ചേരിചേരാ പ്രസ്ഥാനം
ചേരിചേരാ പ്രസ്ഥാനം (NAM) | |
---|---|
അംഗരാഷ്ട്രങ്ങൾ നിരീക്ഷകരാഷ്ട്രങ്ങൾ | |
Coordinating Bureau | ന്യൂയോർക്ക് സിറ്റി, United States |
Membership[1] |
|
നേതാക്കൾ | |
• Principal decision- making organ | Conference of Heads of State or Government of Non-Aligned Countries[2] |
• Secretary-General | ഹസൻ റൂഹാനി |
സ്ഥാപിതം | 1961-ൽ ചേരിചേരാ രാഷ്ട്രനേതാക്കളുടെ ബെൽഗ്രേഡ് സമ്മേളനത്തിൽ |
Website csstc |
രാജ്യാന്തര ശാക്തികചേരികളിലൊന്നും ഉൾപ്പെടുന്നില്ല എന്നു സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ചേരിചേരാ പ്രസ്ഥാനം. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ഏറ്റവും അംഗസംഖ്യയുള്ള സാർവദേശീയ പ്രസ്ഥാനമാണ്. 1979ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്ക്കരണം, വർണ്ണവിവേചനം, വംശവിവേചനം, സിയോണിസം എന്നിവയ്ക്കെതിരായ നിലപാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽപെടുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു, യൂഗോസ്ലാവ്യൻ പ്രസിഡന്റ് മാർഷൽ ടിറ്റോ, ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുന്നാസർ എന്നീ ത്രിമൂർത്തികളുടെ ശ്രമഫലമായാണ് ചേരിചേരാ പ്രസ്ഥാനം രൂപം കൊണ്ടത്.
വൻശക്തികളിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യമെങ്കിലും ശീതയുദ്ധകാലത്ത് പല അംഗരാജ്യങ്ങളും ഏതെങ്കിലും വിധത്തിൽ ഇരു ചേരികളിലുമായി നിലയുറപ്പിച്ചു. ഇതിനു പുറമേ അംഗരാജ്യങ്ങൾ തമ്മിലും തർക്കങ്ങൾ ഉടലെടുത്തു (ഉദാ:ഇന്ത്യ-പാകിസ്താൻ, ഇറാൻ-ഇറാഖ്). 1979ൽ സോവിയറ്റ് സേന അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചപ്പോൾ ചേരിചേരാ പ്രസ്ഥാനത്തിൽ അന്തശ്ചിദ്രം രൂക്ഷമായി. സോവിയറ്റ് അനുകൂല രാഷ്ട്രങ്ങൾ അധിനിവേശത്തെ അനുകൂലിച്ചപ്പോൾ ഇസ്ലാമിക രാജ്യങ്ങൾ ഇതിനെ എതിർത്തു. രൂപവത്കരണത്തിനുശേഷം പല രാജ്യാന്തര പ്രശ്നങ്ങളിലും ഇതുമൂലം വ്യക്തമായ നിലപാടുകളെടുക്കാൻ പ്രസ്ഥാനത്തിന് കഴിഞ്ഞില്ല.
ശീതയുദ്ധത്തിനു ശേഷം പ്രസ്ഥാനത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും 118 അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം വൻശക്തികൾക്കെതിരായ ഏറ്റവും പ്രബലമായ രാജ്യാന്തരവേദിയായി തുടരുന്നു.
ലക്ഷ്യങ്ങൾ
[തിരുത്തുക]ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്.
- കോളനിവൽക്കരണവും സാമ്രാജ്യത്വവും അവസാനിപ്പിക്കുക.
- സാർവദേശീയ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും നിരായുധീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- വംശീയതയും വർണവിവേചനവും അവസാനിപ്പിക്കുക.
- ഒരു പുതിയ സാർവദേശീയ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുക.
ചരിത്രം
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം രണ്ടു ശാക്തിക ചേരികളായി വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും അമേരിക്കയും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും ചേരുന്ന പാശ്ചാത്യ ചേരിയും. ശീതയുദ്ധം എന്ന പേരിലറിയപ്പെടുന്ന ഈ നയതന്ത്ര സംഘർഷം ചൂടുപിടിച്ച 1960-കളിലാണ് ഇരു ചേരികളിലും പെടാത്ത രാജ്യങ്ങളുടെ കൂട്ടായ്മയെപ്പറ്റി ആലോചന തുടങ്ങിയത്. യൂറോപ്യൻ കൊളോണിയൽ ശക്തികളിൽ നിന്നും രണ്ടാം ലോക മഹായുദ്ധശേഷം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളായിരുന്നു ഇത്തരം ഒരാലോചനയ്ക്കു നേതൃത്വം നൽകിയത്.
രൂപവത്കരണം
[തിരുത്തുക]ചേരിചേരായ്ക എന്ന പ്രയോഗം നെഹ്രുവിന്റെ സംഭാവനയാണ്. ഇന്ത്യാ-ചൈന ബന്ധങ്ങളിൽ പാലിക്കപ്പെടേണ്ട പഞ്ചശീല തത്ത്വങ്ങളെപ്പറ്റി 1954ൽ ശ്രീലങ്കയിലെ കൊളംബോയിൽ നടത്തിയ പ്രസംഗത്തിലാണ് നെഹ്രു ഇങ്ങനെയൊരു പ്രയോഗം നടത്തിയത്.
1955 ഏപ്രിൽ മാസത്തിൽ ഇന്തോനേഷ്യയിലെ ബന്ദുങ്ങിൽ ചേർന്ന ആഫ്രോ-ഏഷ്യൻ സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാന രൂപവത്കരണത്തെപ്പറ്റിയുള്ള ചർച്ചകൾ ശക്തിപ്രാപിച്ചത്. ശീതയുദ്ധകാലത്തെ പാശ്ചാത്യ-പൌരസ്ത്യ തർക്കങ്ങളിൽ മധ്യസ്ഥരാകുവാൻ ഇത്തരമൊരു പ്രസ്ഥാനത്തിനു കഴിയുമെന്ന് പല നേതാക്കളും വിശ്വസിച്ചു. നെഹ്രു, ടിറ്റോ, നാസർ, സുകർണോ, ക്വാമേ എൻക്രുമ എന്നിവരാണ് ചേരിചേരാ നയം ഒരു രാഷ്ട്രാന്തര പ്രസ്ഥാനമായി രൂപവത്കരിക്കുന്നതിനു മുൻകയ്യെടുത്തത്.
1961 ജൂൺ അഞ്ചു മുതൽ 12 വരെ യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ ഉച്ചകോടി അരങ്ങേറി. യൂഗോസ്ലാവിയൻ പ്രസിഡന്റ് ജോസിപ് ടിറ്റോ ആയിരുന്നു സമ്മേളനത്തിനു മുൻകയ്യെടുത്തത്. ആദ്യ ഉച്ചകോടിയിൽ 25 രാജ്യങ്ങൾ പങ്കെടുത്തു. വൻശക്തികൾക്കെതിരായ പ്രസ്ഥാനത്തെ അമേരിക്ക പോലുള്ള രാഷ്ട്രങ്ങൾ എതിർത്തെങ്കിലും നെഹ്രു-ടിറ്റോ-നാസർ ത്രയത്തിന്റെ ശക്തമായ നേതൃത്വം പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഒരുപരിധിവരെ വിജയിച്ചു.
ശീതയുദ്ധകാലം
[തിരുത്തുക]ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ചേരിചേരാ രാജ്യങ്ങളെ തങ്ങളുടെ കൂടെ നിർത്താൻ എല്ലാവിധത്തിലും ശ്രമിച്ചു. ചേരിചേരാ പ്രസ്ഥാനത്തിലെ അംഗരാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും വികസ്വര, അവികസിത രാജ്യങ്ങളായിരുന്നതിനാൽ ഏതെങ്കിലും വിധത്തിൽ വൻശക്തികളെ ആശ്രയിക്കേണ്ടിയും വന്നു. ഇക്കാരണത്താൽ തന്നെ സാമ്പത്തിക സഹായം നൽകിയാണ് അമേരിക്കയും സോവിയറ്റ് യൂണിയനും രാഷ്ട്രങ്ങളെ വരുതിയിലാക്കാൻ ശ്രമിച്ചത്. ഇവയ്ക്കു പുറമേ, രാഷ്ട്രീയ പരമായും പല ചേരിചേരാ രാഷ്ട്രങ്ങളും ഇരു വൻശക്തികളുടെയും കൂടെ ഇക്കാലത്ത് നിലയുറപ്പിച്ചിരുന്നു. സോവിയറ്റ് സഖ്യ കക്ഷിയായിരുന്ന ക്യൂബ ഉദാഹരണം. പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചിരുന്ന ഇന്ത്യ പോലും ശീതയുദ്ധകാലത്ത് പരോക്ഷമായി സോവിയറ്റ് പക്ഷത്തു നിലയുറപ്പിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നതിനാൽ വൻശക്തികളുടെ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ചേരിചേരാ രാഷ്ട്രങ്ങൾക്കു സാധിച്ചിരുന്നില്ല. ഐക്യരാഷ്ട്ര പൊതുസഭയിലെ വോട്ടെടുപ്പുകളിൽ ചിലപ്പോഴൊക്കെ വിലപേശൽ ശക്തികളാകാൻ കഴിഞ്ഞു എന്നതു മാത്രമായിരുന്നു ഇക്കാലത്ത് പ്രസ്ഥാനം കൊണ്ടുള്ള നേട്ടം.
ശീതയുദ്ധശേഷം
[തിരുത്തുക]സോവ്യറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രാജ്യാന്തര ശാക്തിക ചേരികളിൽ കാര്യമായ മാറ്റം വന്നു. ശീതയുദ്ധകാലത്തേതു പോലെയുള്ള പക്ഷം ചേരലുകൾക്ക് പ്രസക്തിയില്ലാതായി. ചേരിചേരാ പ്രസ്ഥാനത്തിന്റെ അസ്തിത്വവും സ്വാഭാവികമായും സംശയത്തിലായി.
വൻശക്തികൾക്കെതിരായ നിലപാടുകൾ എന്നതിനേക്കാൾ ദാരിദ്ര്യ നിർമ്മാർജ്ജനം, അണ്വായുധ നിർവ്യാപനം, പരിസ്ഥിതി സംരക്ഷണം എന്നിവയായി ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രധാന അജണ്ടകൾ. എന്നിരുന്നാലും അടുത്ത കാലത്തായി അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാൻ അംഗരാജ്യങ്ങൾ കൂട്ടായി ശ്രമിക്കുന്നുണ്ട്. 2006-ൽ ക്യൂബയിലെ ഹവാനയിൽ നടത്തിയ ഉച്ചകോടിയിൽ അമേരിക്കയുടെ വിദേശനയത്തെ വിമർശിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ പാസാക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- ↑ "NAM Members & Observers" Archived 2014-02-08 at the Wayback Machine. 16th Summit of the Non-Aligned Movement, Tehran, 26–31 August 2012. Retrieved 24 August 2012.
- ↑ "The Non-Aligned Movement: Background Information". Government of Zaire. 21 September 2001. Retrieved 23 April 2011.