മർഗരീത്ത മറിയം അലക്കോക്ക്
വിശുദ്ധ മർഗരീത്ത മറിയം അലക്കോക്ക് | |
---|---|
കന്യക | |
ജനനം | ബർഗുണ്ടി പ്രവിശ്യ, ഫ്രാൻസ് | 22 ജൂലൈ 1647
മരണം | 17 ഒക്ടോബർ 1690 പറായ് ലെ മോണിയൽ, ബർഗുണ്ടി, ഫ്രാൻസ് | (പ്രായം 43)
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ |
വാഴ്ത്തപ്പെട്ടത് | 18 സെപ്തംബർ 1864, റോം by പതിനൊന്നാം പീയൂസ് മാർപ്പാപ്പ |
നാമകരണം | 13 മേയ് 1920, റോം by ബെനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പ |
ഓർമ്മത്തിരുന്നാൾ | ഒക്ടോബർ 10 |
മദ്ധ്യസ്ഥം | പോളിയോ രോഗികൾ, തിരുഹൃദയഭക്തർ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ |
ഫ്രെഞ്ചുകാരിയായ ഒരു റോമൻ കത്തോലിക്കാ സന്യാസിയും ആത്മീയദർശകയും (mystic) ആയിരുന്നു മർഗരീത്ത മറിയം അലക്കോക്ക് (ജനനം: 1647 ജൂലൈ 22; മരണം: 1690 ഒക്ടോബർ 17. യേശുവിന്റെ ഹൃദയത്തെ കേന്ദ്രമാക്കിയുള്ള "തിരുഹൃദയഭക്തി" അതിന്റെ ആധുനികരൂപത്തിൽ കത്തോലിക്കാ സഭയിൽ പ്രചരിപ്പിച്ചത് അവരാണ്. കത്തോലിക്കാ സഭ മർഗരീത്തയെ വിശുദ്ധയായി വണങ്ങുന്നു.
ജീവിതം
[തിരുത്തുക]ബാല്യം
[തിരുത്തുക]ശിശുപ്രായം മുതൽ വിശുദ്ധകുർബ്ബാനയോട് അഗാധമായ സ്നേഹം പ്രകടിപ്പിച്ച മർഗരീത്ത, കളികൾക്കു പകരം നിശ്ശബ്ദപ്രാർത്ഥനയിൽ മുഴുകിയിരുന്നു. ഒൻപതാം വയസ്സിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണത്തെ തുടർന്ന് ശരീരത്തെ തീവ്രമായ തപക്രിയകൾക്കു വിധേയമാക്കിയ അവർ, വാതപ്പനി പിടിപെട്ട് നാലുവർഷക്കാലം കിടപ്പിലായി. അതിനൊടുവിൽ, ആത്മീയജീവിതത്തിന് സ്വയം സമർപ്പിക്കാമെന്ന് അവർ വിശുദ്ധമറിയത്തിനു വാക്കു കൊടുത്തതായും തുടർന്ന് പെട്ടെന്ന് സമ്പൂർണ്ണ രോഗവിമുക്തി ലഭിച്ചതായും പറയപ്പെടുന്നു.[1]
ആദ്യദർശനങ്ങൾ
[തിരുത്തുക]യേശുവിന്റെ ദർശനങ്ങൾ നിരന്തരം ലഭിച്ചിരുന്നെങ്കിലും അത് എല്ലാ മനുഷ്യർക്കും ഉള്ള അനുഭവമായി കരുതിയ മർഗരീത്ത, തപോനിഷ്ഠ വിടാതെയുള്ള സാധാരണജീവിതം തുടർന്നു. എന്നാൽ കുരിശിൽ ജീവനോടെ കിടക്കുന്ന വിധത്തിൽ ഒരിക്കൽ യേശു തനിക്കു കാണപ്പെട്ടതായി അവർക്കു തോന്നി. ആ ദർശനത്തിൽ യേശു, തന്നെ മറന്നതിന് അവളെ കുറ്റപ്പെടുത്തുകയും, തനിക്കായി സ്വയം സമർപ്പിക്കാനുള്ള അവളുടെ വാഗ്ദാനം മൂലം, അവളോടുള്ള സ്നേഹത്താൽ തന്റെ ഹൃദയം ഭരിതമാണെന്നു പറയുകയും ചെയ്തു. തുടർന്ന് 1671 മേയ് 25-ആം തിയതി, 24-ആമത്തെ വയസ്സിൽ അവർ "വിശുദ്ധമറിയത്തിന്റെ സന്ദർശനത്തിന്റെ സഭ" എന്ന സന്യാസസമൂഹത്തിന്റെ ഭവനത്തിൽ, സന്യാസിനി ആവുകയെന്ന ലക്ഷ്യത്തോടെ അന്തേവാസിനിയായി.[1]
സന്യാസിനി
[തിരുത്തുക]മർഗരീത്തയുടെ ദൈവികവിളി, യഥാർത്ഥമാണെന്നു തെളിയിക്കാൻ അധികാരികൾ അവരെ ഒട്ടേറെ പരീക്ഷണങ്ങൾക്കു വിധേയയാക്കി. 1671 ആഗസ്റ്റ് 25-ന് അവർക്ക് സഭാവസ്ത്രം സ്വീകരിക്കാൻ അനുവാദം ലഭിച്ചു. എന്നാൽ സാധാരണ പതിവനുസരിച്ച്, ഒരുവർഷത്തിനകം വൃതവാഗ്ദാനം ചെയ്യാൻ അനുമതി നൽകിയില്ല.[2] ഒടുവിൽ, ഒന്നര വർഷം കൂടി കഴിഞ്ഞ് 1672 നവംബർ 6-നാണ് അവരെ വൃതവാഗ്ദാനം നടത്തി, സന്യാസസഭയിൽ പ്രവേശിക്കാൻ അനുവദിച്ചത്. സഭാപ്രവേശനത്തിൽ അവർ തന്റ് മർഗരീത്ത എന്ന പഴയ പേര് മർഗരീത്ത മറിയം എന്നാക്കി മാറ്റി.
പുതിയ ദർശനങ്ങൾ
[തിരുത്തുക]തുടർന്നുള്ള കാലത്ത് അവർക്ക് യേശുവിന്റെ നിരവധി ദർശനങ്ങൾ അനുഭവപ്പെട്ടു. അവയിൽ ആദ്യത്തേത് 1673 ഡിസംബർ 27-നും ഒടുവിലത്തേത് പതിനെട്ടു മാസം കഴിഞ്ഞും ആയിരുന്നു. "തിരുഹൃദയഭക്തി" എന്ന ഉപാസനാരീതിയുടെ മുഖ്യഘടകങ്ങൾ ഈ ദർശനങ്ങളിൽ അവർക്കു വെളിപ്പെട്ടു കിട്ടി. മാസാദ്യവെള്ളിയാഴ്ചകളിലെ വിശുദ്ധ കുർബാന സ്വീകരണം, വ്യാഴാഴ്ചക രാത്രികളിലെ 'തിരുമണിക്കൂർ' ആരാധന, തിരുഹൃദയത്തിന്റെ തിരുനാൾ ആഘോഷം എന്നിവയായിരുന്നു ആ ഘടകങ്ങളിൽ മുഖ്യമായവ.[3] കുരിശുമരണത്തിന്റെ മരണത്തിന്റെ തലേന്ന് ഗെത്സെമെനിയിൽ യേശു അനുഭവിച്ച മന:പീഡയെക്കുറിച്ച്, എല്ലാ വ്യാഴാഴ്ച രാത്രികളിലും ഒരു മണിക്കൂർ ധ്യാനിക്കാൻ യേശു തന്നോടു ആവശ്യപ്പെട്ടതായി അവർ പറഞ്ഞു. ഈ ഭക്ത്യഭ്യാസം പിൽക്കാലങ്ങളിൽ കത്തോലിക്കാ ലോകത്ത് വ്യാപകമായി.[4][5][6]
മാർഗരീത്തയുടെ ദർശനങ്ങളിൽ ഏറ്റവും സവിശേഷമായത്, സ്നേഹജ്വാലയാൽ ചുറ്റപ്പെട്ട യേശുഹൃദയത്തിന്റെ ദർശനമായിരുന്നു. കുരിശിൽ കിടക്കവേ കുന്തം കൊണ്ടു കുത്തപ്പെട്ടപ്പോൾ ഉണ്ടായ മുറിവോടെ കാണപ്പെട്ട ആ ഹൃദയത്തെ ചുറ്റി ഒരു മുൾമുടിയും ഉണ്ടായിരുന്നു. മനുഷ്യരോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന തന്റെ ഹൃദയത്തോടുള്ള ഭക്തിയുടെ പ്രചാരത്തെ പ്രചോദിപ്പിക്കാനാണ് ഈ ദർശനമെന്ന് യേശു മർഗരീത്തയോടു പറഞ്ഞു. തുടർന്ന് യേശു തന്റെ ഹൃദയത്തെ സ്വന്തം ഹൃദയത്തോടു ചേർത്ത് ഉജ്ജ്വലിപ്പിച്ചതായും മർഗരീത്തക്ക് അനുഭവപ്പെട്ടെന്ന്, ജീവചരിത്രകാരൻ എമിൽ ബൗഗാഡ് പറയുന്നു.[7]
അംഗീകാരം
[തിരുത്തുക]ദർശനങ്ങളുടെ ലോകത്ത് ജീവിച്ച മർഗരീത്തയ്ക്ക് പ്രായോഗികജീവിതത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുക ബുദ്ധിമുട്ടായി. മഠത്തിൽ രോഗീശുശ്രൂഷക്കും അടുക്കളപ്പണിക്കും മറ്റും അവരെ നിയോഗിച്ചെങ്കിലും ഏറെക്കാലം അവർക്ക് ആ ജോലികളിൽ തുടരാനായില്ല. എടുക്കുന്നതെല്ലാം അവരുടെ കൈയ്യിൽ നിന്നു വഴുതിപ്പോയി. അവർ കുറേയെങ്കിലും വിജയിച്ചത്, കൊച്ചുകുട്ടികളെ നോക്കാൻ ചുമതല കിട്ടിയപ്പോഴാണ്. കുട്ടികൾ അവരെ ഇഷ്ടപ്പെടുകയും ജീവിച്ചിരിക്കുന്ന വിശുദ്ധയായി കരുതി അവരുടെ വസ്ത്രത്തിന്റെ വിളുമ്പ് തിരുശേഷിപ്പുകളായി മുറിച്ചെടുക്കുകയും ചെയ്തു. ഏതായാലും, പൊതുവേ പ്രായോഗികകാര്യങ്ങൾക്ക് പറ്റാത്തവളാണെന്ന തിരിച്ചറിവിൽ അധികാരികൾ അവരെ അവരുടെ സ്വർഗ്ഗത്തിൽ ജീവിക്കാൻ വിട്ടു.[7]
ദർശനത്തിൽ തനിയ്ക്കു ലഭിച്ചതായി മർഗരീത്ത കരുതിയ നിർദ്ദേശങ്ങൾ പിന്തുടരുന്നതിൽ നിന്ന് അധികാരികൾ അവരെ ആദ്യം നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ താമസിയായെ, ആശ്രമശ്രേഷ്ഠയെ തന്റെ ദർശനങ്ങളുടെ പരമാർത്ഥത ബോദ്ധ്യപ്പെടുത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ ദൈവശാസ്ത്രജ്ഞന്മാരിൽ പലരും, ചില സഹസന്യാസിനികളും അപ്പോഴും സംശയാലുക്കളായിരുന്നു. ഇടക്ക് കുറേക്കാലം സന്യാസസമൂഹത്തിന്റെ കുമ്പസാരക്കാരൻ ആയിരുന്ന വിശുദ്ധ ക്ലാഡ് ഡി ലാ കൊളംബിയറും, മർഗരീത്തയുടെ ദർശനങ്ങളിൽ വിശ്വസിച്ചു. 1683-ൽ മദർ മെലിൻ, സന്യാസസമൂഹത്തിന്റെ പുതിയ ശ്രേഷ്ഠയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, എതിർപ്പ് കുറഞ്ഞു. മർഗരീത്ത, പുതിയ ശ്രേഷ്ഠയുടെ സഹായി ആയി നിയമിക്കപ്പെട്ടു. നവസന്യാസിനികളുടെ ചുമതലയും മർഗരീത്തക്കു കിട്ടി. 1686 മുതൽ, സന്യാസഭവനത്തിൽ തിരുഹൃദയത്തിന്റെ തിരുനാൾ അഘോഷിക്കുന്നതിൽ അവർ മുൻകൈയെടുത്തു. രണ്ടു വർഷം കഴിഞ്ഞ്, തിരുഹൃദയഭക്തിക്ക് പ്രതിഷ്ഠിക്കപ്പെട്ട ഒരു പ്രാർത്ഥനാമന്ദിരവും സന്യാസഭവനത്തിൽ സ്ഥാപിക്കപ്പെട്ടു.[8]
ആവേഗങ്ങൾ
[തിരുത്തുക]ദൈവസ്നേഹത്തെ പ്രതി വിഷമതകൾ സഹിക്കാനുള്ള അടക്കാനാകത്ത ആഗ്രഹം തനിക്ക് അനുഭവപ്പെടുന്നതായി മർഗരീത്ത ഏറ്റുപറഞ്ഞിട്ടുണ്ട്. ദൈവത്തിനു വേണ്ടി സഹിക്കാൻ അവസരം കിട്ടിക്കൊണ്ടിരുന്നാൽ അന്ത്യവിധിനാൾ വരെ ജീവിക്കാനാകുമെന്നും സഹനമില്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ തനിക്കാവില്ലെന്നുമായിരുന്നു അവരുടെ സാക്ഷ്യം. അടക്കാനാകാത്ത രണ്ട് ദാഹങ്ങൾ തന്നെ വിടാതെ പിന്തുടരുന്നതായി അവർ കരുതി: ദിവ്യകാരുണ്യത്തിനു വേണ്ടിയുള്ള ദാഹവും, ദൈവത്തെ പ്രതി സഹനവും അപമാനവും ഒന്നുമില്ലാതാകലും അനുഭവിക്കാനുള്ള ദാഹവും ആയിരുന്നു അവ. വേദന മാത്രമാണ് ജീവിതത്തെ ജീവിക്കാവുന്നതാക്കുന്നതെന്ന് അവർ തന്റെ കത്തുകളിൽ സാക്ഷ്യപ്പെടുത്തിയതായി ജീവചരിത്രകാരൻ ബൗഗാർഡ് പറയുന്നു.[9]
മരണം, വിശുദ്ധപദവി
[തിരുത്തുക]തന്റെ ദർശനങ്ങൾ ഒടുവിൽ പരമാർത്ഥതയുള്ളവയായി അംഗീകരിക്കപ്പെട്ടു എന്നതിന് മാർഗരീത്ത ഒരു പ്രാധാന്യവും കല്പിച്ചില്ല. 43 വയസ്സുള്ളപ്പോൾ, ആശ്രമശ്രേഷ്ഠയുടെ സഹായി എന്ന നിലയിൽ രണ്ടാം വട്ടം സേവനമനുഷ്ഠിക്കവേ അവർ രോഗബാധിതയായി. മരണത്തോടടുത്തു കൊണ്ടിരുന്ന അവർ അന്ത്യകൂദാശകൾ സ്വീകരിച്ചു. ദൈവവും യേശുഹൃദത്തിൽ ഒന്നുമല്ലാതാകലും അല്ലാതെ മറ്റൊന്നും തനിക്കു വേണ്ടെന്നാണ് അവർ അപ്പോൾ പറഞ്ഞത്.[10]
അവർ പ്രതിനിധാനം ചെയ്ത ഭക്തിമാർഗ്ഗത്തെ സംബന്ധിച്ച തർക്കങ്ങൾ മരണശേഷവും തുടർന്നു. അവയ്ക്ക് റോമൻ കത്തോലിക്കാ സഭയുടെ ഔദ്യോഗികാംഗീകരം ലഭിച്ചത് അവർ മരിച്ച് 70 വർഷത്തോളം കഴിഞ്ഞാണ്. 1824-ൽ ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ മർഗരീത്തയെ വണങ്ങാവുന്നവൾ (venerable) ആയും 1864-ൽ ഒൻപതാം പീയൂസ് മാർപ്പാപ്പ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. 1920-ൽ പതിനഞ്ചാം ബെനഡിക്ട് മാർപ്പാപ്പ അവരെ വിശുദ്ധ പദവിയിലേക്കുയർത്തി.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 മർഗരീത്ത മറിയം അലക്കോക്ക്, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
- ↑ എമിൽ ബൗഗാഡ്: വിശുദ്ധ മർഗരീത്ത മറിയം അലക്കോക്കിന്റെ ജീവിതം (TAN Books 1990 ISBN 0-89555-297-3), pp. 94-102
- ↑ Oxford Dictionary of the Christian Church (Oxford University Press 2005 ISBN 978-0-19-280290-3): article Margaret Mary Alacoque, St
- ↑ Ann Ball, 2003 Encyclopedia of Catholic Devotions and Practices ISBN 0-87973-910-X page 240
- ↑ The Westminster Dictionary of Christian Spirituality by Gordon S. Wakefield 1983 ISBN 066422170X page 347
- ↑ Catholic encyclopedia
- ↑ 7.0 7.1 വില്യം ജെയിംസ് "മതാനുഭവത്തിന്റെ തരഭേദങ്ങൾ" (Varieties of Religious Experience) എന്ന വിഖ്യാതരചനയിൽ ഉദ്ധരിച്ചിരിക്കുന്നത് (പുറങ്ങൾ 336-37)
- ↑ Catholic Online: St. Margaret Mary Alacoque
- ↑ വില്യം ജെയിംസ് (പുറം 304)
- ↑ EWTN, Global Catholic Network, Saint Margaret Mary Alacoque, Virgin — 1690 Feast: October 17 Archived 2012-01-28 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മോണിസിഞ്ഞോർ ബൗഗാർഡ് എഴുതിയ മർഗരീത്ത മറിയത്തിന്റെ ജീവചരിത്രത്തിന്റെ ഭാഗികമായ ഇംഗ്ലീഷ് പരിഭാഷ ആത്മീയശാന്തിയുടെ വഴി