Jump to content

ഗുരു ഗ്രന്ഥ് സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു ഗ്രന്ഥ സാഹിബ്
ഗുരു ഗ്രന്ഥ സാഹിബ്
മുൻഗാമിഗുരു ഗോബിന്ദ് സിങ്

സിഖ് മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ്‌ ഗുരു ഗ്രന്ഥ സാഹിബ്. ഇത് ആദിഗ്രന്ഥ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1469 മുതൽ 1708 വരെയുള്ള കാലയളവിൽ ഉള്ള, ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസസംഹിതകളാണിതിൽ ഉള്ളത്. ഈ ഗ്രന്ഥത്തിൽ 1430 ഓളം പദ്യങ്ങൾ ഉണ്ട്. ദൈവനാമം വാഴ്‌ത്തുന്ന വാണി എന്നറിയപ്പെടുന്ന ശ്ലോകങ്ങളുടെ ഒരു വലിയ ശേഖരമാണ്‌ ഗുരു ഗ്രന്ഥ സാഹിബ്. 1666–1708 കാലയളവിൽ ജീവിച്ചിരുന്ന സിഖ് ഗുരുക്കന്മാരിൽ പത്താമനായ ഗുരു ഗോവിന്ദ് സിംഗ് ഈ പുസ്തകത്തെ വിശുദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചു. 1706 - ഇൽ ആയിരുന്നു ഈ പ്രഖ്യാപനം.

ഉള്ളടക്കം

[തിരുത്തുക]

ഗുരുനാനാക്ക് തന്റെ ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത ദൈവഹിതമനുസരിച്ചുള്ള ജീവിതചര്യയും പ്രാർത്ഥനകളുമാണ്‌ ഗുരു ഗ്രന്ഥ സാഹിബിന്റെ പ്രധാന ഉള്ളടക്കം. എന്നാൽ പിന്നീട് ഒട്ടുമിക്ക ഗുരുക്കന്മാരുടെ ചിന്താധാരകളും ഇതിൽ ചേർക്കപ്പെടുകയായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം, മോചനത്തിന്റെ പാതയിൽ ജാതി, വംശം, ലിംഗം എന്നീ വിവേചനങ്ങൾ അപ്രധാനമാണെന്ന് എന്ന വിലയിരുത്തൽ തുടങ്ങി ഒട്ടനവധി നൂതന ചിന്താധാരകൾ ഇതിൽ ഉൾക്കൊള്ളുന്നു. സിഖിമിൽ ഒരുകാലത്തുണ്ടായിരുന്ന ഉയർന്ന ആദ്യാത്മികചിന്തയെ എടുത്തുകാട്ടുന്നതാണ്‌ ഗുരു ഗ്രന്ഥ സാഹിബ് എന്ന വിശുദ്ധഗ്രന്ഥം.

ക്രോഡീകരണം

[തിരുത്തുക]

സിഖ് ഗുരുക്കന്മാരിൽ രണ്ടാമനായ ഗുരു അംഗദ് ഗുരുനാനാക്കിന്റെ വചനങ്ങളെ ക്രോഡീകരിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഗുരു പരമ്പരയിൽ അഞ്ചാമനായ, 1563–1606 കാലയളവിൽ ജീവിച്ചിരുന്ന ഗുരു അർജുന ദേവ് ആണ്‌ 1604 -ഇൽ ഇത് ആദ്യമായി ക്രോഡീകരിക്കുന്നതിൽ വിജയിച്ചത്. തന്റെ മുൻ‌ഗാമികളുടേയും മറ്റു സന്യാസികളുടേയും ചിന്താധാരകൾ ഹിന്ദു, മുസ്ലീം വിശ്വാസപ്രമാണങ്ങളിലെ നല്ലവശങ്ങൾ എന്നിവയൊക്കെ കോർത്തിണക്കി അനേകം ശ്ലോകങ്ങൾ അദ്ദേഹം ഈ വിശുദ്ധഗ്രന്ഥത്തിൽ ചേർത്തു. പിന്നീട് ഇതിനെ ഒരു വിശുദ്ധഗ്രന്ഥത്തിന്റെ ചിട്ടവട്ടങ്ങളിലേക്ക് മാറ്റിയെടുത്തത് ഗുരു ഗോവിന്ദ സിംഗായിരുന്നു. അദ്ദേഹത്തെ തുടർന്നുവന്ന ബാബ ദീപ് സിംഗ് ഈ വിശുദ്ധഗ്രന്ഥത്തിന്റെ നിരവധി പകർപ്പുകൾ ഉണ്ടാക്കുകയും വിതരണം ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു.

ശാരദ ലിപിയുടെ ഒരു വകഭേദമായ ഗുരുമുഖി എന്നറിയപ്പെടുന്ന ലിപിയിൽ ആണിത് എഴുതിയിരിക്കുന്നത്. ഈ ലിപി ഗുരു ഗ്രന്ഥ സഹിബിനായി തെരഞ്ഞെടുത്തത് ഗുരുപരമ്പരയിലെ രണ്ടാമനായ ഗുരു അംഗദ് ആയിരുന്നു. ഗുരു ഗ്രന്ഥ സാഹിബ് നിത്യപാരായണം ചെയ്യുന്നയാൾ ആദി ഗ്രന്ഥി എന്നാണറിയപ്പെടുന്നത്.