ടാക്സസ്
ടാക്സസ് | |
---|---|
Taxus baccata (European Yew) shoot with mature and immature cones | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Taxus |
Species | |
Taxus baccata - European Yew |
അനാവ്യതബീജി (Gymnosperms)കളിലെ ടാക്സേസി (Taxaceae) കുടുംബത്തിൽപ്പെടുന്ന നിത്യഹരിത വൃക്ഷമാണ് ടാക്സസ്. ടാക്സസ് ബക്കേറ്റ (Taxus baccata) എന്നൊരു സ്പീഷീസാണ് സാധാരണ കണ്ടുവരുന്നത്. ഇതിനു പല ഉപസ്പീഷീസുമുണ്ട്. യു (yew) എന്നാണ് ഇതിന്റെ പൊതുനാമം. യൂറോപ്പ്, അൾജീരിയ, വടക്കേ അമേരിക്ക, ഹിമാലയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഇവ വളരുന്നു. ചുണ്ണാമ്പുകല്ലുള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം.
1500 വർഷംവരെ ടാക്സസ് വൃക്ഷങ്ങൾക്ക് ആയുസ്സുണ്ട്. വളരെ സാവകാശത്തിൽ വളരുന്ന ഒരു വൃക്ഷമാണിത്. 25 മീറ്റർ വരെ ഉയരം വരും. തടിയുടെ പുറന്തൊലി ചാലുകളും ചുളിവുകളും വരകളും നിറഞ്ഞതാണ്. തടിയിൽ നിന്നും ധാരാളം പാർശ്വശാഖകളുണ്ടാകാറുണ്ട്. തടിയിൽ ചുവപ്പു കലർന്ന തവിട്ടുനിറത്തിലുള്ള ശല്ക്കങ്ങളുണ്ടായിരിക്കും. ഈ ശല്ക്കങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ കടുംചുവപ്പോ ഇളംതവിട്ടോ നിറത്തിലുള്ള വടുക്കൾ അവശേഷിക്കുന്നു. പ്രധാന കാണ്ഡത്തിൽ സർപ്പിലമായും പാർശ്വശാഖകളിൽ രണ്ടുനിരകളിലായും ഇലകൾ ക്രമീകരിച്ചിരിക്കുന്നു. ഇലകൾ 2-4 സെ. മീ. നീളവും 2-3 മി. മീ. വീതിയുമുള്ളവയാണ്. ഇലകളുടെ ഉപരിതലം കടുംപച്ച നിറവും അടിഭാഗം നിറം കുറഞ്ഞതുമാണ്. ഇലകൾ കന്നുകാലികൾക്ക് വിഷകരമാണ്.[1]
ടാക്സസ് ഏകലിംഗാശ്രയിയാണ്. ആൺ-പെൺ വൃക്ഷങ്ങൾ തമ്മിൽ പ്രത്യുത്പാദനാവയവങ്ങളിലെ വ്യത്യാസമേയുള്ളു. ആൺകോണുകളും പെൺകോണുകളും ഇലയുടെ കക്ഷ്യങ്ങളിലാണ് ഉണ്ടാകുന്നത്. ആൺകോണുകളിൽ മണി (beads)പോലെയുള്ള ഒരുകൂട്ടം ആൺപുഷ്പങ്ങളുണ്ടാകുന്നു. കാറ്റിൽ കൂടിയാണ് പരാഗരേണുക്കൾ വിതരണം ചെയ്യപ്പെടുന്നത്. പെൺകോണുകൾ ചെറുതും പച്ചനിറമുള്ളതും ഉരുണ്ടതുമായിരിക്കും. ഫെ. മാസത്തിലാണ് ആൺ-പെൺ കോണുകളുണ്ടാകുന്നത്. വിത്തിനെ പൊതിഞ്ഞ് ഏരിലുകൾ ഉള്ളതിനാൽ ഫലം ബെറി പോലിരിക്കും. മൂപ്പെത്തിയ വിത്തുകൾക്ക് കടും ചുവപ്പു നിറമായിരിക്കും. വിത്തുകൾ വിഷമുള്ളതാണ്.
കടുപ്പവും ദൃഢതയുമുള്ള തടിക്ക് അസാധാരണ ഇലാസ്തികതയുണ്ട്. തടിയുടെ വെള്ള കനം കുറഞ്ഞതാണ്; കാതലിന് ഇളം ചുവപ്പു കലർന്ന തവിട്ടുനിറമായിരിക്കും. തടി ഈടു നിൽക്കുന്നതായതിനാൽ വേലികെട്ടാനും മേൽത്തരം വീട്ടുപകരണങ്ങളുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Moir, Andy (2013). "The exceptional yew trees of England, Scotland and Wales". Quarterly Journal of Forestry. 2013 (2013): 187. Retrieved 19 July 2014.
പുറം കണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാക്സസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |