Jump to content

ടിമോർ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Timor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിമോർ
Geography
LocationSouth East Asia
Coordinates9°14′S 124°56′E / 9.233°S 124.933°E / -9.233; 124.933
ArchipelagoLesser Sunda Islands
Area rank44th
Administration
East Timor
Demographics
Population2,900,000

തെക്കൻ ഇന്തോനേഷ്യയിലെ മലായ് ദ്വീപസമൂഹത്തിൽപ്പെടുന്ന ഒരു ദ്വീപ് ആണ് ടിമോർ. ലെസർസുന്ദാ ദ്വീപുകളിലെ (Lesser Sunda Island) ഏറ്റവും വലിപ്പമേറിയ ഈ ദ്വീപ് ദ്വീപസമൂഹത്തിന്റെ കിഴക്കേയറ്റത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം 450 കി. മീറ്ററോളം നീളവും 105 കി. മീറ്ററോളം വീതിയും ടിമോർ ദ്വീപിനുണ്ട്. വിസ്തീർണം: 30,820 ച. കി. മീ.; അതിരുകൾ: വ. സാവു, ബാൻഡ കടലുകൾ, തെ. ടിമോർ കടൽ.

ചരിത്രം

[തിരുത്തുക]

പതിനാറാം ശതകത്തിന്റെ ആരംഭത്തിൽ തന്നെ പോർച്ചുഗീസുകാർ ഇവിടെ വാസമുറപ്പിച്ചിരുന്നു. 1613-ൽ ഡച്ച് കച്ചവടക്കാർ ആദ്യമായി ഇവിടെയെത്തി. ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ദ്വീപിന്റെ അധികാരത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങൾ നിരവധി ഉടമ്പടികളുടെ രൂപവത്കരണത്തിന് വഴിതെളിച്ചു. 1950-ൽ ദ്വീപിന്റെ പ. ഭാഗത്തുള്ള ഡച്ച് ടിമോർ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ഭാഗമായിത്തീർന്നു. കുപാങ് ആയിരുന്നു ഡച്ച് ടിമോറിന്റെ കേന്ദ്രപ്രദേശം. ദ്വീപിന്റെ കി. ഭാഗത്തുള്ള പോർച്ചുഗീസ് ടിമോർ, 1975-ൽ ഇന്തൊനേഷ്യ ബലം പ്രയോഗിച്ച് തങ്ങളുടെ അധീനതയിലാക്കി. 1999 ആഗ. -ൽ കിഴക്കൻ ടിമോർ ഇന്തോനേഷ്യൻ ആധിപത്യത്തിൽ നിന്ന് മോചനം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ അനവധി കലാപങ്ങൾക്കും രക്തച്ചൊരിച്ചിലിനുമൊടുവിൽ 2002 മേയ് 20-ന് കിഴക്കൻ ടിമോർ സ്വതന്ത്രമായി.

ഭൂമിശാസ്ത്രം

[തിരുത്തുക]

ടിമോർ ദ്വീപിനു കുറുകേ കാണപ്പെടുന്ന സമാന്തരമലനിരകളിലുള്ള റമേലു പർവതമാണ് (2950 മീ.) ദ്വീപിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നാണ് ടിമോർ. ഡി. മുതൽ മാ. വരെയാണ് മഴക്കാലം. വടക്കു പടിഞ്ഞാറൻ മൺസൂൺ കാറ്റുകളാണ് ദ്വീപിലെ മഴയ്ക്ക് പ്രധാനകാരണം. ടിമോർ ദ്വീപിലെ മണ്ണ് തീരെ വളക്കൂറുള്ളതല്ല. സസ്യജാലം വിരളമായിരിക്കുന്നതിനും കാരണം ഇതാണ്. എന്നാൽ യൂക്കാലിപ്റ്റസ്, ചന്ദനം, തേക്ക്, മുള, ഈട്ടി എന്നീ വാണിജ്യമൂല്യമുള്ള വൃക്ഷങ്ങൾ അവിടവിടെയായി വളരുന്നുണ്ട്. സ്വർണം, വെള്ളി തുടങ്ങിയവയുടെ ധാതുനിക്ഷേപങ്ങളും ടിമോറിലുണ്ട്.

സാമ്പത്തികം

[തിരുത്തുക]

ടിമോർ നിവാസികളുടെ പ്രധാന ഉപജീവനമാർഗ്ഗം കാർഷികവൃത്തിയാണ്. ചോളം, നെല്ല്, കാപ്പി, കൊപ്ര, പഴങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിളകൾ. പ്രാദേശിക സമ്പദ്ഘടന മാറ്റക്കൃഷി, ജലസേചനസൗകര്യങ്ങളോടുകൂടിയും അല്ലാതെയും നടത്തുന്ന നെൽക്കൃഷി (Wet& dry rice farming) എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നാണ്യവിളകളിൽ കാപ്പി, കൊക്കോ, തേങ്ങ, ചന്ദനം എന്നിവയ്ക്കാണ് പ്രാമുഖ്യം. കന്നുകാലി വളർത്തലും ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്. പ്രത്യേക ഇനത്തിൽപ്പെട്ട കുതിരകളെയും ഇവിടെ വളർത്തുന്നുണ്ട്.

സംസ്കാരം

[തിരുത്തുക]

ജനങ്ങളിലധികവും സങ്കര മലായ്, പോളിനേഷ്യൻ, പാപ്പുവൻ വംശജരാണ്. കുപാങ് ധജനസംഖ്യ: 5,22,780; (1991)പ ദിലി, [ജനസംഖ്യ: 1,23,705; (1991)] എന്നിവ പ്രധാന നഗരങ്ങളാണ്. പരമ്പരാഗത മതവിഭാഗങ്ങളെ കൂടാതെ മുസ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവരും ടിമോറിലുണ്ട്. ഇവിടത്തെ ഗതാഗത-വാർത്താവിനിമയമാർഗങ്ങൾ തീരെ അവികസിതമാണ്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടിമോർ ദ്വീപ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടിമോർ_ദ്വീപ്&oldid=3632849" എന്ന താളിൽനിന്ന് ശേഖരിച്ചത്