Jump to content

കൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൂലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൂലി (വിവക്ഷകൾ) എന്ന താൾ കാണുക. കൂലി (വിവക്ഷകൾ)
ടൈൽ ഫാക്ടറിയിലെ ജോലിക്കാർ (1873 - 1902)

ഒരു തൊഴിൽ ചെയ്യുന്നതിന്റെ പ്രതിഫലമായി തൊഴിലാളിക്ക് ലഭിക്കുന്ന വേതനത്തെ കൂലി എന്നു വിളിക്കുന്നു. എഴുത്ത്കൂലി, അട്ടിമറിക്കൂലി ദിവസക്കൂലി, കെട്ട്കൂലി, കൈകൂലി, നോക്കുകൂലി, കവാടംകൂലി, കടത്ത്കൂലി എന്നിങ്ങനെ നിയമവിധേയവും അല്ലാത്തതുമായ വിവിധ തരം കൂലികൾ നിലവിലുണ്ട്.

എഴുത്ത്കൂലി

[തിരുത്തുക]

വസ്തുവിന്റെയും മറ്റും പ്രമാണങ്ങളോ, സമ്മതപത്രങ്ങളോ എഴുതുന്നതിന് ആധാരമെഴുത്തുകാർ ഈടാക്കുന്ന കൂലിയെ എഴുത്ത്കൂലി എന്നു വിളിക്കുന്നു.

അട്ടിമറിക്കൂലി

[തിരുത്തുക]

ചരക്കുവാഹനങ്ങളിൽ ചുമടുകൾ അടുക്കിവെക്കുന്നതിന് ചുമട്ട് തൊഴിലാളികൾ ഈടാക്കുന്ന കൂലിയെ അട്ടിമറിക്കൂലി എന്നു വിളിക്കുന്നു.

കൈകൂലി

[തിരുത്തുക]

അർഹമായതോ അല്ലാത്തതോ ആയ കാര്യപ്രാപ്തിക്കുവേണ്ടി നൽകുന്ന നിയമസാധുതയില്ലാത്ത ഒരു വേതനമാണിത്.

ദിവസക്കൂലി

[തിരുത്തുക]

ഒരു നിശ്ചിത ജോലി ഒരു ദിവസം ചെയ്യുന്നതിന് നൽകേണ്ടുന്ന കൂലിയാണിത്.

കടത്ത്കൂലി

[തിരുത്തുക]

ഒരു സ്ഥലത്തു നിന്നും മറ്റോരു സ്ഥലത്തേക്ക് ചരക്കുകൾ എത്തിക്കുന്നതിന് തൊഴിലാളികൾ ഈടാക്കുന്ന കൂലിയാണിത്. ഒരു കടവിൽ നിന്നും മറ്റൊരു കടവിലേക്ക് സാ‍ധനങ്ങൾ എത്തിക്കുന്നതിന് തോണിക്കാർക്ക് നൽകേണ്ടുന്ന കൂലിയും ഇതേ പേരിൽ അറിയപ്പെടുന്നു.

നോക്കുകൂലി

[തിരുത്തുക]

അംഗീകൃത ചുമട്ട് തൊഴിലാളികളല്ലാത്തവരെക്കൊണ്ട് കയറ്റിറക്ക് ജോലികൾ നടത്തുമ്പോഴും ആധുനിക യന്ത്രങ്ങൾ (ജെസിബി ക്രെയിൻ ടിപ്പർ മുതലായവ) ഉപയോഗിച്ചും കയറ്റിയിറക്കു നടത്തുമ്പോൾ ആ പ്രദേശത്തെ തൊഴിലാളി യൂണിയന് കൊടുക്കേണ്ട കൂലിയാണ് നോക്ക്‌കൂലി. കേരളത്തിൽ മാത്രം നിലവിലുള്ള ഒരു സമ്പ്രദായമാണ് ഇത്. ഒരു സ്ഥലത്തെ തൊഴിൽ ആ പ്രദേശത്തുള്ള തൊഴിലാളികളുടെ അവകാശമാണ് എന്നും അന്യർ ആ ജോലി ചെയ്യുന്നെങ്കിൽ തങ്ങൾക്ക് നഷ്ടമായ ജോലിയുടെ വേതനം നല്കണം എന്നതാണ് നോക്കുകൂലി സമ്പ്രദായത്തിന്റെ യുക്തിപരമായ അധിഷ്ഠാനം. എന്നാൽ ഇതിന് നിയമപരമായ സാധൂകരണമില്ല. ചുമട്ട് തൊഴിലാളികളുടെ വീക്ഷണത്തിൽ ഇത് ഒരു നഷ്ടപരിഹാരമാണെന്ന് വാദവുമുണ്ട്. പ്രബലതൊഴിലാളി സംഘടനകളിൽ നിന്നും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയപാർട്ടികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും എന്നതിനാൽ സ്ഥാപനങ്ങളുടെ ഉടമകൾ ഇതിനു കീഴടങ്ങേണ്ടി വന്നു[അവലംബം ആവശ്യമാണ്]. വ്യാപാരിസംഘടന ഇതിനെതിരെ നിലപാട് കൈക്കൊണ്ടെങ്കിലും പിന്നീട് പിൻവാങ്ങുകയാണ് ചെയ്തത്[അവലംബം ആവശ്യമാണ്]. സമീപകാലത്ത് നോക്ക്‌കൂലിയുമായി ബന്ധപ്പെട്ട ചില തർക്കങ്ങൾ കേരളത്തിൽ മാദ്ധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. മാർക്സിസറ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും തൊഴിലാളി യൂണിയൻ നേതാക്കളും നോക്ക്‌കൂലിയെ വിമർശിച്ചിട്ടുണ്ടെങ്കിലും[1] പലയിടങ്ങളിലും ഇത് ഇപ്പോഴും തുടരുകയാണെന്ന് വിമർശനമുണ്ട്.[2] പോലീസ്‌ എംപ്ലോയീസ്‌ അസ്സോസിയേഷൻ ചെറുതോണിയിൽ പണിയുന്ന ഓഫീസിനുവേണ്ടി ടിപ്പർലോറിയിൽനിന്ന്‌ കട്ട ഇറക്കിയവകയിൽ ചുമട്ടുതൊഴിലാളികൾ നോക്കുകൂലി വാങ്ങി. കട്ട ഇറക്കിയപ്പോൾത്തന്നെ തൊഴിലാളികൾ എത്തി നോക്കുകൂലി ആവശ്യപ്പെട്ടിരുന്നു[അവലംബം ആവശ്യമാണ്]. പോലീസുകാരിൽ നിന്ന് വരെ നോക്കുകൂലി വാങ്ങുന്ന സ്ഥിതിഗതിയിലേക്ക് കേരളത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു. അടുത്തിടെ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് വന്ന വാഹനം തടഞ്ഞ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ കേരള ഹൈക്കോടതി ശക്തമായി വിമർശിക്കുകയുണ്ടായി.

കെട്ട്കൂലിയും കവാടംകൂലിയും

[തിരുത്തുക]

ചരക്കുവണ്ടികളിൽ താർപ്പായി കെട്ടുന്നതിന് ഈടാക്കുന്ന കൂലിയെ കെട്ട്കൂലിയെന്നും, തുറമുഖത്ത് ചരക്ക് നീക്കത്തിനായ് പ്രവേശിക്കുന്ന ഓരോ വണ്ടിക്കും തൊഴിലാളിയൂണിയനിലേക്ക് നൽകേണ്ടുന്ന കൂലിയെ കവാടംകൂലിയെന്നും വിളിക്കുന്നു.[3] കേരളത്തിലാണ്‌ ഇത് വ്യാപകമായി നടക്കുന്നത്. അടുത്തിടെ കെട്ടുകൂലിയുടെ പേരിൽ കൊച്ചി തുറമുഖത്തെ തൊഴിലാളികൾ നടത്തിയ നാല്‌ കോടിയുടെ തട്ടിപ്പ്‌ കേസിൽ നേതാക്കളും പ്രതികളായിരുന്നു.

കെട്ടുകൂലി കുംഭകോണം

[തിരുത്തുക]

നാല്‌ കോടി 86 ലക്ഷത്തിന്റെ തട്ടിപ്പാണ്‌ ഇപ്പോൾ വെളിച്ചത്തു വന്നിരിക്കുന്നതെ.കെട്ടുകൂലിയുടെ പേരിൽ പിരിച്ച തുകയിൽ നാല്‌ കോടി 86 ലക്ഷത്തോളം രൂപ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയേ്‌ക്കണ്ടിയിരുന്നതാണ്‌. ബന്ധപ്പെട്ടവർ അതിൽ വീഴ്‌ച വരുത്തിയാണ്‌ 2002-04 കാലയളവിൽ ഇത്രയും തുകയുടെ തട്ടിപ്പ്‌ നടത്തിയിട്ടുള്ളത്‌. കുറ്റകരമായ വിശ്വാസവഞ്ചനയാണ്‌ പ്രതികളിൽ ക്രൈംബ്രാഞ്ച്‌ ചുമത്തിയിട്ടുള്ളത്‌. ഇക്കഴിഞ്ഞ 22ന്‌ സജാദ്‌, ഗിയാഫ്‌ എന്നീ പ്രതികളെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കെട്ടുകൂലിയുടെ പേരിൽ ലോറി ഉടമകൾക്ക്‌ നൽകുന്ന രശീതിൽ ശരിയായ തുകയാണ്‌ എഴുതിയിരുന്നത്‌. എന്നാൽ ക്ഷേമനിധി ബോർഡിലേക്ക്‌ നൽകുന്ന തുക കുറച്ച്‌ എഴുതിയാണ്‌ തട്ടിപ്പ്‌ നടത്തിയതെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി.

കൂടുതൽ അറിവിന്

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "മനോരമ ദിനപത്രത്തിന്റെ ഓൺലൈൻ എഡിഷനിലെ പത്ര വാർത്ത". Archived from the original on 2008-05-02. Retrieved 2008-05-18.
  2. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=3910397&tabId=11&contentType=EDITORIAL&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  3. ദ ഹിന്ദു ബിസിനസ് ലൈൻ
"https://ml.wikipedia.org/w/index.php?title=കൂലി&oldid=3803186" എന്ന താളിൽനിന്ന് ശേഖരിച്ചത്