ആരൽ
ആരൽ Temporal range: ക്രിറ്റേഷ്യസ്-സമീപസ്ഥം[1]
| |
---|---|
American eel, Anguilla rostrata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | Anguilliformes
|
Suborders | |
വംശവർദ്ധനക്കായി ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടുന്ന കടൽമത്സ്യങ്ങളാണ് ആരലുകൾ (eels). ആരലുകൾ പ്രധാനമായി രണ്ടുതരമുണ്ട്. ആങ്ഗ്വില്ല ആങ്ഗ്വില്ല എന്ന യൂറോപ്യൻ ആരലും ആങ്ഗ്വില്ല റൊസ്ട്രാറ്റ എന്ന അമേരിക്കൻ ആരലും. ആരലുകൾ നദികളിലും കായലുകളിലും ചെറിയ ഉൾക്കടലിലുമൊക്കെ കാണപ്പെടുന്നു. പാമ്പിനെപ്പോലുള്ള ഈ മൽസ്യങ്ങളുടെ പ്രജനനകേന്ദ്രം സർഗാസോ കടലാണ്. മുട്ടയിട്ടുകഴിഞ്ഞാൽ പെൺ ആരൽ ചാവും. ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് ആരൽക്കുഞ്ഞുങ്ങൾ സഞ്ചരിച്ച് നദികളിലും കായലുകളിലും എത്തിച്ചേരും. ഫൈലം: Chordata ക്ലാസ്: Actinopterygii
പ്രായപൂർത്തിയായ ഈൽ മത്സ്യങ്ങൾ സർഗാസോ(Sargaso)കടലിൽവച്ച് ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന ഈൽക്കുഞ്ഞുങ്ങൾ ലെപ്റ്റോകെഫാലസ് (Leptocephalus) ലാർവ എന്നാണറിയപ്പെടുന്നത്. സുതാര്യമായ ശരീരത്തോടുകൂടിയ ഈൽക്കുഞ്ഞുങ്ങൾ യൂറോപ്പിനെ ലക്ഷ്യമാക്കി സഞ്ചരിച്ചുതുടങ്ങുന്നു. നീന്താൻ പ്രാപ്തിയില്ലാത്ത ഇവ യൂറോപ്പിനെ ലക്ഷ്യമാക്കി ഒഴുകുന്ന സമുദ്രജലപ്രവാഹത്തെ ആശ്രയിച്ചാണ് സഞ്ചരിക്കുന്നത്. മൂന്ന് വർഷത്തിലധികം നീണ്ടുനില്ക്കുന്ന യാത്ര അവസാനിക്കുന്നത് യൂറോപ്പിലെ ശുദ്ധജല നദീമുഖങ്ങളിലാണ്. ഈ നദീമുഖങ്ങളിലെത്തുന്ന ഈൽക്കുഞ്ഞുങ്ങൾ ഗ്ലാസ് ഈലുകൾ എന്നാണ് അറിയപ്പെടുന്നത്. ശുദ്ധജലത്തിൽ പ്രവേശിക്കുന്ന ഇവ നദിയുടെ ഉറവിടങ്ങളായ ശുദ്ധജല അരുവികളിലേക്കും തടാകങ്ങളിലേക്കും നീക്കം ആരംഭിക്കുന്നു. സമുദ്രത്തിൽനിന്ന് ശുദ്ധജല നദീമുഖങ്ങളിലേക്കുള്ള ഗ്ലാസ് ഈലിന്റെ പ്രവേശനം വളരെ വിപുലമായ തോതിലാണ്. ലക്ഷക്കണക്കിന് ഈൽക്കുഞ്ഞുങ്ങളാണ് ഒരേസമയം കടലിൽനിന്ന് നദീമുഖത്തെത്തുക. കടലിലൂടെ നദീമുഖത്തേക്ക് ഇവ എത്തിച്ചേരുന്ന ദിവസം വേലിയേറ്റമുണ്ടാകുന്ന ദിനമായിരിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. [2]
ശുദ്ധജലാശയങ്ങളിലൂടെ യാത്ര തുടങ്ങുന്ന ഈൽക്കുഞ്ഞുങ്ങൾ എൽവേഴ്സ് (elvers) എന്നാണ് അറിയപ്പെടുന്നത്. അരുവികളിലൂടെയുള്ള പ്രയാണം തുടരുമ്പോൾ എൽവേഴ്സിന് നിറം വന്നുതുടങ്ങുന്നു. ഈൽക്കുഞ്ഞുങ്ങളുടെ ഈ യാത്രയിൽ അവയ്ക്ക് ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളും ചെറു ഡാമുകളും നല്ല ഒഴുക്കുള്ള നീരുറവകളും കടന്നുപോകേണ്ടതായിട്ടുണ്ട്. ഇതിനിടയിൽ ശുദ്ധജല തടാകത്തിലുള്ള മറ്റു മത്സ്യങ്ങൾക്ക് ഇരയാകാതെ നോക്കേണ്ടതുമുണ്ട്. ശത്രുവിന്റെ സാന്നിധ്യത്തിൽ അരുവിയുടെ അടിത്തട്ടിൽ ചൂഴ്ന്നിരുന്നും കല്ലുകളുടെ ഇടയിൽ ഒളിച്ചും ഈൽക്കുഞ്ഞുങ്ങൾ രക്ഷനേടാറുണ്ട്. വളർച്ച പ്രാപിക്കുന്തോറും ഈൽക്കുഞ്ഞുങ്ങൾക്ക് നിറംവച്ചുതുടങ്ങും.
ശുദ്ധജലത്തിലെ ഷഡ്പദങ്ങൾ, ഞണ്ടുകൾ, ചെറുമത്സ്യങ്ങൾ തുടങ്ങിയവയെ ഭക്ഷിച്ച് ഇവ ശുദ്ധജല തടാകങ്ങളിൽ വളർച്ച പൂർത്തിയാക്കുന്നു. പൂർണവളർച്ചയെത്തുന്നതിന് ഇവ പത്ത് വർഷക്കാലം ശുദ്ധജല തടാകങ്ങളിൽ വസിക്കുന്നു എന്നാണ് കരുതുന്നത്. എന്തായാലും അഞ്ച് വർഷത്തിലേറെ സമയം അനിവാര്യമാണെന്നതിന് തെളിവുണ്ട്. പൂർണവളർച്ചയെത്തുമ്പോൾ തലയ്ക്ക് നീളം വർധിക്കുന്നതായും ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. 85 സെ. മീ. നീളവും ഏകദേശം പത്തു കിലോഗ്രാമിലധികം ഭാരവും പൂർണവളർച്ചയെത്തിയ ഈൽ മത്സ്യത്തിന് ഉണ്ടാവും. അപ്പോൾ ഇവ തങ്ങളുടെ ജന്മസ്ഥലവും പ്രജനനസ്ഥലവും ആയ സർഗാസോ കടലിലേക്കുള്ള യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞിരിക്കും. ശുദ്ധജല തടാകങ്ങളിൽനിന്ന് അരുവികളിലേക്കും നദികളിലേക്കും നദീമുഖംവഴി സമുദ്രത്തിലേക്കും പ്രവേശിക്കുന്ന പ്രായപൂർത്തിയായ ഈലുകൾ എല്ലാംതന്നെ പടിഞ്ഞാറേ അത് ലാന്റിക് സമുദ്രം ലക്ഷ്യമാക്കി നീന്തിത്തുടങ്ങുന്നു. സർഗാസോ കടലിൽ എത്തിച്ചേരുന്ന ഇവ ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു. മുട്ടയിട്ടശേഷം മരണമടയുകയാണു പതിവ്.
- മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
അവലംബം
[തിരുത്തുക]- ↑ http://www.fishbase.org/Summary/OrdersSummary.cfm?order=Anguilliformes
- ↑ ആനിമൽ ഡിസ്ക്കവറിയിൽ നിന്ന് ആരൽ
പുറത്തേക്കുള്ള കണികൾ
[തിരുത്തുക]- പ്രസ്സ്ഹെറാൾഡ്.കോമിൽ നിന്ന് ആരൽ
- നാഷണൽ ജിയോഗ്രാഫികിൽ നിന്ന് Archived 2013-05-27 at the Wayback Machine. ആരൽ