Jump to content

ഈയം പൂശൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിന്നിനുൾവശത്തെ തകരം പൂശിയ ഭാഗം

പിത്തള പാത്രങ്ങളിൽ പുളി പോലെ രാസഗുണമുള്ള ഭക്ഷണപദാർത്ഥങ്ങൾ പാചകം ചെയ്യുമ്പോൾ പാത്രങ്ങൾക്ക് രാസമാറ്റം വരാതിരിക്കാൻ തകരം (Tin) ഉരുക്കി പൂശുന്ന പ്രക്രിയയെ ഈയം പൂശൽ എന്നു പറയുന്നു.

പാത്രങ്ങളിൽ വിഷാംശം അടിയാതെ സൂക്ഷിക്കൽ

[തിരുത്തുക]

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈയം പൂശൽ ഒരു കുലത്തൊഴിലായിട്ടാണ് പരിഗണിച്ചിരുന്നത്. പിത്തള, ചെമ്പ്, ഓട് പോലുള്ള ലോഹങ്ങളാൽ നിർമ്മിതമായ പാത്രങ്ങളിൽ പുളി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കുറേ ദിവസങ്ങൾ സൂക്ഷിച്ചു വച്ചിരുന്നാൽ, കാലക്രമേണ ആ പാത്രങ്ങളിൽ വിഷാംശമുള്ള പച്ച നിറത്തിലുള്ള ഒരു പടലം രൂപം കൊള്ളുന്നതായി കാണാം. ചെമ്പു പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ, കോപ്പറും കാർബൺ ഡൈ ഓക്‌സൈഡും കൂടിച്ചേർന്ന് കുപ്രിക് കാർബണേറ്റ് ഉണ്ടാകും. [1]

പഞ്ചലോഹ നിർമ്മിതമായ പാത്രങ്ങൾ

[തിരുത്തുക]

സ്വർണ്ണം, വെള്ളി, ചെമ്പ്, പിത്തള, ഓട് എന്നീ ലോഹങ്ങൾ പഞ്ചലോഹങ്ങൾ എന്നറിയപ്പെടുന്നു. സ്വർണ്ണവും വെള്ളിയും വിലകൂടിയ ലോഹങ്ങളായതു കൊണ്ട് ചെമ്പും, പിത്തളയും, ഓടും പാത്ര നിർമ്മാണത്തിന് പരക്കെ ഉപയോഗിച്ചു വന്നു. പാത്രനിർമ്മാണ രംഗത്ത് സ്റ്റെയിൻലസ് സ്റ്റീൽ പ്രചാരത്തിൽ വന്നത് ഏതാനും ദശകങ്ങൾക്കു മുമ്പ് മാത്രമാണ്. ചെമ്പ് കൂടുതൽ ചൂട് താങ്ങുന്ന ലോഹമാണ്. പക്ഷേ പെട്ടെന്ന് ക്ലാവ് പിടിക്കുമെന്ന ദോഷവുമുണ്ട്. രണ്ട് പങ്ക് ചെമ്പും ഒരു പങ്ക് നാകവും ചേർത്തുണ്ടാക്കുന്ന പിത്തളപ്പാത്രങ്ങൾ ഇപ്പോഴും വ്യാപകമായി ഉപയോഗത്തിലുണ്ട്. പിത്തള പാത്രങ്ങളിലും പുളി പോലെയുള്ള രാസഗുണമുള്ള ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിച്ചു വച്ചാൽ അത് ക്ലാവു പിടിക്കാൻ കാരണമാകും. ഈയം പൂശൽ എന്ന പേർ ഉപയോഗിച്ചാലും, യഥാർത്ഥത്തിൽ തകരം (Tin) പൂശുന്നതിനെയാണ് ഈയം പൂശൽ എന്നു വിളിക്കുന്നത്. ഈയം (Lead) വിഷാംശം കൂടുതലായുള്ള ലോഹമായതു കൊണ്ട്, ഭക്ഷണ പദാർത്ഥങ്ങൾക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന തകരമാണ് പാത്രങ്ങളിൽ പൂശാനായി ഉപയോഗിക്കുന്നത്. പഴങ്ങളും, പഴച്ചാറുകളും, ബിസ്‌കറ്റും, അതു പോലെ മറ്റു പല ഭക്ഷണ സാധനങ്ങളും തകരപ്പാത്രങ്ങളിൽ പൊതിഞ്ഞുവിൽക്കുന്നതിന് ഇതാണ് കാരണം.

തകരം ഇരുമ്പിനോട് നന്നായി യോജിക്കുന്ന ലോഹമാണ്. ഈയത്തിനെയും, സിങ്കിനെയും, ഉരുക്കിനെയും പൊതിഞ്ഞ് തുരുമ്പിക്കലിൽ നിന്ന് സംരക്ഷിക്കാൻ തകരമുപയോഗിക്കാറുണ്ട്. ഉരുക്കിൽ തകരം പൊതിഞ്ഞ പാത്രങ്ങൾ ഭക്ഷണം സൂക്ഷിച്ചു വയ്ക്കാൻ ഉപയോഗിക്കാറുണ്ട്. തകരലോഹത്തിന്റെ ഏറിയ പങ്ക് ഉപയോഗവും ഈ ആവശ്യത്തിനാണ്. 1812-ൽ ലണ്ടനിലാണ് ഇത്തരത്തിൽ ഈയം പൂശിയ പാത്രം ആദ്യമായി ഭക്ഷണം സൂക്ഷിക്കാനായി വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് തുടങ്ങിയത്.[2] ബ്രിട്ടീഷ് ഇംഗ്ലീഷ് ഉപയോഗിക്കുന്നവർ പൊതുവെ ഇത്തരം പാത്രങ്ങളെ ടിന്നുകൾ എന്നാണ് വിളിക്കുന്നത്. അമേരിക്കൻ ഇംഗ്ലീഷിൽ ഇത് "ടിൻ കാൻ" എന്നായി മാറും. ടിൻ വിസിൽ തകരം പൂശിയ ഉരുക്കുപയോഗിച്ചാണ് നിർമ്മിക്കുന്നത്. [3][4]

അവലംബം

[തിരുത്തുക]
  1. "വെബ് ലോകം, ലേഖനം കാണുക". Archived from the original on 2016-03-05. Retrieved 2012-06-13.
  2. Education in chemistry. 32: 92– http://books.google.com/books?ei=bHaHTs_QOszFtAaA_d3gAQ&ct. {{cite journal}}: Missing or empty |title= (help)
  3. Control, Tin Under. Tin Under Control. pp. 10–15. ISBN 978-0-8047-2136-3.
  4. Panel On Tin, National Research Council (U.S.). Committee on Technical Aspects of Critical and Strategic Materials (1970). Trends in the use of tin. pp. 10–22.
"https://ml.wikipedia.org/w/index.php?title=ഈയം_പൂശൽ&oldid=3625390" എന്ന താളിൽനിന്ന് ശേഖരിച്ചത്