Jump to content

ശിരോമണി അകാലിദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shiromani Akali Dal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശിരോമണി അകാലിദൾ
ਸ਼੍ਰੋਮਣੀ ਅਕਾਲੀ ਦਲ
പ്രസിഡന്റ്Sukhbir Singh Badal
രൂപീകരിക്കപ്പെട്ടത്14 December 1920
മുഖ്യകാര്യാലയംBlock #6, Madhya Marg
Sector 28, Chandigarh
വിദ്യാർത്ഥി സംഘടനStudent Organisation of India[1] (SOI)[2]
യുവജന സംഘടനYouth Akali Dal
പ്രത്യയശാസ്‌ത്രംസിഖ് മതം
Punjabiyat[3]
Punjabi Nationalism[4]
രാഷ്ട്രീയ പക്ഷംവലതുപക്ഷം[5]
നിറം(ങ്ങൾ)Orange     
ECI പദവിState Party[6]
ലോക്സഭയിലെ സീറ്റുകൾ
4 / 545
രാജ്യസഭയിലെ സീറ്റുകൾ
3 / 245
Vidhan Sabhas സീറ്റുകൾ
60 / 117
(Punjab)
1 / 90
(Haryana)
തിരഞ്ഞെടുപ്പ് ചിഹ്നം
Weighing Balance
വെബ്സൈറ്റ്
www.shiromaniakalidal.net

സിക്കു മതക്കാരുടെ മതാധിഷ്ഠിതമായ രാഷ്ട്രീയകക്ഷി. പൂർണമായ പേര് ശിരോമണി അകാലിദൾ. 1920-കളുടെ ആദ്യം നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ സമരത്തിൽ സിക്കുകാരെ അണിനിരത്തിയ അകാലിദൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളുടെ ഭരണം ജനാധിപത്യവൽക്കരിക്കുന്നതിനുവേണ്ടി പോരാടിയിട്ടുണ്ട്. അകാലിദൾ താരതമ്യേന ഒരാധുനിക പ്രസ്ഥാനമാണെങ്കിലും അതിന്റെ വേരുകൾ മുഗൾ സാമ്രാജ്യകാലം വരെ നീളുന്നു.

മുഗൾ വാഴ്ചക്കാലം

[തിരുത്തുക]

മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ കാലത്ത് (1605-27) സിക്ക് ഗുരുവായ അർജുൻ വധിക്കപ്പെട്ടത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തി. അറംഗസീബിന്റെ കാലത്ത് (1618-1707) ഗുരു തേജ്ബഹദൂർ വധിക്കപ്പെട്ടപ്പോൾ (1675) സിക്കുകാർ മുഗൾ ആധിപത്യത്തിനെതിരെ സമരം പ്രഖ്യാപിച്ചു.

തേജ്ബഹദൂറിന്റെ പിൻഗാമിയായ ഗുരു ഗോവിന്ദ്സിങ് സിക്കുകാരെ ഒരു സൈനികശക്തിയായി സംഘടിപ്പിച്ചു. അവർ തങ്ങളുടെ പേരിനോട് സിങ് എന്ന സ്ഥാനപ്പേര് ഉപയോഗിച്ചുതുടങ്ങിയത് ഇക്കാലത്താണ്. സൈനിക പരിശീലനം നേടി മുഗളരോട് പകവീട്ടുന്നതിന് ന്നദ്ധതപ്രകടിപ്പിച്ച സിക്കുകാരെയെല്ലാം കൂട്ടിച്ചേർത്ത് ഖൽസാ എന്ന അർധസൈനിക മതസംഘടന ഉണ്ടാക്കാൻ സാധിച്ചത്, ഗോവിന്ദ് സിങ്ങിന്റെ ഒരു വലിയ നേട്ടമായിരുന്നു. സിക്കുസമുദായത്തിന്റെയും സിക്കുമതത്തിന്റെയും അതിവേഗത്തിലുള്ള വളർച്ചയ്ക്കു കാരണമായിത്തീർന്നത് ഖൽസാ ആയിരുന്നു. എന്നാൽ കാലക്രമത്തിൽ ഖൽസായുടെ ശക്തിയും തൻമൂലം സിക്കുകാരുടെ മനോവീര്യവും ക്ഷയിക്കാനിടയായി. ക്രിസ്തുമതത്തിന്റെ പ്രചാരവും, ആര്യസമാജത്തിന്റെ രൂപീകരണത്തോടെ ഹിന്ദുക്കൾക്കിടയിൽ ഉണ്ടായ പുത്തൻ ഉണർവും, സിക്കുമതത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. ബ്രിട്ടിഷ് ഗവൺമെന്റിന്റെയും ക്രിസ്ത്യാനികളുടെയും മുസ്ലിംങ്ങളുടെയും ഭാഗത്തുനിന്ന് പല അവഹേളനങ്ങളും സിക്കുകാർക്ക് നേരിടേണ്ടിവന്നു. എന്നാൽ ഈ പരാധീനതകളെ അതിജീവിക്കുന്നതിനായി സിങ്സഭ എന്ന പേരിൽ മറ്റൊരു സംഘടനയും പിൽക്കാലത്തു സ്ഥാപിതമായി. സിങ് സഭയുടെ നേതൃത്വത്തിൽ സിക്കുകാർ തങ്ങളുടെ പരാധീനതകളിൽ പ്രതിഷേധിക്കുന്നതിനുവേണ്ടി പഞ്ചാബിൽ ഉടനീളം യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുക പതിവായിത്തീർന്നു.[7]

ഗുരുദ്വാരകൾ

[തിരുത്തുക]
സുവർണക്ഷേത്രം

ഗുരുദ്വാരകൾ എന്നപേരിലാണ് സിക്കുകാരുടെ ആരാധനാലയങ്ങൾ അറിയപ്പെടുന്നത്. സുവർണക്ഷേത്രം, നാങ്കാനാക്ഷേത്രം, പഞ്ചാസാഹിബ്ക്ഷേത്രം തുടങ്ങിയ ഗുരുദ്വാരകൾ അത്യന്തം സമ്പന്നങ്ങളായിരുന്നു. എന്നാൽ 19-ം ശതകത്തിന്റെ അവസാനത്തോടുകൂടി ഈ ഗുരുദ്വാരകളുടെ നില ശോചനീയമായിത്തീർന്നു.

ഗുരുദ്വാരകളുടെ ഭരണത്തെ സംബന്ധിച്ചിടത്തോളം വ്യക്തമായ വ്യവസ്ഥകളൊന്നും ഇല്ലാതിരുന്നതാണ് അതിന് കാരണം. പരമ്പരാഗതമായി ഗുരുദ്വാരാഭരണം കൈയടക്കിവച്ചിരുന്ന ഉദാസികൾ, ഗ്രന്ഥികൾ, മാഹന്ത് തുടങ്ങിയ പുരോഹിതൻമാർ അധികവും സിക്കുമതത്തോടു കൂറില്ലാത്ത ഹിന്ദുക്കളായിരുന്നു. ഗുരുദ്വാരകളെ സിക്കുകാരുടെ പരിപൂർണ നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തീവ്രവാദികളായ സിക്കുകാർ രൂപവത്കരിച്ച സംഘടനയാണ് അകാലിദളം. ഗുരുദ്വാരകളെ വേണ്ടിവന്നാൽ ബലം പ്രയോഗിച്ചുതന്നെ മോചിപ്പിക്കത്തക്ക വിധം സിക്കുകാർക്ക് സൈനികപരിശീലനവും നേതൃത്വവും നൽകുക എന്നതായിരുന്നു അകാലിദളത്തിന്റെ പ്രധാന പരിപാടി. സിങ്സഭ, ദ ചീഫ്ഖൽസാ ദിവാൻ (1902) എന്നീ സിക്കു സംഘടനകൾ തുടങ്ങിവച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അകാലിദളം തീരുമാനിച്ചു. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലി എന്നു പേരോടുകൂടിയ ഒരു ഗുരുമുഖിപത്രവും പ്രസിദ്ധീകൃതമായി. പുരോഹിതൻമാരുടെ കൈയിൽനിന്നും മോചിപ്പിക്കപ്പെടുന്ന ഗുരുദ്വാരകളുടെഭരണം ഏറ്റെടുക്കുന്നതിനുവേണ്ടി സിക്കു ഗുരുദ്വാര പ്രബന്ധക് കമ്മറ്റി (എസ്സ്.ജി.പി.സി.) എന്നൊരു സംഘടനയുംരൂപീകരിച്ചു. ഹൈന്ദവപുരോഹിതൻമാർ വിട്ടുകൊടുക്കുന്നതിനു മടിച്ച ഗുരുദ്വാരകളെ ബലംപ്രയോഗിച്ചു മോചിപ്പിക്കുക ആയിരുന്നു അകാലികളുടെ ലക്ഷ്യം.ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നാങ്കാനയിലെ ഗുരുദ്വാര പിടിച്ചെടുക്കുന്നതിന് ഇവർ ആദ്യം ശ്രമിച്ചു. (1921) ഈ ഉദ്യമത്തിൽ ഗുരുദ്വാര തങ്ങളുടെ പൂർണനിയന്ത്രണത്തിലായ സിക്കുകാരുടെ ആദ്യത്തെ വിജയമായിരുന്നു അതിനെതുടർന്ന് സുവർണക്ഷേത്രവും മോചിപ്പിക്കപ്പെട്ടു.അക്കൊല്ലംതന്നെ സുവർണക്ഷേത്രത്തെ സിക്കുഗുരുദ്വാരപ്രബന്ധക് കമ്മിറ്റിയുടെ നിയന്ത്രണത്തിൽ നിന്നും വേർപെടുത്തുന്നതിന് അമൃതസരസ്സിലെ ഡെപ്യൂട്ടികമ്മീഷണർ നടത്തിയ ഉദ്യമത്തെ അകാലികൾ വിജയപൂർവം പ്രതിരോധിച്ചു. അമൃത സരസ്സിൽനിന്ന് 20 കി.മീ. അകലെ ഗുരുഅർജുന്റെസ്മരണാർഥം നിർമിച്ചിട്ടുളളക്ഷേത്രസന്നിധിയിൽ വച്ച്പൊലീസ് അകാകാലികളെ മർദിച്ചത് സിക്കുകാരുടെ രോഷാഗ്നി ആളിക്കത്തുന്നതിന് ഇടയാക്കി. അതോടുകൂടി ഗുരുകാബാഗ് എന്നറിയപ്പെട്ടിരുന്ന ആക്ഷേത്രവും സിക്കുഗുരുദ്വാരപ്രബന്ധക് കമ്മിറ്റിയുടെ അധീനതയിലായി.[8]

ഭീകരപ്രവർത്തനങ്ങൾ

[തിരുത്തുക]

ഇതിനിടയിൽ തീവ്രവാദികളും വിപ്ളവകാരികളുമായ അകാലികൾ ചേർന്ന് അകാലിസിംഹങ്ങൾ എന്നർഥം വരുന്ന ബബ്ബാർ അകാലിദളം എന്നൊരു സംഘം സ്ഥാപിച്ചു. മർദനത്തെ മർദനംകൊണ്ടു നേരിടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. നാങ്കാനായിലെ രക്തസാക്ഷികളോടുള്ള ആദരസൂചകമായി എല്ലാ സിക്കുകാരും കറുത്തതലപ്പാവ്ധരിക്കണമെന്ന് വർനിർദ്ദേശിച്ചു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി ആശ്വാസപ്രവർത്തനങ്ങളും അവർ സംഘടിപ്പിച്ചു. ഗുരുകാബാഗിലെ പൊലീസ്മർദനം ബബ്ബാർഅകാലികളുടെ സമരത്തെ ഉത്തേജിപ്പിച്ചു. പട്ടാളത്തിൽ നിന്ന് അവധിക്കു വന്നവരും പിരിഞ്ഞുവന്നവരുമായ സിക്കുകാരുടെ സഹായത്തോടുകൂടി അവർസൈനിക പരിശീലനം നേടി. സംഭാവനയായി ലഭിച്ചവയും സർക്കാർ ആയുധപ്പുരകളിൽനിന്നു കവർന്നെടുത്തവയുമായിരുന്നു അവരുടെ ആയുധങ്ങൾ.കുറെക്കാലത്തേക്കു ബബ്ബാർ അകാലികൾ പഞ്ചാബിലെ പൊലീസുകാർക്കും ഹിന്ദുക്കൾക്കും ഒരു വലിയ പേടിസ്വപ്നമായിരുന്നു[9]

അകാലികളും രാഷ്ട്രീയപ്രസ്ഥാനവും

[തിരുത്തുക]

ആരംഭകാലംമുതൽതന്നെ വിഭിന്ന ചിന്താഗതിക്കാരായിരുന്നു അകാലി നേതാക്കൻമാർ. അകാലിദളത്തിന്റെ പ്രവർത്തനങ്ങൾ മതപരമായ കാര്യങ്ങളിൽ മാത്രം ഒതുക്കിനിർത്തണമെന്ന് ബാബാ ഖരക്സിങ്, മേത്താസിങ് തുടങ്ങിയവർ അഭിപ്രായപ്പെട്ടു.എന്നാൽ അവരുടെ പ്രവർത്തനമണ്ഡലം വളർന്നു വരുന്ന ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്കും വ്യാപിപ്പിക്കണമെന്ന് മാസ്റ്റർതാരാസിംഗ് വാദിച്ചു. അക്കാലത്തെ പ്രത്യേക രാഷ്ട്രീയ പരിതഃസ്ഥിതിയിൽ താരാസിങിന്റെ അഭിപ്രായം ബഹുഭൂരിപക്ഷം അകാലികൾക്കും സ്വീകാര്യമായി.

1923 മുതൽ അകാലികൾ തങ്ങളുടെ ഗുരുദ്വാരകൾ കൈയടക്കുന്നതിനുള്ള ശ്രമം വീണ്ടും ഊർജ്ജിതപ്പെടുത്തി. അതോടുകൂടി അവർ സിക്കുകാരുടെ വക്താക്കളാണെന്നപരമാർഥവും അംഗീകരിക്കപ്പെട്ടു. അകാലികൾക്ക് ഗുരുദ്വാരകളുടെ മേലുള്ള അവകാശങ്ങളെ അംഗീകരിച്ചുകൊണ്ട് 1926-ൽ ഗവൺമെന്റ് ഒരു നിയമം പാസ്സാക്കി. ഇതിനകം നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായി അകാലികളിൽ പെട്ട 400 പേർമരിക്കുകയും 2,000 പേർക്കു പരിക്കേല്ക്കുകയും ചെയ്തു. 30,000-ത്തിലധികം അകാലികൾ അറസ്റ്റ് വരിച്ചു; അവരിൽനിന്നും 15 ലക്ഷത്തിലധികം രൂപാ പിഴയിനത്തിൽ ഗവണ്മെന്റ് ഈടാക്കി. ഇതിനെല്ലാം ഉപരിയായി കുറെക്കാലത്തേക്ക് സിക്കുകാരെ ഗവണ്മെന്റ് സർവീസിൽ നിയമിക്കുന്നത് നിരോധിക്കുകയും ചെയ്തു.[10]

കാലക്രമത്തിൽ സിക്കുജനത ഒരു കൊച്ചു രാഷ്ട്രമെന്നോണം സ്വയം സംഘടിച്ച്, എസ്.ജി.പി.സി. ഒരു പാർലമെന്റ് എന്ന രീതിയിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു. അകാലിദളം അതിന്റെ സേനാഘടകമായിത്തീർന്നു. തങ്ങളുടെ പ്രവർത്തനപരിപാടികൾ ൾവിജയപൂർവം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഗുരുദ്വാരകളിൽനിന്നുള്ള വരുമാനം അവർക്ക് സഹായകമായി.

സ്വാതന്ത്ര്യസമരം

[തിരുത്തുക]

1928-നുശേഷം അകാലികൾ കോൺഗ്രസ്സുമായി കൂടുതൽ അടുത്തുപ്രവർത്തിച്ചു തുടങ്ങി. 1929-ലെ ലാഹോർസമ്മേളനത്തിൽ കോൺഗ്രസ് അകാലികളുടെ നിലപാടിനെ പരസ്യമായി അനുകൂലിച്ചു. 1939 വരെ കോൺഗ്രസ്സും അകാലിദളവും അടുത്ത സൌഹാർദമായിരുന്നു പുലർത്തിയിരുന്നത്. എന്നാൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോൾ കോൺഗ്രസ്സുകാർ ബ്രിട്ടിഷ്സർക്കാരിനോട്സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മാസ്റ്റർ താരാസിങും അദ്ദേഹത്തിന്റെ അനുയായികളായ അകാലികളും കോൺഗ്രസ്സിൽനിന്ന് അകന്നുമാറി. ഉദ്ദംസിങ്നഗോവിന്റെ നേതൃത്വത്തിലുള്ള അകാലികൾ വീണ്ടും കോൺഗ്രസ്സിനോടു കൂറുള്ളവരായി തുടർന്നു.

1944-നുശേഷം ഒരു സ്വതന്ത്ര സിക്കുരാജ്യം വേണമെന്ന ആശയം അകാലികൾക്കിടയിൽ പ്രകടമായിത്തുടങ്ങി. മുസ്ളിം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ ചേർത്ത് പാകിസ്താൻ രൂപവത്കരിക്കുന്നതിനുള്ള നീക്കമായിരുന്നു ഇത്തരം ഒരു ആഗ്രഹമുണ്ടാകാൻ സിക്കുകാർക്ക് പ്രേരകമായിത്തീർന്നത്.സിക്കുകാരുടെ ഈ ആഗ്രഹം ഔദ്യോഗികമായി 1946-ൽ അകാലികൾ പ്രഖ്യാപിച്ചു. അതേവർഷംതന്നെ സംഘടിപ്പിക്കപ്പെട്ട ഭരണഘടനാനിർമ്മാണസമിതിയുടെ പരിഗണനയ്ക്കായി അകാലിദളം സമർപ്പിച്ച ഒരു മെമ്മോറാണ്ടത്തിൽ ഈ രാഷ്ട്രീയാവശ്യങ്ങൾ അവർ വിവരിച്ചിരുന്നു. എന്നാൽ 1947-ൽ ഇന്ത്യ സ്വാതന്ത്യ്രം പ്രാപിച്ചപ്പോൾ ഒരു സ്വതന്ത്ര സിക്കുരാഷ്ട്രം വേണമെന്ന അകാലികളുടെ വാദം അംഗീകരിക്കപ്പെട്ടില്ല; പഞ്ചാബിനെരണ്ടായിവിഭജിച്ച് ഒരുഭാഗം ഇന്ത്യയോടും മറ്റേത് പാകിസ്താനോടും സംയോജിപ്പിക്കുകയാണുണ്ടായത്.[11]

സ്വതന്ത്ര ഇന്ത്യയിൽ

[തിരുത്തുക]

1947-നുശേഷം അകാലിദളം ഇന്ത്യയിൽ പ്രാദേശികപ്രാധാന്യമുളള മുഖ്യരാഷ്ട്രീയകക്ഷികളിലൊന്നായിമാറി. പഞ്ചാബിലെ സിക്കുകാരെ മാത്രം ഉൾക്കൊണ്ടിരുന്ന ഈ സംഘടന തികച്ചും പ്രാദേശികമായിരുന്നു. എങ്കിലും പഞ്ചാബിന്റെ രാഷ്ട്രീയഭാഗധേയങ്ങൾ നിർണയിക്കുന്ന കാര്യത്തിൽ ഗണ്യമായ സ്വാധീനത ചെലുത്താൻ ഇതിന് സാധിച്ചു. സ്വതന്ത്രഇന്ത്യയിൽ ഒരു സ്വതന്ത്ര പഞ്ചാബിസുബ സ്ഥാപിക്കുകയെന്നതായിരുന്നു അകാലിദളത്തിന്റെ ലക്ഷ്യം. സിക്കുകാരുടെ ജൻമഭൂമി എന്നവകാശപ്പെടാവുന്ന പഞ്ചാബി സുബയിലെ ഔദ്യോഗിക ഭാഷ ഗുരുമുഖിലിപിയിലുള്ള പഞ്ചാബി ആയിരിക്കണമെന്നും അവർപ്രഖ്യാപിച്ചു. ഇത്തരംചിന്താഗതികൾ വച്ചുപുലർത്തിയിരുന്നതുകൊണ്ട് പഞ്ചാബിന്പുറത്ത്തങ്ങളുടെ പാർട്ടിപ്രവർത്തനം വ്യാപിപ്പിക്കുന്നതിന് അകാലികൾക്കു സാധിച്ചില്ല; പഞ്ചാബിനുള്ളിൽ തന്നെയും ഹിന്ദുക്കൾക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ അവർക്കു സ്വാധീനത ഉണ്ടായിരുന്നില്ല.[12]

അധ്യക്ഷനാണ് അകാലിദളത്തിന്റെ പരമോന്നത നേതാവ്. പാർട്ടിയുടെ പൊതുയോഗമാണ് ഇദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. അതിലെ നാനൂറോളം വരുന്ന അംഗങ്ങൾ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഭരണകാര്യങ്ങളിൽ തന്നെസഹായിക്കുന്നതിനുവേണ്ടി 22 അംഗങ്ങളുള്ള ഒരു കാര്യനിർവാഹക സമിതിയെ നിയമിക്കുന്നതിനുള്ള അധികാരം അധ്യക്ഷനുണ്ട്. പാർട്ടിയുടെ വളർച്ചയ്ക്ക് അകാലിജാഥ എന്ന ഗ്രാമഘടകം വലിയൊരുപങ്കു വഹിക്കുന്നു. നൂറ് അകാലികൾ ‍ചേർന്നതാണ് ഒരു അകാലിജാഥ. സിക്കുകാരുടെവകക്ഷേത്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അകാലികളുടെ നിയന്ത്രണത്തിൽ നിലനിർത്തുന്നതിന് അകാലിജാഥകൾ വളരെയധികം സഹായകമായിട്ടുണ്ട്.

1947-നുശേഷം ഇന്ത്യയിൽ അകാലിദളത്തിന്റെ ശക്തി വളർന്നുകൊണ്ടിരുന്നു. എന്നാൽ അനേകം സിക്കുകാർ കോൺഗ്രസ്സിൽ ചേർന്നതു കാരണം തനിയെ മൽസരിച്ച് നിയമസഭയിൽ ഭൂരിപക്ഷം നേടത്തക്ക കഴിവ് അകാലിദളത്തിനു ലഭിച്ചിരുന്നില്ല. 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ അവർക്ക് സാരമായ സംഖ്യാബലമൊന്നും പഞ്ചാബ്നിയമസഭയിൽ ണ്ടായില്ല. എങ്കിലും ഭരണകക്ഷിയായ കോൺഗ്രസ്സിനോട് ചേർന്നുനിന്നുകൊണ്ട് തങ്ങളുടെ രഷ്ട്രീയാവകാശങ്ങൾ ഒന്നൊന്നായി നേടിയെടുക്കുവാൻ അകാലികൾ ശ്രമിച്ചു. കുറെക്കാലത്തേക്ക് പഞ്ചാബിലെ വിവിധമന്ത്രിസഭകളുടെ നിലനിൽപും പതനവും അകാലിദളത്തിന്റെ നിലപാടിനെ ആശ്രയിച്ചായിരുന്നു. സർക്കാർസർവീസിൽ ഗണ്യമായ സ്ഥാനംനേടുക, മന്ത്രിസഭയിലെ ഹിന്ദുക്കളോടൊപ്പം പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് അകാലികൾക്ക് സാധിച്ചു. 1955-ൽഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളെ, ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി ഒരു ഉന്നതാധികാരക്കമ്മീഷൻ നിയമിക്കപ്പെട്ടപ്പോൾ അകാലികൾവീണ്ടും തങ്ങളുടെസ്വതന്ത്ര പഞ്ചാബി സുബാ വാദവുമായി മുന്നോട്ടു വന്നു. അതിനോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തിൽ പന്തീരായിരത്തിലധികം അകാലികൾ അറസ്റ്റുചെയ്യപ്പെട്ടു. 1957-ലെ പൊതുതെരഞ്ഞെടുപ്പിൽ മാസ്റ്റർതാരാസിങിന്റെ സ്ഥാനാർഥികളെല്ലാം പരാജയപ്പെട്ടത് ഈ സംഘടനയ്ക്ക് വലിയആഘാതമായി. 1961-ൽ സ്വതന്ത്ര പഞ്ചാബി സുബയ്ക്കുവേണ്ടി അവർ നടത്തിയ സമരത്തിൽ 57,000 വാളണ്ടിയർമാർ അറസ്റ്റുവരിച്ചു.അതിനെത്തുടർന്ന്അകാലി നേതാക്കളായ മാസ്റ്റർ താരാസിങ്ങും സന്ത് ഫത്തേസിങ്ങും ചേർന്ന് ആരംഭിച്ച ഉപവാസം വലിയ നേട്ടങ്ങൾലഭിക്കാതെ തന്നെ നിറുത്തേണ്ടിവന്നു.[13]

പിളർപ്പ്

[തിരുത്തുക]

1962-ലെ പൊതുതെരഞ്ഞെടുപ്പിൽ 12 % വോട്ടുകളോടെ പഞ്ചാബ് നിയമസഭയിലെ 19 സീറ്റുകൾ അകാലിദളം നേടി തുടർന്ന് അകാലികൾ മാസ്റ്റർ താരാസിങ്ങിനെ മരണം വരെയുള്ള ഒരുപവാസത്തിനു പ്രേരിപ്പിച്ചു. ഈ ഉപവാസം താരാസിങ്ങിനെ സംബന്ധിച്ചിടത്തോളം ഒരു തികഞ്ഞ പരാജയമായിരുന്നു. അതോടുകൂടി ഇദ്ദേഹത്തിനു പാർട്ടിയിലുണ്ടായിരുന്ന പദവിക്ക് സാരമായ ഹാനിയുണ്ടായി.പാർട്ടിയുടെമറ്റൊരു നേതാവായ സന്ത് ഫത്തേസിങ്ങിന്റെ സ്വാധീനം സാരമായി പെരുപ്പിച്ചു കാണിക്കാനും ഇത് ഇടനൽകി. ഇതിനെത്തുടർന്ന് താരാസിങും ഫത്തേസിങ്ങും തമ്മിൽ നടന്ന അധികാരമൽസരം അകാലിദളത്തിൽ ഒരു വലിയ പിളർപ്പിന് കാരണമായി. സന്ത്ഫത്തേസിങ്ങിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പുതിയ ബദൽ അകാലിദളത്തിനായിരുന്നു കൂടുതൽ സ്വാധീനശക്തി ലഭിച്ചത്.

ഫത്തേസിങ്ങിന്റെ നേതൃത്വത്തിലുള്ള അകാലികൾ പഞ്ചാബി സുബയ്ക്കുവേണ്ടിയുള്ള സമരം തുടർന്നു. 1965-ൽ നടന്ന ഗുരുദ്വാര തെരഞ്ഞെടുപ്പിൽ താരാസിങ് ഗ്രൂപ്പിൽപെട്ട അകാലി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയത് സന്ത് ഫത്തേസിങ്ങിന്റെ വലിയൊരു നേട്ടമായിരുന്നു. 1969-ൽ മാസ്റ്റർ താരാസിങ്ങിന്റെ മരണത്തോടുകൂടി ഇദ്ദേഹത്തിന്റെ ഗ്രൂപ്പിൽപെട്ട അകാലിദളം നാമമാത്രമായിത്തീർന്നെന്നു പറയാം.[14]

പഞ്ചാബി സുബ

[തിരുത്തുക]

1966-ൽ പഞ്ചാബ് സംസ്ഥാനത്തെ പഞ്ചാബെന്നും ഹരിയാനയെന്നും രണ്ടായി വിഭജിക്കുന്നതിന് ഇന്ത്യാ ഗവ. എടുത്ത തീരുമാനം സന്ത് ഫത്തേസിങ്ങിന്റെ മറ്റൊരു വിജയമായിരുന്നു. 1966 നവമ്പർ 1-ന് ഈ രണ്ടുസംസ്ഥാനങ്ങളുംനിലവിൽവന്നു.എന്നാൽ അകാലികൾ അതുകൊണ്ടും തൃപ്തരായില്ല. സംസ്ഥാന വിഭജനത്തെത്തുടർന്ന് ഹരിയാനയ്ക്കുളളിലായിപ്പോയ ചണ്ഡിഗഢ്നഗരം തങ്ങൾക്കുതന്നെ ലഭിക്കണമെന്നതായി അകാലികളുടെ അടുത്തവാദം. 1970 ഫെ.-ൽ ഇതിനുവേണ്ടി സന്ത് ഫത്തേസിങ് മരണംവരെ ഉപവാസം തുടങ്ങുകയും ആത്മാഹൂതിചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന്റെ ഫലമായി ചില വ്യവസ്ഥകൾക്ക് വിധേയമായി ചണ്ഡിഗഢ് പഞ്ചാബിന് വിട്ടുകൊടുക്കുവാൻ ഇന്ത്യാഗവണ്മെന്റു തീരുമാനിച്ചു.[15]

1967-ലെ പൊതുതെരഞ്ഞെടുപ്പിൽ ഫത്തേസിങ് വിഭാഗത്തിൽപെട്ട അകാലിദളം കോൺഗ്രസ്സിതര കക്ഷികളുമായി മുന്നണിയുണ്ടാക്കി പഞ്ചാബ്നിയമസഭയിൽഭൂരിപക്ഷം നേടി. ഇതിനെതുടർന്ന് അകാലിനേതാവായഗുർണാംസിങ്ങിന്റെ നേതൃത്വത്തിൽ ഒരു ഐക്യമുന്നണി മന്ത്രിസഭഅധികാരത്തിൽ വന്നു.എന്നാൽ ഭരണകക്ഷികൾക്കിടയിലെ ഭിന്നതകാരണം ഈമന്ത്രിസഭ 1967 നമ്പറിൽ നിലംപതിച്ചു. 1969 ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും അകാലിദളത്തിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനാൽ ഗുർണാംസിങ്ങിന്റെ നേതൃത്വത്തിൽ പുതിയൊരുമന്ത്രിസഭ രൂപവത്കരിക്കപ്പെട്ടു. കുറേകാലത്തിനുശേഷം ഗുർണാംസിങ് രാജിവച്ചെങ്കിലും ഉടൻതന്നെ പ്രകാശ്സിങ്ബാദൽ മുഖ്യമന്ത്രിയായി മറ്റൊരുമന്ത്രിസഭ അകാലികളുടെ നേതൃത്വത്തിൽ അധികാരമേറ്റു. 1970 മാർച്ച് വരെ ബാദൽ മന്ത്രിസഭ നിലനിന്നു.

1972-ലെ ലോകസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് അഖിലേന്ത്യാതലത്തിൽതന്നെ ഉണ്ടായ ചരിത്രവിജയത്തെത്തുടർന്ന് മറ്റുപലസംസ്ഥാനങ്ങളിലേയും കോൺഗ്രസ്സിതര കക്ഷികളെപ്പോലെ പഞ്ചാബിൽ അകാലിദളിന്റെ ജനസ്വാധീനം ഗണ്യമായി കുറഞ്ഞു. അതുവരെമാസ്റ്റർതാരാസിങ്ങിനെപ്പോലുള്ള വമ്പന്മാരെ പിൻതള്ളി അകാലികൾക്ക് നേതൃത്വം നൽകിപ്പോന്ന ആത്മീയഗുരുകൂടിയായിരുന്ന സന്ത് ഫത്തേസിങ് രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുപോവുകയും ചെയ്തു.

1972-ലെ കോൺഗ്രസ് വിജയത്തെ തുടർന്ന് 1977 വരെ കോൺഗ്രസ് നേതാവ് സെയിൽസിങ് പഞ്ചാബ് മുഖ്യമന്ത്രിയായി. 1975-77-ലെ അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ അകാലികൾ വീണ്ടും പഞ്ചാബിൽ അധികാരമേൽക്കുകയും പ്രകാശ്സിങ് ബാദൽ മുഖ്യമന്ത്രിയാവുകയും ചെയ്തു.[16]

വിഘടനവാദം

[തിരുത്തുക]

അടിയന്തരാവസ്ഥയെത്തുടർന്ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് തോൽക്കുകയും ഒരു കോൺഗ്രസ്സിതര സർക്കാർ കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അധികാരത്തിലെത്തുകയും ചെയ്തു (1977). ഈ സന്ദർഭത്തിലാണ് സന്ത് ജർണയിൽസിങ് ഭിന്ദ്രൻവാല എന്ന ഒരുപുരോഹിതപോരാളി പൊടുന്നനെ പഞ്ചാബിലെ രാഷ്ട്രീയരംഗത്ത് രംഗപ്രവേശം ചെയ്യുന്നത്.

ഖാലിസ്ഥാൻ അഥവാ സ്വതന്ത്ര പരമാധികാര മതാധിഷ്ഠിത സിക്ക് രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഭിന്ദ്രൻവാലയുടെ ലക്ഷ്യം. അതിനായി ആയുധമെടുക്കാനും ഭിന്ദ്രൻവാല ആഹ്വാനം ചെയ്തു. അഖിലേന്ത്യ സിക്ക് വിദ്യാർഥി ഫെഡറേഷൻ പ്രവർത്തകരെയും നഗരങ്ങളിലെ ഇടത്തരം തൊഴിൽരഹിതരായ അഭ്യസ്തവിദ്യരെയും ഖാലിസ്ഥാൻ വാദത്തിലേക്ക് ആകർഷിക്കാനും ഇതിലൂടെ ഭിന്ദ്രൻവാലക്ക് ഴിഞ്ഞു.അതിവേഗംഭിന്ദ്രൻവാല ഒരു പ്രസ്ഥാനമായി വളർന്നു. ഭിന്ദ്രൻവാലയും സൈനികാധിഷ്ഠിതമായ ഖാലിസ്ഥാൻ വാദവും തുടർന്ന് വലിയൊരുപ്രസ്ഥാനമായി വളരുകയാണുണ്ടായത്.[17]

ഖാലിസ്ഥാൻവാദം

[തിരുത്തുക]

ജാട്ട് വംശത്തിൽപ്പെട്ട സിക്ക് കൃഷിക്കാരിൽ ഒരു ഗണ്യമായ വിഭാഗത്തെ ധനികകൃഷിക്കാരാക്കി ഉയർത്തിയ "ഹരിത വിപ്ളവത്തിന്റെ ചില പ്രയോജനങ്ങൾ ചെറുകിടക്കാർക്കും ഭൂമിയില്ലാത്ത ദലിത് സിക്ക് ഹിന്ദു കർഷകത്തൊഴിലാളികൾക്കും കിട്ടി. എന്നാൽ ഈ അധഃസ്ഥിത വിഭാഗവും ധനികകൃഷിക്കാരും തമ്മിലുള്ള വിടവ് പൂർവാധികം വർധിച്ചു. അകാലികൾ ജാട്ട് ധനികകൃഷിക്കാരുടെയും നഗര വ്യാപാരി വ്യവസായികളുടെയും രാഷ്ട്രീയ കക്ഷിയായി ഉയർന്നു.

നഗരത്തിലെ ദരിദ്രരുടെയും ചെറുകിടക്കാരുടെയും കർഷകത്തൊഴിലാളികളായ ദലിതരുടെയും ഇടയിൽ മതനിരപേക്ഷ ജനാധിപത്യ വാദികളായ കോൺഗ്രസ്, കമ്യൂണിസ്റ്റുപാർട്ടികൾ മുതലായവയ്ക്കായിരുന്നു മുൻതൂക്കം. മുഖ്യമന്ത്രിയും പിന്നീടുരാഷ്ട്രപതിയുമായ സെയിൽസിങ് ഈവിഭാഗത്തിൽപെട്ട ആളായിരുന്നു. മാസ്റ്റർ താരാസിങ്ങിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പാന്ഥിക്' ഗ്രൂപ്പും ആനന്ദ്പൂർ സാഹി ബ് പ്രമേയവും വിഘടനവാദത്തിന് പ്രചോദക ഘടകങ്ങളാണ്.

ഈ തീവ്രവാദത്തെ എതിർക്കുന്നതിനുപകരം മിതവാദികൾ അതിനു കീഴടങ്ങുകയാണ് ചെയ്തത്. അങ്ങനെയണ് പിൽക്കാലത്ത് ഇന്ത്യൻരാഷ്ട്രീയത്തിൽ വിവാദം സൃഷ്ടിച്ച ആനന്ദ്പുർ സാഹിബ് പ്രമേയം അകാലിദൾ അംഗീകരിച്ചത്. ആനന്ദ്പുർ സാഹിബ് സമ്മേളനത്തിൽ അകാലിദളം അംഗീകരിച്ച പുതിയ ഭരണഘടനയിൽ സിക്കുകാർക്ക് ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ളിക്കാണ് വേണ്ടത് എന്ന് തുറന്ന് എഴുതിയിരുന്നില്ലെങ്കിലും സമുദായത്തിന് ആജ്ഞാധികാരം ഉള്ള ഒരു സാമൂഹ്യരാഷ്ട്രീയ വ്യവസ്ഥയ്ക്കു വേണ്ടിയാണ് അകാലിദളം നിലക്കൊള്ളുന്നതെന്നും പരമാധികാരം ഇല്ലാത്തപക്ഷം, മതം സുരക്ഷിതമായിരിക്കില്ല എന്നുമുള്ള പ്രഖ്യാപനം ഭിന്ദ്രൻവാലയുടെ ആശയങ്ങൾക്ക് പ്രചാരം നൽകുന്നതിന് കാരണമായിട്ടുണ്ട്.

ഡോ. ജഗജിത് ചൌഹാനും കപൂർസിങും ഖാലിസ്ഥാൻ എന്ന ആശയമുയർത്തി വിദേശ രാജ്യങ്ങളിൽ നടത്തിയ പ്രചാരങ്ങളും ഭിന്ദ്രൻവാലയ്ക്കു സഹായകമായിതീർന്നു.1978-ൽ ഖാലിസ്ഥാൻ വാദികൾ അതുസ്ഥാപിച്ചെടുക്കാൻ ‍ദൾഖൽസ എന്ന ഒരു സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. ഇങ്ങനെ പടിപടിയായി വളർന്നുകൊണ്ടിരുന്ന തീവ്രവാദപ്രവർത്തനത്തിന്റെ അന്തരീക്ഷത്തിലാണ് അതുവരെ വളരെയൊന്നും അറിയപ്പെടാതിരുന്ന ജർണയിൽസിങ് ഭിന്ദ്രൻവാല രംഗപ്രവേശം ചെയ്യുന്നത്.[18]

ബ്ലൂസ്റ്റാറും ബ്ലാക്ക്തണ്ടറും

[തിരുത്തുക]

1977-ൽ അകാലിദൾ നേതാവ് പ്രകാശ്സിങ് ബാദൽ രണ്ടാം തവണ പഞ്ചാബ് മുഖ്യമന്ത്രിയായതോടെ ഒരുവശത്ത് അകാലിദളും ദൾഖൽസയും തമ്മിലും മറുവശത്ത് അകാലിദളിനകത്തെ ഗ്രൂപ്പുകൾ തമ്മിലും വഴക്കുകളും മൂർച്ഛിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായിരുന്ന ജനതാ പാർട്ടി പിളരുകയും 1980-ൽ കോൺഗ്രസ് വൻവിജയം നേടി ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദം ഏൽക്കുകയും ചെയ്തതോടെ അകാലിദളവും അധികാരത്തിന് പുറത്തായി. 1981 സെപ്റ്റബറിൽ ഒരിന്ത്യൻ എയർലൈൻസ് വിമാനം ദൾഖൽസ പ്രവർത്തകർ റാഞ്ചിയത് ഭീകരവാദത്തിന് ആക്കം കൂട്ടി. ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ അമൃതസരസ്സിലെ സുവർണക്ഷേത്രം ഖാലിസ്ഥാൻകാർ കൈയേറി വാസമുറപ്പിക്കുകയും അതൊരു ആയുധപുരയായി മാറ്റുകയും ചെയ്തു. പതിനായിരത്തിലേറെ ഭിന്ദ്രൻവാലാ പക്ഷപാതികൾ ക്ഷേത്രത്തിൽ ഒത്തുചേർന്ന് പുണ്യഗ്രന്ഥത്തിൽ കൈവച്ച് ജീവൻ ബലികഴിച്ചും ഖാലിസ്ഥാനുവേണ്ടി പോരാടുമെന്ന് പ്രതിജ്ഞചെയ്തു. നൂറുകണക്കിന് കലാപകാരികളെ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് തടവിലാക്കുകയും സംഘട്ടനങ്ങളിൽ ഇരു വിഭാഗത്തും മരണം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്തെങ്കിലും ഭിന്ദ്രൻവാലെയെയോ അക്രമികളെയോ അടിച്ചമർത്താൻ കഴിഞ്ഞില്ല. ഒടുവിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം സൈനികർ 1984 ജൂൺഅഞ്ചിന്ക്ഷേത്രംവളയുകയും കലാപകാരികളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അഞ്ചുദിവസം നീണ്ടുനിന്ന ഈ പ്രത്യാക്രമണപരിപാടിക്ക് ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന പേരാണ് നൽകിയിരുന്നത്. ഭിന്ദ്രൻവാല ഉൾപ്പെടെ കലാപകാരികളും നിരവധി സൈനികരും വധിക്കപ്പെട്ട് സുവർണക്ഷേത്രം മോചിതമായി.ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടർന്ന് അധികാരത്തിൽവന്ന രാജീവ്ഗാന്ധിയും അകാലിദൾ പ്രസിഡന്റായ സന്ത്ഹർചന്ദ്സിങ് ലോംഗെവാളും 1985-ൽ പഞ്ചാബിലെ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ഒരു ഉടമ്പടിയിൽ ഒപ്പുവെയ്ക്കുകയുണ്ടായി. എന്നാൽ അധികം വൈകാതെ തന്നെ ലോംഗെവാൾ വധിക്കപ്പെടുകയും തീവ്രവാദ പ്രവർത്തനങ്ങൾ തലപൊക്കുകയും ചെയ്തു. വീണ്ടും സുവർണക്ഷേത്രം കലാപകാരികളുടെ സങ്കേതമായി മാറി. ഈ ഘട്ടത്തിലാണ് 1988 മേയിൽ പഞ്ചാബ് പൊലീസും കേന്ദ്ര അർധ സൈനികരും ചേർന്ന് വീണ്ടും സുവർണക്ഷേത്രത്തിൽപ്രവേശിച്ച് കലാപകാരികളെ അമർച്ച ചെയ്തത്. ഈ നടപടിയെ ഓപ്പറേഷൻ ബ്ളാക്ക്തണ്ടർ എന്ന്‌‌വിളിക്കുന്നു. ഇതേത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ തിരച്ചിലുകളിലൂടെയും നിയമസമാധാന നടപടികളിലൂടെയും പഞ്ചാബിലെ അതിക്രമങ്ങൾ പൂർണമായല്ലെങ്കിലും ഒട്ടൊക്കെ ശമിച്ചു. 1997 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ അകാലിദൾ വീണ്ടും ജയിക്കുകയും പ്രകാശ്സിങ്ബാദൽ മൂന്നാം തവണ മുഖ്യമന്ത്രി ആയിത്തീരുകയും ചെയ്തു. പക്ഷേ ഉൾപ്പാർട്ടി കലഹങ്ങളും ദിശാബോധമില്ലായ്മയും കാരണം പഴയ പ്രതാപമൊക്കെ നഷ്ടപ്പെട്ട് അവസരവാദ കൂട്ടുകെട്ടുകളുമായി പിടിച്ചു നിൽക്കാൻ പാടുപെടുന്ന അകാലിദളിന് 2002 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയംനേരിട്ടു. മൊത്തം 117 സംസ്ഥാനനിയമസഭാസ്ഥാനങ്ങളിൽ 64 എണ്ണം നേടിയ കോൺഗ്രസ് ജയിക്കുകയും കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. അകാലിദൾ നിയമസഭയിൽ മുഖ്യപ്രതിപക്ഷമായി.[19][20]

അവലംബം

[തിരുത്തുക]
  1. "SOI".
  2. "SOI Clash". Archived from the original on 2014-05-22. Retrieved 25 April 2014.
  3. Service, Tribune News (8 October 2015). "SAD aims to widen reach, to contest UP poll". http://www.tribuneindia.com/news/punjab/sad-aims-to-widen-reach-to-contest-up-poll/132330.html. Archived from the original on 2018-12-25. Retrieved 8 October 2015. {{cite web}}: External link in |website= (help)
  4. Pandher, Sarabjit (3 September 2013). "In post-Independence India, the SAD launched the Punjabi Suba morcha in the 1960s, seeking the re-organisation of Punjab on linguistic basis". The Hindu. Retrieved 15 September 2015.
  5. http://www.frontline.in/static/html/fl1508/15080400.htm
  6. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Retrieved 9 May 2013.
  7. http://www.whatisindia.com/issues/akalidal/index.html Akali Dal
  8. http://www.infoaboutsikhs.com/gurdwaras.htm Archived 2010-08-25 at the Wayback Machine. Gurdwaras: Place of God
  9. http://www.jstor.org/pss/4377397 Sikh Extremist Movement in Punjab
  10. http://www.britannica.com/EBchecked/topic/541152/Shiromani-Akali-Dal Shiromanī Akālī Dal
  11. http://festivals.igiftstoindia.com/independence-day/history-of-indian-independence.html History of Indian Independence
  12. http://www.sikhphilosophy.net/history-of-sikhism/24999-akali-dal-history-after-1940-a.html Akali Dal history after 1940
  13. http://www.allaboutsikhs.com/sikh-organisations/akali-dal-shiromani.html Archived 2010-12-06 at the Wayback Machine. Akali Dal, Shiromani
  14. http://members.fortunecity.com/akalidal/intro-1.htm*[പ്രവർത്തിക്കാത്ത കണ്ണി] Akalidal
  15. http://dspace.vidyanidhi.org.in:8080/dspace/bitstream/2009/4106/1/PJU-1995-015-Prelim.pdf[പ്രവർത്തിക്കാത്ത കണ്ണി] PUNJABI SUBA MOVEMENT
  16. http://www.britannica.com/EBchecked/topic/543916/Sikhism/253166/The-Punjabi-suba The Punjabi suba
  17. http://roadtokhalistan.blogspot.com/ The Road to Khalistan
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-28. Retrieved 2010-08-15.
  19. http://www.sikh-history.com/sikhhist/events/attack842.html Archived 2010-05-16 at the Wayback Machine. Operation Blue Star
  20. http://www.sikhlionz.com/operationblackthunder.htm Archived 2011-04-04 at the Wayback Machine. OPERATION BLACK THUNDER

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ശിരോമണി അകാലിദൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.