ജോ വാൻ ഫ്ലീറ്റ്
ജോ വാൻ ഫ്ലീറ്റ് | |
---|---|
ജനനം | Catherine Josephine Van Fleet[1] ഡിസംബർ 29, 1915 ഓക്ലാൻഡ്, കാലിഫോർണിയ, യു.എസ്. |
മരണം | ജൂൺ 10, 1996 ജമെയ്ക്ക, ന്യൂയോർക്ക്, യു.എസ്. | (പ്രായം 80)
തൊഴിൽ | നടി |
സജീവ കാലം | 1954–1986 |
ജീവിതപങ്കാളി(കൾ) | വില്ല്യം ബെയ്ൽസ്
(m. 1946; died 1990) |
കുട്ടികൾ | 1 |
കാതറിൻ ജോസഫിൻ വാൻ ഫ്ലീറ്റ് (ജീവിതകാലം: ഡിസംബർ 29, 1915[1] - ജൂൺ 10, 1996) അമേരിക്കൻ ഐക്യനാടുകളിൽനിന്നുള്ള ഒരു നാടക, ചലച്ചിത്ര, ടെലിവിഷൻ നടിയായിരുന്നു. പ്രധാനമായും തന്നേക്കാൾ പ്രായം കൂടിയ വേഷങ്ങളിൽ അഭിനയിച്ചിരുന്ന അവരുടെ അഭിനയജീവിതം ഏതാണ്ട് മൂന്ന് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിൽക്കുകയും ഇക്കാലയളവിൽ ഓസ്കാർ, ടോണി പുരസ്കാരങ്ങൾ നേടുകയും ചെയ്തു.[2]
ആദ്യകാലം
[തിരുത്തുക]കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ റോയ് വാൻ ഫ്ലീറ്റിന്റെയും എലിസബത്ത് "ബെസ്സി" കാതറിന്റെയും (മുമ്പ്, ഗാർഡ്നർ) പുത്രിയായി ജനിച്ചു.
ഔദ്യോഗികജീവിതം
[തിരുത്തുക]1946 മുതൽ ദി വിന്റർസ് ടേലിൽ ഡോർകസ് എന്ന കഥാപാത്രത്തേയും 1950 ൽ കിംഗ് ലിയറിൽ[3] റീഗൻ എന്ന കഥാപാത്രത്തേയും അവതരിപ്പിച്ച വാൻ ഫ്ലീറ്റ് ബ്രോഡ്‌വേയിൽ നിരവധി വർഷങ്ങൾ ശ്രദ്ധേയയായ ഒരു നാടക നടിയായി അറിയപ്പെടുന്നതിൽ വിജയംവരിച്ചു. 1954 ൽ ഹോർട്ടൺ ഫൂട്ടിന്റെ ദ ട്രിപ്പ് ടു ബൗണ്ടിഫുൾ എന്ന നാടകത്തിൽ സഹതാരങ്ങളായ ലില്ലിയൻ ഗിഷ്, ഇവാ മേരി സെയിന്റ് എന്നിവരോടൊപ്പം ജെസി മേ വാട്സ് എന്ന വേഷം അവതരിപ്പിച്ചുകൊണ്ട് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി പുരസ്കാരം നേടി.
വേദിയിലെ വിജയത്തിന് ശേഷം സംവിധായകൻ എലിയ കസാൻ അവരെ ഹോളിവുഡ് സ്‌ക്രീനിലേയ്ക്ക് അവതരിപ്പിച്ചു. 1952 ലെ ഫ്ലൈറ്റ് ടു ഈജിപ്റ്റ്, 1953 ലെ കാമിനോ റിയൽ എന്നിവ വേദിയിൽ സംവിധാനം ചെയ്ത കസാൻ, ജോൺ സ്റ്റെയ്ൻബെക്കിന്റെ ഈസ്റ്റ് ഓഫ് ഈഡന്റെ (1955) ചലച്ചിത്രാവിഷ്കാരത്തിൽ കാതി അമേസ് എന്ന കഥാപാത്രമായി അവരെ അവതരിപ്പിക്കുകയും ഇത് ജോ വാൻ ഫ്ലീറ്റിന്റെ സിനിമാ അരങ്ങേറ്റമായിത്തീരുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടി. 1960-കളിൽ അവരുടെ ചലച്ചിത്രപ്രവർത്തനങ്ങൾ സുസ്ഥിരമായിരുന്നതോടൊപ്പം ദി റോസ് ടാറ്റൂ (1955), ഐൽ ക്രൈ ടുമാറോ (1955), ദി കിംഗ് ആൻഡ് ഫോർ ക്വീൻസ് (1956), ഗൺഫൈറ്റ് അറ്റ് ഒ.കെ. കോറൽ (1957) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എന്നിരുന്നാലും, പ്രതീക്ഷിച്ചതുപോലെ അവർക്ക് കരിയരിൽ ഉയർച്ച ലഭിച്ചില്ല..
1958 ൽ, ലുക്ക് ഹോംവാർഡ്, ഏഞ്ചൽ എന്ന നാടകത്തിലെ അഭിനയത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതിൽ ആന്റണി പെർകിൻസിന്റെ കഥാപാത്രത്തിന്റെ ദുരമൂത്ത മാതാവായി അഭിനയിച്ചു. അവളുടെ പിന്നീടുള്ള വേഷങ്ങളിൽ വൈൽഡ് റിവർ (1960) എന്ന സിനിമയും ഉൾപ്പെടുന്നു. 44 വയസ് മാത്രമാണെങ്കിലും, വാൻ ഫ്ലീറ്റ് എല്ലാ ദിവസവും രാവിലെ ഏകദേശം അഞ്ച് മണിക്കൂർ അവളുടെ മേക്കപ്പിനുവേണ്ടി ചെലവഴിക്കുകയും 89 വയസ്സുള്ള ഒരു തറവാട്ടമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നതിനായി ശരീരത്തിൽ ചുളിവുകൾക്കായുള്ള മേക്കപ്പ് പ്രയോഗിക്കുകയും ചെയ്തിരുന്നു.[4] റോജേഴ്സ് ആന്റ് ഹമ്മർസ്റ്റൈന്റെ സിൻഡ്രെല്ലയിലെ (1965) ദുഷ്ടയായ രണ്ടാനമ്മ, കൂൾ ഹാൻഡ് ലൂക്ക് (1967) എന്ന ചിത്രത്തിലെ പോൾ ന്യൂമാന്റെ കഥാപാത്രത്തിന്റെ അമ്മ, ഐ ലവ് യു, ആലീസ് ബി. ടോക്ലാസ് (1968) എന്ന ചിത്രത്തിലെ അമ്മ എന്നിവയാണ് ജോ വാൻ ഫ്ലീറ്റിന്റെ മറ്റ് പ്രധാന വേഷങ്ങൾ.
ടെലിവിഷനിൽ വാൻ ഫ്ലീറ്റ് അഭിനയിച്ച പരമ്പരകളിൽ നേക്കഡ് സിറ്റി, ത്രില്ലർ, ബോണാൻസ, ദി വൈൽഡ് വൈൽഡ് വെസ്റ്റ്, പോലീസ് വുമൺ എന്നിവ ഉൾപ്പെടുന്നു. 1956-ൽ ആൽഫ്രഡ് ഹിച്ച്കോക്ക് പ്രസന്റ്സ് എന്ന പരമ്പരയിലെ "ഷോപ്പിംഗ് ഫോർ ഡെത്ത്" എന്ന എപ്പിസോഡിലെ പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ള കഥാപാത്രമായ മിസിസ് ശ്രൈക്കിന്റെ ചിത്രീകരണമാണ് ടെലിവിഷനിലെ അവരുടെ ഏറ്റവും വികാരാധീനമായ നാടകീയ പ്രകടനം.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 The birth of Jo Van Fleet, californiabirthindex.org; accessed September 2, 2015.
- ↑ Vallance, Tom. Obituary: Jo Van Fleet, The Independent, June 20, 1996; accessed November 21, 2013
- ↑ Vallance, Tom. Obituary: Jo Van Fleet, The Independent, June 20, 1996; accessed November 21, 2013
- ↑ Vallance, Tom. Obituary: Jo Van Fleet, The Independent, June 20, 1996; accessed November 21, 2013
- ↑ "Shopping for Death", S1E18, Alfred Hitchcock Presents, originally broadcast January 29, 1956. Internet Movie Database (IMDb), a subsidiary of Amazon, Seattle, Washington. Retrieved May 29, 2018.