Jump to content

റോസിന്റെ പേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസിന്റെ പേര്
കർത്താവ്ഉംബെർട്ടൊ എക്കോ
യഥാർത്ഥ പേര്Il nome della rosa
രാജ്യംഇറ്റലി
ഭാഷഇറ്റാലിയൻ
പ്രസാധകർഹാർകോർട്ട് (1983)
പ്രസിദ്ധീകരിച്ച തിയതി
1980
മാധ്യമംപ്രിന്റ് (പേപ്പർബാക്ക്)
ഏടുകൾ512 pp (പേപ്പർബാക്ക് എഡിഷൻ)
ISBNISBN 0-15-144647-4 (പേപ്പർബാക്ക്)

ഇറ്റാലിയൻ പ്രതീകശാസ്ത്രജ്ഞനും, മദ്ധ്യകാലപണ്ഡിതനും, നോവലിസ്റ്റുമായ ഉംബർട്ടോ എക്കോ എഴുതിയ നോവലാണ് റോസിന്റെ പേര് (Name of the Rose). പ്രതീകശാസ്ത്രം, മദ്ധ്യകാലചരിത്രം എന്നീ മേഖലകളിൽ എണ്ണപ്പെട്ട സംഭാവനകൾ നൽകിയ ബുദ്ധിജീവിയെന്ന നിലയിൽ കലാലയവൃത്തങ്ങളിൽ മാത്രം അറിയപ്പെട്ടിരുന്ന എക്കോയുടെ പ്രതിഭ 1970-കളുടെ അവസാനത്തിലാണ്, ആരും പ്രതീക്ഷിക്കാത്ത ഒരു വഴിക്കു തിരിഞ്ഞത്. തനിക്കു ഒരു സന്യാസിയെ വിഷംകൊടുത്ത് കൊല്ലണമെന്നു തോന്നിയെന്നും ആ തോന്നലാണ് റോസിന്റെ പേര് (ഇറ്റാലിയൻ: Il Nome Della Rosa ഇംഗ്ലീഷ്: നെയിം ഓഫ് ദ റോസ് - Name of the Rose)എന്ന നോവലിന്റെ രചനയിൽ കലാശിച്ചതെന്നും എക്കോ പറയുന്നു. [1]

കുറ്റാന്വേഷണകഥ

[തിരുത്തുക]

പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവൽ എന്നൊക്കെ വിശേഷിക്കപ്പെട്ട [2] ഈ കൃതിയുടെ ഇതിവൃത്തം, ക്രി.വ. 1327-ൽ ഇറ്റലിയിലെ ബെനഡിക്റ്റൻ സന്യാസാശ്രമങ്ങളിലൊന്നിൽ നടന്നതായി സങ്കല്പ്പിക്കപ്പെടുന്ന ഒരു കൊലപാതകപരമ്പരയുടെ അന്വേഷമാണ്. ബെനഡിക്റ്റന്മാരുടെ ആ സന്യാസാശ്രമത്തിൽ ആയിടെ നടന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ചുമതലകിട്ടിയത് സന്ദർഭവശാൽ അവിടെയെത്തിയ ഫ്രാൻസിസ്കൻ സന്യാസിയായ ബാസ്കർ‌വില്ലിലെ വില്യമിനായിരുന്നു.[1] വില്യമിനെ സഹായിക്കാൻ ഉണ്ടായിരുന്നത്, അദ്ദേഹത്തിന്റെ ശിഷ്യനും സഹചാരിയും ആയിരുന്ന മെൽക്കിലെ അഡ്സോ എന്ന യുവ ബനഡിക്ടൻ സന്യാസാർഥിയായിരുന്നു. വർഷങ്ങൾക്കുശേഷം, വൃദ്ധനായ അഡ്സോ സംഭവങ്ങളെ അനുസ്മരിക്കുന്ന രൂപത്തിലാണ് നോവൽ എഴുതിയിരിക്കുന്നത്. ഏഴുദിവസത്തെ സംഭവങ്ങൾ വിവരിക്കുന്നതിനാൽ നോവലിന് ഏഴ് ഭാഗങ്ങളുണ്ട്. ഓരോഭാഗവും അദ്ധ്യായങ്ങളുടെ സ്ഥാനത്ത് സന്യാസാശ്രമത്തിലെ പ്രാർത്ഥനായാമങ്ങളുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.


ചിരിയുടെ ശരി

[തിരുത്തുക]

‍സന്യസാശ്രമത്തിലെ ഗ്രന്ഥശാല യൂറോപ്പ് മുഴുവൻ പേരെടുത്തിരുന്നു. ഗ്രന്ഥശാലയെ നിയന്ത്രിച്ചിരുന്നത് പണ്ഡിതന്മാരും അല്ലാത്തവരുമായ കുറേ അസഹിഷ്ണുക്കളായിരുന്നു. അവർക്ക് ഗ്രന്ഥശാല അറിവിന്റെ സ്രോതസ്സെന്നതിനു പകരം ഏറ്റവും നിരുപദ്രവകരമായതല്ലാത്ത എല്ലാ അറിവിലേക്കുമുള്ള വഴി നിയന്ത്രിക്കാനും അടക്കാനുള്ള ഉപകരണമായിരുന്നു. നോവലിന്റെ ആഖ്യാനശൈലിയുടെ ഏകദേശരൂപം കിട്ടാൻ അതിന്റെ ഒരദ്ധ്യായത്തിൽ നടക്കുന്ന "ചിരിയുടെ ശരി" (licitness of laughter)യെക്കുറിച്ചുള്ള ചർച്ച വായിച്ചാൽ മതി.[3] ഹാസ്യം അക്രൈസ്തവമായ ഒരു രസമാണെന്നും ചിരി അനാശാസ്യമാണെന്നുമാണ് അക്കാലത്തെ ഒരു വിശ്വാസധാര പഠിപ്പിച്ചിരുന്നത്. അവതരിച്ച ദൈവവ‍ചനമായ ക്രിസ്തു എപ്പോഴെങ്കിലും ചിരിച്ചിട്ടുണ്ടാകുമോ എന്നത് അന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു. ആദ്യകാല സഭാപിതാക്കന്മാരിൽ ഒരുവനായ യോഹന്നാൻ ക്രിസോസ്തമസ്, ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടുണ്ടവില്ല എന്നായിരുന്നത്രെ പഠിപ്പിച്ചത്.

ഗുപ്തഗ്രന്ഥം

[തിരുത്തുക]

ക്രിസ്തുവിനേയും ക്രിസ്തുമതത്തേയും കുറിച്ചുള്ള ഈ വികലധാരണ നിലനിർത്താൻ എന്തു വിലകൊടുക്കാനും അസഹിഷ്ണുക്കൾ തയ്യാറായിരുന്നു. തോമസ് അക്വീനാസിനെയും മറ്റും പോലുള്ളവരുടെ പഠനങ്ങളുടെ ഫലമായി അരിസ്റ്റോട്ടിലിന്റെ രചനകൾക്ക് അക്കാലത്ത് വലിയ സ്വീകാര്യത കിട്ടിയിരുന്നതുകൊണ്ട്, അരിസ്റ്റോട്ടിലും ഫലിതവിരുദ്ധനായിരുന്നു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമായിരുന്നു. അരിസ്റ്റോട്ടിലിന്റെ കാവ്യമീമാംസാഗ്രന്ഥമായ പോയറ്റിക്സിന്റെ(Poetics) ട്രാജഡിയെ സംബന്ധിച്ച ആദ്യഭാഗമേ ഇന്ന് ലഭ്യമായിട്ടുള്ളുവെങ്കിലും ആ ഗ്രന്ഥത്തിന് കോമഡിയെ സംബന്ധിച്ച ഒരു രണ്ടാം ഭാഗവും ഉണ്ടെന്ന് വിശ്വാസമുണ്ട്. സന്യാസാശ്രമത്തിലെ ഗ്രന്ഥശാലയിൽ ആ രണ്ടാം ഭാഗത്തിന്റെ ഒരു പ്രതി ഉണ്ടായിരുന്നെങ്കിലും, അങ്ങനെയൊരു ഗ്രന്ഥം എഴുതപ്പെട്ടിട്ടേയില്ല എന്നായിരുന്നു ഗ്രന്ഥശാലയെ നിയന്തിച്ചിരുന്നവർ പറഞ്ഞിരുന്നത്. ആയിടക്ക് ക്രൈസ്തവവൽക്കരിക്കപ്പെട്ട അരിസ്റ്റോട്ടിലിന്റെ മുദ്രപതിച്ച് ഹാസ്യത്തിന് സ്വീകാര്യത നൽകുന്നത് ഒഴിവാക്കാനായിരുന്നു അങ്ങനെ ചെയ്തത്.


ഗ്രന്ഥശാലയിലെ വിജ്ഞാനശേഖരത്തെ ആവുന്നിടത്തോളം അപ്രാപ്യമാക്കാനായി ഗൂഢമുദ്രകളുടേയും, ഭിത്തികളുടേയും, ഗുഹ്യമാർഗങ്ങളുടേയും ഒരു പ്രതിരോധനിര തന്നെ അതിനെ നിയന്ത്രിച്ചിരുന്നവർ മെനഞ്ഞെടുത്തിരുന്നു. അതു കടന്ന് ഗ്രന്ഥങ്ങളുടെ ലോകം പ്രപിക്കാൻ ശ്രമിക്കുന്നവർ ജീവൻ അപകടപ്പെടുത്തുകയായിരുന്നു. ഒരുകൊലപാതകം മാത്രം നടന്നിരുന്നപ്പോഴാണ് വില്യമിന് അന്വേഷണത്തിന്റെ ചുമതല കിട്ടിയത്. കൊല്ലപ്പെട്ടിരുന്നത് ഗ്രന്ഥശാലയിൽ നിർമ്മിക്കപ്പെടുന്ന കൈയ്യെഴുത്തുപ്രതികളിൽ ചിത്രങ്ങൾ വരച്ചുചേർ‍ത്തിരുന്ന അഡെൽമോ എന്ന യുവസന്യാസിയായിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റ് അഞ്ചു പേർ കൂടി കൊല്ലപ്പെട്ടു. ഗ്രന്ഥശാലയിൽ മറ്റുഭാഷകളിലെ കൃതികൾ ലത്തീനിലേക്കു പരിഭാഷപ്പെടുത്തിയിരുന്ന വെനാന്റിയസ്, ഉപലൈബ്രേറിയൻ ബെരൻ‌ഗർ, പച്ചമരുന്നു വിദഗ്ദ്ധൻ(Herbalist) സെവേറിനസ്, ലൈബ്രേറിയൻ മലാക്കി എന്നിവരും എറ്റവുമൊടുവിൽ ആശ്രമാധിപൻ ആബോയും ആണ് അന്വേഷണത്തിനിടെ പലവിധത്തിൽ വധിക്കപ്പെട്ടത്. അന്വേഷണത്തിന്റെ പുരോഗതിയിൽ ഗ്രന്ഥശാലയിലെ ഗോപ്യഗ്രന്ഥങ്ങളും കൊലപാതകപരമ്പരയുമായുള്ള ബന്ധം വെളിവായെങ്കിലും നോവൽ അവസാനിക്കുന്നത് ഗ്രന്ഥശാലയും അതിലെ അമൂല്യനിധികളും അഗ്നിക്കിരയാക്കപ്പെടുന്നതോടെയാണ്. ഈ പരിണതിയുടെ പ്രധാന കാരണക്കാരൻ കടുത്ത യാഥാസ്ഥികനായ ഷൊർഷ് (Jorge) എന്ന അന്ധസന്യാസിയായിരുന്നു. ഒരു അസമാന്യ സൃഷ്ടിയായ അയാൾ നോവലിലെ ഏറ്റവും ഇരുണ്ട കഥാപത്രമാണ്.

'റോസ്' ന്റെ വിജയം

[തിരുത്തുക]

റോസിന്റെ പേര് വായന എളുപ്പമുള്ള പുസ്തകമല്ല. കഥയുടെ സങ്കീർണ്ണതക്കുപുറമേ, അതിൽ ഇടക്കിടെ അർത്ഥം സൂചിപ്പിക്കാതെ ലത്തീൻ ഭാഷയിൽ കൊടുത്തിരിക്കുന്ന ഭാഗങ്ങളും വായനക്കാരെ അകറ്റാൻ പോന്നതാണ്. അത് നിറയെ തത്ത്വചിന്തയുമാണ്. ഇതെല്ലാം കൊണ്ട്, പുസ്തകം പരമാവധി മുപ്പതിനായിരം പ്രതികൾ വിൽക്കുമെന്നാണ് പ്രസാധകർ കരുതിയതത്രെ. എന്നാൽ ഇതിനകം അതിന്റെ ഒരുകോടിയിലേറെ പ്രതികൾ വിറ്റിരിക്കുന്നു. അതിന്റെ സിനിമാരൂപവും വലിയ ജനപ്രീതി നേടിയെങ്കിലും നോവൽ സിനിമയാക്കാൻ അനുമതി നൽകിയതിൽ എക്കോ പിന്നീട് പശ്ചാത്തപിച്ചു. നോവൽ വായിച്ചവരിൽ ഒട്ടേറെപ്പേർ ചലച്ചിത്രം കണ്ടശേഷമാണ് വായനയിലേക്കു വന്നതെന്നും, നോവലിലെ കഥാപാത്രങ്ങളെയും സംഭവങ്ങളേയും ചലച്ചിത്രത്തിന്റെ കണ്ണാടിയിൽ കൂടിയാണ് അത്തരം വായനക്കാർ കാണുകയെന്നും തന്റെ കഥ വായനക്കാരനോട് ആദ്യം പറയുന്നത് മറ്റൊരാളാവുകയെന്നത് എഴുത്തുകാരന് സംതൃപ്തി നൽകാത്ത അനുഭവമാണെന്നും അദ്ദേഹം പറയുന്നു. [4]

മറ്റു നോവലുകൾ

[തിരുത്തുക]

നോവൽ രചനാരംഗത്ത് വഴിതെറ്റിയെന്നോണം എത്തിയ എക്കോ അവിടെ തുടരുമോ എന്ന സംശയം 1988-ൽ ഫുക്കോയുടെ പെൻഡുലം പ്രസിദ്ധീകരിച്ചതൊടെ തീർന്നു. ആ നോവലും ഒരു വൻ പ്രസിദ്ധീകരണവിജയമായിരുന്നു. 1995-ൽ മൂന്നാമത്തെ നോവലായ ഇന്നലെയുടെ ദ്വീപും 2000-ൽ നാലാമത്തേതായ ബൗഡോളിനോയും വെളിച്ചം കണ്ടു. നോവലുകളിൽ ഏറ്റവും ഒടുവിൽ(2004) പ്രസിദ്ധീകരിച്ചത് ദ മിസ്റ്റീരിയസ് ഫ്ലേം ഓഫ് ക്വീൻ ലോനാ ആണ്.

അവലംബം

[തിരുത്തുക]
  1. A short biography of Umberto Eco http://www.themodernword.com/eco/eco_biography.html Archived 2010-06-09 at the Wayback Machine.
  2. Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm Archived 2015-02-10 at the Wayback Machine.
  3. The Name of the Rose(Second Day, Terce)(വില്യം വീവറുടെ ഇംഗ്ലീഷ് പരിഭാഷ)
  4. "I am a Professor who writes novels on Sundays". - 2005 ഒക്ടോബർ 23-ൽ ഹിന്ദു ദിനപത്രത്തിന്റെ ഡെൽഹി പതിപ്പിൽ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm Archived 2008-01-28 at the Wayback Machine.

കുറിപ്പുകൾ

[തിരുത്തുക]
  • ^ മദ്ധ്യകാല തത്ത്വചിന്തകനായ ഓക്കാമിലെ വില്യമിന്റെ നിഴൽ വീണതെന്നു പറയെപ്പെടുന്ന ഈ കഥാപാത്രത്തിന്റെ പേര്, ഷെർലോക് ഹോംസ് കഥകളുടെ സ്രഷ്ടാവായ കൊണോൻ ഡോയ്‌ലിന്റെ Hound of Baskervilles-നെയും അനുസ്മരിപ്പിക്കും.
"https://ml.wikipedia.org/w/index.php?title=റോസിന്റെ_പേര്&oldid=3656735" എന്ന താളിൽനിന്ന് ശേഖരിച്ചത്