ഇനായത്തുള്ള ഖാൻ
1929 ജനുവരി 14 മുതൽ ജനുവരി 17 വരെയുള്ള മൂന്നുദിവസം മാത്രം അഫ്ഗാനിസ്താനിൽ രാജാവായിരുന്നയാളാണ് ഇനായത്തുള്ള ഖാൻ (ജീവിതകാലം: 1888 ഒക്ടോബർ 20 - 1946 ഓഗസ്റ്റ് 12). വിവിധ സർക്കാർവിരുദ്ധവിഭാഗങ്ങളുടെ എതിർപ്പുകൾ മൂലം തന്റെ സഹോദരനും രാജാവുമായിരുന്ന അമാനുള്ള ഖാന് കാബൂൾ വിട്ട് പലായനം ചെയ്യേണ്ടി വന്നപ്പോൾ ഇനായത്തുള്ള ഖാനെ രാജ്യഭാരം ഏല്പ്പിക്കുകയായിരുന്നു. എന്നാൽ 1929 ജനുവരി 16-ന് കലാപകാരികളുടെ നേതാവ്, ഹബീബുള്ള കാലാകാനി, കാബൂൾ പിടിച്ചടക്കുകയും ജനുവരി 17-ന് ഇനായത്തുള്ളക്ക് അധികാരം ഒഴിയേണ്ടതായും വന്നു.[1]
ഇനായത്തുള്ള ഖാൻ | |
---|---|
അഫ്ഗാനിസ്താന്റെ രാജാവ് | |
ഭരണകാലം | 1929 ജനുവരി 14 - 1929 ജനുവരി 17 |
മുൻഗാമി | അമാനുള്ള ഖാൻ |
പിൻഗാമി | ഹബീബുള്ള കലകാനി |
രാജ്ഞി | ഖജ്രിയ |
രാജവംശം | ബാരക്സായ് വംശം |
പിതാവ് | ഹബീബുള്ള ഖാൻ |
മാതാവ് | ജമാൽ ബേഗം |
ജീവചരിത്രം
തിരുത്തുക1901 മുതൽ 1919 വരെ അഫ്ഗാനിസ്താനിൽ അധികാരത്തിലിരുന്ന അമീർ ഹബീബുള്ള ഖാന്റെ പുത്രനായിരുന്നു ഇനായത്തുള്ള. പിതാവിന്റെ ഭരണകാലത്ത് ബ്രിട്ടീഷുകാരോടുള്ള ഹബീബുള്ളയുടെ മൃദുസമീപനത്തെ എതിർത്തിരുന്ന ഇനായത്തുള്ള, മഹ്മൂദ് താർസിക്കും നാസറുള്ളക്കുമൊപ്പം ബ്രിട്ടീഷ് വിരുദ്ധ വിമതപക്ഷത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. ഹബീബുള്ളയുടെ മരണത്തിനു ശേഷം നാസറുള്ള അധികാരത്തിലേറിയതിന് ഇനായത്തുള്ളയുടെ പിന്തുണയുമുണ്ടായിരുന്നു.
1919 ഫെബ്രുവരി 28-ന് നാസറുള്ളയെ അട്ടിമറിച്ച് അമാനുള്ള ഖാൻ അധികാരത്തിലേറിയപ്പോൾ, നാസറുള്ളക്കൊപ്പം ഇനായത്തുള്ളയേയും തടവിലാക്കിയിരുന്നു. എന്നാൽ അമാനുള്ളയോട് കൂറു പുലർത്തിക്കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തതിനാൽ ഉടൻ തന്നെ വിട്ടയച്ചു.[1]
മൂന്നുദിവസത്തെ രാജ്യഭാരം
തിരുത്തുകവിപ്ലവകരമായ പരിഷ്കരണ-പാശ്ചാത്യവൽക്കരണനടപടികൾ മൂലം, 1928 അവസാനത്തോടെ അമാനുള്ള ഖാനെതിരെ, അടിസ്ഥാന മതവാദിവിഭാഗങ്ങളുടെ വൻ പ്രതിഷേധം രൂപം കൊണ്ടു. കാബൂളിന് വടക്കുള്ള കോഹിസ്താനികളും കോഹ്ദമാനികളും, ഹബീബുള്ള കാലാകാനി എന്ന നേതാവിന്റെ നേതൃത്വത്തിൽ സർക്കാർപ്രതിനിധികളെ ആക്രമിക്കുകയും സർക്കാർ സൈന്യത്തിലെ ഒരു വിഭാഗത്തെ അവരുടെ പക്ഷം ചേർക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ, 1929 ജനുവരി 14-ന് അമാനുള്ള അധികാരം ഇനായത്തുള്ളക്ക് കൈമാറി, കാബൂൾ വിട്ട് കന്ദഹാറിലേക്ക് പലായനം ചെയ്തു.
മതവാദിവിഭാഗങ്ങൾക്ക് താരതമ്യേന സമ്മതനായിരുന്ന നേതാവായിരുന്നു ഇനായത്തുള്ള എന്നിരിക്കിലും, 1929 ജനുവരി 16-ന് ഹബീബുള്ള കാലാകാനി, കാബൂൾ പിടിച്ചെടുത്തു. ജനുവരി 17-ന്, ഇനായത്തുള്ളയും ഭരണം ഉപേക്ഷിച്ചു. ജനുവരി 18-ന് ഒരു ബ്രിട്ടീഷ് വിമാനത്തിലാണ് ഇനായത്തുള്ള, കാബൂളിൽ നിന്നും പെഷവാറിലേക്ക് രക്ഷപ്പെട്ടത്. തുടർന്ന് തെഹ്രാനിലേക്ക് പോയ അദ്ദേഹം ശിഷ്ടകാലം ഇറാനിലെ ഭരണാധികാരിയായിരുന്ന റെസ ഷായുടേയും പുത്രന്റേയും അതിഥിയായി കഴിയുകയും 1946-ൽ മരണമടയുകയും ചെയ്തു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 282. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)