ആർക്കിയോപ്റ്റെറിക്സ്
Archaeopteryx | |
---|---|
The Berlin specimen | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Family: | †Archaeopterygidae |
Genus: | †Archaeopteryx Meyer, 1861 |
Species: | †A. lithographica
|
Binomial name | |
†Archaeopteryx lithographica Meyer, 1861 [nomen conservandum]
| |
Synonyms | |
Genus synonymy
Species synonymy
|
പക്ഷിയെ പോലെ ഇരിക്കുന്ന ദിനോസറാണ് ആർക്കിയോപ്റ്റെറിക്സ്. പക്ഷികളുടെയും ദിനോസറുകളുടെയും ഇടയിൽ പെട്ട ഒരു പ്രധാന കണ്ണിയായി ഇവയെ കരുതുന്നു. മൂലഖഗം, ആദ്യപക്ഷി എന്നൊക്കെ അർത്ഥമുള്ള ഉർവൊഗെൽ എന്ന ജർമ്മൻ പേരിലും അത് അറിയപ്പെടുന്നു. പുരാതനം എന്നർത്ഥമുള്ള ആർക്കയോസ്, തൂവൽ, ചിറക് എന്നീ അർത്ഥങ്ങളുള്ള റ്റെറിക്സ് എന്നീ വാക്കുകൾ ചേർന്നാണ് ആർക്കിയോപ്റ്റെറിക്സ് എന്ന പേരുണ്ടായത്. 150 മുതൽ 145 വരെ ദശലക്ഷം വർഷങ്ങൾക്കു മുൻപ്, ഇന്നത്തെ തെക്കൻ ജർമ്മനിയിലാണ് ഇവ ജീവിച്ചിരുന്നത്. അക്കാലത്ത് യൂറോപ്പ് ഭൂമധ്യരേഖയോട് ഇന്നത്തേക്കാൾ അടുത്ത്, ആഴം കുറഞ്ഞ ഊഷ്മള സമുദ്രത്തിലെ ദ്വീപസമൂഹമായിരുന്നു.
ആകൃതിയിലും വലിപ്പത്തിലും യൂറോപ്പിലെ വായാടിപ്പക്ഷിയെ(magpie) അനുസ്മരിപ്പിക്കുന്ന ഇതിന് 50 സെന്റിമീറ്ററോളം നീളം ഉണ്ടായിരുന്നു. ചിറകോടുകൂടി വലിപ്പം കുറഞ്ഞ ശരീരവും പറക്കാനോ തെന്നി നീങ്ങാനെങ്കിലുമോ ഉള്ള കഴിവും ഉണ്ടായിരുന്നെങ്കിലും, ആർക്കിയോപ്റ്റെറിക്സിന്, ഇക്കാലത്തെ പക്ഷികളോടുണ്ടായിരുന്നതിനേക്കാൾ സാമ്യം തെറോപ്പോഡു വർഗ്ഗത്തിൽ പെട്ട ഡൈനോസറുകളോടായിരുന്നു. കൂർത്ത പല്ലുകളോടു കൂടിയ താടികൾ, നഖങ്ങളോടു കൂടിയ മൂന്നു മുൻകാൽവിരലുകൾ, അസ്ഥി ബലപ്പെടുത്തിയ നീണ്ട ഓലവാൽ തുടങ്ങിയവയിലും, ആന്തരാസ്ഥികൂടത്തിന്റെ ചില പ്രത്യേകതകളിലും ഇവ ഡൈനോസറുകളുമായി സാമ്യം പുലർത്തിയിരുന്നു.[1][2] മേല്പറഞ്ഞ പ്രത്യേകതകൾ ഇതിനെ ഡൈനോസറുകളുടേയും പക്ഷികളുടേയും അന്തരാളജന്തുവാക്കുന്നു(connecting link). അതിനാൽ പക്ഷികളുടെയെന്നപോലെ ഡൈനോസറുകളുടെ പഠനത്തിലും ആർക്കിയോപ്റ്റെറിക്സിന് പ്രാധാന്യമുണ്ട്.
ചാൾസ് ഡാർവിൻ വംശോല്പത്തി(Origin of Species) പ്രസിദ്ധീകരിച്ച് രണ്ടു വർഷം മാത്രം കഴിഞ്ഞ് 1861-ലാണ് ആർക്കിയോപ്റ്റെറിക്സിന്റെ ആദ്യത്തെ സമ്പൂർണ്ണമാതൃക കണ്ടുകിട്ടിയത്. പരിണാമവാദത്തെ സംബന്ധിച്ച അക്കാലത്തെ ചർച്ചകളിൽ അത് ഒരു പ്രധാന തെളിവായി അവതരിപ്പിക്കപ്പെട്ടു. തുടർന്നുള്ള കാലത്ത്, വേറേ ഒൻപതു മാതൃകകൾ കൂടി കണ്ടുകിട്ടി. ആ മാതൃകകൾക്കു തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ഒരേ വർഗ്ഗത്തിൽ പെട്ടവയാണെന്ന് പൊതുവേ സമ്മതിക്കപ്പെടുന്നു.
കണ്ടെത്തപ്പെട്ടിട്ടുള്ള ആർക്കിയൊപ്റ്റെറിക്സ് മാതൃകകളിൽ മിക്കവയും തൂവലുകളുടെ പതിപ്പുകൾ(impressions) ഉൾപ്പെട്ടവയാണ്. ലഭ്യമായ ഏറ്റവും പഴയ തൂവൽ മാതൃകകളിൽ പെടുന്നവയാണിവ. ഈ പഴയ മാതൃകകളിലെ തൂവലുകൾ പോലും താരതമ്യേന വികാസം പ്രാപിച്ചു കാണപ്പെടുന്നതിനാൽ, തൂവലുകൾക്ക് ദീർഘമായ ഒരു പരിണാമചരിത്രമുണ്ടെന്ന് അനുമാനത്തിന് ആർക്കിയോപ്റ്റെറിക്സിന്റെ കണ്ടെത്തൽ കാരണമായി.
പ്രത്യേകതകൾ
[തിരുത്തുക]150-145 ദശലക്ഷം വർഷങ്ങൾക്കു മുൻപ്, ജുറാസിക് യുഗത്തിലെ ടിത്തോണിയൻ കാലഘട്ടത്തിലാണ് ആർക്കിയോപ്റ്റെറിക്സ് ജീവിച്ചിരുന്നത്. തെക്കൻ ജർമ്മനിയിലെ ബവേറിയയിൽ, ജീവാശ്മസമൃദ്ധിക്ക് പേരുകേട്ട സോൺഹോഫെൻ ചുണ്ണാമ്പുശിലകളിൽ നിന്നാണ് ഇവയുടെ ജീവാശ്മങ്ങളെല്ലാം കണ്ടെത്തപ്പെട്ടിട്ടുള്ളത്.
വിശാലമായ ചിറകുകളും, ശരീരവുമായുള്ള താരതമ്യത്തിൽ ഏറെ നീളമുള്ള വാലുമായി, ഒരു ഇടത്തരം പക്ഷിയുടെ വലിപ്പമായിരുന്നു ആർക്കിയോപ്റ്റെറിക്സിന്. ശരീരത്തിന്റെ നീളം അര മീറ്ററോളം വരുമായിരുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, തൂവലുകളുടെ ഘടന സാധാരണപക്ഷികളുടെ തൂവലുകളുടേതു തന്നെ ആയിരുന്നു. ഇരുവശത്തേയും തോളെല്ലുകൾ(clavicles) യോജിച്ചുണ്ടായ അഭിലാഷാസ്ഥി(wish bone), പറക്കാൻ പറ്റിയ തൂവൽ(flight feathers) തുടങ്ങിയവ ഇവയുടെ പക്ഷിസ്വഭാവങ്ങളിൽ ചിലതാണ്. അതേസമയം, തെറാപോഡ് വർഗ്ഗത്തിൽ പെട്ട ഡൈനോസറുകളുടെ പല സ്വഭാവങ്ങളും അവ നിലനിർത്തി. പല്ലുകളും, നട്ടെല്ലിന്റെ പിന്നറ്റത്തെ ആശ്രയിച്ചുള്ള ഓലവാലും മറ്റും അവയെ സാധാരണ പക്ഷികളിൽ നിന്ന് ഭിന്നരും ഡൈനോസറുകൾക്ക് സദൃശരും ആക്കുന്നു. ഡൈനോസറുകളുടേയും പക്ഷികളുടേയും സ്വഭാവങ്ങൾ ഒത്തുചേർന്ന ആർക്കിയോപ്റ്റെറിക്സ്, ഈ ജന്തുവർഗ്ഗങ്ങൾക്കിടയിലെ കണ്ണിയായും ഭൗമോപരിതലത്തിൽ നിന്നുയർന്ന് ആകാശചാരിയായിത്തീർന്ന ആദ്യത്തെ പക്ഷിയായും കരുതപ്പെടുന്നു. പക്ഷികൾ തെറോപോഡ് വർഗ്ഗത്തിൽ പെട്ട ഡൈനോസറുകളിൽ നിന്ന് പരിണമിച്ചുണ്ടായവയാണെന്ന ടി.എച്ച്. ഹക്‌സിലിയുടെ 1868-ലെ വാദം 1970-ൽ ജോൺ ഓസ്റ്റോം ആവർത്തിച്ചത് മുഖ്യമായും ആർക്കിയോപ്റ്റെറിക്സിനെ തെളിവാക്കിയാണ്.
ഡാർവിന്റെ പരിണാമവാദം അവതരിപ്പിക്കപ്പെട്ട് താമസിയാതെ കണ്ടുകിട്ടിയ ആർക്കിയോപ്റ്റെറിക്സ്, പരിണാമസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതായും രണ്ടുജന്തുവർഗ്ഗങ്ങൾക്കിടയിലെ അന്തരാളജന്തുവിന്റെ മാതൃക എന്ന നിലയിൽ ആ സിദ്ധാന്തത്തിന്റെ സ്ഥാപനത്തെ സഹായിച്ച ഒരു പ്രധാന തെളിവായും കണക്കാക്കപ്പെടുന്നു. ഡൈനോസറുകളുടെ കാര്യത്തിൽ ഗോബി മരുഭൂമിയിലും ചൈനയിലും മറ്റും നടന്ന പര്യവേഷണങ്ങലിൽ കണ്ടുകിട്ടിയ ചൈനയിലെ "തൂവൽ ഡൈനോസറും" മറ്റും, ആർക്കിയോപ്റ്റെറിക്സും ഡൈനോസറുകളും തമ്മിൽ ബന്ധമുണ്ടെന്ന വാദത്തെ കൂടുതൽ ബലപ്പെടുത്തുന്നു. പക്ഷികളുടെ പൂർവികരിൽ സാധാരണ പ്രതീക്ഷിക്കാവുന്ന മിക്കവാറും സ്വഭാവങ്ങൾ ആർക്കിയോപ്റ്റെറിക്സിൽ കാണപ്പെടുന്നു. അതേസമയം ആർക്കിയോപ്റ്റെറിക്സ്, ആധുനികകാലത്തെ പക്ഷികളുടെ നേരിട്ടുള്ള പൂർവികൻ ആയിരിക്കണമെന്നില്ല. ആർക്കിയോപ്റ്റെറിക്സിന്റെ സമകാലീനരായിരുന്ന പക്ഷികൾക്കിടയിൽ എന്തുമാത്രം പരിണാമ വൈവിദ്ധ്യം നിലനിന്നിരുന്നെന്ന് വ്യക്തമല്ല.
ചിത്ര സഞ്ചയം
[തിരുത്തുക]-
ബെർലിൻ ആർക്കിയോപ്റ്റെറിക്സ്
-
2009-ലെ മ്യൂനിക്ക് ഖനിജ പ്രദർശനത്തിലെ ഒരു ആർക്കിയോപ്റ്റെറിക്സ് ഫോസിൽ
-
ആർക്കിയോപ്റ്റെറിക്സിന്റെ ഒരു തൂവൽ
-
ആർക്കിയോപ്റ്റെറിക്സിന്റെ ഒരു പുന:സൃഷ്ടി ഓക്സ്ഫോർഡ് സർവകലാശാലയിൽ
-
ഈ ചിത്രം, ആർക്കിയോപ്റ്റെറിക്സിന്റെ "ഓലവാലും" സാധാരണപക്ഷികളുടെ "വിശറിവാലും" തമ്മിലുള്ള ഘടനാപരമായ വ്യത്യാസം വെളിവാക്കുന്നു
അവലംബം
[തിരുത്തുക]- ↑ Yalden D.W. (1984). "What size was Archaeopteryx?". Zoological Journal of the Linnean Society 82 (1-2): 177–188
- ↑ Chiappe L.M., Witme L.M.. University od California Press Berkeley and Los Angeles, California. ed. Mesozoic birds: above the heads of dinosaurs. University od California Press. pp. 151. ISBN 0-520-20094-2. http://books.google.it/books?id=2MQeh1KCp7sC.