Jump to content

അർബുദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർബുദം
സ്പെഷ്യാലിറ്റിഅർബുദ ചികിൽസ Edit this on Wikidata

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം[1] അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി എന്ന സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം. സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

ഗ്രീക് ഭാഷയിൽ ഞണ്ട് എന്ന അർത്ഥം വരുന്ന കാർസിനോസ് എന്ന പദത്തിൽ നിന്നുമാണ് കാൻസർ എന്ന പദം ഉത്ഭവിച്ചത്[2]. കാർന്നുതിന്നുന്ന വൃണങ്ങളെ സൂചിപ്പിയ്ക്കാനാണ് 17ആം നൂറ്റാണ്ടിൽ ഇത് ഉപയോഗിച്ചത്. ഹിപ്പോക്രാറ്റസ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ വിവരിച്ചിരുന്നു.ക്യാൻസർ രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി. ഇതിൽ കാൻസർഗവേഷണവും ചികിത്സയും ഉൾപ്പെടുന്നു.

ആദ്യകാലങ്ങളിൽ

[തിരുത്തുക]

ബി.സി 3000നും 2500നും മദ്ധ്യേയുള്ള കാലഘട്ടത്തിൽ ചുട്ടുപഴുത്ത കമ്പികൾ ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നത്. 1829ൽ മറ്റുശരീര ഭാഗങ്ങളിലേയ്ക്ക് ഇത് വ്യാപിയ്ക്കും എന്ന് മനസ്സിലാക്കി. 1838ൽ മുള്ളർ ആണ് അർബുദകോശങ്ങളെപ്പറ്റിയുള്ള സൂക്ഷ്മ വിവരണം നൽകിയത്. സ്ഥായിയായ പ്രകോപനം സം‍ഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഏതൊരു കലയേയും അർബുദം ബാധിച്ചേയ്ക്കാം എന്ന് ആദ്യമായി ആവിഷ്കരിച്ചതും സിദ്ധാന്തിച്ചതും റൂഡോൾഫ് വിർഷൊ ആണ്.

വകഭേദങ്ങൾ

[തിരുത്തുക]

ശരീരത്തിലെ ഏത് അവയവത്തെയും കാൻസർ ബാധിച്ചേക്കാം. എങ്കിലും അതിവേഗം വിഭജിക്കുന്ന കോശങ്ങളിൽ പൊതുവെ കാൻസർ കൂടുതലായി കണ്ടുവരുന്നു. ഹൃദയപേശികളും തലച്ചോറിലെ ഞരമ്പുകളും വിഭജിക്കാറില്ല; അതിനാൽ ഇവയിൽ കാൻസർ സാധ്യത താരതമ്യേന കുറവായി കണ്ടുവരുന്നു. കാൻസർ രോഗങ്ങളെ പൊതുവായി രണ്ടായി തരംതിരിക്കാം; ഖര (ദൃഢ) കാൻസറുകളും ദ്രവകാൻസറുകളും. സ്തനങ്ങൾ, ശ്വാസകോശം, വൃക്ക, കുടൽ, കരൾ മുതലായ ദൃഢകലകളിൽ നിന്നാണു മിക്ക കാൻസറുകളും പിറക്കുന്നത്. എന്നാൽ രക്താർബുദം, ലിംഫോമ എന്നിവ രക്തം, ലസിക എന്നീ ദ്രവകലകളിൽ നിന്നും ഉടലെടുക്കുന്നവയാകയാൽ അവയെ ദ്രവകാൻസർ എന്നു വിളിച്ചുവരുന്നു. ശൈശവ കാൻസറുകൾ പൊതുവെ വിഭിന്ന സ്വഭാവം പുലർത്തുന്നവ ആകയാൽ അവയെ ഉൾപ്പെടുത്തി മൂന്നാമത് ഒരു വിഭാഗം കൂടി ഉള്ളതായി കാണാം.

നിദാനം

[തിരുത്തുക]

ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തിൽ കോശങ്ങളുടെ അർബുദപ്രവണതയ്ക്കു ചുരുങ്ങിയത് നാല് കാരണങ്ങളെങ്കിലുമുള്ളതായി വ്യക്തമായിട്ടുണ്ട്[3]:

  • അർബുദത്തിന്റെ നിദാനത്തെപ്പറ്റിയുള്ള ആദ്യത്തെ നിഗമനം കാൻസർ 'എരിച്ചിൽ' അഥവാ ഉത്താപം കൊണ്ടുണ്ടാകുന്നതാണ് എന്നതാണ്. എന്തെങ്കിലും കാരണവശാൽ ഒരു മൂലവസ്തുവിനു പരിക്കേല്ക്കുമ്പോൾ അത് നന്നാക്കുവാനും, മൂലവസ്തുവിനു വീണ്ടും രൂപംനല്കാനും ഉള്ള ശ്രമം ശരീരം ഏറ്റെടുക്കും. പലതവണ ഈ സംഭവവികാസം ഉണ്ടാകുമ്പോൾ കോശങ്ങൾ അമിതമായി വളരുകയും അർബുദമായി പരിണമിക്കുകയും ചെയ്യും. ഇതിന് ഉപോദ്ബലകമാണ് പുകയില മുറുക്കുന്നവർക്ക് വായിൽ ഉണ്ടാകുന്ന അർബുദം. ഇത്തരത്തിലുള്ള കാൻസറുകളുടെ ഉദാഹരണമായി ആന്ധ്രാപ്രദേശിലുണ്ടാകുന്ന 'ചൂട്ടാ' കാൻസറും, കാശ്മീരിലെ 'കാൺഗ്രി' കാൻസറും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കത്തുന്ന ഭാഗം വായിൽവച്ചുകൊണ്ട് ചുരുട്ടുവലിക്കുന്ന ഒരു സമ്പ്രദായം ആന്ധ്രയിലുണ്ട്. അത്തരക്കാരിൽ വായുടെ ഉൾഭാഗത്തു കാണുന്ന കാൻസറിനെയാണ് 'ചൂട്ടാ' കാൻസർ എന്നു വിളിക്കുന്നത്. കാശ്മീരിലെ തണുപ്പ് തടയുന്നതിന് കനൽ ഇട്ട ഒരു മൺപാത്രം നെഞ്ചോട് ചേർത്തുവച്ച് പുതച്ചുനടക്കുന്ന പതിവുണ്ട്; അതിന്റെ ഫലമായി നെഞ്ചിന്റെ മുൻവശത്ത് കാൻസർ ഉണ്ടാകുന്നു. പുകവലിയും ശ്വാസകോശത്തിലെ കാൻസറും തമ്മിൽ ബന്ധമുള്ളതായി തെളിഞ്ഞിട്ടുണ്ട്[4]. അതുകൊണ്ട് സിഗരറ്റുകവറിനുമേൽ "പുകവലി ആരോഗ്യത്തിനു ഹാനികരമാണ്" എന്ന് എഴുതണമെന്നു നിയമമുണ്ട്[5]. അനവരതം അലട്ടിക്കൊണ്ടിരിക്കുന്ന എരിച്ചിൽ കാൻസർരോഗത്തിന് കളമൊരുക്കുന്നു എന്ന് ഇന്നുപരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞ ഒരു വസ്തുതയാണ്.
  • വികസിത രാജ്യങ്ങളിലെ 23 ശതമാനം അർബുദങ്ങളും പകർച്ചവ്യാധികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചിലതരം അർബുദങ്ങൾ വൈറസുകൾ (virus) മുഖേന ഒരു വ്യക്തിയിൽനിന്നു മറ്റൊരു വ്യക്തിയിലേക്ക് പകരാമെന്നുള്ളതാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. ത്വക്കിനെ ബാധിക്കുന്ന ചില കാൻസറുകൾ ഇപ്രകാരം പകരുന്നവയാണ്. ഗവേഷണശാലയിൽ സ്തനങ്ങളെ ബാധിക്കുന്ന കാൻസർ മുലപ്പാലിൽക്കൂടി എലികളിൽ പകർത്തിയതിനും അർബുദത്തെ പകർച്ചവ്യാധിയുടെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തതിനും ആണ് 1966-ൽ പേറ്റൺ റൂസ് എന്ന യു.എസ്. ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്[6]. ഇന്നത്തെ ഇലക്ട്രോൺ മൈക്രോസ്കോപ്പുകളിൽക്കൂടിപ്പോലും ദർശിക്കുവാൻ കഴിയാത്ത അതിസൂക്ഷ്മങ്ങളായ വൈറസുകളാണ് ചിലയിനം അർബുദത്തിനു കാരണമെന്ന് കരുതപ്പെടുന്നു. കരളിലെ അർബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും[7] ഗർഭാശയ ഗളാർബുദം (Cervical), ഗുദാർബുദം എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമൺ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്[8]. ആമാശയാർബുദത്തിനു കാരണമാകുന്നത് ഹെലിക്കോബാക്ടർ പൈലോറി [9]എന്ന വൈറസുകളാണ്. മനുഷ്യരിൽ അർബുദം ഒരു പകർച്ചവ്യാധിയാണെന്ന് പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാൽ അർബുദരോഗത്തിനു കാരണമാകുന്ന പ്രത്യേക തന്മാത്രാഘടനയോടുകൂടിയ ചില രാസവസ്തുക്കളുണ്ട്. ഇത്തരം വസ്തുക്കൾ അർബുദജനകങ്ങൾ[10] എന്ന് അറിയപ്പെടുന്നു.
  • മനുഷ്യ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി (Endocrine glands) ഗ്രന്ഥികളുണ്ട്. ശരീരത്തിലെ സങ്കീർണവും സന്ദർഭാനുസൃതവും ആയ ഗതിവിഗതികളെ ഏറിയകൂറും നിയന്ത്രിക്കുന്നത് അന്തഃസ്രാവിസമുച്ചയമാണ്. അവയുടെ പ്രവർത്തനത്തിന്റെ പാകപ്പിഴകൾകൊണ്ട് അനവധി രോഗങ്ങൾ ഉണ്ടാകുന്നു. സ്തനം, ഗർഭാശയം, പുരുഷന്റെ മൂത്രാശയത്തോടു ബന്ധപ്പെട്ട പ്രോസ്റ്റ്രേറ്റ് ഗ്രന്ഥി(prostrate) എന്നിവയ്ക്കുണ്ടാകുന്ന അർബുദത്തിനു പ്രധാന കാരണം ഇത്തരത്തിലുള്ള അന്തഃസ്രാവിപ്രവർത്തനവൈകല്യമാണ്.
  • അർബുദത്തിനുള്ള മറ്റൊരു കാരണം പാരമ്പര്യസ്വഭാവ സവിശേഷതകളാണ്[11]. ഭ്രൂണാവസ്ഥയിൽ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാർബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കൾ വളരെ എളുപ്പത്തിൽ അർബുദത്തിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അർബുദങ്ങളും ഈ ഇനത്തിൽപ്പെട്ടവയാണ്. പൊതുവായി പറഞ്ഞാൽ കുട്ടികളിലും[12] ചെറുപ്പക്കാരിലും കാണുന്ന കാൻസറിന് എല്ലാംതന്നെ പാരമ്പര്യ ഘടകമാണ് മിക്കപ്പോഴും കാരണം.

അർബുദജനകവസ്തുക്കൾ

[തിരുത്തുക]

അർബുദോല്പന്നവസ്തുക്കൾ എന്ന് പൊതുവേ അറിയപ്പെടുന്ന പ്രത്യേകതന്മാത്രാഘടനയോട് കൂടിയ രാസവസ്തുക്കളാണ് അർബുദത്തിന് നിദാനം. കോൾട്ടാർ[13], അനിലിൻ വർഗ്ഗത്തിൽ പെട്ട വസ്തുക്കൾ ഇത്തരത്തിലുള്ളവയാണ്. പുകയില, രാസവസ്തുക്കളുടെ ഉപയോഗം, എക്സ്റേ, ചൂട്, സൂര്യകിരണങ്ങൾ എന്നിവയും ഭൂമിശാസ്ത്രപരമായ ഏറ്റക്കുറച്ചിലുകളും നിദാനമാകുന്നു. അമിതമായി സംസ്കരിച്ചവയും കൃത്രിമചേരുവകൾ ചേർത്തതുമായ ഭക്ഷണസാധനങ്ങൾ,എരിവ്,പുളി,മസാല തുടങ്ങിയവയുടെ നിരന്തരമായ ഉപയോഗം,പോഷകാഹാരക്കുറവ് എന്നിങ്ങനെ പലതും അർബുദത്തിന് കാരണമാകുന്നു.

അർബുദവും പ്രായവും

[തിരുത്തുക]

കണ്ണിനുള്ളിലെ റെറ്റിനോബ്ലാസ്റ്റോമ (retino blastoma), വൃക്കയിലുണ്ടാകുന്ന നെഫ്രോ ബ്ലാസ്റ്റോമ (nephro blastoma), അഡ്രിനലിൽ (adrenal) ഉണ്ടാകുന്ന ന്യൂറോ ബ്ലാസ്റ്റോമ (neuroblastoma) എന്നീ കാൻസറുകൾ ശിശുക്കളിൽ കാണപ്പെടുന്നവയാണ്. അസ്ഥികാൻസർ; വൃഷണകാൻസർ സെമിനോമാ/ടെറട്ടോമാ എന്നീ അർബുദങ്ങൾ യുവാക്കളിലാണ് കൂടുതലായി കണ്ടുവരുന്നത്[14]. സ്തനത്തിലും ഗർഭാശയത്തിലും ഉണ്ടാകുന്ന അർബുദം പ്രായഭേദമെന്യേ സ്ത്രീകളിൽ കണ്ടുവരുന്നു [15]. 60 വയസ്സുകഴിഞ്ഞ പുരുഷന്മാരിലാണ് പ്രോസ്റ്റ്രേറ്റ് അർബുദം(prostrate) കാണപ്പെടുന്നത്[16].

കണ്ടുവരുന്ന സ്ഥലങ്ങളും വിതരണവും

[തിരുത്തുക]

അർബുദം മനുഷ്യരിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ല. പട്ടി[17], കുതിര, പശു എന്നീ മൃഗങ്ങളിലും അർബുദത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. എലികൾക്കും [18]ഈ രോഗമുണ്ടാകാറുണ്ട്. അതിനാലാണ് എലികളെ അർബുദ ഗവേഷണത്തിനു ധാരാളമായി ഉപയോഗിക്കുന്നത്.

വ്യാവസായിക പുരോഗതി കൈവരിച്ച അമേരിക്കൻ ഐക്യനാടുകൾ, ഇറ്റലി, ആസ്റ്റ്രേലിയ, ജർമനി, നെതർലൻഡ്, കാനഡ, ഫ്രാൻസ് എന്നിവിടങ്ങളിലാണ് കൂടിയ തോതിൽ അർബുദരോഗികളുള്ളത്. ആദ്യമായി ഇതേപ്പറ്റി കൂടുതൽ പഠനങ്ങൾ നടന്നതും ഈ വികസിത രാജ്യങ്ങളിൽ തന്നെ എന്നത് വർധിച്ച കണക്കിന് ഒരു കാരണമാണ്. ഏറ്റവും കുറവ് വടക്കേ ആഫ്രിക്കയിലും ഏഷ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലുമാണ്.

ചില വർഗങ്ങളിലും ഗോത്രങ്ങളിലും ചിലതരം പ്രത്യേക അർബുദങ്ങൾ കൂടുതൽ കാണാറുണ്ട്. മൂക്കിലും തൊണ്ടയിലും കാണപ്പെടുന്ന അർബുദം ചൈനക്കാരിലാണധികം ഉണ്ടാവുക. യകൃത്തിലെ അർബുദം മലയാക്കാരിലും ആഫ്രിക്കയിലെ ബാന്തുഗോത്രവർഗക്കാരുടെ ഇടയിലും കൂടുതൽ പ്രത്യക്ഷമാവാറുണ്ട്. ചർമാർബുദം (melanoma) കറുത്ത വർഗക്കാർക്കിടയിൽ കുറവാണ്. ചില പ്രത്യേകതരം അർബുദം വരുവാനുള്ള കാരണം ഗോത്രപരമോ വർഗപരമോ അല്ലെന്നും നേരേമറിച്ച് ശരീരഘടനയിലും പ്രവൃത്തി ഭേദങ്ങളിലും അധിഷ്ഠിതമാണെന്നും കരുതപ്പെടുന്നു. കുട്ടികൾക്ക് മുലകൊടുക്കുന്ന സ്ത്രീകളിൽ സ്തനത്തിലുണ്ടാകുന്ന അർബുദം കുറവാണെന്നും സുന്നത്തു സമ്പ്രദായം നടപ്പുള്ള സമുദായങ്ങളിലെ പുരുഷന്മാരിൽ ലിംഗാർബുദം കുറവാണെന്നും ഉള്ളത് മേല്പറഞ്ഞ നിഗമനത്തിന് ഉപോദ്ബലകമാണ്.

പ്രവൃത്തിയും അർബുദവും

[തിരുത്തുക]

ചില പ്രത്യേക ജോലികൾ അർബുദത്തെ ക്ഷണിച്ചുവരുത്തുന്നവയാണ്. ഉദാഹരണമായി എക്സ്-റേയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വ്യക്തികൾക്ക് അർബുദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്[19]. ഇത്തരത്തിലുള്ള പ്രവൃത്തികളിൽ കുറച്ചുകാലം ഏർപ്പെടുന്നപക്ഷം വളരെ വർഷങ്ങൾക്കുശേഷവും ഈ പ്രവണത പ്രകടമാകാറുണ്ട്.ഇത്തരത്തിൽ കാൻസർ ബാധിക്കാം എന്നു ആദ്യമായി മനസ്സിലാക്കിയതു 1775ൽ Sir Percivall Pott എന്ന ബ്രിട്ടിഷ് സർജൻ ആയിരുന്നു. ചിമ്മിനി വൃത്തിയാക്കുന്നവരിൽ വൃഷണാവരണകാൻസർ അധികമായി കാണപ്പെടുന്നു എന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ചിമ്മിനിക്കരിയിലെ benzo(a)pyrene എന്ന യൌഗികം കാൻസറിനു കാരണം ആണെന്നു കണ്ടെത്തിയതു 1931ൽ മാത്രമാണു. ഖനികളിൽ ജോലി ചെയ്യുന്നവരിൽ asbestos ധാതു ശ്വസിക്കുന്നതു mesothelioma എന്ന ശ്വാസസ്തരാർബുദത്തിനും ശ്വാസകോശാർബുദത്തിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്[20]. അനിലിൻ ചായങ്ങൾ കൈകാര്യം ചെയ്യുന്നവർക്കു മൂത്രാശയസംബന്ധിയായ അർബുദം ബാധിക്കാറുണ്ട്[21]. കോൾടാറിൽ ജോലിചെയ്യുന്നവർക്കുണ്ടാകുന്ന ചർമാർബുദങ്ങളും വാച്ചുകളിൽ റേഡിയം തേയ്ക്കുന്നവർക്കുണ്ടാകുന്ന കീഴ്ത്താടിയെല്ലിൻടെ അർബുദവും മറ്റുദാഹരണങ്ങളാണ്. പുതിയ തൊഴിൽനിയമങ്ങളിലെ നിഷ്കർഷ മൂലം ഇത്തരം തൊഴിൽജന്യ കാൻസറുകൾ ഇന്നു ഭാഗ്യവശാൽ തീരെ കുറവായിമാത്രം കാണപ്പെടുന്നു.

ആദ്യലക്ഷണങ്ങൾ

[തിരുത്തുക]

ചില അസ്വാസ്ഥ്യങ്ങൾ അർബുദത്തിന്റെ മുന്നോടിയായിത്തീരാറുണ്ട്. ഇവ അന്തിമമായി അർബുദത്തിലേക്കുതന്നെ നീങ്ങിക്കൊള്ളണമെന്ന് നിർബന്ധമില്ലെങ്കിലും, അവയും അർബുദവും തമ്മിലുള്ള ബന്ധം സാധാരണയിൽ കവിഞ്ഞതാണ്. അതുകൊണ്ട്, ഈ അവസ്ഥകളെ 'പ്രീ കാൻസർ രോഗങ്ങൾ' എന്നും വിളിക്കാറുണ്ട്. കവിളിലും നാവിലും കാണാറുള്ള വെളുത്ത നിറത്തിലുള്ള തടിപ്പും കല്ലിപ്പും leukoplakia വായിലെ അർബുദത്തിന്റെ ഒരു മുന്നോടിയാണ്[22]. കണ്ടെത്തി തുടക്കത്തിലെ ചികിത്സയാരംഭിക്കുന്ന പക്ഷം ഇത് പൂർണമായും സുഖപ്പെടുത്താനാകും. കുടലിൽ കാണുന്ന polyps കാലക്രമേണ അർബുദമാകാറുണ്ട്[23]. ത്വക്കിലെ കാലപ്പഴക്കമേറിയ പൊള്ളലുകളിൽ ചർമ്മാർബുദം Marjolin's Ulcer ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്

അർബുദം-മരണത്തിന്റെ കണക്ക്

[തിരുത്തുക]

ഓരോ രാജ്യത്തും എത്രപേർക്ക് അർബുദം ഉണ്ടാകുന്നുവെന്നും, അതുകൊണ്ട് എത്രപേർ മരണമടയുന്നു എന്നുമുള്ളതിനു ശരിയായ കണക്കുകൾ ലഭ്യമാണ്.

2020-ാമാണ്ടോടെ ആഗോള അർബുദനിരക്ക് 50 ശതമാനം വർധിച്ച് 15 ദശലക്ഷത്തോളം ആകും എന്നാണ് ലോക കാൻസർ റിപ്പോർട്ട് (WCR) സൂചിപ്പിക്കുന്നത്[24]. പ്രായാധിക്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനവ്, ജീവിതശൈലിയിലെ വ്യത്യാസം എന്നിവ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുകവലി, ഭക്ഷണക്രമം, രോഗസംക്രമണം എന്നിവ നിയന്ത്രിക്കുക വഴി 1/3 ഭാഗം അർബുദം തടയാനും മറ്റൊരു 1/3 ഭാഗം ചികിത്സിച്ചു ഭേദമാക്കാനും ആകും. 2000-ൽ മരണമടഞ്ഞ 56 ദശലക്ഷം മനുഷ്യരിൽ 12 ശതമാനം അർബുദം മൂലമായിരുന്നു മരണമടഞ്ഞത്. 5.3 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും അർബുദരോഗബാധിതരായി കണ്ടെത്തിയിട്ടുണ്ട്. 6.2 ദശലക്ഷം പേർ ഈ രോഗം മൂലം മരണമടയുകയും ചെയ്തു. വ്യാവസായിക പുരോഗതി കൈവരിച്ച വികസിത രാഷ്ട്രങ്ങളധികവും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്ന് അർബുദബാധയാണ്.

വർഷംതോറും 1.2 ദശലക്ഷംപേരെ ശ്വാസകോശാർബുദം ബാധിക്കുന്നതായി കണ്ടുവരുന്നു. ആഗോളതലത്തിൽ ഏറ്റവും വ്യാപകമായിട്ടുള്ളതും ഇതാണ്. സ്തനാർബുദം ഒരു ദശലക്ഷം, കോളോറെക്റ്റൽ 9,40,000, ആമാശയാർബുദം 8,70,000, കരൾ 5,60,000, ഗർഭാശയാർബുദം 4,70,000, അന്നനാളം 4,10,000, തല-കഴുത്ത് 3,90,000, ബ്ളാഡർ 330000, ലിംഫോമ 2,90,000, രക്താർബുദം 2,50,000, പ്രോസ്റ്റ്രേറ്റ്-വൃഷണം 2,50,000, പാൻക്രിയാസ് 2,16,000, അണ്ഡാശയം 1,90,000, വൃക്ക 1,90,000, എൻഡോമെട്രിയൽ 1,88,000, നാഡീവ്യവസ്ഥ 1,75,000, ത്വക് 1,33,000, തൈറോയ്ഡ് 1,23,000, ഗ്രസനി 65,000, ഹോഗ്കിൻ അസുഖം 62,000 എന്നിങ്ങനെ ആണ് മറ്റുള്ളവയുടെ കണക്ക്.

രോഗനിർണയനം

[തിരുത്തുക]
കോളൻ കാൻസർ

50 ശതമാനം അർബുദങ്ങളും, കാണാവുന്ന തരത്തിലുള്ളവയാണ്; അവയെ തൊട്ടുനോക്കാനും സാധ്യമാണ്. ഇവയ്ക്കു പുറമേ നല്ലൊരു ശതമാനം അർബുദങ്ങൾ എൻഡോസ്കോപ്പ് മുഖേന പരിശോധിച്ചാൽ അറിയാവുന്നവയാണ്. പൊള്ളയായ അവയവങ്ങളെ (ഉദാ. അന്നനാളം, മൂത്രാശയം) നിരീക്ഷിക്കുവാൻ ഉപയോഗിക്കുന്നതും ബൾബുകൾ ഘടിപ്പിക്കാവുന്നതുമായ ഉപകരണങ്ങളാണ് എൻഡോസ്കോപ്പുകൾ . ഇതിനും പുറമേ, പ്രത്യേകം കാണാൻ കഴിയുന്ന രാസവസ്തുക്കൾ ഉപയോഗിച്ചും അല്ലാതെയും ഉള്ള എക്സ്-റേ പടങ്ങളും അർബുദം കണ്ടുപിടിക്കാൻ പ്രയോജനപ്രദങ്ങളാണ്. ബേരിയം ഭക്ഷിച്ചതിനുശേഷം എടുക്കുന്ന ഇതിനുദാഹരണമാണ്. ചില അർബുദങ്ങളിൽ രക്തത്തിലെ രാസവസ്തുക്കളും എൻസൈമുകളും (ആൽക്കലൈൻ ഫോസ്ഫേറ്റ്സ്, ആസിഡ് ഫോസ്ഫേറ്റ്സ് എന്നിവ) കൂടിയും കുറഞ്ഞുമിരിക്കും. മേല്പറഞ്ഞ പരീക്ഷണങ്ങളിലൂടെ, അർബുദം ഉണ്ടെന്നു സംശയം തോന്നിയാൽ, മൂലവസ്തുവിന്റെ ഒരു ചെറിയ കഷണം മുറിച്ചെടുത്ത് സൂക്ഷ്മദർശിനിയിൽക്കൂടി പരിശോധിക്കണം. ഈ പരീക്ഷണത്തിനാണ് ബയോപ്സി എന്നു പറയുന്നത്. ബയോപ്സി പരിശോധനയെക്കാൾ വിഷമമില്ലാതെ നിർവഹിക്കാവുന്ന മറ്റൊരു അർബുദ നിർണയനമാർഗ്ഗമാണ് എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എക്സാമിനേഷൻ. സാധാരണ കോശങ്ങളെക്കാൾ വേഗത്തിൽ അർബുദബാധിതകോശങ്ങൾ അടർന്നുവീഴുന്നു. ഈ കോശങ്ങളെ പാപ്പനിക്കളോവ്(pap smear) മാർഗ്ഗം ഉപയോഗപ്പെടുത്തി ചായംപിടിപ്പിച്ച് മൈക്രോസ്കോപ്പിലൂടെ പരിശോധിക്കുന്ന വിധത്തെയാണ് എക്സ്ഫോളിയേറ്റീവ് സൈറ്റോളജി എന്നു പറയുന്നത്[25]. ആദ്യഘട്ടത്തിൽ മാമോഗ്രാഫി, എം.ആർ. , സി.റ്റി. തുടങ്ങിയ സ്കാനുകൾ നടത്തി രോഗനിർണയം നടത്താം[26]. പ്രോസ്റ്റ്രേറ്റ് കാൻസർ സീറം പി.എസ്.എ. ലെവൽ പരിശോധനയിലൂടെയും[27] കോളൻ കാൻസർ കോളനോസ്കോപിയിലൂടെയും[28] സ്താനർബുദം മാമോഗ്രാഫി നടത്തിയും കണ്ടുപിടിക്കാം[29].

പ്രധാന ചികിത്സാ കേന്ദ്രങ്ങൾ

[തിരുത്തുക]

റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം, മലബാർ കാൻസർ സെന്റ്ർ, തലശ്ശേരി, കൊച്ചി കാൻസർ സെന്റർ, എറണാകുളം, കാൻസർ വിഭാഗം- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, പരിയാരം എന്നീ സർക്കാർ മെഡിക്കൽ കോളേജുകൾ, എംവിആർ കാൻസർ സെന്റർ, കോഴിക്കോട്, സഹകരണ മേഖല.

സ്വകാര്യ സ്ഥാപനങ്ങൾ ആസ്റ്റർ മിംസ് കോഴിക്കോട്‌ ആസ്റ്റർ മെഡ്സിറ്റി, കൊച്ചി അമല കാൻസർ ആശുപത്രി, തൃശ്ശൂർ/ ബേബി ആശുപത്രി, കോഴിക്കോട്/ കാരിത്താസ്, ഏറ്റുമാനൂർ, കോട്ടയം/ ഗ്രീൻ ഗാർഡൻസ്, ചേർത്തല/ കിംസ്, തിരുവനന്തപുരം/

അപകടസൂചനകൾ

[തിരുത്തുക]
വായ-ക്ക് അകത്തെ കാൻസർ

ഒട്ടുമുക്കാലും അർബുദങ്ങൾ തുടക്കത്തിൽത്തന്നെ കണ്ടുപിടിക്കാവുന്നവയാണ്. അർബുദം അതിന്റെ ആരംഭദശയിൽ തന്നെ കണ്ടുപിടിക്കുകയും, കാര്യക്ഷമമായവിധം ചികിത്സിക്കുകയും ചെയ്താൽ ഒരളവുവരെ മാറ്റാമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിക്കുന്നു. അർബുദത്തിന്റെ ആരംഭദശയിലുള്ള കണ്ടുപിടിത്തമാണ് കാര്യക്ഷമമായ ചികിത്സയുടെ അവിഭാജ്യഘടകം എന്ന് ഇതിൽനിന്ന് വ്യക്തമാകും. അർബുദത്തെപ്പറ്റി പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്നുള്ളതാണ് ഈ പദ്ധതിയിൽ ആദ്യമായി ചെയ്യേണ്ടത്. ഇതിന് അർബുദത്തിന്റെ ആരംഭദശയിലുള്ള അപകടസൂചനയെപ്പറ്റി അവരെ മനസ്സിലാക്കിക്കണം. ഈ സൂചനകൾ താഴെ പറയുന്നവയാണ്:

  • കരിയാൻ താമസിക്കുന്ന വ്രണം
  • ദേഹത്ത് എവിടെയെങ്കിലും, പ്രത്യേകിച്ച് സ്തനങ്ങളിൽ, ഉണ്ടാകുന്ന മുഴയോ, കല്ലിപ്പോ
  • സാധാരണയിൽ കവിഞ്ഞ രക്തസ്രാവം, പഴുപ്പു പോക്ക് മുതലായവ
  • പെട്ടെന്നു വളരുന്ന കറുത്ത മറുകുകൾ
  • വിശപ്പില്ലായ്മ, വിഴുങ്ങുന്നതിനു തടസ്സം മുതലായവ
  • ഒച്ചയടപ്പും വിട്ടുമാറാത്ത ചുമയും
  • വിരേചനയിലുണ്ടാകുന്ന തകരാറുകൾ

വിവിധ തരം അർബുദങ്ങൾ

[തിരുത്തുക]
ശ്വാസകോശാർബുദം എക്സ്റേയിലൂടെ

വിവിധ തരം അർബുദങ്ങൾ ഉണ്ട്. ഇവയിൽ ചിലത് ചുവടെ ചേർക്കുന്നു[30]:

പ്രശ്നത്തിന്റെ ഗൌരവം

[തിരുത്തുക]

"ലോകമെമ്പാടുമായി ഓരോ വർഷവും 127 ലക്ഷം പേർക്ക് അർബുദ ബാധ കണ്ടെത്തപ്പെടുന്നു. 76 ലക്ഷം മരണങ്ങൾ. ഇതിൽ മൂന്നിൽ രണ്ടു മരണങ്ങളും ദരിദ്ര-വികസ്വര രാജ്യങ്ങളിൽ. കർശനമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, 2030 ആകുമ്പോഴേക്കും, കാൻസർ മരണങ്ങൾ 80 ശതമാനം വർദ്ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. അതായത്, പ്രതിവർഷം 260 ലക്ഷം പുതിയ കാൻസർ രോഗികളും 170. ലക്ഷം കാൻസർ മരണങ്ങളും ഉണ്ടാകും. എയിഡ്സ്, മലമ്പനി ക്ഷയം എന്നിവകൊണ്ട് ഉള്ള മരണങ്ങളെ ക്കാൾ കൂടുതൽ മരണങ്ങൾ കാൻസർ മൂലമുണ്ടാകും. പ്രതിരോധ പ്രവർത്തനങ്ങളിലൂടെ മൂന്നിലൊന്നു കാൻസർ ബാധകളും തടയാമെന്നും, മറ്റൊരു മൂന്നിലൊന്നു കാൻസർ ബാധകൾ, മുൻകൂട്ടി ഉള്ള രോഗ നിർണയ-ചികിത്സ യിലൂടെ ഒഴിവാക്കാമെന്നുമാണ് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്."[31] .


അർബുദ നിയന്ത്രണം

[തിരുത്തുക]

അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ ആരംഭിച്ച അർബുദ നിയന്ത്രണപദ്ധതി ലോകവ്യാപകമായി വികസിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ ഇന്ത്യയും അംഗമാണ്. പൊതുജനങ്ങളെ, പ്രത്യേകിച്ചും വിദ്യാർഥികളെ, ഈ പ്രശ്നത്തെപ്പറ്റി ബോധവാന്മാരാക്കുക, ഡോക്ടർമാർക്കും എക്സ്-റേ പ്രവർത്തകർക്കും നേഴ്സുമാർക്കും ഫാർമസിസ്റ്റുകൾക്കും അർബുദചികിത്സയിൽ പ്രത്യേക പരിശീലനങ്ങൾ നല്കുക, അർബുദം ആദ്യഘട്ടത്തിൽത്തന്നെ കണ്ടുപിടിക്കുന്നതിനുള്ള ക്ലിനിക്കുകളും ലാബറട്ടറികളും സജ്ജീകരിക്കുക, കാൻസർ ആശുപത്രികൾ സ്ഥാപിക്കുക എന്നിവയെല്ലാം ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളാണ്.

അർബുദത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾ സംഘടിപ്പിക്കുകയും, ചികിത്സയ്ക്കുള്ള നവീനങ്ങളായ ഉപകരണങ്ങളെപ്പറ്റി പരീക്ഷണങ്ങൾ നടത്തുകയും, അങ്ങനെ അർബുദ ചികിത്സയ്ക്കു കൂടുതൽ ശാസ്ത്രീയമായ അടിസ്ഥാനം നല്കുകയും ചെയ്യുന്നതിൽ ഈ പ്രസ്ഥാനം ശ്രദ്ധിക്കുന്നുണ്ട്.

പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അർബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും. മോളിക്കുലർ ജീനോം ഗവേഷണത്തിലൂടെ അപൂർവ അർബുദരോഗങ്ങളുടെ തോത് മനസ്സിലാക്കാം. പഴങ്ങളും പച്ചക്കറികളും മത്സ്യവും മുട്ടയും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, ലഹരി വിമോചനം, സന്തോഷകരമായ മാനസികാവസ്ഥ തുടങ്ങിയവ കാൻസർ പ്രതിരോധത്തിന് ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. ഒരു ദിവസം 450-500 ഗ്രാം പഴങ്ങളും ഇലക്കറികളും/പച്ചക്കറികളും എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, നിരോക്സീകാരികൾ, നാരുകൾ എന്നിവ മികച്ച രോഗപ്രതിരോധശേഷി നൽകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അമിതമായി എണ്ണ, ഉപ്പ്, മധുരം, കൊഴുപ്പ് എന്നിവ അടങ്ങിയതും വറുത്തതും പൊരിച്ചതും മൊരിഞ്ഞതും കരിഞ്ഞതുമായ ആഹാരം, ചുവന്ന മാംസം എന്നിവ കാൻസർ സാധ്യത കൂട്ടുമെന്നതിനാൽ ഇവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എണ്ണ പലതവണ തിളപ്പിച്ച്‌ ഉപയോഗിക്കുന്നത് അപകടകരമായ ഫ്രീറാഡിക്കലുകൾ രൂപം കൊള്ളാൻ ഇടയാക്കുന്നു. ഇത് കാൻസർ ഉണ്ടാകാൻ ഇടയാക്കാം. ഭാരക്കൂടുതൽ ഉള്ളവർ അത് കുറക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല, പതിവായ വ്യായാമത്തിന്റെ അഭാവത്തിൽ കാൻസർ സാധ്യത വളരെയധികം കൂടുന്നു. കൂടുതൽ കാലം മുലയൂട്ടുന്ന സ്ത്രീകളിൽ സ്തന കാൻസർ സാധ്യത കുറവാണ്.

എച്ച്പിവി രോഗാണുമൂലമുണ്ടാകുന്ന ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസർ, ലിംഗാർബുദം എന്നിവ തടയുവാൻ HPV പ്രതിരോധ കുത്തിവെപ്പ് ഏറ്റവും ഫലപ്രദമാണ്. അതിനാൽ പല രാജ്യങ്ങളിലും ഇവ സൗജന്യമായി പെൺകുട്ടികൾക്ക് ലഭ്യമാക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഗർാശയമുഖ കാൻസർ ഉണ്ടാകാം. പുകവലി, ഗർഭനിരോധന ഗുളികകളുടെ ദീർഘകാല ഉപയോഗം എന്നിവ അവയിൽ പ്രധാനമാണ്. രോഗാണുവാഹകരുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന എച്ച്പിവി അണുബാധ ഏതാണ്ട് 80% വരെ ഗർഭനിരോധന ഉറ/കോണ്ടം ഉപയോഗിക്കുന്നത് വഴി തടയുവാൻ സാധിക്കും. ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് കൊണ്ടോ മറ്റോ ഗുഹ്യഭാഗത്തെ തൊലിപ്പുറത്ത് ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ രോഗാണുബാധ അതിവേഗം പകരാറുണ്ട്. പങ്കാളികളുടെ ഗുഹ്യഭാഗത്തെ ചർമങ്ങൾ തമ്മിലുള്ള ഉരസൽ മൂലം പകരാൻ സാധ്യതയുള്ള ഒരു അണുബാധയാണ് HPV. തുടർച്ചയായി ഉണ്ടാകുന്ന എച്ച്പിവി അണുബാധ മേൽപ്പറഞ്ഞ കാന്സറുകൾ ഉണ്ടാകാൻ കാരണമായേക്കാം. എന്നാൽ HPV പ്രതിരോധ കുത്തിവെപ്പിലൂടെ ഇത് നിയന്ത്രിക്കാവുന്നതേയുള്ളൂ. പാപ്സ്മിയർ ടെസ്റ്റിലൂടെ ഈ അർബുദത്തെ നേരത്തെ കണ്ടുപിടിക്കാനും നിയന്ത്രിക്കാനും സാധിക്കുന്നു. അതിനാൽ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പാപ്സ്മിയർ ടെസ്റ്റ്‌ ചെയ്യേണ്ടതാണ്. അതുപോലെ സ്ത്രീകൾ HPV കുത്തിവെപ്പ് എടുക്കുന്നത് തന്നെയാണ് ഇത് തടയാൻ ഏറ്റവും നല്ലത്.    

ചികിൽസ

[തിരുത്തുക]

മരുന്നുപയോഗിച്ചുള്ള കീമോതെറാപ്പി, രശ്മികൾ ഉപയോഗിച്ചുള്ള റേഡിയേഷൻ തെറാപ്പി, രോഗം ബാധിച്ച ഭാഗത്തെ എടുത്തുമാറ്റാനുള്ള ശസ്ത്രക്രിയ എന്നിവയാണ് സാധാരണ ചികിൽസകൾ[32].

കുറിപ്പ്

[തിരുത്തുക]
  • അർബുദം എന്ന വാക്ക് പത്ത് കോടി എന്ന സംഖ്യയെ സൂചിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു[33]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-18. Retrieved 2012-02-01.
  2. Moss, Ralph W. (2004). "Galen on Cancer". CancerDecisions.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-25. Retrieved 2012-01-19.
  4. http://www.cancer.gov/cancertopics/factsheet/Tobacco/cessation
  5. http://www.bbc.co.uk/news/world-asia-india-16390907
  6. http://www.nobelprize.org/nobel_prizes/medicine/laureates/1966/
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-06. Retrieved 2012-01-20.
  8. http://www.stanford.edu/group/virus/papilloma/2004goglincarnevale/Papilloma/HPV16.htm
  9. http://kidshealth.org/parent/infections/stomach/h_pylori.html
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-17. Retrieved 2012-01-20.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-23. Retrieved 2012-01-20.
  12. http://www.cancer.gov/cancertopics/factsheet/Sites-Types/childhood
  13. http://www.psorsite.com/coaltar.html
  14. http://www.nlm.nih.gov/medlineplus/ency/article/001316.htm
  15. http://www.ncbi.nlm.nih.gov/pubmedhealth/PMH0001911/
  16. http://www.ncbi.nlm.nih.gov/pubmedhealth/PMH0001418/
  17. http://www.ncbi.nlm.nih.gov/pmc/articles/PMC1502934/
  18. http://www.scienceagogo.com/news/19980817015040data_trunc_sys.shtml
  19. https://archive.today/20120718202055/www.bbc.co.uk/health/physical_health/conditions/xraysfrequency.shtml
  20. http://www.cancer.gov/cancertopics/factsheet/Risk/asbestos
  21. http://cancer.stanford.edu/urologic/bladder/
  22. www.mayoclinic.com/health/leukoplakia/DS00458
  23. http://www.webmd.com/colorectal-cancer/guide/colorectal-polyps-cancer
  24. http://www.iarc.fr/en/publications/pdfs-online/wcr/2008/wcr_2008.pdf
  25. http://medical-dictionary.thefreedictionary.com/exfoliative+cytology
  26. http://cancer.stanford.edu/information/cancerDiagnosis/diagnosticImaging.html
  27. http://www.webmd.com/prostate-cancer/guide/understanding-prostate-cancer-treatment
  28. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-10. Retrieved 2012-01-20.
  29. http://www.breastcancer.org/symptoms/testing/types/mammograms/
  30. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-09. Retrieved 2012-01-19.
  31. Let us join hands to fight cancer : Hindu Daily dated 4th Feb 2011
  32. http://www.cancer.gov/cancertopics/treatment/types-of-treatment
  33. മനോരമ പഠിപ്പരയിലെ ലേഖനം.[പ്രവർത്തിക്കാത്ത കണ്ണി] Internet Edition

മെഡിക്കൽ എൻസൈക്ലോപീഡിയ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർബുദം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അർബുദം&oldid=4275174" എന്ന താളിൽനിന്ന് ശേഖരിച്ചത്