തിലെ ഈ സമവാക്യശൈലി പഴയനിയമപശ്ചാത്തലത്തിൽ നിന്നെടുത്തതാണെങ്കിലും യേശു അതിനെ പുതിയൊരു പ്രബോധനത്തിന്റെ ഉപകരണമാക്കുന്നു.

എട്ടു സൗഭാഗ്യങ്ങളെ തുടർന്ന് മത്തായിയുടെ സുവിശേഷത്തിൽ ഇങ്ങനെയും പറയുന്നു: "ഞാൻ നിമിത്തം മനുഷ്യർ നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കുറിച്ച് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കുക കൊണ്ട് സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ." ഏശയ്യായുടെ പ്രവചനങ്ങളെ ആശ്രയിച്ചിരിക്കാവുന്ന ഈ ഭാഗം, അഷ്ടസൗഭാഗ്യങ്ങളുടെ വിശദീകരണമായി കരുതപ്പെടുന്നു.

ലൂക്കാ

[തിരുത്തുക]

ശാന്തശീലർക്കും, കാരുണ്യവാന്മാർക്കും, ഹൃദയശുദ്ധിയുള്ളവർക്കും, സാമാധാനപ്രിയന്മാർക്കും ഉള്ള ഭാഗ്യങ്ങൾ ലൂക്കായുടെ സുവിശേഷത്തിൽ ഇല്ല. മറ്റു നാലു ഭാഗ്യങ്ങൾ മാത്രം ഘോഷിക്കുന്ന ലൂക്കാ, തുടർന്ന് സമാനമായ ചതുർശാപങ്ങളും രേഖപ്പെടുത്തുന്നു. ലൂക്കായുടെ സുവിശേഷത്തിന്റെ ഭാഗമായ സമതലപ്രസംഗത്തിലെ (Sermon on the Plain) ചതുർഭാഗ്യങ്ങളിൽ ഓരോ അവസ്ഥകളിലുള്ളവരെ പേരെടുത്തു പറഞ്ഞ്, അവർക്ക് അനുഗ്രഹം പ്രഖ്യാപിക്കുന്നു. അവസ്ഥകളും അനുഗ്രഹങ്ങളും ഇവയാണ്:-

  • ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം നിങ്ങൾക്കുള്ളതാണ്.
  • ഇപ്പോൾ വിശപ്പനുഭവിക്കുന്നവരേ നിങ്ങൾ ഭാഗ്യവാന്മർ; നിങ്ങൾ തൃപ്തരാകും.
  • ഇപ്പോൾ കരയുന്നവരേ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ മന്ദഹസിക്കും.
  • മനുഷ്യപുത്രന്റെ പേരിൽ ജനങ്ങൾ നിങ്ങളെ വെറുക്കുകയും....ചെയ്യുമ്പോൾ......സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

തുടർന്നു വരുന്ന ശാപങ്ങളിൽ നാലു തരം സന്തുഷ്ടാവസ്ഥകളിൽ ഉള്ളവരെ അവതരിച്ച് അവർക്ക് ദുരിതവും പ്രഖ്യാപിക്കുന്നു.

  • സമ്പന്നർക്ക് ദുരിതം; എന്തെന്നാൽ നിങ്ങൾക്ക് നിങ്ങളുടെ പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
  • ഇപ്പോൾ ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്ക് ദുരിതം; എന്തെന്നാൽ നിങ്ങൾക്കു വിശക്കും.
  • ഇപ്പോൾ ചിരിക്കുന്നവർക്ക് ദുരിതം; എന്തെന്നാൽ നിങ്ങൾ വിലപിക്കുകയും നെടുവീർപ്പിടുകയും ചെയ്യും.
  • മനുഷ്യർ നിങ്ങളെക്കുറിച്ചു നന്മപറയുമ്പോൾ നിങ്ങൾക്കു ദുരിതം; എന്തെന്നാൽ അവരുടെ പിതാക്കന്മാർ വ്യാജപ്രവാചകന്മാരേയും ഈവിധം പുകഴ്ത്തിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. A New Catechism, Catholic Faith for Adults, പ്രസാധനം, Herder & Herder (പുറങ്ങൾ 98-99)
  2. മത്തായി എഴുതിയ സുവിശേഷം 5:3-10, ബൈബിൾ, പി.ഒ.സി. മലയാളം പരിഭാഷ