Jump to content

ജി.കെ. ചെസ്റ്റർട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(G. K. Chesterton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി.കെ. ചെസ്റ്റർട്ടൺ
തൊഴിൽപത്രപ്രവർത്തകൻ, നോവലിസ്റ്റ്, പ്രബന്ധകാരൻ
Genreഫാന്റസി, ക്രിസ്തീയ പക്ഷസ്ഥാപനം, കത്തോലിക്കാ പക്ഷസ്ഥാപനം, മിസ്റ്ററി

ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ (ജനനം: 29 മേയ് 1874; മരണം 14 ജൂൺ 1936) ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ ബഹുലവും, വൈവിധ്യപൂർണ്ണവുമായ രചനാജീവിതം, തത്ത്വചിന്ത, സത്താമീമാംസ(ontology), കവിത, നാടകം, പത്രപ്രവർത്തനം, പ്രഭാഷണം, സം‌വാദം, ജീവചരിത്രം, ക്രിസ്തീയ പക്ഷസ്ഥാപനം(Christian apologetic), ഫാന്റസി, കുറ്റാന്വേഷണകഥകൾ എന്നീ മേഖലകളെ തൊട്ടു നിൽക്കുന്നു.

"വൈരുദ്ധ്യങ്ങളുടെ രാജാവ്" എന്നു ചെസ്റ്റർട്ടൺ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1] ചെസ്റ്റർട്ടന്റെ ജീവചരിത്രങ്ങളിലൊന്നിനെ നിരൂപണം ചെയ്ത, ടൈം വാരിക അദ്ദേഹത്തിന്റെ രചനാശൈലിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: "സാധിക്കുമ്പോഴൊക്കെ ചെസ്റ്റർട്ടൺ തന്റെ നിലപാടുകൾ ഉറപ്പിച്ചത് പഴമൊഴികളുടേയും, ആപ്തവാക്യങ്ങളുടേയും സഹായത്തോടെയാണ്‌. എന്നാൽ അവയെ മൂന്നേ തന്നെ "ശ്രദ്ധാപൂർ‌വം അകം‌പുറമാക്കിയ ശേഷം"[൧] ആണ്‌‌ അദ്ദേഹം ഉപയോഗിച്ചത്."[2] "കള്ളന്മാർ സ്വകാര്യസ്വത്തിനെ മാനിക്കുന്നു; കൂടുതൽ മാനിക്കാൻ കഴിയുമാറ് അതിനെ തങ്ങളുടേതാകാൻ ആഗ്രഹിക്കുക മാത്രമാണ്‌ അവർ ചെയ്യുന്നത്" എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഇതിനുദാഹരണമാണ്‌.[3] ചെസ്റ്റർട്ടന്റെ പക്ഷസ്ഥാപനരചനകൾ(apologetics) പ്രസിദ്ധമാണ്‌. അദ്ദേഹത്തിന്റെ നിലപാടുകളോടു വിയോഗിച്ചവരിൽ ചിലർ പോലും, യാഥാസ്ഥിതികത(Orthodoxy), ചിരന്തനമനുഷ്യൻ(The Everlasting Man) മുതലായ കൃതികളുടെ സാർ‌വലൗകിക മൂല്യം അംഗീകരിച്ചു.[2][4] രാഷ്ടീയചിന്തകനെന്ന നിലയിൽ ചെസ്റ്റർട്ടൺ പുരോഗമനവാദത്തേയും യാഥാസ്ഥിതികതയേയും എതിർത്തു. അതിന്‌ അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു: "ആധുനികലോകം മുഴുവൻ, യാഥാസ്ഥിതിക, പുരോഗമന ചേരികളായി തിരിഞ്ഞിരിക്കുന്നു. (പുതിയ) അബദ്ധങ്ങൾ വരുത്തിക്കൊണ്ടേയിരിക്കുക എന്നത് പുരോഗമനവാദികളുടേയും അബദ്ധങ്ങളുടെ തിരുത്തൽ തടയുകയെന്നത് യാഥാസ്ഥിതികരുടേയും തൊഴിലായിരിക്കുന്നു."[5] യാഥാസ്ഥിതിക ക്രിസ്ത്യാനിയായി സ്വയം വിശേഷിപ്പിച്ച ചെസ്റ്റർട്ടന്റെ നിലപാടുകൾ മിക്കപ്പോഴും കത്തോലിക്കാ വിശ്വാസവുമായി ഒത്തുപോയിരുന്നു. ഒടുവിൽ അദ്ദേഹം ആംഗ്ലിക്കൻ സഭയിൽ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് പരിവർത്തിതനായി. ചെസ്റ്റർട്ടന്റെ "സുഹൃദ്ശത്രു"(friendly enemy) ആയിരുന്ന ജോർജ്ജ് ബർണാർഡ് ഷാ, "അമാനുഷമായ ധിഷണയുള്ള മനുഷ്യൻ" എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[2]

80 പുസ്തകങ്ങളും, 200 ചെറുകഥകളും നാലായിരത്തോലം ലേഖനങ്ങളും എഴുതിയ ചെസ്റ്റർട്ടൺ ഫാദർ ബ്രൗൺ എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവെന്ന നിലയിലാാണ് ഇന്ന് കൂടുതലായും ഓർമിക്കപെടുന്നത്. 14 ജൂൺ 1936ന് രാവിലെ ഹൃദയതകരാറ് കാരണമായിരുന്നു മരണം.

ജീവിതം

[തിരുത്തുക]
ചെസ്റ്റർട്ടൺ 1898-ൽ അദ്ദേഹത്തിന്റെ വിവാഹനിശ്ചയ സമയത്ത്

ലണ്ടണിൽ കെൻസിങ്ടണിലെ ക്യാമ്പ്ഡെൻ കുന്നിൽ ജനിച്ച ചെസ്റ്റർട്ടൺ പഠിച്ചത് സെയിന്റ് പാൾസ് സ്കൂളിലായിരുന്നു. തുടർന്ന് ഒരു രേഖാചിത്രകാരനാകാനായി മദ്ധ്യ ലണ്ടണിലെ സ്ലേഡ് കാലാവിദ്യാലയത്തിൽ ചേർന്ന അദ്ദേഹം, ഒപ്പം ലണ്ടൺ സർ‌വകലാശാലയിൽ സാഹിത്യം പഠിക്കാനും തുടങ്ങി. എന്നാൽ രണ്ടിടത്തും പഠനം പൂർത്തിയാക്കി ബിരുദം എടുക്കാനായില്ല. 1896-ൽ അദ്ദേഹം ലണ്ടണിലെ റെഡ്‌വേ ആൻഡ് ടി.ഫിഷർ എന്ന പ്രസാധന സ്ഥാപനത്തിൽ ജോലിക്കു ചേർന്ന്, 1902 വരെ അവിടെ തുടർന്നു. ഇക്കാലത്തു തന്നെ ഒരു സ്വതന്ത്ര കലാസാഹിത്യവിമർശകനെന്ന നിലയിൽ എഴുത്തിൽ അരങ്ങേറ്റവും നടത്തി. 1901-ൽ ഫ്രാൻസസ് ബ്ലോഗ് എന്ന വനിതയെ ചെസ്റ്റർട്ടൺ വിവാഹം കഴിച്ചു. 1902-ൽ ലണ്ടണിലെ ഡെയ്‌ലി ന്യൂസ് ദിനപത്രം അദ്ദേഹത്തിന്റെ ഒരു കോളം തുടങ്ങി. "1905-ൽ ദ ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്" എന്ന പത്രത്തിൽ തുടങ്ങിയ കോളം ചെസ്റ്റർട്ടൺ അടുത്ത 30 വർഷത്തേയ്ക്ക് തുടർന്നു.

ചെറുപ്പത്തിൽ താൻ നിഗൂഡശാസ്ത്രങ്ങളിൽ തത്പരനായിരുന്നെന്നും സഹോദരൻ സിസിലിനോടോത്ത്, പരേതാത്മാക്കളോട് സംസാരിക്കാൻ സഹായിക്കുന്നതായി പറയപ്പെടുന്ന ഔവിജാ പലകകളിൽ പരീക്ഷണം നടത്തിയിരുന്നെന്നും ചെസ്റ്റർട്ടൺ പറയുന്നു.[6] എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു. ഒടുവിൽ ഇതു കലാശിച്ചത് 1922-ൽ കത്തോലിക്കാ മതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തിലാണ്‌.[7]

തുടക്കത്തിൽ തന്നെ ചെസ്റ്റർട്ടൺ കലയിൽ താത്പര്യവും സാമർത്ഥ്യവും പ്രകടിപ്പിച്ചു. ഒരു കലാകാരനാകാനാണ്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. അമൂർത്തമായ ആശയങ്ങളെ മറക്കാനാവാത്ത മൂർത്തരൂപങ്ങളായി മാറ്റിയെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ രചനകളിൽ കാണാം. അദ്ദേഹത്തിന്റെ കഥകൾ പോലും അന്യാപദേശങ്ങളായാണ്‌ കാണപ്പെടുന്നത്.

പരസ്യസം‌വാദങ്ങൾ ഇഷ്ടപ്പെട്ടിരുന്ന ചെസ്റ്റർട്ടൺ, ജോർജ്ജ് ബർണാഡ് ഷാ, എച്ച്.ജി.വെൽസ്, ബെർട്രാൻഡ് റസ്സൽ, ക്ലാരൻസ് ഡാരോതുടങ്ങിയവരുമായി സം‌വാദങ്ങളിൽ ഏർപ്പെട്ടു. ഒരിക്കലും വിതരണം ചെയ്യപ്പെടാതെ പോയ ഒരു നിശ്ശബ്ദ ചലച്ചിത്രത്തിൽ താനും ഷായും കൗബോയ്‌മാരായി വേഷമിട്ടെന്ന് ചെസ്റ്റർട്ടൺ ആത്മകഥയിൽ പറയുന്നു. ചെസ്റ്റർട്ടന്റെ ആറടി നാലിഞ്ച് ഉയരവും 130 കിലോഗ്രാം ഭാരവുമുള്ള വലിയ ശരീരവും അദ്ദേഹത്തിന്റെ മറവിയും വസ്ത്രധാരണത്തിലേയും പെരുമാറ്റത്തിലേയും കിറുക്കുകളും മറ്റും ഫലിത കഥകൾക്കു വിഷയമായിട്ടുണ്ട്.

ബക്കിംഗാംഷയറിലെ ബീക്കൺസ്‌ഫീൽഡിലുള്ള വീട്ടിൽ 1936 ജൂൺ 14-ന്‌ ചെസ്റ്റർട്ടൺ മരിച്ചു. വെസ്റ്റ് മിൻസ്റ്റർ ഭദ്രാസനപ്പള്ളിയിലെ അനുസ്മരണാബലിയിൽ ചരമപ്രസംഗം നടത്തിയത് അദ്ദേഹത്തിന്റെ സുഹൃത്ത് റോണാൾഡ് നോക്സ് ആയിരുന്നു. ബീക്കൺസ്‌ഫീൽഡിൽ റോമൻ കത്തോലിക്കാ സിമിത്തേരിയിലാണ്‌ അദ്ദേഹം സംസ്കരിക്കപ്പെട്ടിരിക്കുന്നത്.

രചനാലോകം

[തിരുത്തുക]
ചെസ്റ്റർട്ടൺ 1905-ൽ, ഛായാഗ്രാഹകൻ അൽ‌വിൻ ലാങ്ങ്ടൺ കോബേൺ എടുത്ത ചിത്രം

ചെസ്റ്റർട്ടൺ 80-ഓളം പുസ്തകങ്ങൾ എഴുതി. നൂറുകണക്കിനു കവിതകളും, 200-ഓളം ചെറുകഥകളും, 4000-ത്തിനടുത്തു വരുന്ന ലേഖനങ്ങളും അനേകം നാടകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹം ഒരു സാമൂഹ്യവിമർശകനും, ചരിത്രകാരനും, നാടകകൃത്തും, ആഖ്യയികാകാരനും, കത്തോലിക്കാദൈവശാസ്ത്രജ്ഞനും, പക്ഷസ്ഥാപകനും, സം‌വാദകനും എല്ലാമായിരുന്നു. "ഡെയ്‌ലി ന്യൂസ്", "ഇല്ലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസ്", അദ്ദേഹം തന്നെ നടത്തിയിരുന്നു "ജി.കെ-യുടെ വാരിക" എന്നീ പ്രസിദ്ധീകരണങ്ങളിൽ ചെസ്റ്റർട്ടന്റെ കോളങ്ങൾ പത്യക്ഷപ്പെട്ടു; ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിനു വേണ്ടിയും അദ്ദേഹം ലേഖനങ്ങൾ എഴുതി. 1929-ലെ പതിനാലാം പതിപ്പിൽ ചാൾസ് ഡിക്കെൻസിനെക്കുറിച്ചുള്ള ലേഖനവും, ഹാസ്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ഒരു ഭാഗവും ചെസ്റ്റർട്ടൺ എഴുതിയതായിരുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അപസർപ്പക-പുരോഹിതൻ ഫാദർ ബ്രൗണാണെങ്കിലും ഏറ്റവും അറിയപ്പെടുന്ന നോവൽ വ്യഴാഴ്ച ആയിരുന്ന മനുഷ്യൻ(The Man Who Was Thursday) ആണ്‌. കത്തോലിക്കാ സഭയിൽ സ്വീകരിക്കപ്പെടുന്നതിന്‌ വളരെ മുൻപു തന്നെ അദ്ദേഹം ഉറച്ച ക്രിസ്തുമതവിശ്വാസിയായിരുന്ന അദ്ദേഹത്തിന്റെ രചനകളിൽ ക്രിസ്തീയ പ്രമേയങ്ങളും പ്രതീകങ്ങളും നിറഞ്ഞുനിൽക്കുന്നു.

ചെസ്റ്റർട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നവയെങ്കിലും അദ്ദേഹത്തിന്റെ കവിതകൾക്ക് വലിയ പ്രചാരമില്ല. ഏറ്റവും നന്നായി എഴുതപ്പെട്ടിരിക്കുന്നത് ഒരുപക്ഷേ ലെപ്പാന്റോ ആയിരിക്കാം. എന്നാൽ ഏറ്റവും അറിയപ്പെടുന്നത് ദ റോളിങ്ങ് ഇംഗ്ലീഷ് റോഡ് ആണ്‌. സീക്രഡ് പീപ്പിൾ എന്ന കവിതയിലെ "നാം ഇംഗ്ലണ്ടിലെ ജനതയാണ്‌; നാം ഇതുവരേ മിണ്ടിയിട്ടില്ല"(we are the people of England; and we have not spoken yet) എന്ന വരികൾ പ്രസിദ്ധമാണ്‌. "അ ബല്ലേഡ് ഓഫ് സൂയിസൈഡ്", "ദ ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്നീ കവിതകളും പ്രസിദ്ധമാണ്‌.

ചാൾസ് ഡിക്കൻസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ 1906-ലെ വിമർശനാത്മകപഠനം പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പ്യൂരിറ്റൻ ഇംഗ്ലണ്ടിൽ എന്നതിനു പകരം ഉല്ലാസപ്രകൃതിയായ ഇംഗ്ലണ്ടിൽ(merry England) പെടുന്നയാളായാണ്‌ ചെസ്റ്റർട്ടൺ ഡിക്കൻസിനെ കണ്ടതെന്ന് ഇയാൻ കെർ വിലയിരുത്തി.[8]

നർമ്മബോധവും ഫലിതവും ചെസ്റ്റർട്ടന്റെ രചനകളുടെ മുഖമുദ്രയായി നിന്നു. ലോകത്തേയും, ഭരണകൂടങ്ങളേയും, രാഷ്ട്രനീതിയേയും, ധനശാസ്ത്രത്തേയും, തത്ത്വചിന്തയേയും, ദൈവശാസ്ത്രത്തേയും മറ്റും പറ്റി ഗൗരവതരമായ നിരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം വൈരുദ്ധ്യധിഷ്ടിതമായൊരു ശൈലി അവലംബിച്ചു. "ടൈംസ്" ദിനപത്രം "ലോകത്തെ ബാധിച്ചിരിക്കുന്നതെന്ത്?" എന്ന വിഷയത്തെപ്പറ്റി പ്രമുഖരായ എഴുത്തുകാരിൽ നിന്ന് ലേഖനങ്ങൾ ആവശ്യപ്പെട്ടപ്പോൾ, മനുഷ്യന്റെ അധമാവസ്ഥയിലേയ്ക്കും വിനയത്തിന്റെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടു അതിഹ്രസ്വമായ ഈ കത്തിലൂടെയാണ്‌ ചെസ്റ്റർട്ടൺ പ്രതികരിച്ചത്:

പ്രിയപ്പെട്ട സർ,

ഇതാ ഞാൻ.

താങ്കളുടെ വിശ്വസ്തൻ,

ജി.കെ.ചെസ്റ്റർട്ടൺ[9]

ആശയങ്ങൾ

[തിരുത്തുക]

ചെസ്റ്റർട്ടന്റെ രചനകളിൽ, ഇംഗ്ലീഷ് സാഹിത്യത്തിൽ മുന്നേയുണ്ടായിരുന്ന രണ്ടു സരണികൾ ഒത്തുചേരുന്നതായി ചില നിരീക്ഷകർ കരുതുന്നു. ഡിക്കൻസിന്റെ വീക്ഷണമാണ്‌ അതിലൊന്ന്; ഓസ്കാർ വൈൽഡിന്റേയും, ചെസ്റ്റർട്ടന്റെ സുഹൃത്തായിരുന്ന ജോർജ്ജ് ബർണാഡ് ഷായുടേയും നിലപാടാണ്‌ മറ്റൊന്ന്: സാമുവൽ ബട്ട്‌ലറുടെ മാതൃക പിന്തുടർന്ന്, വസ്തുസ്ഥിതിയെക്കുറിച്ചുള്ള അലസമായ അംഗീകൃത സങ്കല്പങ്ങളെ വൈരുദ്ധ്യാത്മകതയെ ആയുധമാക്കി ഹാസ്യവും സാമൂഹ്യവിമർശനവും വഴി വെല്ലുവിളിച്ചവരായിരുന്നു അവർ. ഇതൊക്കെയാണെങ്കിലും ചെസ്റ്റർട്ടന്റെ ശൈലിയും ചിന്തയും അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനങ്ങൾ മിക്കപ്പോഴും ഓസ്കാർ വൈൽഡിന്റേയും ഷായുടേയും കണ്ടെത്തലുകൾക്ക് വിരുദ്ധവുമായിരുന്നു. പാഷണ്ഡികൾ(Heretics) എന്ന ഗ്രന്ഥത്തിൽ ചെസ്റ്റർട്ടൺ വൈൽഡിനെക്കുറിച്ച് പറയുന്നതിതാണ്‌:

അശുഭാപ്തി ഭാവത്തോടെയുള്ള സുഖാന്വേഷണത്തിന്റെ പാഠം, ഓസ്കാർ വൈൽഡിന്റെ ഛിന്നവും ശക്തവുമായ ചിന്തയിൽ കാണാം. അത് ത്വരിതനിർ‌വൃതിയുടെ മതമാണ്‌; എന്നാൽ ത്വരിതനിർ‌വൃതിയുടെ മതം സന്തുഷ്ടരുടെയല്ല, തീരെ അസന്തുഷ്ടരായവരുടെ മതമാണ്‌. കിട്ടുമെന്നുള്ളപ്പോൾ മൊട്ടുകൾ ശേഖരിച്ചുകൂട്ടുന്നത് സന്തുഷ്ടിയുടെ ലക്ഷണമല്ല; ഡാന്റെ കണ്ട അനശ്വരമായ റോസാപ്പുഷ്പത്തെയാണ്‌ സന്തുഷ്ടി ലക്ഷ്യം വയ്ക്കുന്നത്.[10]

കൂടുതൽ ഹ്രസ്വതയോടെയും, വൈൽഡിന്റെ തന്നെ ശൈലിയെ അനുസ്മരിപ്പിച്ചുകൊണ്ടും, സൃഷ്ടിക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചെസ്റ്റർട്ടൺ യാഥാസ്ഥിതികത എന്ന കൃതിയിൽ ഇങ്ങനെ എഴുതി:

സൂര്യാസ്തമയങ്ങളെ വിലകൊടുത്തുവാങ്ങാനാവത്തതു കൊണ്ട് അവ വിലമതിക്കപ്പെടുന്നില്ലെന്ന് ഓസ്കാർ വൈൽഡ് പറയുന്നു. പക്ഷേ ആ പറഞ്ഞത് തെറ്റായിരുന്നു; സൂര്യാസ്തമയത്തിനു നമുക്ക് വിലകൊടുക്കാനാകും. നാം ഓസ്കാർ വൈൽഡല്ലാതിരിക്കുക എന്നതാണ്‌ അതിനു കൊടുക്കാവുന്ന വില.

ചെറ്റർട്ടണും ബർണാഡ് ഷായും പേരുകേട്ട സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സം‌വാദങ്ങൾ അവർ ആസ്വദിച്ചു. ഒരിക്കലും അഭിപ്രായ സമന്വയത്തിൽ എത്താനായില്ലെങ്കിലും, പരസ്പരം സൗമനസ്യവും ബഹുമാനവും അവർ നിലനിർത്തി. തങ്ങൾ യോജിക്കാതിരിക്കുന്നത് എവിടെയൊക്കെയാണെന്നും എന്തുകൊണ്ടാണെന്നും ചെസ്റ്റർട്ടൺ വ്യക്തമാക്കി. പാഷണ്ഡികൾ എന്ന കൃതിയിൽ അദ്ദേഹം ഷായെക്കുറിച്ച് എഴുതി:

ഏറെക്കാലത്തേയ്ക്ക് ഒട്ടേറെ മനുഷ്യരെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയ മിസ്റ്റർ ഷായുടെ ജന്മസഹജമായ നല്ലബുദ്ധി, ജീവിച്ചിരിക്കുന്ന ഇരുകാലിമൃഗങ്ങളിൽ ആരിലും പുരോഗമനചിന്ത ഇല്ലെന്നു ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. മറ്റേതൊരാളും ഇതോടെ, പുരോഗമനവും മനുഷ്യനും തമ്മിൽ ചേരില്ലെന്നു ബോദ്ധ്യം വന്ന് പുരോഗമനത്തെ വേണ്ടെന്നു വച്ച് മനുഷ്യരോടൊപ്പം നിൽക്കാൻ തീരുമാനിക്കുമായിരുന്നു. അത്രയെളുപ്പം ബോദ്ധ്യം വരുന്ന ആളല്ലാത്ത മിസ്റ്റർ ഷാ, മനുഷ്യരാശിയെ അതിന്റെ കുറവുകളോടെ ദൂരെയെറിഞ്ഞ്, പുരോഗതിക്കു വേണ്ടി മാത്രമുള്ള പുരോഗതിയെ പുണരാൻ തീരുമാനിച്ചു. നമുക്കറിയാവുന്ന മനുഷ്യൻ പുരോഗമനദർശം പിന്തുടരാൻ അപ്രാപ്തനാണെന്നറിഞ്ഞപ്പോൾ, പുതിയൊരു ദർശനമല്ല, പുതിയതരം മനുഷ്യനെയാണ്‌ ഷാ ആവശ്യപ്പെടുന്നത്. ഒരു കയ്‌പൻ ഭഷണം കുഞ്ഞിനെ തീറ്റാൻ വർഷങ്ങളോളം ശ്രമിച്ച് അത് ആ കുഞ്ഞിനു ചേരില്ല എന്നു തിരിച്ചറിഞ്ഞ പോറ്റമ്മ, ആ ഭക്ഷണം ദൂരെയെറിഞ്ഞ് വേറോന്ന് അന്വേഷിക്കുന്നതിനു പകരം ആ കുഞ്ഞിനെ ദൂരെയെറിഞ്ഞ് വേറൊരു കുഞ്ഞിനെ ആവശ്യപ്പെടുന്നതു പോലെയാണിത്.[11]

അക്കാലത്ത് തലയുയർത്തിക്കൊണ്ടിരുന്ന പുതിയ ആധുനികതയുടെ പ്രതിനിധിയായിരുന്നു ഷാ. അതിനുവിപരീതമായി നിന്ന ചെസ്റ്റർട്ടന്റെ വീക്ഷണം ക്രിസ്തുമതത്തോടു ചാഞ്ഞു നിന്നു. യാഥാസ്ഥിതികത എന്ന കൃതിയിൽ അദ്ദേഹം എഴുതി:

ഇച്ഛയുടെ പൂജ, ഇച്ഛയുടെ നിരാസമാണ്‌.. . . ബർണാർഡ് ഷാ അടുത്തു വന്നിട്ട്, "എന്തെങ്കിലും ഇച്ഛിച്ചാലും", എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം, "നിന്റെ ഇച്ഛയോട് എനിക്കെതിർപ്പില്ല" എന്നാണ്‌; "ഇക്കാര്യത്തിൽ എനിക്ക് ഇച്ഛയൊന്നും ഇല്ല" എന്നു പറയുന്നതിനു തുല്യമാണത്. പൊതു ഇച്ഛയെ നിങ്ങൾക്ക് മാനിക്കാനാവില്ല; കാരണം ഇച്ഛയുടെ ഹൃദയമായിരിക്കുന്നത് അതിന്റെ വ്യക്തിനിഷ്ടസ്വഭാവമാണ്‌.[12]

ഇമ്മാതിരി വാദശൈലിയെ ചെസ്റ്റർട്ടൺ വിശേഷിപ്പിച്ചത് "സാമാന്യമല്ലാത്ത ബുദ്ധി"-യുടെ(uncommon sense) പ്രയോഗം എന്നാണ്‌. അക്കാലത്തെ ജനകീയദർശനങ്ങളുടെ വക്താക്കൾ ബുദ്ധിമാന്മാരായി കാണപ്പെട്ടപ്പോഴും അസംബന്ധങ്ങളാണ്‌ പറഞ്ഞിരുന്നത് എന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. ഈ നിലപാട് യാഥാസ്ഥിതികത-യിൽ മറ്റൊരിടത്ത് അദ്ദേഹം വീണ്ടും എടുത്തുപറയുന്നുണ്ട്:

"എല്ലാ കസേരകളും വ്യത്യസ്തങ്ങളാണ്‌" എന്ന് മിസ്റ്റർ എച്ച്.ജി.വെൽസ് എവിടെയോ പറഞ്ഞപ്പോൾ, അദ്ദേഹം ഉരുവിട്ടത് വെറും അബദ്ധം മാത്രമല്ല, വിരുദ്ധോക്തി(contradiction in terms) കൂടിയാണ്‌. എല്ലാ കസേരകളും വ്യത്യസ്തങ്ങളാണെങ്കിൽ നിങ്ങൾക്ക് അവയെ "എല്ലാ കസേരകളും" എന്നു വിളിക്കുക കൂടി വയ്യ.[13]

അതേ ഗ്രന്ഥത്തിൽ മറ്റൊരിടത്ത് അദ്ദേഹം ഇങ്ങനെ നിരീക്ഷിച്ചു:

നിയമരാഹിത്യത്തിന്റെ കാടൻ പൂജയും ഭൗതികമായ നിയമത്തിന്റെ പൂജയും ഒരേതരം ശൂന്യതയിൽ അവസാനിക്കും. കൊടുമുടികൾ കയറിയ നീച്ച ഒടുവിൽ എത്തിച്ചേർന്നത് തിബറ്റിലാണ്‌. ടോൾസ്റ്റോയ്-യോടൊപ്പം അദ്ദേഹം ഒന്നുമില്ലായ്മയുടേയും നിർ‌വാണത്തിന്റേയും നാട്ടിൽ കുത്തിയിരുന്നു. അവരിരുവരും നിസ്സഹായരായിരുന്നു — ഒരാൾക്ക് എല്ലാ ബന്ധങ്ങളും നിഷിദ്ധമായിരുന്നപ്പോൾ അപരന്‌ എല്ലാ വിടുതലും വിലക്കപ്പെട്ടിരുന്നു. ടോൾസ്റ്റോയ്-യുടെ ഇച്ഛ, എല്ലാ വിശേഷകർമ്മങ്ങളും തിന്മയാണെന്ന ബുദ്ധബോധത്തിൽ മരവിച്ചു നിന്നു. നീച്ചയുടെ ഇച്ഛയെയാകട്ടെ, എല്ലാ വിശേഷ കർമ്മങ്ങളും നന്മയാണെന്ന തോന്നലിൽ മരവിച്ചു; വിശേഷപ്പെട്ട എല്ലാ കർമ്മങ്ങളും നന്മയാണെങ്കിൽ അവയൊന്നും വിശേഷപ്പെട്ടതല്ല. ഇരുവരും വഴിത്തിരിവിൽ നിൽക്കുന്നു: ഒരാൾ എല്ലാ വഴികളേയും വെറുക്കുന്നു; അപരൻ എല്ലാ വഴികളും ഇഷ്ടപ്പെടുന്നു. ഫലം എളുപ്പം ഊഹിക്കാവുന്നതേയുള്ളു: അവർ കവലയിൽ തന്നെ തുടരുന്നു.[13]

പുരാതനരും ആധുനികരും, പാശ്ചാത്യരും പൗരസ്ത്യരും ആയ അരോഗമനസ്സുകളെല്ലാം, കത്തിക്കാളാൻ അനുവദിച്ചാൽ വിനാശകരമായേക്കാവുന്ന ഒരു ശക്തിയാണ്‌ ലൈംഗികത എന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരായിരുന്നു; അതിനെ സ്വസ്ഥവും സുന്ദരവുമാക്കി നിലനിർത്താൻ, അതിന്റെ രഹസ്യസ്വഭാവത്തെ ഒരളവുവരെ നിലനിർത്തേണ്ടത് ആവശ്യമാണെന്നും അവർ സമ്മതിച്ചിരുന്നു.[14]

ചെസ്റ്റർട്ടന്റെ എല്ലാ രചനകളിലും അബോധപൂർ‌വമെന്നോണം, നിശിതമായ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കടന്നു വന്നു. "ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്" എന്ന ഇതിഹാസകാവ്യത്തിന്റെ മദ്ധ്യത്തിൽ അദ്ദേഹം നടത്തുന്ന ഒരു നിരീക്ഷണം പ്രസിദ്ധമാണ്‌:

അയർലണ്ടിലെ മഹാന്മാരായ ഗെയ്‌ലുകൾ

ദൈവം ഭ്രാന്തു പിടിപ്പിച്ചവരാണ്‌,
കാരണം, അവരുടെ യുദ്ധങ്ങളെല്ലാം ഉല്ലാസകരവും,
ഗാനങ്ങളെല്ലാം ദുഖഭരിതവുമാണ്‌.[15][൨]

നുറുങ്ങുകൾ

[തിരുത്തുക]
  • ചെസ്റ്റർട്ടന്റെ സ്ഥൂലിച്ച ശരീരപ്രകൃതിയെ സംബന്ധിച്ചുള്ള പല കഥകളിൽ ഒന്നിതാണ്‌: ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വനിത അദ്ദേഹത്തോട് "താങ്കൾ ഇപ്പോൾ യുദ്ധമുന്നണിയിൽ അല്ലാതിരിക്കുന്നതെന്ത്" എന്നു ചോദിച്ചു. 'നിങ്ങൾ അരികിലേയ്ക്കു മാറി നോക്കിയാൽ ഞാൻ അവിടെത്തന്നെയാണെന്നു കാണാം' എന്നായിരുന്നു ഇതിന്‌ അദ്ദേഹം കൊടുത്ത മറുപടി.[16]
  • മറ്റൊരവസരത്തിൽ ചെസ്റ്റർട്ടൺ അശുപ്രകൃതിയായ സുഹൃത്ത് ബർണാഡ് ഷായെ കണ്ടപ്പോൾ "താങ്കളെ കണ്ടാൽ ഇംഗ്ലണ്ടിൽ ക്ഷാമമാണെന്നു തോന്നും" എന്നു പറഞ്ഞു. "താങ്കളെ കണ്ടാൽ, അതിനു കാരണക്കാരൻ ആരാണെന്നു മനസ്സിലാവുകയും ചെയ്യും" എന്നായിരുന്നു ഷായുടെ മറുപടി.[17]
  • ഒരു വലിയ സ്വരത്തെ നോവലിസ്റ്റ് പി.ജി.വൊഡ്‌ഹൗസ് വിവരിച്ചത്, "ജി.കെ. ചെസ്റ്റർട്ടൺ ഒരു തകരപ്പാളിയിലേയ്ക്കു വീണാൽ എന്നപോലെ" എന്നാണ്‌‌.[18]
  • താൻ എവിടെയ്ക്കു യാത്രതിരിച്ചതാണെന്നത് പലപ്പോഴും മറന്നു പോയതിനാൽ ചെസ്റ്റർട്ടണ്‌ ലക്ഷ്യസ്ഥാനത്തേക്കുള്ള വണ്ടിയിൽ കയറാൻ കഴിയാതെ വന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. വിദൂരത്തുള്ള തെറ്റായ സ്ഥലത്ത് എത്തിയ ശേഷം അദ്ദേഹം ഭാര്യയ്ക്ക് ടെലഗ്രാം അയയ്ക്കുമായിരുന്നു. ഒരിക്കൽ അതിൽ എഴുതിയിരുന്നത് ഇതായിരുന്നു: "ഞാനിപ്പോൾ ഹാർബറോ ചന്തയിലാണ്‌. എവിടെയാണ്‌ ഞാൻ ആയിരിക്കേണ്ടത്?" അതിന്‌ അവർ ഒറ്റവാക്കിൽ ഇങ്ങനെ മറുപടി എഴുതി: "വീട്ടിൽ."[19]

കുറിപ്പുകൾ

[തിരുത്തുക]

^ "After first carefully turning them inside out".

^ For the great Gaels of Ireland//Are the men that God made mad,//For all their wars are merry,//And all their songs are sad.

അവലംബം

[തിരുത്തുക]
  1. Douglas, J.D.ജി.കെ.ചെസ്റ്റർട്ടൺ, വൈരുദ്ധ്യങ്ങളുടെ കിറുക്കുപിടിച്ച രാജാവ്.
  2. 2.0 2.1 2.2 Orthodoxologist Archived 2013-05-23 at the Wayback Machine. 1943 ഒക്ടോബർ 11-ലെ "ടൈം" വാരിക
  3. The Man Who Was Thursday/Chapter IVThe|Man Who was Thursday, ChapterIV
  4. Douglas, J.D.ജി.കെ.ചെസ്റ്റർട്ടൺ, വൈരുദ്ധ്യങ്ങളുടെ കിറുക്കുപിടിച്ച രാജാവ്. "സുഹൃത്ത് റൊണാൾഡ് നോക്സിനെപ്പോലെ അദ്ദേഹവും, തന്റെ ക്രിസ്തീയ നിലപാടുകൾ വാദിച്ചുറപ്പിക്കാനൊപ്പം രസിപ്പിക്കാനും ശ്രമിച്ചു. ഈ ചേരുവ നന്നായപ്പോഴൊക്കെ, ലോകം അതിനെ അംഗീകരിച്ചിട്ടുണ്ട്; വേണ്ടുവോളം ധിഷണാശാലിയായ ഒരാളുടെ കുറവുകൾ കണ്ടില്ലെന്നു വയ്ക്കാൻ, സുവിശേഷപ്രസംഗകന്മാർ പോലും ചിലപ്പോൾ തയ്യാറാകും."
  5. Illustrated London News (1924-04-19)
  6. ആത്മകഥ, അദ്ധ്യായം IV
  7. ജി.കെ. ചെസ്റ്റർട്ടന്റെ മതം‌മാറ്റത്തിന്റെ കഥ
  8. The Catholic Revival in English Literature, 1845–1961, 2003.
  9. cited in Yancey, Philip. 2001. Soul Survivor p. 58.
  10. ജി.കെ.ചെസ്റ്റർട്ടൺ പാഷണ്ഡികൾ, അദ്ധ്യായം 7.
  11. ജി.കെ.ചെസ്റ്റർട്ടൺ പാഷണ്ഡികൾ, അദ്ധ്യായം 4.
  12. ജി.കെ.ചെസ്റ്റർട്ടൺ. പാഷണ്ഡികൾ, അദ്ധ്യായം 20.
  13. 13.0 13.1 ജി.കെ.ചെസ്റ്റർട്ടൺ യാഥാസ്ഥിതികത, അദ്ധ്യായം 3.
  14. ജി.കെ. ചെസ്റ്റർട്ടൺ. സാധാരണ മനുഷ്യൻ, റബേലേയ്സിയൻ മനസ്താപങ്ങൾ.
  15. Chesterton, G.K. ദ ബല്ലേഡ് ഓഫ് ദ വൈറ്റ് ഹോഴ്സ്, പുസ്തകം 2.
  16. ഏ.എൻ വിൽസൺ, ഹിലേയർ ബെല്ലോക്ക്, പെൻ‌ഗ്വിൻ പ്രസാധനം, 1984.
  17. The American Chesterton Society, Lecture-XIII, George Bernard Shaw, By Dale Ahlquist [1]
  18. THE WORLD OF MR. MULLINER, by P. G. Wodehouse
  19. വാർഡ്, മെയ്സി. ഗിൽബർട്ട് കീത്ത് ചെസ്റ്റർട്ടൺ, അദ്ധ്യായം XV. ഷീഡ് & വാർഡ് 1944.