ഡയസ്പൊറ
പാലസ്തീൻ പ്രദേശത്തുനിന്ന് വിദേശങ്ങളിലേക്ക് യഹൂദർ നടത്തിയ കുടിയേറ്റങ്ങളെയാണ് ഡയസ്പൊറ (ഡയസ്പെറെ) എന്ന പദം കൊണ്ടർത്ഥമാക്കുന്നത്. ചിതറിപ്പോകൽ (Dispersion) എന്നർഥം വരുന്ന ഡയസ്പൊറ (Diaspora) എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഈ പദം രൂപം കൊണ്ടിട്ടുള്ളത് എന്നു കരുതപ്പെടുന്നു. ഇസ്രായേൽ രാജ്യസ്ഥാപനത്തിന്റെ ആദ്യഘട്ടത്തിൽ യഹൂദർ തങ്ങളുടെ വംശീയ ഏകത (Ethnical Unity) നിലനിർത്തിക്കൊണ്ട് പാലസ്തീനിന്റെ അതിർത്തികൾക്കുള്ളിൽ മാത്രമാണ് കഴിഞ്ഞിരുന്നത്.
വികീർണ പ്രവാസം, ചിതറിപ്പോകൽ തുടങ്ങിയ പല അർത്ഥങ്ങളിൽ ഈ വാക്കുപയോഗിക്കപ്പെടുന്നുണ്ട്. അന്യദേശങ്ങളിലേക്ക് തൊഴിലിനുവേണ്ടി നടത്തുന്ന കുടിയേറ്റങ്ങളെയും 'പ്രവാസം'കൊണ്ടാണ് മലയാളത്തിൽ കുറിക്കുന്നത്. ജന്മദേശത്തേക്ക് തിരിച്ചുവരുന്ന താൽക്കാലിക കുടിയേറ്റക്കാരാണ് ഇത്തരം പ്രവാസികൾ. ഇതിൽനിന്ന് വ്യത്യസ്തമാണ് ഡയസ്‌പെറ എന്ന അർഥത്തിലുള്ള പ്രവാസം. ഒരു ദേശത്തിൽ ഉൾപ്പെടുന്നവരോ ഒരു പൊതുസംസ്‌കാരം പങ്കുവെക്കുന്നവരോ ആയ ഒരു ജനത പലകാരണങ്ങൾ കൊണ്ട് പല ദേശങ്ങളിലായി ചിതറിപ്പോയി അവിടങ്ങളിൽ അധിവസിക്കുന്നവരായിത്തീരുന്ന അവസ്ഥയാണിത്. ജൂതരുടെ പ്രവാസമാണ് ഡയസ്‌പെറക്ക് മാതൃകയായി എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്.[1] ജൂതർക്ക് മാത്രമല്ല, അറബികൾക്കും സ്‌പാനിയാർഡുകൾക്കും ആഫ്രിക്കക്കാർക്കുമെല്ലാമുണ്ട് പ്രവാസത്തിന്റെ നീണ്ട ചരിത്രങ്ങൾ.
യഹൂദരുടെ ഒഴിഞ്ഞുപോകൽ
[തിരുത്തുക]ചരിത്രത്തിലെ അസാധാരണ ദുരവസ്ഥകളിലൊന്നായിരിന്നു ഇസ്രായേൽ ജനത്തിന്റെ വികീർണപ്രവാസം. സ്വന്തം ദേശത്തുനിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ചിതറിപ്പോയതിനെയാണ് ഡയസ്പെറ എന്നവാക്ക് സൂചിപ്പിക്കുന്നത്. റോമാക്കർ പാലസ്തീൻ എന്ന പുനർനാമകരണം നടത്തിയ ജൂദായിൽ വളരെ കുറച്ച് ജൂതർ മാത്രമാണ് അവശേഷിച്ചത്. കുറേ പേർ പീഡനം സഹിക്കാനാവാതെ പലായനം ചെയ്യപ്പെട്ടു. കുറേപേരെ അടിമകളാക്കി വിൽക്കപ്പെട്ടു. നൂറ്റാണ്ടുകൾ നീണ്ടുനിന്നു ജൂയിഷ് ഡയസ്പെറ അവർ ഭൗതികമായല്ല ആത്മീയമായാണ് അനുഭവിച്ചത്. ജന്മദേശമില്ലായ്മയെ കുറിച്ചുള്ള ബോധം അവരുടെ വിശ്വാസത്തിന്റെ കൂടി ഭാഗമായിരുന്നു. പ്രാചീന ഇസ്രായേൽ വിട്ട് ദൂരദേശങ്ങളിൽ താമസിക്കേണ്ടി വന്ന ജൂതസമൂഹങ്ങളെയാണ് ഡയസ്പെറെ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. വിശാലമായ അർഥങ്ങളുള്ള ഡയസ്പെറെ ഒരേസമയം ജീവിതരീതിയും ധൈഷണികമായ ആശയവും ആസ്തിക്യസ്ഥിതിയും മനോനിലയവുമാണ്. ആ ജീവിത വിശ്വാസ-പദ്ധതിയിലൂടെയാണ് നൂറ്റാണ്ടുകൾ നീണ്ട പ്രവാസത്തെ ഇസ്രായേൽ ജനത അതിജീവിച്ചത്.[2]
അസീറിയൻ അധിനിവേശം
[തിരുത്തുക]ബി.സി. എട്ടാം നൂറ്റാണ്ടിൽ (ബി.സി.734-721) പാലസ്തീനിന്റെ വടക്കൻ മേഖല അസ്സീറിയൻ ചക്രവർത്തി പിടിച്ചടക്കി. യുദ്ധത്തിൽ വിജയികളായ അസ്സീറിയൻ സൈനികർ യഹൂദരെ സാമ്രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് നിർബന്ധപൂർവം കൊണ്ടുപോയി. അങ്ങനെ ഇസ്രായേലിൽ വംശീയ ഏകത പുലർത്തിക്കഴിഞ്ഞിരുന്ന യഹൂദജനത ചിന്നിച്ചിതറുവാനിടയായി. വിദൂരദേശങ്ങളിലേക്കു താമസം മാറ്റിയതിനെത്തുടർന്ന് യഹൂദർ ഇതര ജനവർഗങ്ങളുമായി സമ്പർക്കം പുലർത്തിത്തുടങ്ങി.
ബാബിലോണിയൻ അധിനിവേശം
[തിരുത്തുക]ബി. സി. ആറാം നൂറ്റാണ്ടിൽ (ബി. സി. 598-587) പാലസ്തീനിന്റെ തെക്കൻ മേഖല ബാബിലോണിയൻ ചക്രവർത്തി പിടിച്ചടക്കി. അതിനെത്തുടർന്ന് തെക്കൻ മേഖലയിലെ യഹൂദരും വിദൂര ദേശങ്ങളിലേക്കു കുടിയേറിപ്പാർക്കുവാൻ നിർബന്ധിതരായിത്തീർന്നു. അനേകം യഹൂദർ നാടുകടത്തപ്പെട്ടത് ബാബിലോണിയയിലേക്കാണ്. നാടുകടത്തപ്പെട്ടവരായിരുന്നെങ്കിലും ബാബിലോണിയയിലെ യഹൂദർ തങ്ങളുടെ വംശീയ ഏകത നിലനിർത്തിപ്പോന്നു. ബി.സി. 539-ൽ പേർഷ്യൻ ആക്രമണത്തെത്തുടർന്ന് ബാബിലോണിയൻ സാമ്രാജ്യം തകർന്നപ്പോൾ അടിമത്തത്തിൽ നിന്ന് മോചനം നേടിയ യഹൂദർ തങ്ങളുടെ പൂർവദേശത്തേക്കു മടങ്ങി പലസ്തീൻ രാജ്യം പുന:സ്ഥാപിച്ചു.
മാസിഡോണിയൻ സാമ്രാജ്യം
[തിരുത്തുക]ബി. സി. 323-ൽ അലക്സാണ്ടർ ചക്രവർത്തി മാസിഡോണിയൻ സാമ്രാജ്യം സ്ഥാപിച്ചതിനെത്തുടർന്ന് ഗ്രീക്കുഭരണം നിലവിൽ വന്ന കിഴക്കൻ മേഖലകളിൽ വാണിജ്യാഭിവൃദ്ധി ഉണ്ടായതിനാൽ അവിടേക്ക് വൻതോതിൽ കുടിയേറ്റം ആരംഭിച്ചു. അതിന്റെ ഭാഗമെന്നവണ്ണം അനേകം യഹൂദരും കുടിയേറി. ബി.സി. ഒന്നാം നൂറ്റാണ്ടിൽ ടോളമി ഭരണാധികാരിയായിരുന്ന കാലത്ത് ഈജിപ്റ്റിന്റെ പല ഭാഗങ്ങളിലും യഹൂദകോളനികൾ ഉയർന്നുവന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ-അഗസ്റ്റസ് സീസർ റോമാ ചക്രവർത്തിയായിരുന്ന കാലത്ത്-സിറിയ, എഷ്യാമൈനർ, മെസപ്പൊട്ടേമിയ, കപ്പദോച്ചിയ, പോന്തൂസ്, ഫ്രീജിയ, ഗ്രീസ്, ഇറ്റലി തുടങ്ങിയ അനേകം പ്രദേശങ്ങളിൽ യഹൂദർ കുടിയേറി. ഏറ്റവും കൂടുതൽ യഹൂദർ കുടിയേറിയത് റോമാസാമ്രാജ്യത്തിലെ പ്രമുഖനഗരങ്ങളായ അലക്സാൻഡ്രിയ, അന്ത്യോഖ്യ, റോം എന്നിവിടങ്ങളിലാണ്. ഏറ്റവും സമ്പന്നവും പ്രതാപമേറിയതും ആയ യഹൂദ കോളനി അലക്സാൻഡ്രിയയിലാണു രൂപംകൊത്. സ്വയംഭരണാവകാശത്തോടുകൂടിയ നഗരപ്രദേശമായിരുന്നു അലക്സാൻഡ്രിയയിലെ യഹൂദ കോളനി. ഡയസ്പൊറക്കാരായ യഹൂദർ റോമാ സാമ്രാജ്യത്തിലെ മൊത്തം ജനസംഖ്യയിൽ പത്തുശതമാനത്തോളം ഉണ്ടായിരുന്നു.
ഡയസ്പൊറ യഹൂദർ
[തിരുത്തുക]അധ്വാനശീലരായ യഹൂദ കുടിയേറ്റക്കാർ കോളനി സ്ഥാപിച്ചിടത്തെല്ലാം ശക്തരും സമ്പന്നരും ആയി മാറി. പാലസ്തീനിലെ യഹൂദർ യാഥാസ്ഥിതികരായി തുടർന്നപ്പോൾ ഡയസ്പൊറക്കാരായ യഹൂദർ കുറേക്കൂടി ഉത്പതിഷ്ണമനസ്ഥിതിയോടെ മറ്റു ജനവിഭാഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു. ഡയസ്പൊറക്കാർ അധികവും ഗ്രീക്കുഭാഷയാണു സംസാരിച്ചിരുന്നത്. ഗ്രീക്കു നാമധേയങ്ങളും അവർ സ്വീകരിച്ചു. അവരിൽ അധികംപേരും വാണിജ്യപ്രവർത്തനങ്ങളിലാണേർപ്പെട്ടിരുന്നത്. പലസ്തീൻ യഹൂദരെക്കാൾ സമ്പന്നരായി. ഡയസ്പൊറ യഹൂദർ സമ്പത്തിന്റെ പിൻബലം കൊണ്ട് തങ്ങൾ നിവസിച്ചിരുന്ന പ്രദേശങ്ങളിലെ രാജാക്കന്മാരുടേയും മറ്റു ഭരണാധികാരികളുടേയും സൗഹൃദം നേടിയെടുത്തു. അലക്സാൻഡ്രിയയിലാണെങ്കിൽ അവിടത്തെ സ്വദേശികളെക്കാൾ കൂടുതൽ പ്രാമാണ്യം വാണിജ്യരംഗത്തും ഭരണരംഗത്തും ഡയസ്പൊറക്കാർ നേടി. എന്നാൽ സൈനികസേവനത്തിൽ നിന്ന് യഹൂദരെ മാറ്റി നിർത്തുവാൻ റോമൻ ഭരണാധികാരികൾ ശ്രദ്ധിച്ചു. റോമാക്കാരുടെ സൈനിക ചിഹ്നത്തെ വിഗ്രഹങ്ങളായി യഹൂദർ വ്യാഖാനിച്ചതാണ് ഇതിനു കാരണം. ആദ്യകാലങ്ങളിൽ യഹൂദർക്ക് റോമാസാമ്രാജ്യത്തിലെ പൗരത്വവും നൽകിയിരുന്നില്ല. എന്നാൽ ഏ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഡയസ്പൊറ യഹൂദർക്ക് റോമൻ പൗരത്വം ലഭിച്ചു തുടങ്ങി.
സാഹിത്യ സംഭാവനകൾ
[തിരുത്തുക]പൊതുവേ യവന(ഗ്രീക്കു) സംസ്കാരത്തിന്റെ മധ്യത്തിലാണ് ഡയസ്പൊറ യഹൂദർ കഴിഞ്ഞിരുന്നത്. അക്കാരണത്താൽ ഗ്രീക്കു സംസ്കാരവും യഹൂദസംസ്കാരവും തമ്മിലുള്ള ഒരു തരം സങ്കലനം അവിടങ്ങളിലെല്ലാം ഉണ്ടായി. അക്കാലത്ത് ഏറ്റവും പ്രധാന യവന സംസ്കാര കേന്ദ്രമായിരുന്ന അലക്സാൻഡ്രിയ, ഒരു പ്രമുഖ യഹൂദ സംസ്കാര കേന്ദ്രമായും അറിയപ്പെട്ടു. പ്രശസ്തരായ അനേകം യഹൂദപണ്ഡിതന്മാർ ഇവിടെ ഉണ്ടായിരുന്നു. ബൈബിൾ പഴയ നിയമത്തെ ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയതുൾപ്പെടെ പല സംഭാവനകളും അവർ സാഹിത്യത്തിനു നൽകി.
ആധ്യാത്മിക നേതൃത്വം
[തിരുത്തുക]യവന സംസ്കാരവുമായി ഇണങ്ങിച്ചേർന്നുവെങ്കിലും തങ്ങളുടെ ആധ്യാത്മിക നേതൃത്വത്തിനായി ഡയസ്പൊറ യഹൂദർ നോക്കിയത് പലസ്തീനിയൻ യഹൂദരെ ആയിരുന്നു. അതിനാൽ, മതപരമായ കാര്യങ്ങളിൽ അവർ സദാ ജെറുസലേമുമായി ബന്ധം പുലർത്തി. പലസ്തീനിയൻ എന്നോ ഡയസ്പൊറ എന്നോ ഉള്ള വ്യത്യാസം കൂടാതെ, യഹൂദരെല്ലാം ഒന്നാണെന്ന ചിന്ത വളർത്തുവാൻ ഈ നിലപാട് സഹായിച്ചു. ബലി അർപ്പണം എന്ന ഏറ്റവും ശ്രേഷ്ഠമായ മതാനുഷ്ഠാനം ജെറുസലേം ദേവാലയത്തിൽ മാത്രമേ സാധ്യമാകൂ എന്ന യഹൂദ വിശ്വാസം ഡയസ്പൊറയെ ജെറുസലേമുമായി നിരന്തരബന്ധം പുലർത്തുവാൻ പ്രേരിപ്പിച്ചു. ഡയസ്പൊറയിൽ സ്ഥാപിക്കപ്പെട്ട ജൂതദേവാലയങ്ങളെ (Synagogue)[3] സാധാരണ പ്രാർഥനകൾക്കു വേണ്ടി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. റോമൻ ആക്രമണത്തിന്റെ ഫലമായി ജെറുസലേം തകർന്നതിനു ശേഷവും യഹൂദ മതത്തെ നിലനിർത്തുന്ന കാര്യത്തിൽ ഡയസ്പൊറ സിനഗോഗുകൾ വലുതായൊരു പങ്കുവഹിച്ചു.
യഹൂദ വിരുദ്ധ മനോഭാവം
[തിരുത്തുക]ഡയസ്പൊറ പ്രദേശങ്ങളിൽ യഹൂദ വിരുദ്ധ മനോഭാവം വളർന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്. യഹൂദ കോളനികളിൽ നിലനിന്ന ഒത്തൊരുമയും അവരുടെ സമ്പൽസമൃദ്ധിയും തദ്ദേശവാസികളുടെ മനസ്സിൽ വിദേശികളോടുള്ള ഒരു തരം ഭയം (Xenophobia) വളർത്തി. യഹൂദർ തങ്ങളുടെ മേൽ ആധിപത്യം പുലർത്തിയേക്കുമോ എന്ന ഭയം തദ്ദേശീയർക്കുണ്ടായി. അതിന്റെ ഫലമായി അന്ത്യോഖ്യ. അലക്സാൻഡ്രിയ, കേസറിയ തുടങ്ങിയ നഗരങ്ങളിൽ യഹൂദവിരുദ്ധ ലഹളകൾ ഉണ്ടാവുക പതിവായിരുന്നു.
സാമൂഹ്യശാസ്ത്രപഠനത്തിൽ
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം മുതൽ ഈ പദം അക്കാദമിക് പഠനങ്ങളിൽ ധാരാളമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ലോകത്തിലെമ്പാടുമുള്ള ഡയസ്പോറകളെ കുറിച്ചു് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ http://www.madhyamam.com/weekly/143
- ↑ ലോകരാജ്യങ്ങൾ 1 (ഏഷ്യ,ഒഷ്യാനിയ) പേജ് 229, ഡിസി ബുക്സ്
- ↑ http://www.jewfaq.org/shul.htm The synagogue is the Jewish equivalent of a church, more or less.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- http://dictionary.reference.com/browse/diaspora
- http://www.jewishvirtuallibrary.org/jsource/History/Diaspora.html
- http://www.thefreedictionary.com/Diaspora
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയസ്പൊറ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |