Jump to content

ലോറൻസ് ജോർജ് ഡ്യൂറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറൻസ് ജോർജ് ഡ്യൂറൽ
ജനനം(1912-02-27)27 ഫെബ്രുവരി 1912
Jalandhar, British India
മരണം7 നവംബർ 1990(1990-11-07) (പ്രായം 78)
Sommières, France
തൊഴിൽBiographist; poet; playwright; novelist
ദേശീയതBritish
Period1931–1990
ശ്രദ്ധേയമായ രചന(കൾ)The Alexandria Quartet
വെബ്സൈറ്റ്
http://www.lawrencedurrell.org/

ലോറൻസ് ജോർജ് ഡ്യൂറൽ എന്ന ബ്രിട്ടിഷ് (ഇംഗ്ലീഷ്) നോവലിസ്റ്റ് 1912 ഫെബ്രുവരി 27-ന് ഇന്ത്യയിലെ ജലന്ധറിൽ ജനിച്ചു. ഡാർജിലിംഗിലെ കോളജ് ഒഫ് സെന്റ് ജോസഫിലും, കാന്റർബറിയിലെ സെന്റ് എഡ്മൺഡ്സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ആദ്യകാലത്ത് ജാസ് പിയാനിസ്റ്റ്, ഓട്ടോമൊബൈൽ റെയ്സർ, റിയൽ എസ്റ്റേറ്റ് ഏജന്റ് തുടങ്ങി വിവിധ നിലകളിൽ ജോലി ചെയ്തു. 1937-39 കാലഘട്ടത്തിൽ പാരിസിലെ ദ് ബൂസ്റ്റർ എന്ന ആനുകാലികത്തിൽ സേവനമനുഷ്ഠിച്ചു. 1941 മുതൽ 44 വരെ കെയ്റോയിലെ ബ്രിട്ടിഷ് ഇൻഫർമേഷൻ ഓഫീസിൽ ഫോറിൻ പ്രെസ് സർവീസ് ഓഫീസർ, 1944-45 കാലത്ത് അലക്സാണ്ട്രിയയിലെ ബ്രിട്ടിഷ് ഇൻഫർമേഷൻ ഓഫീസിൽ പ്രസ് അറ്റാഷേ, 1946 മുതൽ 2 വർഷം ഗ്രീസിലെ ഡോഡെക്കാനീസ് ദ്വീപിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ, 1947-48 കാലത്ത് അർജന്റിനയിലെ കൊർദോബയിൽ ബ്രിട്ടിഷ് കൗൺസിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്റർ, 1954 മുതൽ 2 വർഷം സൈപ്രസിൽ ബ്രിട്ടിഷ് ഗവൺമെന്റിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്നിങ്ങനെ വൈവിധ്യമാർന്ന ഒരു ഔദ്യോഗിക ജീവിതത്തിന്റെ ഉടമയാണിദ്ദേഹം. 1945-ൽ റോയൽ സൊസെറ്റിയിൽ ഫെലോ ആയ ഇദ്ദേഹം 1957-ൽ ഫ്രാൻസിൽ സ്ഥിരതാമസമാക്കി.

നോവലുകൾ

[തിരുത്തുക]
  • പൈഡ് പൈപ്പർ ഒഫ് ലവേഴ്സ് (1935)
  • ദ് ബ്ലാക് ബുക്ക് (1938)
  • വൈറ്റ് ഈഗിൽസ് ഓവർ സെർബിയ (1957)
  • മോൺഷർ (1975)

തുടങ്ങി നിരവധി നോവലുകളുടെ കർത്താവാണ് ലോറൻസ് ഡറൽ. സുദീർഘവും വൈവിധ്യമാർന്നതുമായ തന്റെ ഓദ്യോഗിക ജീവിതകാലത്തെ അനുഭവങ്ങൾ കലാസുഭഗമായി ആവിഷ്കരിക്കുന്നതിൽ ഇദ്ദേഹം ഒരളവുവരെ വിജയിച്ചിട്ടുണ്ടെന്നുകാണാം. ഫലിതം ഈ കൃതികളുടെ അന്തർധാരയായി വർത്തിക്കുന്നു. പാരിസിൽ രഹസ്യമായി പ്രസിദ്ധീകരിച്ച ദ് ബ്ളാക്ക് ബുക്കാണ് ആത്മകഥാംശം ഏറ്റവും കുടുതലുള്ള കൃതി.

  • ജസ്റ്റിൻ (1957)
  • ബാൽത്തസാർ (1958)
  • മൗലിവ് (1958)
  • ക്ലിയ (1960)

എന്നീ നാലു നോവലുകൾ ദി അലക്സാൺഡ്രിയ ക്വാർട്ടറ്റ് എന്ന പേരിൽ 1962-ൽ പ്രസിദ്ധീകരിച്ചു. അളവറ്റ സമ്പത്തും പ്രശസ്തിയും ഇത് ഇദ്ദേഹത്തിന് നേടികൊടുത്തു.

കഥയും കവിതയും

[തിരുത്തുക]
  • സ്റ്റിഫ് അപ്പർ ലിപ് (1958)
  • ദ് ബെസ്റ്റ് ഒഫ് ആൻട്രോബസ് (1974)

തുടങ്ങിയ ചില കഥാസമാഹാരങ്ങൾ കൂടി ഡറലിന്റേതായുണ്ട്. നോവലുകളോളം വിജയമായിരുന്നില്ല ഇദ്ദേഹത്തിന്റെ കഥകൾ. കവിയെന്ന നിലയിൽ ഡറലിന്റെ മുഖമുദ്ര പദങ്ങളുടെ താളത്തെപ്പറ്റിയുള്ള സഹജമായ അവബോധമാണെന്നു പറയാം. ജീവിതത്തിന്റെ സിംഹഭാഗവും താൻ കഴിച്ചുകൂട്ടിയ പൗരസ്ത്യ മെഡിറ്ററേനിയൻ പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും ജനജീവിതത്തിന്റെ വൈചിത്ര്യവും ഹൃദയാവർജകമായ ഭാഷയിൽ ആവാഹിക്കുന്നതിന് ഈ കവിതകളിൽ ഡറൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

  • എ പ്രൈവറ്റ് കൺട്രി (1943)
  • സിറ്റീസ്, പ്ലെയ് ൻസ് ആൻഡ് പിപ്പീൾ (1946)
  • സീറോ ആൻഡ് അസൈലം ഇൻ ദ് സ്റ്റോ: ടു എക്സ്കർഷൻസ് ആൻഡ് അദർ പോയംസ് (1955)
  • പ്ലാന്റ്-മാജിക് മാൻ (1973)
  • ലൈഫ്ലിനസ (1974)

തുടങ്ങിയ പല കവിതാ സമാഹരങ്ങളുടേയും ശീർഷകങ്ങൾ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

സഞ്ചാര സാഹിത്യം

[തിരുത്തുക]

സഞ്ചാര സാഹിത്യരംഗത്തും ഡറൽ സ്വന്തം മുദ്ര പതിപ്പിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള കോർഫുവിനെക്കുറിച്ചുള്ള പ്രോസ്പറോസ് സെൽ (1945), യുദ്ധാനന്തരമുള്ള റോഡ്സ് ദ്വീപിനെക്കുറിച്ചെഴുതിയ റിഫ്ലെക്ഷൻസ് ഓൺ എ മറൈൻ വീനസ് (1953), ആഭ്യന്തരയുദ്ധം കൊണ്ടു കലുഷിതമായ സൈപ്രസിനെ വിഷയീകരിച്ചുള്ള ബിറ്റർ ലെമൺസ് (1957) എന്നിവ ഇക്കൂട്ടത്തിൽ മികച്ചുനിൽക്കുന്നു. 1990 നവംബർ7 ആംതിയതി 78 ആമത്തെ വയസിൽ ഇദ്ദേഹം ഫ്രാൻസിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡറൽ, ലോറൻസ് ജോർജ് (1912-) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.