അഫ്രീഡി
ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിൽ കൈബർ ചുരത്തിനടുത്തുവസിക്കുന്ന ഒരു പത്താൻ വർഗമാണ് അഫ്രീഡി. 1960-ലെ കണക്കനുസരിച്ച് 50,000-ൽ അധികം അഫ്രീഡികൾ ഉണ്ട്. സമുദ്രനിരപ്പിൽനിന്നും 1,800-2,100 മീറ്റർ ഉയരമുള്ള ഫലപുഷ്ടവും ദുർഗമവുമായ കുന്നിൻപ്രദേശം വളരെക്കാലം ഇവരുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. ഒരു ഗവൺമെന്റിന്റെയും നിയന്ത്രണത്തിനു വിധേയരാകാതെ ജീവിച്ചുവന്ന ഇക്കൂട്ടരെ ആദ്യമായി കണ്ടുമുട്ടിയത് ഇന്ത്യയെ ആക്രമിച്ച സാഹിർ ഉദ്-ദിൻ ബാബറാണ് (1504). അന്യരുടെ ആക്രമണത്തിനു വിധേയരാകാതെ ഇവർ പിന്നെയും കുറേക്കാലം കഴിച്ചു. 1581-ൽ അക്ബർ കൈബർ ചുരത്തിലൂടെ ഒരു റോഡ് നിർമിച്ചു. അഫ്രീഡികളുടെ എതിർപ്പുമൂലം കാബൂളിലെ ആദ്യഗവർണറായ മാൻസിംഗിന് ചുരം കടക്കാൻ കഴിഞ്ഞില്ല. റോഷാനിയാ പ്രസ്ഥാനത്തിന്റെ നേതാവായ ജലാലുദ്ദീനാണ് ഇത്തരത്തിലുള്ള എതിർപ്പുകൾക്ക് പ്രചോദനം നൽകിയത്.
സംഘട്ടനങ്ങൾ
[തിരുത്തുക]1585-ലും 1622-ലും മുഗളന്മാരും അഫ്രീഡികളുമായി കനത്ത സംഘട്ടനങ്ങളുണ്ടായി. 1630-ൽ കാബൂൾ ഗവർണറായ മുസാഫർഖാന്റെ കാലത്ത് അഫ്രീഡികൾക്ക് വമ്പിച്ച പരാജയം നേരിട്ടു. 1672-ൽ നവ്ഷെറാകോട്ട പിടിച്ചടക്കാൻ മുഗളന്മാർ നടത്തിയ ശ്രമം വിജയിച്ചില്ല.
18-ആം നൂറ്റാണ്ടിൽ അഫ്ഗാൻ അമീർ ആയ അഹമ്മദ് ഷാ ദുരാനി അഫ്രീഡികൾക്ക് സഹായവാഗ്ദാനം ചെയ്യുകയും അവരെ തന്റെ സൈന്യത്തിൽ ചേർക്കുകയും ചെയ്തു. ദുരാനിയുടെ പൌത്രനായ ഷാഷൂജായ്ക്ക് അഫ്രീഡികളുടെ സഹായം ലഭിച്ചിരുന്നു.
യുദ്ധത്തിൽ പരാജിതനായ ഷുജായ്ക്ക് അഭയം നൽകിയതും അഫ്രീഡികളാണ്. 1837-ൽ സിക്കു നേതാവായിരുന്ന ഹരിസിങ്ങിനെ ആക്രമിക്കുന്നതിന് ദോസ്ത് മുഹമ്മദിനെ അഫ്രീഡികൾ സഹായിച്ചു. 1838-42 ലുണ്ടായ ഒന്നാം അഫ്ഗാൻ യുദ്ധത്തിലാണ് ബ്രിട്ടീഷുകാർ അഫ്രീഡികളുമായി ഏറ്റുമുട്ടിയത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ അഫ്രീഡികളെ ബ്രിട്ടിഷ് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. ഡോ. ഖാൻ സാഹിബും അനുജനായ അബ്ദൽ ഗഫാർഖാനും രംഗത്തു വന്നതോടെ (1930-നുശേഷം) ബ്രിട്ടീഷുകാരുടെ സ്ഥിതി പരുങ്ങലിലായി; സ്വതന്ത്രപക്തൂണിസ്താൻ വേണമെന്ന വാദവും ഇക്കാലത്ത് ഉയർന്നു.
പഷ്തൂഭാഷ സംസാരിക്കുന്നവർ
[തിരുത്തുക]തല മുണ്ഡനം ചെയ്യുകയും താടിമീശ വളർത്തുകയും ചെയ്യുന്ന ദൃഢഗാത്രരായ ഇക്കൂട്ടർ സംസാരിക്കുന്നത് പുഷ്തു ഭാഷയാണ്. ഈ വർഗത്തിന്റെ ഉദ്ഭവത്തെക്കുറിച്ചു വലിയ അറിവുകളില്ല. അനാഥശിശുക്കളെ ദത്തെടുക്കുന്ന വംശപാരമ്പര്യം കണക്കിലെടുത്താൽ അഫ്രീഡികൾ മറ്റു പത്താൻ വർഗക്കാരുമായി സാദൃശ്യമുള്ളവരാണെന്ന് കാണാൻ കഴിയും
ദായക്രമത്തിന്റെ കാര്യത്തിൽ കിഴക്കൻ-ഇറാനിയൻഭാഷ സംസാരിക്കുന്ന ഉർമാറീസ് വർഗങ്ങളുമായും അഫ്രീഡികൾക്കു സാദൃശ്യമുണ്ട്. പത്താൻഭാഷയും ആചാരങ്ങളും അനുവർത്തിച്ചുവരുന്ന അഫ്രീഡികൾ പ്രാചീനകാലത്തുതന്നെ കുടിയേറിയവരാണെന്ന് കരുതാം. അഫ്രീഡികൾക്കു പെഷാവർ തീരത്തു വസിച്ചുവന്ന അപാരിടെയുമായി ബന്ധമുണ്ടെന്ന് പ്രാചീന യവനചരിത്രകാരനായ ഹെറൊഡോട്ടസ് (ബി.സി. 5-ആം നൂറ്റാണ്ട്) സൂചിപ്പിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന അഫ്രിഡികൾ
[തിരുത്തുക]ഷാഹിദ് അഫ്രിദി-പാകിസ്താൻ ക്രിക്കറ്റ് ടീം കാപ്റ്റൻ[1] still holds the record for the most sixes hit in ODI cricket history[2]
- അയൂബ് അഫ്രിദി, അഫ്ഘാൻ ഹിരോയിൻ കടത്തിന്റെ ആശാൻ
- ജാവേദ് അഫ്രിഡി, പെഷ്വാർ സാൽമി എന്ന പിഎസെൽ റ്റീമുടമ. ഹെയർ Haierപാകിസ്താന്റെ ഉടമ
- ഖാതിർ അഫ്രിഡി,പഷ്തൂൺ കവി
- മാലിക് മെഹ്ർ നിസ അഫ്രിഡി, പാകിസ്താൻ പീപ്പിൾസ് പാർട്ടി നേതാവ്.
- റിയാസ് അഫ്രിദി, പാകിസ്താന്റെ മുൻ ക്രിക്കറ്റ് ടീമംഗം
- ഷാഹീൻ അഫ്രിദി, പാകിസ്താൻ ക്രിക്കറ്റർ
- ഷേർ അലി അഫ്രിദി, ബ്രിട്ടീഷ് ഭരണകാലത്തെ പോലീസ് കാരൻ[3]
- ഉമർ ഗുൽ, പാക് ക്രിക്കറ്റർ.
പുറംകണ്ണികൾ
[തിരുത്തുക]- http://www.nps.edu/Programs/CCs/Docs/Pakistan/Tribes/Afridi_combo.pdf
- http://www.afridi.pk/about_afridis.html Archived 2011-10-07 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഫ്രീഡി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |