ലോകാത്ഭുതങ്ങൾ
മനുഷ്യനിർമ്മിതമായ ശില്പങ്ങൾ, സ്മാരകങ്ങൾ, സ്തംഭങ്ങൾ തുടങ്ങിയ അത്ഭുതങ്ങളെക്കുറിച്ചുള്ള പട്ടികയാണ് ലോകാത്ഭുതങ്ങൾ അഥവാ സപ്താത്ഭുതങ്ങൾ.
ബി. സി. 2-ം ശതകത്തോടടുത്ത് അലക്സാൻഡ്രിയൻ കാലഘട്ടത്തിൽ (ബി. സി. 356-312) രചിക്കപ്പെട്ട ഒരു സഞ്ചാര ഗൈഡാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങളെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. ഹെറഡോട്ടസിന്റെ ചില ചരിത്ര ഗ്രന്ഥങ്ങളിലും പുരാതന ലോകാത്ഭുതങ്ങളെക്കുറിച്ച് വ്യക്തമായി വിവരിച്ചിരിക്കുന്നു. ഈ ഏഴിൽ ഈജിപ്തിലെ വൻ പിരമിഡ് മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളു. ഇതുതന്നെയും കഴിഞ്ഞ അഞ്ഞൂറിലേറെ വർഷങ്ങളായി ജീർണോന്മുഖമാണ്. അലക്സാൻഡ്രിയൻ കാലഘട്ടത്തിനുശേഷം ഏഴത്ഭുതങ്ങളുടെ പല പട്ടികകൾ പ്രചാരത്തിൽ വന്നു.
പുരാതന ലോകാത്ഭുതങ്ങൾ
[തിരുത്തുക]ഗിസയിലെ പിരമിഡ്
[തിരുത്തുക]ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്ത പിരമിഡ് ആണ് ഒന്നാമത്തെ അത്ഭുതം. കാലക്രമേണ ഈ വിശേഷണം പിരമിഡുകൾക്കെല്ലാം ബാധകമാണെന്ന മട്ടിൽ ചേർത്തുവന്നു. ഈജിപ്റ്റിലേതാണ് യഥാർഥ പിരമിഡുകൾ. മെസപ്പൊട്ടേമിയ, മെക്സിക്കോ, മധ്യ അമേരിക്കയിലെ മായ എന്നിവിടങ്ങളിലെ രാജവംശങ്ങൾ, സമാന മാതൃകയിൽ നിർമിച്ച സൂച്യഗ്രസ്തംഭങ്ങളെയും പിരമിഡുകൾ എന്നു വിളിക്കാറുണ്ട്. ഈജിപ്റ്റിലെ പിരമിഡുകൾ പൊതുവേ സമചതുരാകൃതിയിലുള്ള ആധാരവും ത്രികോണാകൃതിയിലുള്ള നാല് പാർശ്വങ്ങളും ഉള്ളവയാണ്. പ്രാചീന രാജവംശത്തിന്റെ (ബി. സി. 2680-2563) കാലത്തു മാസ്തബശൈലിയിൽ നിർമിച്ചവയാണ് ഇന്നവശേഷിക്കുന്നതിലേറ്റവും പഴക്കംചെന്നവ. കുഫുവിന്റെ പിരമിഡ് നൈൽ നദിയുടെ പടിഞ്ഞാറേക്കരയിൽ ദക്ഷിണ അലക്സാൻഡ്രിയയ്ക്ക് 161 കി. മീ. തെക്ക് സുമാർ 5.25 ഹെക്റ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. ഇതിന്റെ അധാരത്തിന് 230.43 മീറ്റർ വിതം ദൈർഘ്യമുള്ള വശങ്ങളുണ്ട്. 146.91 മീറ്റർ ഉയരമുള്ള പിരമിഡ് 1,00,000 തൊഴിലാളികൾ 20 വർഷം പണിയെടുത്തു നിർമിച്ചതാണെന്നു കരുതപ്പെടുന്നു.[1]
ബാബിലോണിലെ തൂക്കുപൂന്തോട്ടം
[തിരുത്തുക]തൂങ്ങികിടക്കുന്ന പൂന്തോട്ടം (Hanging Garden) എന്ന വാച്യാർഥത്തിലല്ല ഈ പദം പ്രയോഗിച്ചിരിക്കുന്നത്. നിരനിരയായ പടവുകളിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ഈ പുന്തോട്ടം ആകാശത്തിൽ തലയെടുപ്പോടെ ഉയർന്നു നിന്നിരുന്നു. ഇത് ആര്, എന്നു നിർമിച്ചു എന്നു കൃത്യമായി പറയാനാവില്ല. ബി. സി. 6-ം ശതകത്തിൽ നെബൂഖദ്നേസർ ചക്രവർത്തി തന്റെ പത്നിയുടെ സ്മരണയ്ക്ക് നിർമിച്ചതാണെന്നും അതല്ല, ചക്രവർത്തിനിയായ സെമീറാമാസിന്റെ ഓർമയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണെന്നും പരമ്പരാഗതമായി പറയപ്പെട്ടിരുന്നു. ബാബിലോണിലെ വർണ ചിത്രാങ്കിതമായ മതിലും (painted wall) ഇതോടു ചേർത്തും അല്ലാതെയും അത്ഭുതങ്ങളിലൊന്നായി കരുതപ്പെട്ടു പോരുന്നു.[2]
എഫേസസ്സിലെ ഡയാന (ആർട്ടിമീസ്) ക്ഷേത്രം
[തിരുത്തുക]ലിഡിയയിലെ രാജാവായിരുന്ന ക്രോസസ് ബി. സി. 350-ൽ ഏഷ്യാമൈനറിൽ പണികഴിപ്പിച്ചതാണ് '''ആർട്ടെമിസ്സ് ക്ഷേത്രം'''. സുമാർ 104.24 മീറ്റർ നീളവും 49.98 മീറ്റർ വീതിയും ഇതിനുണ്ടായിരുന്നു. 18.23 മീറ്റർ ഉയരമുള്ള 127 വൻ ശിലാസ്തംഭങ്ങൽ ഉള്ളതായിരുന്നു ഈ ക്ഷേത്രം. ബി. സി. 356-ൽ തീ പിടിച്ചശേഷം പുനർനിർമിതമായി. എ. ഡി. 262-ൽ ഗോത്തുകൾ ഇതിനെ നശിപ്പിച്ചു.[3]
ഒളിമ്പിയയിലെ സിയൂസ് പ്രതിമ
[തിരുത്തുക]ഗ്രീക്കു ശില്പിയായ ഫിദിയാസ് നിർമിച്ചത്. ഈ പ്രതിമയുടെ ഒരു കൈയ്യിൽ വിജയദണ്ഡും മറ്റേ കൈയ്യിൽ ഒരറ്റത്തു കഴുകന്റെ രൂപം ഉള്ള ചെങ്കോലുമായി ഇരിക്കുന്ന സീയൂസ് ദേവന്റെ പ്രതിമയുമാണുള്ളത്. സുമാർ 12.19 മീറ്റർ ഉയരം. മാർബിളിൽ രൂപപ്പെടുത്തി സ്വർണവും ദന്തവും കൊണ്ട് അലങ്കരിച്ച ഇത് ബി. സി. 462-ൽ നിർമ്മിക്കപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ 1950-ൽ ഫിദിയാസിന്റെ വർക്ക്ഷോപ്പു കണ്ടെത്തിയതിനെ തുടർന്നു നടത്തിയ കാലഗണനയിൽ സുമാർ ബി. സി. 430 നോടടുത്ത് നിർമ്മിക്കപ്പെട്ടുവെന്നാണ് കണക്കാക്കപ്പെട്ടത്. എ. ഡി. 426 ലെ ഭൂചലനത്തിലോ അഥവാ 50 വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന തീപ്പിടുത്തത്തിലോ ഇതു നശിച്ചതായി കരുതപ്പെടുന്നു.[4]
ഹെലിക്കർനാസസ്സിലെ സ്മാരകസ്തംഭം
[തിരുത്തുക]തന്റെ സോദരനും ഭർത്താവുമായ കാരിയയിലെ മാസോലസ് രാജാവിന്റെ (ബി.സി. 353) സ്മരണയ്ക്കായി ആർതെമിസിയാ രാജ്ഞി പണികഴിപ്പിച്ച സ്മാരകമാണിത്. പിത്തിസ് (പിത്തിയോസ്) എന്ന ശില്പിയും നാലു പ്രമുഖ ഗ്രീക്ക് കൊത്തുപണിക്കാരായ സ്കോപാസ്, ബ്രിയാക്സിസ്, ലിയോഷാറസ്, തിമോതിയസ് എന്നിവരും ചേർന്നു നിർമിച്ചു. ഈ മാർബിൾ പ്രതിമയ്ക്ക് 42.67 മീറ്റർ ഉയരമുണ്ടായിരുന്നു. 11-ഉം 15-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് ഭൂചനത്തിൽ നശിച്ചിരിക്കാമെന്നു കരുതുന്നു.[5]
റോഡ്സിലെ കൊലോസസ്
[തിരുത്തുക]ദെമിത്രിയോസ് പോളിയോർ സെറ്റിസിന്റെ ദീർഘകാലത്തെ അധിനിവേശത്തിൽ നിന്നും ബി. സി. 305-304-ൽ റോഡ്സ് സ്വതന്ത്രമായി. ഇതിന്റെ സ്മരണ നിലനിറുത്തുവാൻ പണി കഴിപ്പിച്ച സൂര്യദേവനായ ഹീലിയോസിന്റെ വെങ്കല പ്രതിമ. ലിൻഡസിലെ ചാറസ് ആണ് നിർമാതാവ്. പണിപൂർത്തിയാവുന്നതിന് പന്ത്രണ്ടു വർഷമെടുത്തു (292-280). ബി. സി. 225- ലെ ഭൂകമ്പത്തിൽ ഇതിന്റെ മുട്ടിന്റെ ഭാഗത്തുവച്ച് ഒടിവുണ്ടായി. വീണുപോയ പ്രതിമയെ എ. ഡി. 653 വരെ സംരക്ഷിച്ചു. ആയിടയ്ക്കു റൊഡ്സ് ആക്രമിച്ച അറബികൾ ഇതിനെ കഷണങ്ങളാക്കി വിറ്റു. 900 ത്തിലേറെ ഒട്ടകങ്ങൾക്കു വഹിക്കുവാൻ വരുന്ന ഭാരം ഇതിനുപയോഗിച്ചിരുന്ന പിത്തളയ്ക്ക് ഉണ്ടായിരുന്നു.[6]
അലക്സാസാൻഡ്രിയയിലെ ഫാരോസ് (ദ്വീപസ്തംഭം)
[തിരുത്തുക]ഈജിപ്റ്റിലെ ഫാരോസ് ദ്വീപിൽ അലക്സാഡ്രിയ തുറമുഖ കവാടത്തിൽ ടോളമി II ന്റെ ഭരണകാലത്തു നിർമിച്ചു (ബി. സി. 280). നൈദസ്സിലെ സൊസ്‌റ്റ്റാറ്റസ് ആയിരുന്നു ഇതിന്റെ ശില്പി. ഇതിന് സുമാർ 134.11 മീറ്റർ ഉയരം ഉണ്ടായിരുന്നു. മുന്ന് എടുപ്പുകളായാണ് ഇതിന്റെ നിർമിതി. താഴത്തേതു സമചതുരം മധ്യത്തിലേത് അഷ്ടഭുജം മുകളിലത്തേത് ഗോളസ്തംബാകൃതി (cylindrical). അതിനു മുകളിലുള്ള സർപ്പിളമായ പടവുകളുടെ മുകളിൽ കപ്പലുകൾക്കു മാർഗസൂചകമായി ദ്വീപസ്തഭം നിർമിച്ചിരുന്നു. എ. ഡി. 955 നോടടുത്ത് കൊടുങ്കാറ്റും ഭൂകമ്പവും നിമിത്തം ഇതിനു കേടുപാടുകൾ സംഭവിച്ചു. 14-ം ശതകത്തിൽ പൂർണമായി നശിക്കുകയും ചെയ്തു. 1477-ൽ സുൽത്താൻ ക്വെയ്ത്ബേ ഇതിന്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഒരു കോട്ട നിർമിച്ചു.[7]
'അലക്സാഡ്രിയൻ കാലഘട്ടത്തിൽ കണക്കാക്കപ്പെട്ടിരുന്ന ലോകാത്ഭുതങ്ങളാണ് പട്ടികയിൽ':-
അത്ഭുതം | സ്ഥിതിചെയ്യുന്ന സ്ഥലം | നിർമ്മിക്കപ്പെട്ട കാലഘട്ടം | ചരിത്രം | പ്രത്യേകതകൾ |
---|---|---|---|---|
ഗിസയിലെ പിരമിഡ് | പ്രാചീന ഈജിപ്റ്റിൽ നൈൽ നദിയുടെ കരയിൽ | ബി.സി.26-ആം നൂറ്റാണ്ട് | ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫുവിന്റെ ഭൗതികാവശിഷ്ടങ്ങള് അടക്കം ചെയ്തിരിക്കുന്ന സ്ഥലം | 5.5 ഹെക്ടര് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന 146.9 മീറ്റർ ഉയരമുള്ള പിരമിഡ് |
തൂങ്ങുന്ന പൂന്തോട്ടം | ബാബിലോണിയ | ബി.സി.605-562 | ബാബിലോണിയറ്യിലെ നെബ്കദ്നെസര് രണ്ടാമന് ചക്രവർത്തി പ്രിയതമയുടെ സ്മരണാർത്ഥം നിർമ്മിച്ചത്.ബി.സി.ഒന്നാം നൂറ്റാണ്ടില് ഒരു ഭൂകമ്പത്തില് നശിച്ചു. | 22-മീറ്ര് വരെ ഉയരത്തിലെത്തുന്ന വിവിധ തട്ടുകളിലായി ക്രമീകരിയ്ക്കപ്പെട്ടിരുന്ന പൂന്തോട്ടം അന്തരീക്ഷത്തിലൽ തൂങ്ങി നിൽക്കുന്ന പ്രതീതി ജനിപ്പിച്ചിരുന്നു. |
സിയൂസിന്റെ പ്രതിമ | പ്രാചീന ഗ്രീസിലെ ഒളിമ്പിയ | 466 BC-456 BC(ക്ഷേത്രം) 435 BC(പ്രതിമ) | ഫിദിയാസ് എന്ന ഗ്രീക്ക് ശില്പി നിർമ്മിച്ച സീയൂസ് ദേവന്റെ പ്രതിമ.എ.ഡി. 5-ആം നൂറ്റാണ്ടിലെ ഭൂകമ്പത്തിൽ നശിച്ചു എന്ന് വിശ്വസിയ്ക്കുന്നു. | 12.19 മീറ്റർ നീളമുള്ള മാർബിൾ പ്രതിമയുടെ ഒരു കൈയിൽ വിജയദണ്ഡും മറു കൈയിൽ കഴുകന്റെ രൂപവും ഉണ്ട്.സ്വർണം, ദന്തം എന്നിവ കൊണ്ട് മനോഹരമായി അലങ്കരിച്ചിരുന്നു. |
എഫീസസ്സിലെ ഡയാനാക്ഷേത്രം | പ്രാചീന ഗ്രീസിലെ ലിഡിയ | 550 ബി.സി. | ലിഡിയയിലെ ക്രോസസ്സ് രാജാവ് നിർമ്മിച്ച ഡയാന ക്ഷേത്രം.ബി.സി.356-ല് നശിപ്പിക്കപ്പെട്ട ക്ഷേത്രം അലക്സാണ്ടർ ചക്രവർത്തി പുനരുദ്ധരിച്ചു.എ.ഡി.409-ല് ഗോത്ത് വർഗ്ഗക്കാർ തീ വച്ചു നശ്പ്പിച്ചു. | 10424 മീറ്ര് നീളവും 49.98 മീറ്റർ വീതിയും 18.23 മീറ്റര് ഉയരവും ഉള്ള ശിലാക്ഷേത്രം.120 ശിലാസ്തംഭങ്ങളാൽ അലങ്കരിച്ചിരുന്നു. |
ഹെലിക്കനാർസ്സിലെ സ്മാരകസ്തംഭം | സെല്യൂസിഡ് സാമ്രാജ്യം, പ്രാചീന ഗ്രീസ് | 351 ബി.സി. | ബി.സി.353ലൽ നിര്യാതനായ കാരിയായിലെ മാസോലസ് രാജാവിന്റെ സ്മരണാർത്ഥം പത്നി ആർതമേസിയ നിർമ്മിച്ച സ്മാരകം.പിത്തിയോസ് ആയിരുന്നു ശില്പി.എ.ഡി 1494 -ലെ ഭൂകമ്പത്തിൽ തകർന്നു. | 45മീറ്ർ ഉയരമുള്ള ത്രികോണസ്തംഭാകൃതിയിലുള്ള സ്മാരകത്തിന്റെ നാലു മുഖങ്ങളും പ്രതിമകളും കൊത്തുപണികളും കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു. |
റോഡ്സിലെ കൊളോസ് | ഗ്രീസ് | ബി.സി.292-ബി.സി.280 | ബി.സി. 305-ൽ റോഡ്സ് സ്വതന്ത്രരാജ്യമായതിന്റെ ഓർമ്മയ്ക്കായി ലിൻഡസിലെ ചാറസ് രാജാവ് നിർമ്മിച്ച വെങ്കലപ്രതിമ.എ.ഡി.653-ല് വെങ്കലത്തിനായി അറബികൾ നശിപ്പിച്ചു. | ഹീലിയോസ് എന്ന സൂര്യദേവന്റെ 35 മീറ്റർ ഉയരമുള്ള ഭീമാകാരമായ വെങ്കലപ്രതിമ. |
ഫാരോസ് ദീപസ്തംഭം | ഫാരോസ് ദ്വീപ്,അലക്സാണ്ട്രിയ | 280 ബി.സി | ടോളമി രണ്ടാമന്റെ കാലത്ത് അലക്സാണ്ട്രിയയിലെ തുറമുഖകവാടത്തില് പണികഴിപ്പിച്ച ദീപസ്തംഭം.സൊസ്ട്രാറ്റസ് ആയിരുന്നു ശില്പി. എ.ഡി 14-ആം നൂറ്റാണ്ടിൽ ഭൂചലനത്തിലൽ നശിച്ചു. | 134.11 മീറ്റർ നീളമുള്ള സ്തംഭത്തിന്റെ മുകളറ്റം സർപ്പിളാകൃതിയിലുള്ള പടികളും വിളക്കുകളും കൊണ്ട് അലങ്കരിച്ചിരുന്നു. |
മധ്യകാല ലോകാത്ഭുതങ്ങൾ
[തിരുത്തുക]16-17 നൂറ്റാനുകളിൽ നിലനിന്നിരുന്ന ലോകാത്ഭുതങ്ങളുടെ പട്ടിക:
അത്ഭുതം | സ്ഥിതിചെയ്യുന്ന സ്ഥലം | നിർമ്മിക്കപ്പെട്ട കാലഘട്ടം | ചരിത്രം | പ്രത്യേകതകൾ |
---|---|---|---|---|
സ്റ്റോൺ ഹെഞ്ജ് | വെൽഷെയർ ഇംഗ്ലണ്ട് | നിയോലിതിക് കാലഘട്ടം | നിയോലിതിക് രാജാക്കന്മാർ സൂര്യാരാധനയ്ക്കായി പണികഴിപ്പിച്ച സ്ഥലം,ഇവിടുത്തെ പ്രകൃതിയ്ക്ക് മഹാരോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്നു വിശ്വസിയ്ക്കപ്പെറ്റുന്നു. | 110 മീറ്ററോളം വ്യാസമുള്ള ശിലാവൃത്തം,2 മീറ്ററ് നീളവും,1-1.6 മീറ്റർ വീതിയും,0.8 മീറ്റർ ഘനവുമുള്ള കൽത്തൂണുകളാൽ ചുറ്റപ്പെട്ടിരിക്കുനു.കൽത്തൂണുകൾ പരന്ന ശിലകളാൽ ബന്ധിപ്പിച്ചിരിക്കുന്നു.വടക്കു കിഴക്കായി ഒരു വലിയ കവാടവും,തെക്കു വശത്ത് ചെറിയ കവാടവുമുണ്ട്. |
കൊളോസിയം | ഇറ്റലി | എ.ഡി.70-80 | പ്രാചീന റോമിലെ വെസ്പാസിയൻ ചക്രവർത്തിയും അദ്ദേഹത്തിന്റെ പുത്രൻ റ്റൈറ്റസും ചേർന്ന് വിനോദപരിപാടികൾക്കായി നിർമ്മിച്ചു.നീറോ ചക്രവർത്തിയുടെ കാലത്ത് കെട്ടിടം പുനരുദ്ധരിച്ചു.നവീകരണ പ്രവർത്തനങ്ങൾ ഇന്നും തുടരുന്നു. | 189 മീറ്റർ നീളവും,156 മീറ്റർ വീതിയുമുള്ള ദീർഘവൃത്താകൃതിയിലുള്ള കെട്ടിടത്തിന്റെ പാദവിസ്തീർണം 6 ഏക്കറോളം വരും.കാഴ്ചക്കാർക്ക് ഇരിയ്ക്കാനും പരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങൾക്കു പുറമേ,അറകളും,ഗുഹകളും,മനോഹരമായ പ്രകാശ വിതാന സജ്ജീകരണങ്ങളും ജലസംഭരണികളുമുണ്ടായിരുന്നു.റോമിലെ വധശിക്ഷ നടപ്പാക്കിയിരുന്നതും ഇവിടെ വച്ചാണ്. |
അലക്സാണ്ട്രിയയിലെ ഭൂഗർഭ ഗുഹകൾ | അലക്സാന്ട്രിയ ഈജിപ്റ്റ് | അലക്സാണ്ട്രിയൻ ജനതയ്ക്കായി നിർമ്മിക്കപ്പെട്ട പൊതുശ്മശാനം. | പ്രാചീന ഗ്രീക്ക്-റോമൻ ശൈലിയിലുള്ള പ്രതിമകളാൽ അലംകൃതം. | |
ഹേജിയ സോഫിയ | കോണ്സ്റ്റാന്റിനോപ്പിൾ | എ.ഡി.360 | സാന്തസോഫിയ എന്നും അറിയപ്പെടുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് ഇത്.1453-ല് കോണ്സ്റ്റാന്റിനേപ്പിളിന് പതനം സംഭവിച്ചപ്പോള് മുസ്ലിം ദേവാലയമായി മാറി. | |
പോർസലൈൻ ടവർ | നാൻജിങ്, ചൈന | എ.ഡി.15-ആം നൂറ്റാണ്ട് | ചൈനീസ് ചക്രവർത്തി Yongle യുടെ ഭരണകാലത്ത് ബുദ്ധമതപ്രചരണാർത്ഥം നിർമ്മിച്ച സ്തൂപം(പഗോഡ).1853-ൽ തെയ്പിംഗ് വിപ്ലവകാരികൾ നശിപ്പിച്ചു. | 97 അടി വ്യാസവും,266അടി ഉയരവുമുള്ള അഷ്ടഭുജ സ്തൂപം,പോർസലൈൻ ഇഷ്ടികകളാൽ നിർമ്മിതം.9 നിലകളുള്ള കെട്ടിടത്തിന് 130 പടികളുണ്ട്. |
ചൈനയിലെ വന്മതിൽ | ചൈന | ബി.സി.7-ആം നൂറ്റാണ്ട്-എ.ഡി.16-ആം നൂറ്റാണ്ട് | ചൈനയിലെ ക്വിൻ ഷി ഹുവാങ് ചക്രവർത്തിയുടെ ഭരണകാലത്ത് വ്യാപാരാവശ്യങ്ങൾക്കും,പുറമേ നിന്നുള്ള ആക്രമണം തടയുന്നതിനുമായി നിർമ്മിക്കപ്പെട്ടത്. | 6700 മീറ്റർ നീളവും,16-19 അടി വീതിയുമുള്ള മതിൽ,ചന്ദ്രനിൽ നിന്നു ഭൂമിയിലേയ്ക്കു നോക്കുമ്പോൾ കാണുന്ന ഏക മനുഷ്യ നിർമ്മിത വസ്തു. |
പിസയിലെ ചരിഞ്ഞ ഗോപുരം | പിസ, ഇറ്റലി | 1174-1350 | പിസയിലെ ക്രൈസ്തവ ദേവാലയത്തിന്റെ മണിഗോപുരമായി നിർമ്മിക്കപ്പെട്ടു. | 54.55 മീറ്റര് ഉയരവും 8 നിലകളുമുള്ള ഗോപുരം 4.88 മീറ്റര് ലംബത്തിൽ നിന്നും ചരിഞ്ഞ് നിലകൊള്ളുന്നു. |
ആധുനിക ലോകാത്ഭുതങ്ങൾ
[തിരുത്തുക]1931-ലെ പുനർ നിർണയ പ്രകരം കുഫുവിന്റെ പിരമിഡ്, ഹേജിയ സോഫിയ, പിസയിലെ ചരിഞ്ഞ ഗോപുരം, ആഗ്രയിലെ താജ്മഹൽ, യു. എസ്സിലെ വഷിങ്ടൺ മോണ്യുമെന്റ്, പാരീസിലെ ഈഫൽ ഗോപുരം യു. എസ്സിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംങ് ഇവയാണ് ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ.
കുഫുവിന്റെ പിരമിഡ്
[തിരുത്തുക]ഇത് ഏഴ് പ്രാചീന അത്ഭുതങ്ങളിലും ഉൾപ്പെടുന്നു.
ഹേജിയ സോഫിയ
[തിരുത്തുക]സാന്താസോഫിയ എന്നും പറയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഹേജിയ സോഫിയ ആദ്യം ഒരു ക്രിസ്തീയ ദേവലയം ആയിരുന്നു. 1453-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനശേഷം ഇത് ഒരു മുസ്ലീം ദേവാലയം ആയിത്തീർന്നു. ഇപ്പോൾ ഇത് ഒരു ബൈസാന്റിയൻ കലാശേഖരമാണ്. എ. ഡി. 360-ൽ കോൺസ്റ്റാന്റിയസ് II ഇത് പണികഴിപ്പിച്ചു. 404-ൽ ഇത് നശിപ്പിക്കപ്പെട്ടു. 415-ൽ തിയോഡോഷിയസ് II പുനർനിർമിച്ചുവെങ്കിലും 532-ൽ വീണ്ടും അഗ്നിക്കിരയായി നശിച്ചു. ത്രാലസ്സിലെ അണിമൈയസ്സിന്റെയും മൈലിറ്റസ്സിലെ ഇസിഡോറസ്സിന്റെയും രൂപകല്പനകൾ അനുസരിച്ച് ജസ്റ്റീനിയൻ ചക്രവർത്തി 532-37 കാലത്ത് (537-48 കാലത്തെന്നും അഭിപ്രായമുണ്ട്) പണിയിപ്പിച്ചതാണ് ഇന്നു കാണുന്ന ഹേജിയ സോഫിയ. കനത്ത ഭൂചലനം കാരണം 558-ൽ ഇതിന്റെ കുംഭഗോപുരം തകർന്നു വീഴുകയുണ്ടായി. എന്നാൽ 563-ൽ ഇതു പുനർനിർമ്മിക്കപ്പെട്ടു. ഇതിന്റെ ഉൾഭാഗത്തെ നീളം 80.77 മിറ്ററും വീതി 31.09 മീറ്ററുമാണ്. അനേകം ഗോളാകാരങ്ങളുടെ തുടർച്ചകളായാണ് ഇതിന്റെ നിർമിതി. പ്രധാന കുംഭത്തിന്റെ വ്യാസം 31.09 മീറ്ററും ഉയരം 56.08 മീറ്ററുമാണ്.[8]
പിസായിലെ ചരിഞ്ഞഗോപുരം
[തിരുത്തുക]ഇറ്റലിയിലെ പിസായിൽ സ്ഥിതി ചെയ്യുന്നു. 1174-ൽ പണിയാരംഭിച്ച് 1350-ൽ പൂർത്തിയാക്കി. സമീപസ്ഥമായ ക്രൈസ്തവ ദേവലയത്തിന്റെ മണിഗോപുരമാണ് ഇത്. സുമാർ 55.86 മീറ്റർ (183.37 അടി) പൊക്കമുള്ള ഈ എട്ടുനില ഗോപുരം ലംബത്തിൽനിന്നു സുമാർ 4.88 മീറ്റർ ചരിഞ്ഞാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ചരിവ് 5.5 ഡിഗ്രി ആണ്. 296 പടികൾ ഉള്ള ഇതിന്റെ ഭാരം കണക്കാക്കിയിരിക്കുന്നത് 14,500 മെട്രിക്ക് ടെൺ ആണെന്നാണ്.[9]
താജ്മഹൽ
[തിരുത്തുക]ഉത്തർപ്രദേശ് സംസ്ഥാനത്തെ ആഗ്രയിൽ യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ മുഗൾ ശില്പ കലയുടെ അത്യുത്കൃഷ്ട മാതൃകയായ താജ്മഹൽ ഷാജഹാൻ ചക്രവർത്തി തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ്. ഒരു തുർക്കി ശില്പകാരനായ ഉസ്താദ് ഇസയുടെ രൂപ മാതൃകയ്ക്കനുസരണമായി നിർമിച്ച ഈ മന്ദിരം, 1630-ൽ പണിയാരംഭിച്ച് 1648-ൽ പൂർത്തിയാക്കി. 94.40 മീറ്റർ സമചതുരമായ ഒരു ഫ്ലാറ്റ്ഫോറത്തിന്മേലാണ് ഇതു നിർമിച്ചിരിക്കുന്നത്. ഇതിന്റെ കുംഭഗോപുരത്തിന് ഉൾഭാഗം 24.38 മീറ്റർ ഉയരവും 15.24 മീറ്റർ വ്യാസവും ഉണ്ട്. മന്ദിരത്തിന്റെ ഉൾഭാഗം വൈഡൂര്യം, സൂര്യകാന്തം വർണമാർബിൾ ഇവയാൽ അലംകൃതമാണ്. ഈ സൗധത്തിന്റെ മധ്യത്തിൽ അഷ്ട്ഭുജാകൃതിയിലുള്ള മുറിയുടെ നിലവറയിൽ പത്നിയോടൊപ്പം ഷാജഹാനും അന്ത്യവിശ്രമം കൊള്ളുന്നു. മന്ദിരത്തിനു ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള സൈപ്രസ് മരങ്ങളും മുൻഭാഗത്തെ തടകത്തിൽ പ്രതിഫലിക്കുന്ന പ്രതിബിംബവും ചേർന്ന് ഇതിന്റെ ദൃശ്യഭങ്ങി വർദ്ധിപ്പിക്കുന്നു.[10]
വാഷിങ്ടൻ സ്മാരകസൗധം
[തിരുത്തുക]വാഷിങ്ടൻ ഡി. സി. യിൽ സ്ഥ്തിചെയ്യുന്നു. 1783-ൽ യു. എസ്. കോൺഗ്രസ്, ജോർജ് വാഷിങ്ടന് ഒരു സ്മാരകം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും അദ്ദേഹത്തിന്റെ തന്നെ എതിർപ്പ് കാരണം 1799 വരെ പദ്ധതി നടന്നില്ല. 1832-ൽ രൂപത്കരിച്ച വാഷിങ്ടൻ നാഷണൽ മോണൂമെന്റ് സൊസൈറ്റി ഇതിനായി ഫണ്ടു സമാഹരണം നടത്തി. പണത്തിനു പുറമേ സംഭാവനയായി അനേകം ശിലാഭലകങ്ങളും ലഭിച്ചു. റൊബർട്ട്മിൽസിന്റെ രൂപമാതൃക അംഗീകരിക്കുകയും 1848-ൽ അടിസ്ഥാനശില സ്ഥാപിക്കുകയും ചെയ്തു. 1876-ൽ യു. എസ്. കൊൺഗ്രസ് ഇതിന്റെ പണിക്കുള്ള പണമനുവദിച്ചു. 1880 അസ്തിവാരമിടുകയും 1885-ൽ പൂർത്തിയാക്കുകയും ചെയ്തു. 1888-ൽ സൗധം പൊതുജനങ്ങൾക്കായ് തുറന്നുകൊടുത്തു. 169.3 മീറ്റർ ഉയരവും 91,000 ടൺ ഭാരവും ഷാഫ്റ്റിന്റെ രൂപവുമുള്ള ഈ മന്ദിരത്തിന്റെ അടിഭാഗത്തിന്റെ വിസ്തീർണം 38.6 ച. മീറ്റർ ആണ്. മുകളിലേക്കു കയറുന്നതിനുള്ള ഗോവണിക്ക് 398 പടവുകളും 50 വിശ്രമ സ്ഥാനങ്ങളുമുണ്ട്. മുകളിൽ എത്തുന്നതിന് ഒരു എലിവേറ്ററും ഘടിപ്പിച്ചിട്ടുണ്ട്.[11]
പാരീസിലെ ഈഫൽ ഗോപുരം
[തിരുത്തുക]1889 ലെ പാരീസ് പ്രദർശനത്തിന് കാമ്പ്-ദെ-മാർസൽ പണിതുയർത്തിയ ഗോപുരം. 299.92 മീറ്റർ ഉയരത്തിൽ ഇരുമ്പു ചട്ടക്കൂട്ടിൽ. നാലു കാൽമുട്ടുകളിൽ നിന്നാരംഭിക്കുന്ന നാല് സ്തൂപങ്ങൾ 188.98 മീറ്റർ ഉയരത്തിൽ ഗോപുരത്തെ താങ്ങി നിറുത്തുന്നു. വിവിധ തലങ്ങളിലായുള്ള മൂന്നു പ്ലാറ്റുഫോറങ്ങളിൽ കയറുന്നതിന് പടവുകളും എലിവേറ്ററുകളുമുണ്ട്. ഗോപുരത്തിനു മുകളിൽ ഒരു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഒരു വയർലസ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.
എംപയർ സ്റ്റേറ്റ് മന്ദിരം
[തിരുത്തുക]ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്നു. 102 നിലകളും 381 മീറ്റർ ഉയരവുമുള്ള ഈ മന്ദിരം 1971 വരെ ലോകത്തിൽ ഏറ്റവും പൊക്കമുള്ള കെട്ടിടമായിരുന്നു. 1930 മാർച്ചിൽ പണിയാരംഭിച്ച ഈ മന്ദിരം 1931-ൽ പൂർത്തിയാക്കി. ന്യൂയോർക്കിലെ വ്യവസായിയായ ജോൺ ജെ. റാസ്ക്കബ് ആണ് ഇതിനു വേണ്ട പണം ചെലവക്കിയത്. 1951-ൽ ഇതിന്റെ മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷൻ ഗോപുരം കൂടെ പണിതു. 1971-ൽ ന്യൂയോർക്കിൽ പണിതീർന്ന, 110 നിലകളും 412 മീറ്റർ ഉയരവുമുള്ള വേൾഡ് ട്രേഡ്സെന്ററിന് 1973 വരെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി ലഭിച്ചു. 1973-ൽ ഷിക്കാഗോയിൽ 442 മീറ്റർ ഉയരമുള്ള സീയേഴ്സ് ബിൽഡിങ് നിർമ്മിക്കപ്പെട്ടു. ഇതിന് ആകെ 109 നിലകളാണുള്ളത് എങ്കിലും ഏഴ് അത്ഭുതങ്ങളിൽ ഒന്ന് എന്ന അംഗീകാരം എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല.[12]
1931-ൽ നിലവിൽ വന്ന ലോകാത്ഭുതങ്ങളുടെ പട്ടികയാണ് താഴെ:-
അത്ഭുതം | സ്ഥിതിചെയ്യുന്ന സ്ഥലം | നിർമ്മിക്കപ്പെട്ട കാലഘട്ടം | ചരിത്രം | പ്രത്യേകതകൾ |
---|---|---|---|---|
ഗിസയിലെ പിരമിഡ് | പ്രാചീന ഈജിപ്റ്റിൽ നൈൽ നദിയുടെ കരയിൽ | ബി.സി.26-ആം നൂറ്റാണ്ട് | ഈജിപ്റ്റിലെ ഫറവോയായിരുന്ന കുഫു വിന്റെ ഭൌതികാവശിഷ്ടങ്ങള് അടക്കം ചെയ്തിരിക്കുന്ന സ്ഥലം.ആദ്യ പട്ടികയിലും ഇതിന് സ്ഥാനം ലഭിച്ചിരുന്നു. | 5.5 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന 146.9 മീറ്റർ ഉയരമുള്ള പിരമിഡ് |
ഹേജിയ സോഫിയ | കോണ്സ്റ്റാന്റിനോപ്പിൾ | എ.ഡി.360 | സാന്തസോഫിയ എന്നും അറിയപ്പെടുന്ന ഒരു ക്രിസ്തീയ ദേവാലയമാണ് ഇത്.1453-ല് കോണ്സ്റ്റാന്റിനേപ്പിളിന് പതനം സംഭവിച്ചപ്പോള് മുസ്ലിം ദേവാലയമായി മാറി. | |
പിസയിലെ ചരിഞ്ഞ ഗോപുരം | പിസ, ഇറ്റലി | 1174-1350 | പിസയിലെ ക്രൈസ്തവ ദേവാലയത്തിന്റെ മണിഗോപുരമായി നിർമ്മിക്കപ്പെട്ടു. | 54.55 മീറ്റര് ഉയരവും 8 നിലകളുമുള്ള ഗോപുരം 4.88 മീറ്റര് ലംബത്തിൽ നിന്നും ചരിഞ്ഞ് നിലകൊള്ളുന്നു. |
താജ്മഹൽ | ആഗ്ര ,ഇന്ത്യ | എ.ഡി.1630-1648 | ഷാജഹാന് ചക്രവർത്തി പ്രിയതമ മുംതാസ് മഹലിന്റെ സ്മരണാർത്ഥം നിർമ്മിച്ച വെണ്ണക്കൽ മന്ദിരം. | 94.4 മീറ്റർ സമചതുരത്തിലുള്ള പ്ലാറ്റ് ഫോറത്തിൽ നിലകൊള്ളുന്നു.കുംഭഗോപുരത്തിന് 15.24 മീറ്റർ വ്യാസവും 24.38 മീറ്റർ ഉയരവുമുണ്ട്.വിലയേറിയ മാര്ബ്ബിളിൽ നിർമ്മിച്ച മന്ദിരത്തിന്റെ അകവശം രത്നങ്ങളാൽ അലങ്കരിച്ചിരിക്കുന്നു. |
വാഷിംഗ്ടൺ സ്മാരകം | വാഷിംഗ്ടൺ ഡി.സി, അമേരിക്ക | 1880.-1885 | അമേരിക്കന് പ്രസിഡന്റായിരുന്ന ജോർജ്ജ് വാഷിംഗ്ടണിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ടത്. | 169.3 മീറ്റർ ഉയരം,898 പടികളും 50 വിശ്രമസ്ഥനങ്ങളുമുണ്ട്. |
ഈഫൽ ഗോപുരം | പാരീസ് | 1889 | 1889-ല് പാരീസിൽ സംഘടിപ്പിക്കപ്പെട്ട ഒരു പ്രദർശനത്തോറ്റനുബന്ധിച്ച് നിർമ്മിക്കപ്പെട്ടത് | ഇരുമ്പ് ചട്ടക്കൂടില് 299.92 മീറ്റർ ഉയരത്തിൽ നിർക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകൾ 188.98 മീറ്ററ് ഉയരത്തിൽ വച്ച് യോജിക്കുന്നു.വിവിധതലങ്ങളിലായി 3 പ്ലാറ്റ്ഫോറങ്ങളുമുണ്ട്.. |
എംപയർ സ്റ്റേറ്റ് ബിൽഡിംഗ് | ന്യൂയോർക്ക്, | 1931 | ന്യൂയോർക്കിലെ വ്യവസായ പ്രമുഖനായ ജോണ്.ജെ. റാസ്കബ് പണം മുടക്കി നിർമ്മിച്ചു. | 381 മീറ്ററ് ഉയരവും 102 നിലകളുമുണ്ട്.ഇതിനു മുകളിൽ 67.67 മീറ്റർ ഉയരമുള്ള ഒരു ടെലിവിഷൻ കേന്ദ്രവുമുണ്ട്. |
പുതിയ ലോകാത്ഭുതങ്ങൾ
[തിരുത്തുക]Wonder | Location | Image |
---|---|---|
ചിച്ചെൻ ഇറ്റ്സ Chi'ch'èen Ìitsha' |
Yucatán, Mexico | |
Christ the Redeemer O Cristo Redentor |
Rio de Janeiro, Brazil | |
കോളോസിയം Colosseo |
Rome, Italy | |
ഗ്രേറ്റ് വാൾ ഓഫ് ചൈന 万里长城 萬里長城 Wànlǐ Chángchéng |
Beijing, China | |
മാച്ചു പിക്ച്ചു Machu Pikchu |
Cuzco Region, Peru | |
പെട്ര البتراء al-Batrāʾ |
Ma'an Governorate, Jordan | |
താജ്‍മഹൽ ताज महल تاج محل |
Agra, India |
The Giza Pyramid of Egypt, the only remaining Wonder of the Ancient World, was granted an honorary site.
Wonder | Location | Image |
---|---|---|
ഗിസ പിരമിഡ് കോമ്പ്ലക്സ് أهرام الجيزة |
Giza, Egypt |
അവലംബം
[തിരുത്തുക]- ↑ http://en.wikipedia.org/wiki/Great_Pyramid_of_Giza Great Pyramid of Giza
- ↑ http://en.wikipedia.org/wiki/Hanging_Gardens_of_Babylon Hanging Gardens of Babylon
- ↑ http://en.wikipedia.org/wiki/Temple_of_Artemis Temple of Artemis
- ↑ http://en.wikipedia.org/wiki/Statue_of_Zeus_at_Olympia Statue of Zeus at Olympia
- ↑ http://en.wikipedia.org/wiki/Mausoleum_of_Halicarnassus Mausoleum of Halicarnassus
- ↑ http://en.wikipedia.org/wiki/Colossus_of_Rhodes Colossus of Rhodes
- ↑ http://en.wikipedia.org/wiki/Lighthouse_of_Alexandria Lighthouse of Alexandria
- ↑ http://en.wikipedia.org/wiki/Hagia_Sophia Hagia Sophia
- ↑ http://en.wikipedia.org/wiki/Leaning_Tower_of_Pisa Leaning Tower of Pisa
- ↑ http://en.wikipedia.org/wiki/Taj_Mahal Taj Mahal
- ↑ http://en.wikipedia.org/wiki/Washington_Monument Washington Monument
- ↑ http://en.wikipedia.org/wiki/Empire_State_Building Empire State Building
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.cleveleys.co.uk/wonders/statueofzeus.htm Archived 2010-03-01 at the Wayback Machine. The Seven Wonders of The Ancient World.
- http://www.infoplease.com/ipa/A0001327.html The Seven Wonders of the World
- http://wonderclub.com/AllWorldWonders.html Complete Listing of World Wonders
- Seven Wonders of the Modern World Archived 2010-04-02 at the Wayback Machine. – a list of modern wonders compiled by the American Society of Civil Engineers