Jump to content

ഷേക്സ്പിയർ വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shakespeare authorship question എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷേക്സ്പിയറും അപരന്മാരും - മുകളിൽ ഇടത്തേ അറ്റത്തു നിന്നും പ്രദക്ഷിണദിശയിൽ എഡ്വേഡ് ഡി വെറെ, ഫ്രാൻസിസ് ബേക്കൺ, വില്ല്യം സ്റ്റാൻലി, ക്രിസ്റ്റഫർ മാർലോ എന്നിവരുടെ ചിത്രങ്ങൾ ഷേക്സ്പിയറിന്റെ ചിത്രത്തിനു ചുറ്റുമായി ആലേഖനം ചെയ്തിരിക്കുന്നു

ഷേക്സ്പിയർ കൃതികൾ എന്നറിയപ്പെടുന്ന രചനകളുടെ കർത്തൃത്തം ആരുടേത് എന്ന തർക്കമാണ് ഷേക്സ്പിയർ വിവാദം അഥവാ ഷേക്സ്പിയർ കർത്തൃത്ത വിവാദം (Shakespeare authorship controversy) എന്നറിയപ്പെടുന്നത്. വില്യം ഷേക്സ്പിയർ എന്നത് ഒരു അപരനാമം മാത്രമാണെന്നും ആ പേരിൽ മറ്റൊരാളോ ഒന്നിലധികം ആളുകളോ ആണ് യഥാർത്ഥ രചയിതാക്കൾ എന്നാണ് അപരവാദികൾ കരുതുന്നത്. എന്നാൽ ഈ അപരൻ ആരാണെന്നതിനെക്കുറിച്ചും കടുത്ത അഭിപ്രായഭിന്നതയുണ്ട്. അപരസ്ഥാനാർത്ഥിപട്ടികയിൽ മുൻനിരക്കാരായി നിലകൊള്ളുന്നത് ഫ്രാൻസിൻസ് ബേക്കൺ, ക്രിസ്റ്റഫർ മാർലോ, എഡ്വേഡ് ഡിവെറെ എന്നിവരാണ്.

വാദന്യായങ്ങൾ

[തിരുത്തുക]

സ്റ്റട്രാറ്റ്ഫോർഡ് ഒൺ ഏവൺ (Stratford upon Avon) ആണ് ഷേക്സപിയറുടെ ജന്മസ്ഥലമായി പരമ്പരാഗതമായി കരുതിവരുന്നത്. യഥാർത്ഥ ഷേക്സ്പിയർ ഈ ദേശത്തുകാരനേ അല്ല എന്ന കരുതുന്നതിനാൽ അപരവാദികൾ സ്റ്റ്ട്രാറ്റ്ഫോഡ് വിരുദ്ധവാദികൾ (anti Stratfordians) എന്നു വിളിക്കപ്പടുന്നു. ബേകൊനിയൻ വാദികളും(Baconian) ഒക്സ്ഫോഡ് വാദികളും (Oxfordian) അടങ്ങുന്നതാണ് ഇന്നത്തെ അപരവാദ ചേരി. ഇവരുടെ വാദമുഖങ്ങളിൽ ചിലത് ഇപ്രകാരമാണ്.

  1. ഒരു സർവ്വസാധാരണ കുടുംബത്തിൽ ജനിച്ച വ്യക്തിയും വെറും സാധാരണ വിദ്യാഭ്യാസം മാത്രം ലഭിച്ചയാളുമായിട്ടാണ് പരമ്പരാഗത ജീവചരിത്രങ്ങളിൽ ഷേക്സ്പിയറെ ചിത്രീകരിക്കുന്നത്. എന്നാൽ അത്തരത്തിലുള്ള കുടുംബ പശ്ചാത്തലമുള്ള ഒരാൾക്കും ഷേക്സ്പിയർ കൃതികൾ രചിക്കാനാവില്ല എന്നതാണ് അപരവാദികളുടെ ന്യായങ്ങളിൽ പ്രധാനം. പ്രഭുക്കന്മാർക്കും , ഉന്നത കുലജാതർക്കും ശ്രേഷ്ഠ് വിദ്യാഭ്യാസം ലഭിച്ചവർക്കും മാത്രമേ ഇത്തരത്തിൽ രചിക്കാനാവൂ എന്നിവർ കൂട്ടിചേർക്കുന്നു. രാജഭരണക്കാലത്തെ കൊട്ടാര ഉപജാപങ്ങളും , അണിയറ നീക്കങ്ങളും , അന്തഃപുര കലാപങ്ങളുമെല്ലാം ഷേക്സ്പിയർ കൃതികളിൽ ആവർത്തിച്ചു കാണുന്ന പ്രമേയങ്ങളാണ്. കൊട്ടാരത്തിന്റെ പടിവാതിൽ കണ്ടിട്ടില്ലാത്ത ,യാതൊരു പ്രഭുത്ത്വ ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരു വെറും സ്ട്രാറ്റ്ഫോഡ്കാരനു ഇത്തരം നാടകം രചിക്കാനാവുമെന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ് എന്ന് അപരവാദികൾ ശക്തമായി വാദിക്കുന്നു.
  2. കവിയോ എഴുത്തുക്കാരനോ ആയ ഒരു സ്ട്രാറ്റ്ഫോഡ് കാരനെക്കുറിച്ച് ഒരു പരാമർശവും ഷേക്സ്പിയറുടെ ജീവിതക്കാലത്ത്(1564-1616) ഉണ്ടായിരുന്നതായി കാണാൻ സാധിക്കുന്നില്ല .1623ൽ ,അതായത് മരിച്ച് ഏഴ് വർഷത്തിനു ശേഷം മാത്രമാണ് സ്ട്രാറ്റ്ഫോഡിനെക്കുറിച്ചുള്ള പരാമർശം ആദ്യമായി ഉണ്ടാവുന്നതത്രെ.അതിനാൽ യഥാർഥ ഷേക്സ്പിയർ സ്ട്രാറ്റ്ഫോഡ്ക്കാരനല്ലെന്നതാണ് അപരവാദികളുടെ മറ്റൊരു വാദം
  3. മരണാനന്തര ബഹുമതികളും കീർത്തനകാവ്യങ്ങളും (eulogy) നാട്ടുനടപ്പായിരുന്നക്കാലത്താണ് ഷേക്സ്പിയർ ജീവിച്ചിരുന്നതെങ്കിലും അദ്ദേഹം മരിച്ചപ്പോൾ ഒരു രീതിയിലുമുള്ള അനുസ്മരണമോ കീർത്തനമോ ഉണ്ടായതായി അറിവില്ല. 1623ൽ മാത്രമാണ് ആദ്യത്തെ അനുസ്മരണം രേഖപ്പെട്ടു കിടക്കുന്നത്.
  4. ഷേക്സ്പിയർ കൃതികളുടെ രചയിതാവിനു നിയമം, സംഗീതം , വിദേശഭാഷകൾ, കായികം ,അയോധനം തുടങ്ങിയ വിഷയങ്ങളിൽ അവഗാഹം ഉണ്ടായിരുന്നതായി മനസ്സിലാവുന്നു. സ്ട്രാറ്റ്ഫോഡുകാരനായ് വില്യമിനു ഈ വിജ്ഞാനങ്ങൾ കരസ്ഥമാക്കാനുള്ള ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല. അതിനാൽ മറ്റാരോ ആണ് യഥാർത്ഥ ഷേക്സ്പിയർ എന്ന് അപരവാദികൾ കരുതുന്നു.

അപരന്മാർ

[തിരുത്തുക]

അറുപതിലേറെ ആളുകളുടെ പേരുകൾ ഷേക്സ്പിയർ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.[1] 19ആം നൂറ്റാണ്ടിലാണ് (1848) അപരവേട്ട തുടങ്ങിയത്. 21ആം നൂറ്റാണ്ടിലും പുതിയ സ്ഥാനർത്ഥികൾ വന്നുകൊണ്ടേയിരിക്കുന്നു. യഥാർത്ഥ ഷേക്സ്പിയർ ആരാണെന്നതിനെക്കുറിച്ച് വളരെയധികം ഗവേഷണങ്ങളും അന്വേഷണങ്ങളും നടന്നു കഴിഞ്ഞിരിക്കുന്നു. തെളിവുകൾ തേടി പ്രഗൽഭരുടെ ശവക്കല്ലറകൾ പോലും പൊളിച്ചു നോക്കിയ സന്ദർഭങ്ങളുണ്ട്. അപരന്മാരായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളവരിൽ രാജാക്കന്മാരും രാജ്ഞിമാരും ഉന്നത പ്രഭുക്കന്മാരും സാധാരണ കവികളും ഉൾപ്പെടുന്നു.ചില പ്രമുഖർ

  1. ഫ്രാൻസിസ് ബേക്കൺ
  2. ക്രിസ്റ്റ്ഫർ മാർലോ
  3. എഡ്വേഡ് ഡിവെറെ
  4. എലിസബത്ത് രാജ്ഞി
  5. സ്റ്റുവാർട്ട് മേരി റാണി (Mary Queen of Scots)
  6. ജേംസ് ഒന്നാമൻ രാജാവ്
  7. വാൾട്ടർ റാലി

അവലംബം

[തിരുത്തുക]
  1. അപരന്മാരുടെ പട്ടിക വിക്കിയിൽ