ശരീര ഭാഗങ്ങളിൽ വെളുത്ത കട്ടിയുള്ള പാടുകൾ വരുന്ന ത്വക് രോഗമാണ് ല്യൂക്കോപ്ലാക്കിയ.[8] വായയ്ക്കുള്ളിലെ സ്ലേഷ്മസ്ഥരത്തിലും, നാവിന്മേലുമാണിത് കൂടുതലായി കാണപ്പെട്ടു വരുന്നതെങ്കിലും അപൂർവ്വമായി ദഹന നാളിയിലും, മൂത്ര നാളിയിലും, ഗുഹ്യ ഭാഗത്തും ഇത് കണ്ടു വരാറുണ്ട്. പൊതുവേ വെള്ള നിറത്തിൽ പാടുകളായാണ് ലൂക്കോപ്ലാക്കിയ കാണപ്പെടാറെങ്കിലും മറ്റ് പല രൂപത്തിലും ഈ രോഗം പ്രത്യക്ഷപ്പെടാം. കാന്റിഡിയാസിസ്, ലൈക്കൻ പ്ലാനസ് എന്നീ അസുഖങ്ങൾ ല്യൂക്കോപ്ലാക്കിയയുമായി സാമ്യം പുലർത്തുന്നതിനാൽ രോഗ നിർണ്ണയം ബുദ്ധിമുട്ടാണ്.[9] ല്യൂക്കോപ്ലാക്കിയയുടെ പാടുകൾ എളുപ്പത്തിൽ ചുരണ്ടി കളയാൻ പറ്റുന്നവയല്ല. പുകവലിയാണ്[10] ല്യൂക്കോപ്ലാക്കിയ വരാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.[8] രോഗ നിർണ്ണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ ല്യൂക്കോപ്ലാക്കിയ ക്യാൻസർ ആയി രൂപാന്തരപ്പെടാനുള്ള സാധ്യത ഏറെയാണ്.[11][8] വായ്ക്കകത്തുള്ള ഫംഗൽ ബാധയായ കാന്റീഡിയാസിസ് എന്ന രോഗത്തെ കാന്റീഡിയൽ ല്യൂക്കോപ്ലാക്കിയ എന്നും വിളിക്കാറുണ്ട്.[12]
നാൽപ്പതിനും എഴുപതിനും ഇടയ്ക്കുള്ളവരിലാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. ലോകത്തിൽ 3% ആളുകൾക്കും ഈ രോഗം കണ്ടുവരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ ഈ രോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാണ്. പുകവലിക്കു പുറമേ ഹ്യൂമൻ പാപ്പില്ലോമ വൈറസ്, കാന്റിഡ ആൽബിക്കൻസ് ഫംഗസ്സ്, എന്നിവ മൂലവും ല്യൂക്കോപ്ലാക്കിയ ഉണ്ടാവാം. രോമാവൃത ല്യൂക്കോപ്ലാക്കിയ എന്നത് എച്ച്.ഐ.വി. അണുബാധ ഏറ്റവരിൽ കാണപ്പെടുന്ന ല്യൂക്കോപ്ലാക്കിയയാണ്. ഇത് ലിംഫോമ എന്ന രക്താർബുദം ഉണ്ടാക്കുന്നു.
പുകവലി നിർത്തലും, മദ്യം ഒഴിവാക്കലുമാണ് പ്രധാന ചികിത്സ. വെപ്പു പല്ലുകളോ മറ്റോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നത് സ്ലേഷ്മസ്ഥരത്തിനുള്ള പരിക്ക് കുറയ്ക്കുകയും, ല്യൂക്കോപ്ലാക്കിയ തീവ്രമാക്കാതിരിക്കുകയും ചെയ്യും. എരിവും പുളിയുമുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് അഭികാമ്യം. ബയോപ്സി ചെയ്ത്, അർബുദ സാധ്യത മനസ്സിലാക്കി പാട് ശസ്ത്രക്രിയ വഴി എടുത്തു കളയുന്നതാണ് സാധാരണ ചികിത്സാ വിധി. ബീറ്റാ-കരോട്ടീൻ കഴിച്ചാൽ ല്യൂക്കോപ്ലാക്കിയയ്ക്ക് ശമനമുണ്ടാകുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ വ്യാവസായികാടിസ്ഥാനത്തിൽ ല്യൂക്കോപ്ലാക്കിയയ്ക്കുള്ള മരുന്നായി കരോട്ടീനെ അംഗീകരിച്ചിട്ടില്ല.