ഈസോപ്പ്
ഇസോപ്പുകഥകൾ എന്ന പേരിൽ വ്യിഖ്യാതമായ സാരോപദേശ കഥകളുടെ ഉപജ്ഞാതാവും പുരാതന ഗ്രീക്ക് സാഹിത്യകാരനുമായിരുന്നു ഈസോപ്പ്. ആമയും മുയലും, പൂച്ചയ്ക്ക് ആരു മണികെട്ടും, കാക്കയും കുറുക്കനും, കിട്ടാത്ത മുന്തിരി പുളിക്കും, തുടങ്ങിയ, പ്രായദേശകാല ഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന ഈ കഥകൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.
ഇസോപ്, കഥകളെഴുതിയിരുന്നില്ല. അദ്ദേഹം അവ പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രെ. ഈസോപ്പിനു നുറ്റാണ്ടുകൾക്ക് ശേഷമാണ് അവ ആദ്യമായി ലിഖിത രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. പൗരാണിക കാലത്ത് ജീവിച്ചിരുന്ന മിക്ക ചരിത്രപുരുഷന്മാരുടേതും പോലെ ഈസോപ്പിന്റെയും ചരിത്രം അഭ്യൂഹങ്ങളൂം, അനുമാനങ്ങളൂം മിഥ്യകൾ കൊണ്ട് അലങ്കരിച്ചവയും ആണ്.
ജീവിതരേഖ
[തിരുത്തുക]അരിസ്റ്റോട്ടിലടക്കമുള്ള പുരാതന ഗ്രീക്ക് ചിന്തകന്മാരുടെ കൃതികളിൽ ഈസോപ്പിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.ഇവയിൽ നിന്നും അനുമാനിക്കാവുന്നത്, അദ്ദേഹം ജീവിച്ചിരുന്നത് ഇന്നത്തെ തുർക്കി, ബൾഗേറിയ,ഗ്രീസ് രാജ്യങ്ങളിൽ പെടുന്ന പ്രദേശങ്ങളിലായിരുന്നു എന്നാണ്[1][2]ഈസോപ്പ് കഥകൾ തന്നെ ലിഖിത രൂപത്തിലായത് നൂറ്റാണ്ടുകൾക്ക് ശേഷമാണെന്നിരിക്കെ അദ്ദേഹത്തിന്റെ ജീവചരിത്രം അതിലും എത്രയോ കഴിഞ്ഞായിരിക്കും എഴുതപ്പെട്ടതെന്ന് ചരിത്രക്കാരന്മാർ അഭിപ്രായപ്പെടുന്നു.