Jump to content

മക്കബായരുടെ പുസ്തകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1 മക്കബായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴയനിയമത്തിലെ അപ്പോക്രിഫ വിഭാഗത്തിൽ പെടുന്ന ചില ഗ്രന്ഥങ്ങളാണ് മക്കബായരുടെ പുസ്തകങ്ങൾ. 1 മക്കബായർ, 2 മക്കബായർ, 3 മക്കബായർ, 4 മക്കബായർ എന്നിങ്ങനെ, മക്കബായരുടെ നാലു പുസ്തകങ്ങളാണ് പ്രധാനമായും ഉള്ളത്. എബ്രായബൈബിളായ തനക്കിൽ ഉൾപ്പെടാത്ത ഈ കൃതികളിൽ ആദ്യത്തെ രണ്ടെണ്ണം യഹൂദവിശുദ്ധലിഖിതങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിന്റെ ഭാഗമാണ്. കത്തോലിക്കരും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഈ രണ്ടു പുസ്തകങ്ങളെ പഴയനിയമത്തിലെ ഉത്തരകാനോനിക രചനകളായി അംഗീകരിക്കുന്നു. 3 മക്കബായർ, ഗ്രീക്ക്, സ്ലാവോണിക ഓർത്തഡോക്സ് സഭകകളുടെ ബൈബിൾ സംഹിതകളുടെ ഭാഗമാണ്. 4 മക്കബായരെ ബൈബിളിന്റെ ഭാഗമായി അംഗീകരിക്കുന്നത് ജോർജ്ജിയൻ ഓർത്തഡോക്സ് സഭ മാത്രമാണ്. യഹൂദരും പ്രൊട്ടസ്റ്റന്റ് സഭകളും, മക്കബായരുടെ എല്ലാ പുസ്തകങ്ങളേയും അവരുടെ ബൈബിൾ സംഹിതകളിൽ ഒഴിവാക്കിയിരിക്കുന്നു.

യൂദാ മക്കബായസ് ശത്രുസൈന്യത്തിനു മുൻപിൽ

ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ മേൽ ആധിപത്യം നേടിയ സിറിയയിലെ സെല്യൂക്കിഡ് ചക്രവർത്തിമാരുടെ യവനീകരണ ശ്രമങ്ങളെ യഹൂദരിൽ വലിയൊരു വിഭാഗം ചെറുത്തു. ആ ചെറുത്തു നിൽപ്പിന്റേയും അതിന്റെ ഫലമായി സ്ഥാപിക്കപ്പെട്ട്, ക്രി.മു. 63-ൽ റോമൻ ആധിപത്യം നിലവിൽ വരുന്നതുവരെയുള്ള ഒരു നൂറ്റാണ്ടിനടുത്ത കാലം ഉണ്ടായിരുന്ന യഹൂദ സ്വയം ഭരണത്തിന്റേയും പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ഈ കൃതികളിൽ 3 മക്കബായർ ഒഴിച്ചുള്ളവ. 3 മക്കബായരിൽ കഥയുടെ മുഖ്യപശ്ചാത്തലമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത് ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അലക്സാണ്ഡ്രിയ ആണെങ്കിലും ആ ഗ്രന്ഥം മക്കബായരുടെ പുസ്തകത്തോടു കടപ്പാടുകാട്ടുകയും കഥകൾ സമാനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടാവാം അതും മക്കബായരുടെ പുസ്തകങ്ങളിൽ ഒന്നായി അറിയപ്പെടാൻ ഇടയായത്. വേദഗ്രന്ഥങ്ങളെന്ന നിലയിൽ ഈ കൃതികളെ മാനിക്കാത്തവർ പോലും ക്രിസ്ത്വബ്ധാരംഭത്തിനടുത്ത കാലത്തെ യഹൂദചരിത്രത്തിന്റേയും സാമൂഹ്യരാജനൈതിക അവസ്ഥകളുടേയും പഠനത്തിൽ ഏറെ പ്രാധാന്യമുള്ള രേഖകളായി ഇവയെ, പ്രത്യേകിച്ച് ഒന്നാം പുസ്തകത്തെ,[1] അംഗീകരിക്കുന്നു.

'മക്കബായർ' എന്ന പേര് സെലൂക്കിയ ഭരണത്തിനെതിരായ യഹൂദരുടെ സമരത്തിന്റെ നായകനും മധത്തിയാസിന്റെ പുത്രനുമായിരുന്ന യൂദാസിന്റെ, "മക്കാബിയസ്" എന്ന മറുനാമത്തിൽ നിന്നുണ്ടായതാണ്. മക്കാബിയസ് എന്ന പേരിന് ചുറ്റികപോലെയുള്ളവൻ എന്നാണർത്ഥം. യൂദാസിന്റെ സമരത്തെ തുടർന്ന് അയാളുടെ കുടുംബപരമ്പരയുമായി ബന്ധപ്പെട്ടു നിലവിൽ വന്ന യഹൂദരാജവംശം മക്കബായർ എന്നും "ഹാസ്മോനിയർ" എന്നും അറിയപ്പെട്ടു. ഹാസ്മോനിയർ എന്ന പേരും യൂദാസിന്റെ കുടുംബത്തിന്റേയോ ഏതോ പൂർവികന്റേയോ പേരുകളിലൊന്നുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു.[2]

ചരിത്രപശ്ചാത്തലം

[തിരുത്തുക]

സെല്യൂക്കിയരുടെ യവനീകരണശ്രമത്തിനെതിരെ മക്കബായർ നടത്തിയ സമരം യഹൂദമതത്തിന്റെ ചരിത്രത്തിലെ ഒരു നിർണ്ണായക സംഭവമായിരുന്നു. മക്കബായരുടെ നേത്രൃത്വത്തിലുള്ള ചെറുത്തു നില്പ് നടക്കാതിരുന്നെങ്കിൽ യഹൂദമതം തന്നെ അപ്രത്യക്ഷമാകുമായിരുന്നെന്നും, ഏകദൈവവിശ്വാസത്തിന്റെ യഹൂദപാരമ്പര്യം പങ്കുപറ്റുന്ന ക്രൈസ്തവ, ഇസ്ലാം മതങ്ങൾ പോലും അവയുടെ ഇന്നത്തെ രൂപത്തിൽ ഉണ്ടാകുമായിരുന്നില്ലെന്നും ബെർട്രാൻഡ് റസ്സൽ നിരീക്ഷിച്ചിട്ടുണ്ട്.[3]

തുടക്കം

[തിരുത്തുക]

ക്രി.വ. 323-ൽ അലക്സാണ്ടറുടെ പടയോട്ടത്തിൽ യവനസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന യൂദയായും യഹൂദരുടെ വിശുദ്ധനഗരമായ യെരുശലേമും, അലക്സാണ്ടറുടെ മരണത്തിനു ശേഷം, ഈജിപ്തിൽ അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളുടെ ആധിപത്യം ലഭിച്ച ടോളമിമാരുടെ കീഴിലായി. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വിഭജനത്തിൽ, പൗരസ്ത്യദേശത്തെ സിറിയയുടേയും മറ്റും ഭരണം ലഭിച്ചത് സെല്യൂക്കിഡ് ചക്രവർത്തിമാർക്കായിരുന്നു. ക്രി.വ. 200-ൽ സിറിയയിലെ സെല്യൂക്കിഡ് രാജാവായ അന്തിയോക്കസ് മൂന്നാമൻ ഈജിപ്തിലെ ടോളമി അഞ്ചാമനെ പരാജയപ്പെടുത്തിയതിനെ തുടർന്ന് യൂദയായും യെരുശലേമും സെല്യൂക്കിഡ് ഭരണത്തിലായി. യഹൂദരുടെ പിന്തുണ ലഭിക്കാനായി അവർക്ക് നികുതിയിളവും മതസ്വാതന്ത്ര്യവും മറ്റും ആദ്യം വച്ചു നീട്ടിയ സെല്യൂക്കിഡുകൾ താമസിയാതെ അവരുമായി കലഹിച്ചു. സിറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസത്തിനായി യെരുശലേം ദേവാലയത്തിലെ സമ്പത്തു പിടിച്ചെടുക്കാൻ ശ്രമിച്ചതും അതിന്റെ ഭാഗമായി, മഹാപുരോഹിതന്റെ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ സെല്യൂക്കിഡുകൾ വഹിച്ച പങ്കുമാണ് ഈ കലഹത്തിനു കാരണമായത്.

യൂദയായിൽ ഒട്ടാകെ സ്വാധീനമുണ്ടായിരുന്ന മഹാപുരോഹിതന്റെ സ്ഥാനം ലഭിക്കാൻ സെല്യൂക്കിഡുകളെ ധനം നൽകി പ്രീണിപ്പിക്കുകയായിരുന്നു വഴി. മഹാപുരോഹിതനായിരുന്ന ഒനേസിമോസ് മൂന്നാമന്റെ സഹോദരൻ ജാസൺ, പുതുതായി അധികാരത്തിലെത്തിയ അന്തിയോക്കോസ് നാലാമൻ രാജാവിന് കൂടുതൽ ധനവും യെരുശലേമിനെ യവനീകരിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി ക്രി.മു. 175-ൽ മഹാപൂരോഹിതസ്ഥാനം സ്വന്തമാക്കി. ക്രി.മു. 172-ൽ സെല്യൂക്കിഡുകളെ കൂടുതൽ പ്രീണിപ്പിച്ച മെനാലിയസ് എന്നയാൾ ജാസണിൽ നിന്ന് പുരോഹിത സ്ഥാനം പിടിച്ചെടുത്തു. എന്നാൽ അധികാരികൾക്കു വാഗ്ദാനം ചെയ്ത ധനം നൽകാൻ അയാൾക്ക്, ദേവാലയത്തിലെ വിശുദ്ധപാത്രങ്ങൾ കൊള്ളയടിക്കേണ്ടി വന്നു. മെനാലിയസിൽ നിന്ന് അധികാരം തിരികെ പിടിക്കാനുള്ള ജാസന്റെ ശ്രമം വിദ്രോഹമായി കണ്ട അന്തിയോക്കോസ് ക്രി.മു. 168-ൽ യെരുശലേം ആക്രമിക്കുകയും ദേവാലയം കൊള്ളയടിക്കുകയും ചെയ്തു. നഗരത്തിൽ ഒരു സിറിയൻ സൈനികത്താവളം സ്ഥാപിച്ചിട്ടാണ് അയാൾ മടങ്ങിയത്.

പോരാട്ടം

[തിരുത്തുക]

ഈ സംഭവങ്ങളും, സെല്യൂക്കിഡുകളുടെ പാവകളായ മഹാപുരോഹിതന്മാർ യെരുശലേമിൽ സ്വീകരിച്ച യവനീകരണ നീക്കങ്ങളും യഹൂദരിൽ വലിയൊരു വിഭാഗത്തെ, പ്രത്യേകിച്ച് യെരുശലേമിനു പുറത്തുള്ള ഗ്രാമവാസികളെ, രോഷാകുലരാക്കിയിരുന്നു. ക്രി.മു. 167-ൽ അന്തിയോക്കോസ് നാലാമൻ, പരിഛേദനം, സാബത്താചരണം എന്നിവയുൾപ്പെടെയുള്ള ആനുഷ്ഠാനങ്ങളെ നിയമവിരുദ്ധമാക്കുകയും വിഗ്രഹാരാധനയ്ക്കും വിലക്കപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നതിനും യഹൂദരെ നിർബ്ബന്ധിക്കുകയും ചെയ്യുന്ന ഒരു പ്രഖ്യാപനം ഇറക്കിയതോടെ യഹൂദരിൽ ഒരു വിഭാഗം സായുധമായ ചെറുത്തുനില്പിനൊരുങ്ങി. യെരുശലേമിന് 20 കി.മീ. വടക്കുപടിഞ്ഞാറ് മോദിൻ സ്വദേശിയായ മധത്തിയാസ് എന്ന പുരോഹിതനും അയാളുടെ അഞ്ചു മക്കളുമായിരുന്നു ഈ നീക്കത്തിനു നേതൃത്വം കൊടുത്തത്. അഞ്ചു സഹോദരന്മാരിൽ മൂത്തവനായ യൂദായ്ക്ക് "ചുറ്റികപോലെയുള്ളവൻ" എന്നർത്ഥമുള്ള "മക്കാബിയസ്" എന്ന അപരനാമം കൂടി ഉണ്ടായിരുന്നു.

ക്രി.വ. 164-ൽ യൂദാ ദേവാലയം പിടിച്ചെടുക്കുകയും അതിനെ വിഗ്രഹവിമുക്തമാക്കി പരമ്പരാഗതമായ യഹൂദാരാധനയ്ക്ക് പുനർപ്രതിഷ്ഠിക്കുകയും ചെയ്തു. യഹൂദരുടെ തിരുനാളായ 'ഹനൂക്കാ' ഈ സംഭവത്തിന്റെ അനുസ്മരണമാണ്. യൂദായുമായി ഒത്തുതീർപ്പിന് സെല്യൂക്കിഡുകൾ നിർബ്ബന്ധിതരായതോടെ യഹൂദർക്ക് മതസ്വാതന്ത്ര്യം തിരികെ കിട്ടിയെങ്കിലും രാഷ്ട്രീയമായ പാരതന്ത്ര്യവും യെരുശലേമിൽ അക്രായിലെ സിറിയൻ സൈനികത്താവളം ഉൾപ്പെടെയുള്ള അതിന്റെ ചിഹ്നങ്ങളും നിലനിന്നു.

സ്വാതന്ത്ര്യം

[തിരുത്തുക]

ബാക്കൈഡ്സിന്റെ നേതൃത്വത്തിലുള്ള സിറിയൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ യൂദാ കൊല്ലപ്പെട്ടതിനെ തുടർന്ന് നേതാവായ യോനാഥൻ നയതന്ത്രപരമായ നീക്കങ്ങളിലൂടെ യഹൂദർക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെടുക്കാൻ ശ്രമിച്ചു. ചില വിട്ടുവീഴ്ചകൾക്കു പകരമായ സെല്യൂക്കിഡുകൾ ക്രി.മു. 152-ൽ യോനാഥന്, യഹൂദപാരമ്പര്യമനുസരിച്ച് അയാൾക്ക് അവകാശമില്ലായിരുന്നു മഹാപുരോഹിതസ്ഥാനം നൽകി. എങ്കിലും തന്ത്രപരമായ നീക്കങ്ങളിൽ റോമിന്റെയും ഗ്രീസിലെ സ്പാർട്ടയുടേയും സഹായം തേടി ശക്തനായിക്കൊണ്ടിരുന്ന യോനാഥൻ സെല്യൂക്കിഡുകളെ ഭയപ്പെടുത്തി. ഒടുവിൽ യോനാഥനെ സെല്യൂക്കിഡുകൾ ചതിയിൽ കൊന്നതോടെ അയാളുടെ സഹോദരൻ സൈമൺ നേതാവായി. യോനാഥന്റെ നയതന്ത്രസൈനിക വിജയങ്ങളെ സൈമൺ സമാപ്തിയിലെത്തിച്ചു. യെരുശലേമിൽ അക്രായിലെ സെല്യൂക്കിഡ് കോട്ടയിലുണ്ടായിരുന്ന സിറിയൻ സൈനികരും യവനപക്ഷക്കാരായ യഹൂദരും സൈമന്റെ ഉപരോധത്തിൽ നശിച്ചു. ക്രി.മു. 141-ൽ ഒരു പൊതു ചടങ്ങിൽ അയാൾ സാഘോഷം, സെല്യൂക്കിഡ് ഭരണത്തിൽ നിന്നുള്ള യഹൂദരുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അങ്ങനെ നിലവിൽ വന്ന യഹൂദരാഷ്ട്രവും മക്കബായരുടെ ഹാസ്മോനിയൻ രാജവംശവും ക്രി.മു. 63-ൽ റോമൻ സൈന്യാധിപനായ പോംപിക്കു കീഴടങ്ങുന്നതു വരെ നിലനിന്നു.[4][5][2]

നാലു ഗ്രന്ഥങ്ങൾ

[തിരുത്തുക]

സെല്യൂക്കിഡുകൾക്കെതിരായ സമരത്തിലോ, മക്കബായരോടും അവർ സ്ഥാപിച്ച ഹാസ്മോനിയൻ ഭരണത്തോടുമുള്ള സമീപനത്തിലോ യഹൂദസമൂഹത്തിൽ സർവസമ്മതി ഇല്ലായിരുന്നു. മഹാപുരോഹിതരുടെയോ പൂർവരാജാവായ ദാവീദിന്റെയോ പരമ്പരയിൽ നിന്നുള്ളവരല്ലാത്ത മക്കബായർ മഹാപുരോഹിതസ്ഥാനവും രാജസ്ഥാനവും കൈയ്യടക്കിയതിൽ അധാർമ്മികത കണ്ട് എതിർത്തവർ ഏറെയുണ്ടായിരുന്നു.[൧] മക്കബായരുടെ പുസ്തകങ്ങൾ നാലും ഒരേ സാഹചര്യത്തിൽ എഴുതപ്പെട്ടവയോ ഒരേ കഥയെ ക്രമത്തിൽ പിന്തുടരുന്നവയോ അല്ല. വ്യത്യസ്തസാഹചര്യങ്ങളും വ്യത്യസ്തവീക്ഷണങ്ങളും ലക്ഷ്യങ്ങളുമാണ് അവയെ രൂപപ്പെടുത്തിയത്.[6] ഉദാഹരണമായി മക്കബായരുടെ ആദ്യപുസ്തകം ചരിത്രത്തെ, മക്കബായരുടേയും ഹാസ്മോനിയ വംശത്തിന്റേയും നിലപാടിൽ അവർക്കനുകൂലമായ വിധത്തിൽ അവതരിപ്പിക്കുന്നു. രണ്ടാം പുസ്തകത്തിലെ ദൈവശാസ്ത്രപരമായ സമീപനം, മക്കബായർക്ക് കുറച്ചു മാത്രം പ്രാധാന്യം കൊടുത്ത് യഹൂദസമൂഹത്തിലും അതിനു ലഭിച്ച ദൈവപരിപാലനയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. 3 മക്കബായർ ആകട്ടെ, മക്കബായരുടെ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത കൃതിയാണ്.

1 മക്കബായർ

[തിരുത്തുക]

വൈദേശികാധിപത്യത്തിനെതിരായുള്ള യഹൂദരുടെ സമരത്തിൽ മക്കബായർ വഹിച്ച പങ്കിൽ ശ്രദ്ധയൂന്നി ഹാസ്മോനിയ രാജവംശത്തിന്റെ നിലപാടിൽ എഴുതിയതാണ് ഈ ഗ്രന്ഥം. ദൈവികനിയമത്തിന്റെ പുനഃസ്ഥാപനത്തിനും ജനങ്ങളെ പീഡകരിൽ നിന്നു രക്ഷിക്കാനും വേണ്ടി ദൈവം തെരഞ്ഞെടുത്തവരായി മക്കബായർ ഇതിൽ പ്രത്യക്ഷപ്പെടുന്നു. മാറിയ സാഹചര്യങ്ങളിൽ, യഹൂദനിയമത്തിന്റെ പരിപാലനത്തെ സെല്യൂക്കിഡുകളുമായുള്ള സൗഹൃദവുമായി ചേർത്തുകൊണ്ടു പോകണമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചവരെ നിയമവിരുദ്ധരും പാപികളുമായി ചിത്രീകരിക്കുന്ന ഈ കൃതി ചരിത്രത്തെ ലളിതവൽക്കരിക്കുന്നു. യഹൂദരുടെ ലക്ഷ്യപ്രാപ്തിയിൽ നയതന്ത്രവും വിട്ടുവീഴ്ചകളും വഹിച്ച പങ്കിനെ തീർത്തും അവഗണിച്ചു കൊണ്ട്, മക്കബായരുടെ സൈനികശൗരത്തെ അത് വിജയത്തിന്റെ ഏകമാത്രകാരണമായി അവതരിപ്പിക്കുന്നു.

ഹാസ്മോനിയരുടെ രാജകീയ പൗരോഹിത്യാധികാരങ്ങളെ ന്യായീകരിക്കാനായി രചിക്കപ്പെട്ട ഈ കൃതിയുടെ കർത്താവ് വ്യവസ്ഥാപിത നേതൃത്വത്തിന്റെ പക്ഷപാതിയെന്നതിനപ്പുറം ആശ്രിതൻ തന്നെ ആയിരുന്നിരിക്കാം. ക്രി.മു. 134-ൽ മക്കബായ സഹോദരനായ സൈമണിന്റെ മരണം വരെയുള്ള കഥയാണ് ഈ കൃതി പറയുന്നത്. റോമൻ അധികാരത്തിന്റെ വിമർശനം തീരെയില്ലാത്തതിനാൽ, ക്രി.മു. 63-ൽ തുടങ്ങിയ റോമൻ ആധിപത്യത്തിനു മുൻപാകണം രചന നടന്നതെന്ന് അനുമാനിക്കാം. ഇന്നു ലഭ്യമായ ഗ്രീക്കു പരിഭാഷകളിൽ തെളിഞ്ഞുകാണുന്ന സെമറ്റീയതകൾ(semetisms) മൂലം, എബ്രായ ഭാഷയിലാണ് മൂലം രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. എബ്രായമൂലം നിലവിലില്ല. യവനീകരണത്തിനെതിരെ സമരം ചെയ്ത ഹാസ്മോനിയരുടെ ഭരണത്തിലും യവനീകരണം ഏറെ നടന്നിരുന്നു. ഇതിനെ സംബന്ധിച്ച വിമർശനത്തിന്റെ മുനയൊടിക്കാനാകാം എബ്രായ ഭാഷയിൽ ഇതെഴുതാൻ തീരുമാനിച്ചതെന്നു വാദമുണ്ട്.[7]

2 മക്കബായർ

[തിരുത്തുക]
2 മക്കബായരിലെ വീരമാതാവും 7 മക്കളും - വത്തിക്കാൻ ശേഖരത്തിലെ ചിത്രം

സൈറീൻകാരനായ ജാസൺ എന്നയാൾ അഞ്ചു വാല്യങ്ങളായി എഴുതിയ ചരിത്രത്തിന്റെ സംഗ്രഹം എന്ന നിലയിലാണ് 2 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ജാസണോ അയാളുടെ കൃതിയോ മറ്റൊരിടത്തും പരാമർശിക്കപ്പെടുന്നില്ല. ഈ സംഗ്രഹത്തിൽ തെളിയുന്ന ചരിത്രം, രാജവാഴ്ചയിൽ കേന്ദ്രീകരിച്ച ഹാസ്മോനിയ ദേശീയതയെ അവഗണിച്ച് യഹൂദധാർമ്മികതയ്ക്ക് പ്രാധാന്യം കല്പിക്കുന്നു. മക്കബായ സഹോദരന്മാരിൽ യൂദാസ് ഒഴിച്ചുള്ളവരെ അവഗണിക്കുന്ന ഈ കൃതി, മാലാഖമാർ വഴി ലഭിച്ച ദൈവികസന്ദേശങ്ങളാലും സ്വർഗ്ഗപ്രതീക്ഷയാലും പ്രചോദിതരായ സാധാരണ രക്തസാക്ഷികൾ യഹൂദരുടെ വിജയത്തിൽ വഹിച്ച പങ്ക് എടുത്തു പറയുന്നു. ചരിത്രപരമായ കൃത്യതയേക്കാൾ ദൈവശാസ്ത്രപരമായ വ്യഗ്രതകൾക്ക് പ്രാധാന്യം കല്പിക്കുന്ന ഈ കൃതിയിൽ സംഭവഗതികളുടെ പിന്തുടർച്ച പലപ്പോഴും അവയുടെ ചരിത്രപരമായ ക്രമമനുസരിച്ചല്ല. ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠ അന്തിയോക്കോസ് നാലാമൻ രാജാവിന്റെ മരണശേഷം നടക്കുന്നതായി പറയുന്നത് ഇതിനുദാഹരണമാണ്. 1 മക്കബായരിൽ അന്തിയോക്കോസിന്റെ മരണത്തിനു മുൻപാണ് ദേവാലയപ്രതിഷ്ഠ.

പഴയനിയമത്തിൽ മരണാനന്തരജീവിതത്തിലുള്ള വിശ്വാസവും സ്വർഗ്ഗപ്രതീക്ഷയും ഏറ്റവും തെളിവായി പ്രതിഫലിക്കുന്നത് ഈ ഗ്രന്ഥത്തിലാണ്. രാജശാസനത്തിനു വഴങ്ങി നിഷിദ്ധഭക്ഷണം കഴിക്കാൻ വിസമ്മതിച്ച വയോവൃദ്ധനായ ഏലെയാസർ പറഞ്ഞത് തെറ്റു ചെയ്ത് തൽകാലത്തേക്ക് ജീവൻ രക്ഷിച്ചാലും, "സർവശക്തന്റെ കരങ്ങളിൽ നിന്ന് ജീവിച്ചാലും മരിച്ചാലും രക്ഷപെടാനാവുകയില്ല"[8] എന്നാണ്. മോശെയുടെ നിയമം ലംഘിച്ചു പാപം ചെയ്യാതെ സ്വർഗ്ഗപ്രതീക്ഷയിൽ മരിക്കുന്നതിന് ഏഴുമക്കളെ പ്രോത്സാഹിപ്പിച്ച്, അവരുടെ രക്തസാക്ഷിത്വത്തിനു സാക്ഷ്യം വഹിച്ച ശേഷം സ്വയം രക്തസാക്ഷിയാകുന്ന ഒരു യഹൂദമാതാവിന്റെ കഥ ഇതിൽ നാടകീയതോടെ അവതരിപ്പിച്ചിരിക്കുന്നു. "മരണത്തോടെ ഈ ജീവിതത്തിൽ നിന്നു പുറത്താക്കപ്പെടുന്നെങ്കിലും, പ്രപഞ്ചത്തിന്റെ നാഥൻ (തങ്ങളെ) അനശ്വരമായ നവജീവിതത്തിലേയ്ക്ക് ഉയിർപ്പിക്കും"[9] എന്ന പ്രതീക്ഷയിലാണ് ആ മക്കളും അമ്മയും മരിച്ചത്. ഇതിലെ യഹൂദധാർമ്മികതയിൽ പരേതർക്കു വേണ്ടിയുള്ള പ്രാർത്ഥന പോലും കാണാം. യുദ്ധത്തിൽ മരിച്ച യഹൂദവീരന്മാരിൽ ചിലരുടെ മൃതദേഹങ്ങളിൽ വിഗ്രഹത്തകിടുകൾ കണ്ട യൂദാ മക്കബായസ് അവരുടെ പാപമുക്തിക്കു വേണ്ടി ബലിയർപ്പിക്കാനായി ധനം പിരിച്ചെടുത്ത് യെരുശലേം ദേവാലയത്തിലേക്കയച്ചു കൊടുക്കുന്നു.[10]

ഹാസ്മോനിയരുടെ പങ്കിനെ കുറച്ചു കാട്ടുന്നതായി തോന്നിക്കുന്ന 2 മക്കബായർ, ഹാസ്മോനിയ ഭരണത്തിനെതിരായി ബോധപൂർവം എഴുതപ്പെട്ട പ്രചാരണരചനയാണെന്നു കരുതുന്നവരുണ്ട്. എന്നാൽ, ദേവാലയകേന്ദ്രീകൃതമായ യഹൂദതയുടേയും അതിന്റെ പരിരക്ഷയിൽ ഹാസ്മോനിയരുടെ പങ്കിന്റേയും പ്രചരണാർത്ഥം, ഹാസ്മോനിയരുടെ തന്നെ നിർദ്ദേശാനുസരണം ക്രി.വ. 70-നടുത്ത്, എഴുതപ്പെട്ടതാണ് ഇതെന്ന വാദവും പ്രബലമാണ്.[11]

3 മക്കബായർ

[തിരുത്തുക]

മക്കബായരുടെ വിമോചനകഥയോടു കടപ്പാടും സമാനതകളും കാട്ടുന്നതെങ്കിലും 3 മക്കബായരുടെ കഥയ്ക്ക് മക്കബായ യുഗത്തിലെ ചരിത്രവുമായി ഒരു ബന്ധവുമില്ല. അതിലെ കഥയുടെ മുഖ്യസ്ഥല-കാലങ്ങളായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത്, ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അലക്സാണ്ട്രിയ ആണ്. കല്പിതകഥയുടെ എല്ലാ സ്വഭാവങ്ങളുമുള്ള ഒരു രചനയാണിത്.

ക്രി.മു. 217-ൽ സെല്യൂക്കസ് രാജാവായ അന്തിയോക്കോസ് മൂന്നാമനെ റാഫിയയിലെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഈജിപ്തിലെ ടോളമി നാലാമൻ ഫിലോപ്പാത്തർ, തന്റെ പ്രജകളെ അവരുടെ ദേവന്മാർക്കുള്ള കാഴ്ചകളുമായി സന്ദർശിക്കാൻ തീരുമാനിച്ചു. അക്കാലത്ത് യൂദയായും ടോളമിമാരുടെ ആധിപത്യത്തിൽ ആയിരുന്നതിനാൽ രാജാവ് യെരുശലേം ദേവാലയവും സന്ദർശിച്ചു. എന്നാൽ ദേവാലയത്തിൽ അതിവിശുദ്ധസ്ഥലത്തു (Holy of Holies) പ്രവേശിക്കാൻ തുനിഞ്ഞ രാജാവിനെ ഒരു മാലാഖ തടഞ്ഞു. അലക്സാണ്ട്രിയയിൽ മടങ്ങിയെത്തിയ രാജാവ്, യെരുശലേമിൽ തനിക്കു നേരിട്ട ഈ അപമാനത്തിനുള്ള പ്രതികാരം അലക്സാണ്ട്രിയയിലെ യഹൂദരോടു തീർക്കാൻ തീരുമാനിച്ചു. യഹൂദവിശ്വാസം ഉപേക്ഷിച്ച് ഡയോനിഷ്യസ് ദേവനെ ആരാധിക്കാൻ തയ്യാറാകാത്തവരുടെ കണക്കെടുത്ത് കഠിനനികുതികൾക്കും ഇതര ശിക്ഷകൾക്കും വിധേയരാക്കാൻ രാജാവ് ഉത്തരവായി. യഹൂദധർമ്മം ഉപേക്ഷിക്കാൻ വിരലിലെണ്ണാവുന്നവർ മാത്രം തയ്യാറയതിനാൽ ശിക്ഷിക്കപ്പെടേണ്ടവരുടെ എണ്ണം അധികമായിരിക്കുകയും അവരുടെ കണക്കെഴുതി 40 ദിവസം കൊണ്ട് എഴുത്തുപകരണങ്ങൾ തീർന്നു പോവുകയും ചെയ്തു. ഇതിൽ ക്രൂദ്ധനായ രാജാവ് വഴങ്ങാത്തവർക്ക് വധശിക്ഷ വിധിച്ചു. മദ്യം കുടിപ്പിച്ച ആനകളെക്കൊണ്ട് അവരെ ചവിട്ടിച്ചു കൊല്ലാനായിരുന്നു തീരുമാനം. രാജാവിന്റെ ഉറക്കത്തിന്റേയും മറ്റു സ്വകാര്യസൗകര്യങ്ങളുടേയും പരിഗണനയിൽ പലവട്ടം മാറ്റിവച്ച ശിക്ഷാനടപടി ഒടുവിൽ നടപ്പിലാക്കിയപ്പോൾ പരിഭ്രമിച്ച ആനകൾ യഹൂദരെ ഉപദ്രവിക്കാതെ തിരിഞ്ഞോടി രാജാവിന്റെ സൈനികരെ അപായപ്പെടുത്തി. അതു കണ്ട് മനസ്തപിച്ച് രാജാവ് യഹൂദരെ മോചിപ്പിച്ചു.[12]

ആഖ്യാനത്തിൽ ഈജിപ്തിലെ അലക്സാണ്ട്രിയ പശ്ചാത്തലമായിരിക്കുന്ന ഈ കൃതി രചിക്കപ്പെട്ടതും അവിടെയാകാം. തോബിത്തിന്റേയും എസ്തേറിന്റേയും പുസ്തകങ്ങളെപ്പോലെ ഒരു പ്രവാസിക്കഥ(Diaspora Story) എന്നു ഈ രചന വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[5]

4 മക്കബായർ

[തിരുത്തുക]

മനുഷ്യരുടെ മതപ്രമായ വിവേചനയ്ക്ക് (religious reason) ആവേഗങ്ങളുടെ മേൽ ആധിപത്യം കൈവരിക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ രൂപത്തിലാണ് 4 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ഗ്രീക്കു ചിന്തയുടെ സത്തയും ശൈലിയും സ്വാംശീകരിച്ച ഒരു യഹൂദൻ അവയുടെ സഹായത്തോടെ യഹൂദധാർമ്മികതയുടെ പക്ഷം വാദിക്കുകയാണിതിൽ. ധാർമ്മികയുക്തിയുടെ സഹായത്താൽ ആവേഗങ്ങളെ ജയിക്കാനാകുമെന്ന വാദത്തിനു പിൻബലമായി യഹൂദചരിത്രത്തിൽ നിന്ന് ഉദാഹരണങ്ങൾ നിരത്തുന്ന ഗ്രന്ഥകാരൻ 2 മക്കബായരുടെ കഥയിലെ വീരാത്മാക്കളെ അനുസ്മരിക്കുന്നു. വാർദ്ധക്യത്തിൽ നിഷിദ്ധഭക്ഷണം കഴിച്ച് മലിനീകൃതനാകുന്നതിനു പകരം മരണം തെരഞ്ഞെടുത്ത എലെയാസറും, 7 മക്കളെ ദൈവകല്പന ലംഘിക്കുന്നതിനു പകരം മരിക്കാൻ പ്രോത്സാഹിപ്പിച്ച ശേഷം സ്വയം രക്തസാക്ഷിയായ യഹൂദമാതാവും എല്ലാം, ധാർമ്മികയുക്തിയ്ക്ക് വികാരങ്ങളെ ജയിക്കാനാകുമെന്നതിന്റെ ഉദാഹരണങ്ങളായി ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നു.[13]

സ്റ്റോയിക് ദാർശനികശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യവനസംസ്കാരത്തിന്റെ പശ്ചാത്തലമുള്ള സിറിയയിലെ അന്ത്യോഖ്യായിലോ മറ്റോ ക്രിസ്തുവർഷാരംഭത്തിനു ശേഷം എഴുതപ്പെട്ടതാകാം. യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടതിന്റെ സൂചനകൾ ഒന്നും ഇതിൽ ഇല്ലാത്തതിനാൽ, ആ സംഭവം നടന്ന ക്രി.വ. 70-നു മുൻപായിരിക്കണം രചന.[5]

കുറിപ്പുകൾ

[തിരുത്തുക]

^ ഹാസ്മോനിയരോടുള്ള ഈ എതിർപ്പിലാണ് യഹൂദർക്കിടയിലെ വിമതവിഭാഗമായിരുന്ന എസ്സീനുകളുടെ ഉല്പത്തി എന്നു കരുതുന്നവരുണ്ട്.

അവലംബം

[തിരുത്തുക]
  1. യഹൂദവിജ്ഞാനകോശം, മക്കബായരുടെ പുസ്തകങ്ങൾ
  2. 2.0 2.1 കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറങ്ങൾ 306-321)
  3. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം (പുറം 316)
  4. പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള ലഘുചരിത്രം, സംശോധനം: ഹെർഷൽ ഷാങ്ക്സ്(പുറങ്ങൾ 177-186)
  5. 5.0 5.1 5.2 മക്കബായരുടെ പുസ്തകങ്ങൾ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 475-82)
  6. കത്തോലിക്കാവിജ്ഞാനകോശം, മക്കബായരുടെ പുസ്തകങ്ങൾ
  7. കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറങ്ങൾ 321-323)
  8. 2 മക്കബായർ 6:26
  9. 2 മക്കബായർ 7:9
  10. 2 മക്കബായർ 12:38-45
  11. ഹെർഷൽ ഷാങ്ക്സ് (പുറം 196) "....a book produced under Hasmonean auspices for political and religious purposes....to impress the Jews of Alexandria with early Hasmonean military and religious achievements".
  12. Early Jewish Writings, 3 മക്കബായർ
  13. Early Jewish writings, 4 മക്കബായർ