പശ്ചാത്തല വികിരണം
പരമ്പര |
ഭൗതിക പ്രപഞ്ചശാസ്ത്രം |
---|
|
പ്രപഞ്ചവിജ്ഞാനീയത്തിൽ, റേഡിയോ തരംഗദൈർഘ്യങ്ങളിൽ പ്രപഞ്ചത്തിലാകമാനം നിറഞ്ഞു നിൽക്കുന്ന വികിരണങ്ങൾ. ഇതു് മൈക്രോവേവ് തരംദൈർഘ്യങ്ങളിലാണു് ഏറ്റവും ശക്തം. 1940ൽ തുടങ്ങിയ പഠനങ്ങളുടെ ഫലമായി 1964ൽ ആർണോ പെൻസിയാസും (Arno Penzias) റോബർട്ട് വിൽസണും (Robert Wilson) ചേർന്നാണു് ഈ വികിരണങ്ങൾ കണ്ടു പിടിച്ചതു്[1][2]. ഇതിനു് രണ്ടു പേർക്കും 1978ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[3]
പശ്ചാത്തലവികിരണത്തിന്റെ സാന്നിദ്ധ്യം 1946 ൽ ജോർജ് ഗാമോവ് (George Gamow), റാൽഫ് ആൽഫർ (Ralph Alpher), റോബർട്ട് ഹെർമ്മൻ (Robert Herman) എന്നിവർ ചേർന്നു് പ്രവചിച്ചിരുന്നു.[4] എന്നാൽ അന്നു് ഇതു് ശ്രദ്ധിക്കപ്പെട്ടില്ല. 1960കളുടെ തുടക്കത്തിൽ റോബർട്ട് ഡിക്കെ (Robert Dicke) സ്വതന്ത്രമായി കണ്ടുപിടിക്കുകയും യാക്കോവ് സെൽഡോവിച്ച് (Yakov Zel'dovich) ഗാമോവിന്റെയും മറ്റും പ്രവചനം കണ്ടെത്തുകയും ചെയ്തപ്പോഴാണു് അതു് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽ വന്നതു്.
അളക്കാനുള്ള ശ്രമങ്ങൾ
[തിരുത്തുക]പശ്ചാത്തലവികിരണത്തിന്റെ കണ്ടുപിടിത്തത്തെ തുടർന്നു് അതു് അളക്കാൻ അനേകം ശ്രമങ്ങളുണ്ടായിട്ടുണ്ടു്. അവയിൽ ഏറ്റവും പ്രശസ്തമായതു് ഒരുപക്ഷേ, പ്രാപഞ്ചിക പശ്ചാത്തല പര്യവേഷകൻ (Cosmic Background Explorer, COBE) എന്ന പേരിലറിയപ്പെടുന്ന നാസയുടെ ഉപഗ്രഹമായിരിക്കാം. 1989ൽ വിക്ഷേപിച്ച രണ്ടു ടണ്ണിലേറെ ഭാരമുള്ള ഈ ഉപഗ്രഹം നാലു വർഷത്തോളം നിരീക്ഷണങ്ങൾ നടത്തി. പരഭാഗവികിരണത്തിന്റേതു് ഒരു തമോവസ്തുവിന്റെ വികിരണത്തോടു് വളരെ അടുത്ത സാമ്യമുള്ള സ്പെൿട്രമാണു് എന്നും അതിൽ ദിശയനുസരിച്ചു് വളരെ ചെറിയ വ്യത്യാസങ്ങളേ കാണാനുള്ളൂ എന്നും കണ്ടെത്തിയതിലൂടെ ഈ ഉപഗ്രഹം മഹാവിസ്ഫോടന സിദ്ധാന്തത്തെ പിന്താങ്ങുകയുണ്ടായി.
മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ചു് നക്ഷത്രങ്ങൾ ഉണ്ടാകുന്നതിനു് മുമ്പുള്ള കാലത്തു് പ്രപഞ്ചത്തിന്റെ താപനില വളരെ ഉയർന്നതായിരുന്നു. വിസ്ഫോടനത്തിൽ ഉണ്ടായ ഊർജ്ജത്തിന്റെ ഒരു ഭാഗം പ്രകാശമായി പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ക്രമേണ പ്രപഞ്ചം വികസിക്കുകയും തണുക്കുകയും ചെയ്തപ്പോൾ ഈ പ്രകാശത്തിന്റെ താപനിലയും കുറഞ്ഞു. അങ്ങനെ ഗാമ രശ്മികളുണ്ടായിരുന്ന സ്ഥാനത്തു് ക്രമേണ ദൃശ്യമായ പ്രകാശവും ഇൻഫ്രാറെഡ് രശ്മികളും ഒടുവിൽ മൈക്രോവേവ് തരംഗവും ആയിത്തീർന്നു. അതുകൊണ്ടു് പരഭാഗവികിരണം `അവശിഷ്ടവികിരണം' എന്ന പേരിലും അറിയപ്പെടുന്നു.
താപനില 2.725 കെൽവിൻ ആയിരിക്കുന്ന ഒരു തമോവസ്തുവിന്റെ സ്പെൿട്രമാണു് ഇന്നു കാണുന്ന പശ്ചാത്തലവികിരണത്തിനുള്ളതു്. ഇതിന്റെ കൃത്യമായ നിർണ്ണയം പ്രപഞ്ചത്തെക്കുറിച്ചു് മനസ്സിലാക്കുന്നതിനു് വളരെ ആവശ്യമാണു്. കാരണം പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും വിശദീകരിക്കാൻ ശ്രമിക്കുന്ന ഏതു് മോഡലും ഈ വികിരണത്തിന്റെ സാന്നിദ്ധ്യവും കൃത്യമായ സ്വഭാവവും വിശദീകരിച്ചേ തീരൂ. സ്ഥിരസ്ഥിതി സിദ്ധാന്തത്തിനു് ഇതു് തൃപ്തികരമായി വിശദീകരിക്കാനാവാത്തതാണു് അതു് പൊതുവിൽ സ്വീകരിക്കപ്പെടാതിരുന്നതിനു് ഒരു കാരണം. അതുപോലെ ഇതു് തൃപ്തികരമായി വിശദീകരിച്ചതാണു് മഹാവിസ്ഫോടന സിദ്ധാന്തം അംഗീകൃതമായതിനു് ഒരു കാരണം.
അവലംബം
[തിരുത്തുക]- ↑ Penzias, A. A.; Wilson, R. W. (1965). "A Measurement of Excess Antenna Temperature at 4080 Mc/s". The Astrophysical Journal. 142 (1): 419–421. Bibcode:1965ApJ...142..419P. doi:10.1086/148307.
- ↑ Smoot Group (28 March 1996). "The Cosmic Microwave Background Radiation". Lawrence Berkeley Lab. Retrieved May 21, 2018.
- ↑ Smoot, G. F. (2006). "The Nobel Prize in Physics 1978". Nobel Lecture. Nobel Foundation. Retrieved May 21, 2018.
- ↑ Gamow, G. (2004) [1961]. Cosmology and Controversy: The Historical Development of Two Theories of the Universe. Courier Dover Publications. p. 40. ISBN 978-0-486-43868-9.