ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി | |
---|---|
ടൗൺ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
(2001) | |
• ആകെ | 51,960 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686101 |
ടെലിഫോൺ കോഡ് | 0481 |
വാഹന റെജിസ്ട്രേഷൻ | KL 33 |
കേരളത്തിൽ കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും[1] ആയിരുന്ന ചങ്ങനാശ്ശേരി അഞ്ചുവിളക്കിന്റെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. [2]വേലുത്തമ്പി ദളവ ഉദ്ഘാടനം നിർവഹിച്ച ചങ്ങനാശ്ശേരി ചന്തയിലാണ് അഞ്ചുവിളക്ക് സ്ഥിതി ചെയ്യുന്നത്. 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം കോട്ടയം ജില്ലയിലെ നാല് താലൂക്കുകളിലും മുനിസിപ്പാലിറ്റികളിലും ഒന്നാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുമായി ഈ നഗരം അതിർത്തി പങ്കിടുന്നു.വാണിജ്യവും വിദ്യാഭ്യാസവുമാണ് നഗരത്തിലെ പ്രധാന ആകർഷണങ്ങൾ.
പേരിനു പിന്നിൽ
[തിരുത്തുക]ചങ്ങനാശ്ശേരി എന്ന പേരിൻറെ പിറവിക്കു പിന്നിൽ നൂറ്റാണ്ടുകളായി പ്രചരിച്ചു പോരുന്ന ഒട്ടേറെ ചരിത്ര, ഐതിഹ്യ കഥകളുണ്ട്.
- ശംഖു നാദ ശ്ശേരി -- തെക്കുംകൂർ രാജവംശത്തിൽ പുഴവാത് നീരാഴി കൊട്ടാരത്തിൽ നിന്നും രാജഭരണം നടത്തിയിരുന്ന മഹാരാജാവ് തന്റെ രാജ്യത്തിലെ പ്രധാന മൂന്നു മതസ്ഥരേയും (ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം) ഒരുമിച്ചു നിർത്താൻ വേണ്ടി മൂന്നു ദേവാലയങ്ങൾ പണികഴിപ്പിച്ചു. കാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ് എന്നിവയാണീ ദേവാലയങ്ങൾ. ക്ഷേത്രത്തിലെ ശംഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാൻ എന്നപോലെ ഈ മൂന്നു ദേവാലയങ്ങളും നീരാഴി കൊട്ടാരത്തിനു സമീപത്തായിട്ടാണു പണികഴിപ്പിച്ചത്. അങ്ങനെ ഈ മൂന്നു ധ്വനികൾ ഉയരുന്ന ഈ നഗരം ശംഖു+നാദ+ശ്ശേരി യായി അറിയപ്പെട്ടു; കാലാന്തരത്തിൽ ചങ്ങനാശ്ശേരിയായും പറയപ്പെട്ടുപോന്നു. [3] [4][5]
- സംഗനാട്ടുശ്ശേരി -- വാഴപ്പള്ളി ബുദ്ധമതക്കാരുടെ അന്നത്തെ പ്രധാന സങ്കേതങ്ങളിൽ ഒന്നായിരുന്നു. വാഴപ്പള്ളി ക്ഷേത്രം മുൻപ് ബുദ്ധക്ഷേത്രവുമായിരുന്നു. ക്ഷേത്രേശനെ സംഗമനാഥൻ എന്നു വിളിച്ചിരുന്നു. ബുദ്ധമതക്കരെ ചങ്കക്കർ (സംഗക്കാർ) എന്നാണ് കേരളത്തിൽ വിളിച്ചിരുന്നത്. സംഘം എന്നതിൻറെ പ്രാകൃത രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. ബൌദ്ധരുമായി ബന്ധപ്പെട്ടാണ് ചങ്ങനാശ്ശേരി എന്ന പേരു വന്നത് എന്നാണ് മറ്റൊരു വിശ്വാസം.[6] [7] [8]
- ചങ്ങഴി നാഴി ഉരി -- തെക്കുംകൂർ രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മ രാജാവിനെ ബന്ധപ്പെടുത്തിയുള്ളതാണ് ഇവയിൽ മറ്റൊന്ന്. ചങ്ങനാശ്ശേരിയിലെ ക്രിസ്ത്യൻ പള്ളി പണിയുവാനുള്ള സ്ഥലം അളന്നു നൽകിയതിൽ നിന്നാണ് ചങ്ങനാശ്ശേരി പിറന്നതെന്നു വാമൊഴിയായി പറയപ്പെട്ടുപോരുന്നു. 'ചങ്ങഴി', നാഴി, ഉരി, എന്നിങ്ങനെ അളവുമായി ബന്ധപ്പെട്ട പദങ്ങൾ കൂടിച്ചേർന്നാണ് ചങ്ങനാശ്ശേരി എന്ന പേരുണ്ടായതെന്നാണ് മറ്റൊരു ഐതിഹ്യം. [9]
- തെങ്ങണാശ്ശേരി -- ഈ പട്ടണത്തിൻറെ പേര് ശംഖുനാടുശ്ശേരി, തെങ്ങണാശ്ശേരി എന്നിങ്ങനെയായിരുന്നെന്നും ഒരു വാദമുണ്ട്. [10] തെങ്ങണാൽ (തെങ്ങണ) എന്ന ഒരു ചെറുപട്ടണം ചങ്ങനാശ്ശേരി നഗരത്തിനോട് ചേർന്നു കിഴക്കായി മാടപ്പള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ഏതായാലും രാജഭരണ കാലം മുതൽ കേരളത്തിലെ ഒരു പ്രധാന പട്ടണമായിരുന്നു ചങ്ങനാശ്ശേരിയെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.
ചരിത്രം
[തിരുത്തുക]പുരാതന കുലശേഖര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന നന്റുഴൈനാടിന്റെ ആസ്ഥാനം വാഴപ്പള്ളിയിലായിരുന്നു. കുലശേഖര സാമ്രാജ്യത്തിന്റെ തകർച്ചക്ക് ശേഷം ന്റെഴുനാട് ഇല്ലാതാവുകയും തെക്കുകൂർ രാജ്യം രൂപാന്തരപ്പെടുകയും രാജ്യ തലസ്ഥാനം ചങ്ങനാശ്ശേരിയിലെ പുഴവാതിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
വാഴപ്പള്ളി ശാസനം
[തിരുത്തുക]കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും പഴയ ചരിത്ര ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളിക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ.ഡി.820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകൻറ്റെ കാലത്താണ്. എ.ഡി.830ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെകുറിച്ചു പ്രതിപാധിക്കുന്നതാണ് പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. തിരുവാറ്റാക്ഷേത്രത്തിലെ മുട്ടബലി മുടക്കുന്നവർക്ക് പിഴയായി 100 റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാത്യ പരിഗ്രഹണത്തിനു തുല്യമാണന്നും. പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പ്രതിപാധിക്കുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും ഇതിൽ പ്രതിപാധിക്കുന്നുണ്ട്.
വാഴപ്പള്ളി ശാലഗ്രാമം
[തിരുത്തുക]വാഴപ്പള്ളിയിലെ 'ശാലഗ്രാമത്തിലാ'ണ് പുരാതനകാലത്ത് ദേവാലയങ്ങളോടനുബന്ധിച്ച് വിദ്യാകേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. തിരുവല്ലയിലെ പത്തില്ലത്തിൽ പോറ്റിമാർ വാഴപ്പള്ളിയിൽ നിർമ്മിച്ച വിദ്യാകേന്ദ്രമായിരുന്നു ശാലഗ്രാമമെന്ന് അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ: പി. എ. രാമചന്ദ്രൻനായർ രേഖപ്പെടുത്തിയിരിക്കുന്നു. നായർ സർവ്വീസ് സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ പ്രസിഡന്റുമായിരുന്ന പി. കെ. നാരായണപ്പണിക്കരുടെ വീടിനു മുന്നിൽനിന്ന് എം.സി. റോഡിനുസമാന്തരമായി ഒരു ചെറുവഴി വാഴപ്പള്ളി അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു മുന്നിലെത്തുന്നുണ്ട്. ഈ വഴിയുടെ ഓരത്താണ് ശാലഗ്രാമം. വിശാലമായൊരുപറമ്പിൽ ഇടിഞ്ഞുപൊളിഞ്ഞ രണ്ടുശ്രീകോവിലുകൾ.അവിടവിടെയായി ചിലദേവതാശില്പങ്ങൾ തകർന്നനിലയിലും കാണാം.ഈ ക്ഷേത്രസങ്കേതവും ചുറ്റുവട്ടവുമാണ് ശാലഗ്രാമമെന്നപേരിൽ അറിയപ്പെടുന്നത്. ഇതിപ്പോൾ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലാണ്.[11]
ചങ്ങനാശ്ശേരി യുദ്ധം
[തിരുത്തുക]തിരുവിതാംകൂറിന്റെ ആക്രമണത്തിൽ അമ്പലപ്പുഴയുടെ പതനവും അതിനെത്തുടർന്ന് തെക്കുംകൂർ ആക്രമിക്കാൻ മാർത്താണ്ഡവർമ്മ ശ്രമം ആരംഭിച്ചു. തൃക്കൊടിത്താനം, വെന്നിമല, മണികണ്ഠപുരം, തളിക്കോട്ട, എന്നിസ്ഥലങ്ങൾക്കുശേഷം തെക്കുംകൂർ രാജധാനി ചങ്ങനാശ്ശേരിയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു. ചങ്ങനാശ്ശേരി പുഴവാതിലുള്ള നീരാഴിക്കൊട്ടാരത്തിലാണ് തെക്കുംകൂർ രാജാവ് താമസിച്ചിരുന്നത്. അന്നത്തെ ഇളയരാജാവ് അമ്പലപ്പുഴയുടേയും കായങ്കുളത്തിന്റെ പതനം മനസ്സിലാക്കി സാമന്തനായി കഴിയാൻ ജ്യേഷ്ഠനോട് ഉപദേശിച്ചു, തുടർന്ന് അദ്ദേഹം തിരുവനന്തപുരത്ത് ചെന്ന് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയെ കണ്ടു സഹായം അഭ്യർത്ഥിച്ചു. ഇളയരാജാവിന്റെ പ്രവൃത്തിയിൽ ദേഷ്യപ്പെട്ട് തെക്കുംകൂർ രാജാവ് അനുജനെ മാതാവ് മരിച്ചുവെന്ന് കള്ളം പറഞ്ഞ് അനുജനെ തിരിച്ചുകൊണ്ടുവന്നു കൊലപ്പെടുത്തി പാമ്പുകടിച്ചു മരിച്ചുവെന്ന് വാർത്ത പരത്തുകയും ചെയ്തു. തെക്കുംകൂർ രാജാവിന്റെ കഠിനപൃവർത്തു മനസ്സിലാക്കി രാമയ്യനും ഡിലനോയിക്കും വടക്കോട്ട് പടനയിക്കാൻ മാർത്താണ്ഡവർമ്മ നിർദ്ദേശം കൊടുത്തു. തിരുവിതാംകൂർ സൈന്യം ആറന്മുളയിൽ എത്തിയപ്പോൾ തെലുങ്കു ബ്രാഹ്മണർ സൈന്യത്തിനു മുൻപിൽ തടസ്സം നിന്നു. ഡിലനോയിയുടെ നേതൃത്തത്തിലുള്ള ക്രൈസ്തവ-മുസ്ലിം സൈന്യം അവരെ എതിരിട്ടു. അതിനെത്തുടന്ന് ചങ്ങനാശ്ശേരിയിലെ കോട്ടയും കൊട്ടാരവും ആക്രമിച്ചു. നീരാഴിക്കൊട്ടാരത്തിലുണ്ടായിരുന്ന രാജാവിനെ വാഴപ്പള്ളി പത്തില്ലത്തിൽ പോറ്റിമാർ സഹായിക്കുകയും രാജാവിനെ കോട്ടയം നട്ടാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു. തിരുവിതാംകൂർ സൈന്യം പിന്തുടരാതിരിക്കാനായി വാഴപ്പള്ളിയിലെ കണ്ണമ്പേരൂർ പാലം നശിപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 925 ചിങ്ങമാസം 28-ആം തീയതി (ക്രി.വർഷം 1750 സെപ്തംബർ 11) തെക്കുംകൂർ രാജാവിന്റെ ആസ്ഥാനമായ ചങ്ങനാശ്ശേരി രാമയ്യൻ ദളവ പിടച്ചടക്കി. [12]
വിമോചന സമരം
[തിരുത്തുക]കേരളത്തിലെ ആദ്യ സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് വലിയ വിവാദ വിഷയമായതാണ് വിമോചന സമരത്തിന് ഇടയാക്കിയ സാഹചര്യം. അതുകൊണ്ടുതന്നെ വിമോചനസമരത്തിലെ ചങ്ങനാശ്ശേരിയുടെ പങ്ക് വളരെ വലുതായിരുന്നു. വിമോചന സമരം നേതൃത്ത്വം കൊടുത്തത് നായർ സർവീസ് സൊസൈറ്റിയും, കത്തോലിക്കാ സഭയും അയിരുന്നു. ഇതു രണ്ടിന്റെയും ആസ്ഥാനം ചങ്ങനാശ്ശേരിയിയിലായതിനാൽ പല സമര സമ്മേളനങ്ങൾക്കും ചങ്ങനാശ്ശേരി നെടുനായക്ത്വം വഹിച്ചു.
1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യ സർക്കാരായ ഇ.എം.എസ്. സർക്കാർ 27 മാസവും 27 ദിവസവും മാത്രമേ കേരളം ഭരിച്ചുള്ളൂ. സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ല് വലിയ വിവാദവിഷയമായമാവുകയും ഇതിനെതിരെ നായർ സമുദായവും കത്തോലിക്കാ സഭയും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. മറ്റു സമുദായങ്ങളായ ഈഴവ, മുസ്ലിം സമുദായങ്ങളിലെ നേതാക്കന്മാരും ഒന്നിച്ചുനിന്ന് പ്രസിദ്ധമായ വിമോചന സമരം നയിച്ചു. വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ആരംഭിച്ച ധാർമിക സമരം രണ്ടുവർഷത്തോളം ദീർഘിച്ചു. 1959 ജൂലൈ 31-ന് രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് ഇടപെട്ട് ഭരണഘടനാനുസൃതം കേരളത്തിലെ ആദ്യ സർക്കാരായ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിടുകയായിരുന്നു.
ചങ്ങനാശ്ശേരി ചന്ത
[തിരുത്തുക]1804-ൽ തിരുവിതാംകൂർ ദിവാനായിരുന്ന വേലുത്തമ്പി ദളവാ സ്ഥാപിച്ചതാണ് ചങ്ങനാശ്ശേരിയിലെ വ്യാപാര കേന്ദ്രം അഥവാ ചങ്ങനാശ്ശേരി ചന്ത.[13] ഇതിന്റെ ശതാബ്ദി സ്മാരകമായി 1905-ൽ പണികഴിപ്പിച്ചതാണ് ബോട്ടുജെട്ടിയ്ക്കടുത്തുള്ള അഞ്ചുവിളക്ക്. സമീപ പട്ടണങ്ങളായ കോട്ടയം, തിരുവല്ല, ആലപ്പുഴ, പീരുമേട്, മല്ലപ്പള്ളി തുടങ്ങിയ സ്ഥങ്ങളിലേക്ക് അവശ്യ സാധനങ്ങൾ ഇവിടെ നിന്ന് കയറ്റി അയക്കുന്നു.
ചങ്ങനാശ്ശേരി താലൂക്ക്
[തിരുത്തുക]പതിനൊന്ന് ഗ്രാമപഞ്ചായത്തുകൾ ചേരുന്നതാണ് ചങ്ങനാശ്ശേരി താലൂക്ക്. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി ആലപ്പുഴ ജില്ലയിലെ കുട്ടനാട് എന്നീ താലൂക്കുകളാണ് ചങ്ങനാശ്ശേരിയുടെ അതിർത്തികൾ. ചങ്ങനാശ്ശേരി താലൂക്കിലെ പ്രദേശങ്ങൾ ചേർത്ത് കേരള നിയമസഭയിൽ ചങ്ങനാശ്ശേരി എന്ന നിയോജക മണ്ഡലവുമുണ്ട്.
ചങ്ങനാശ്ശേരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ താഴെപ്പറയുന്നവയാണ്.
നഗരസഭ | ബ്ലോക്ക് പഞ്ചായത്തുകൾ | ഗ്രാമ പഞ്ചായത്തുകൾ |
---|---|---|
ചങ്ങനാശ്ശേരി | മാടപ്പള്ളി, വാഴൂർ | വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി, മാടപ്പള്ളി, |
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]മതവിഭാഗങ്ങൾ
[തിരുത്തുക]വിവിധ മത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി ചങ്ങനാശ്ശേരിയിൽ ഒരുമയോടെ കഴിയുന്നു. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ചന്ദനക്കുടം മഹോസ്തവം ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതയാണ്. നായർ സമുദായത്തിന്റെ ആസ്ഥാന ഇവിടെ പെരുന്നയിൽ എം.സി.റോഡിന് ചേർന്നാണ്. അതുപോലെതന്നെ ക്രിസ്തുമതത്തിലെ സിറിയൻ കത്തോലിക്ക, നല്ലൊരു വിഭാഗം മുസ്ലീങ്ങളും ചില പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇവിടെ കഴിയുന്നു. സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനം പാലസ് റോഡിൽ (വാഴൂർ റോഡിൽ) സ്ഥിതിചെയ്യുന്നു.
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]വിവിധ മതവിഭാഗങ്ങളുടെ അനവധി ആരാധനാലയങ്ങൾ ചങ്ങനാശ്ശേരിയിലുണ്ട്. ഹിന്ദു-ക്രിസ്തീയ-മുസ്ലിം മതങ്ങളുടെ ആരാധനാലയങ്ങളിൽ പ്രമുഖം വാഴപ്പള്ളി മഹാദേവ ക്ഷേത്രവും തൃക്കൊടിത്താനം മഹാക്ഷേത്രവും, മെത്രാപോലീത്തൻ പള്ളിയും, പുത്തൂർ പള്ളിയും ആണ്. ചരിത്രപരമായ ഐതിഹ്യകഥകളാലും സമ്പന്നമാണ് വാഴപ്പള്ളി ശിവ ക്ഷേത്രം. പണ്ട് ദ്രാവിഡക്ഷേത്രവും, കൊടുങ്ങല്ലൂർ കുലശേഖര കാലഘട്ടത്തിൽ ബുദ്ധക്ഷേത്രവും, പിന്നീട് ഹൈന്ദവക്ഷേത്രവുമായിരുന്നു ഇത്. തൃക്കൊടിത്താനം മഹാവിഷ്ണു നരസിംഹമൂർത്തി ക്ഷേത്രവും പ്രസിദ്ധമാണ്. അതു പോലെതന്നെ തെക്കുംകൂർ രാജാവിനാൽ നിർമ്മിക്കപ്പെട്ട കാവിൽ ഭഗവതി ക്ഷേത്രവും, മെത്രാപ്പോലീത്തൻ പള്ളിയും, ജുമാമസ്ജിദും ആചാരപരമായും ചരിത്രപരമായും ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മതങ്ങളെ ബന്ധപ്പെടുത്തിയുള്ള ഇവിടുത്തെ ചന്ദനക്കുടം വളരെ പ്രശസ്തമാണ്.
ഹൈന്ദവ ക്ഷേത്രങ്ങൾ | ക്രിസ്തീയ ദേവാലയങ്ങൾ | മുസ്ലീം ആരാധനാലയങ്ങൾ | |
---|---|---|---|
വാഴപ്പള്ളി ശിവക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രം, കാവിൽ ഭഗവതി ക്ഷേത്രം, കൊട്ടാരം ക്ഷേത്രം, പുഴവാത് വേണുഗോപാലസ്വാമി ക്ഷേത്രം, കൽക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, മോർക്കുളങ്ങര ഭഗവതി ക്ഷേത്രം, മഞ്ചാടിക്കര രാജരാജേശ്വരി ക്ഷേത്രം, അമ്മൻകോവിൽ, തിരുമല ക്ഷേത്രം, മാരണത്തുകാവ്, ഇളംങ്കാവ്, ആനിക്കാട്ടിലമ്മ ക്ഷേത്രം | Kമെത്രാപ്പോലീത്തൻ (കത്തീഡ്രൽ) സെൻറ്മേരീസ് പള്ളി, പാറേൽ സെൻറ് മേരീസ് പള്ളി, വടക്കേകര സെൻറ് മേരീസ് പള്ളി, വാഴപ്പള്ളി പടിഞ്ഞാറ് സെൻറ് മേരീസ് പള്ളി, ളായിക്കാട് സെൻറ് ജോസഫ് പള്ളി, ഫാത്തിമാപുരം ഫത്തിമമാതാ പള്ളി, ചെത്തിപ്പുഴ സെ.ഹേ.പള്ളി, മേരി മൌണ്ട് റോമൻ കത്തോലിക് ലാറ്റിൻ ചർച്ച് (കുന്നേപ്പള്ളി)
സെന്റ് പോൾസ് സി എസ് ഐ പള്ളി (175 വർ ഷം ) |
പുതൂർപള്ളി ജുമാമസ്ജിദ്, പഴയപള്ളി ജുമാമസ്ജിദ് |
ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തികൾ
[തിരുത്തുക]രാജ രാജവർമ്മ കോയിത്തമ്പുരാൻ
[തിരുത്തുക]ചങ്ങനാശ്ശേരി നീരാഴി കൊട്ടാരത്തിൽ ജനിച്ചു. തിരുവിതാംകൂർ റാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ വിവാഹം കഴിച്ചു കോയിത്തമ്പുരാനായി. അവർക്ക് 1809-ൽ രുക്മിണി ബായി എന്നൊരു പുത്രിയും, 1813-ൽ സ്വാതിതിരുനാളും, 1814-ൽ ഉത്രം തിരുനാളും ജനിച്ചു. ആൺ മക്കൾ രണ്ടും പേരും പിന്നീട് തിരുവിതാംകൂറിന്റെ മഹാരാജായ്ക്കാരായി. മകൾ രുക്മിണി ബായി ആറ്റിങ്ങൽ മഹാറാണി ആയിരുന്നു. രുക്മിണി ബായിയുടെ രണ്ടു മക്കൾ (ആയില്യം തിരുനാൾ, വിശാഖം തിരുനാൾ) പിന്നീട് തിരുവിതാംകൂർ മഹാരാജാക്കന്മാരായി [14] [15].
മന്നത്ത് പത്മനാഭൻ
[തിരുത്തുക]എൻ.എസ്.എസ്. സ്ഥാപകൻ, സമുദായാചാര്യൻ, വിമോചന സമര നേതാവ്: കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ. നായർ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി രൂപംകൊണ്ട സാമുദായിക സംഘടനയായ നായർ സർവീസ് സൊസൈറ്റി അഥവാ എൻ.എസ്.എസിന്റെ (ആദ്യകാല പേർ: നായർ ഭൃത്യ ജനസംഘം) സ്ഥാപകനാണ് ഇദ്ദേഹം ഏറെ അറിയപ്പെടുന്നത്. 1959-ൽ ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടേയും, ചിറമുറ്റത്ത് പാർവതിഅമ്മയുടേയും മകനായി പെരുന്നയിലാണ് അദ്ദേഹം ജനിച്ചത്. (ജനനം: 1878 ജനുവരി 02). 1966 രാജ്യം പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
[തിരുത്തുക]മലയാള, സംസ്കൃത ഭാഷാ പണ്ഡിതൻ: മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ. ചങ്ങനാശ്ശേരി പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം (ജനനം: 1845) ജനിച്ചത്. വളരെകാലം തിരുവിതാംകൂറിലെ പാഠപുസ്തക സമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ മൂത്തറാണിയായിരുന്ന ഭരണി തിരുനാൾ ലക്ഷ്മി ബായി തമ്പുരാട്ടിയെയാണ് അദ്ദേഹം വിവാഹം ചെയ്തിരുന്നത്. [16]
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള
[തിരുത്തുക]ഹൈകോർട്ട് ജഡ്ജി, വൈക്കം സത്യാഗ്രഹ സമരനേതാവ്: കേരളാ ചരിത്രത്തിന്റെ സ്വർണ്ണലിപികളിൽ സ്ഥാനം പിടിച്ച മഹാനാണ് ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ ഹൈകോർട്ട് ജഡ്ജിയായിരുന്നു അദ്ദേഹം. വാഴപ്പള്ളി നാരായണപിള്ളയുടെയും, നാരായണിയമ്മയുടേരും മകനായി അദ്ദേഹം ജനിച്ചത് 1877-ൽ വാഴപ്പള്ളിയിലാണ്. നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണ്. വൈക്കം സത്യാഗ്രഹത്തിന് മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡാന്റായിരുന്നു അദ്ദേഹം.
ഉള്ളൂർ എസ്. പരമേശ്വരയ്യർ
[തിരുത്തുക]മഹാകവി, ഭാഷാ പണ്ഡിതൻ: ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് മഹാകവി ഉള്ളൂർ പരമേശ്വരയ്യർ (ജനനം: 1877 ജൂൺ 06) ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു.
എ.ആർ. രാജരാജവർമ്മ
[തിരുത്തുക]മലയാള ഭാഷാ ശാസ്ത്രജ്ഞൻ, വൈയാകരണൻ, ഭാഷാനിരൂപകൻ മലയാളകവി: മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എ.ആർ. രാജരാജവർമ്മ. ചങ്ങനാശ്ശേരി പുഴവാതിൽ ലക്ഷ്മീപുരം കൊട്ടാരത്തിലാണ് അദ്ദേഹം (ജനനം: 1863) ജനിച്ചത്. വൈയാകരണനും, നിരൂപകനും, കവിയും, ഉപന്യാസകാരനും, സർവ്വകലാശാലാ അദ്ധ്യാപകനും ആയിരുന്നു അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളം ഭാഷയുടെ വ്യാകരണം, ഛന്ദശാസ്ത്രം, അലങ്കാരാദി വ്യവസ്ഥകൾ എന്നിവയ്ക്ക് നിയതമായ രൂപരേഖകളുണ്ടാക്കി രാജരാജവർമ്മ. മലയാളം വ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു അദ്ദേഹത്തെ കേരളപാണിനി എന്നും അഭിനവപാണിനി എന്നും വിശേഷിപ്പിച്ചുപോരുന്നു.
മുട്ടത്തു വർക്കി
[തിരുത്തുക]മലയാള കഥാകൃത്ത്, സാഹിത്യകാരൻ: ചങ്ങനാശ്ശേരിയുടെ സ്വന്തം പുത്രനെന്നറിയപ്പെടുന്ന മുട്ടത്തു വർക്കി ജനിച്ചത് ഇവിടെയാണ്. അദ്ദേഹം പഠിച്ചിറങ്ങിയ സ്കൂളിൽതന്നെ അദ്ധ്യാപകനുമായി (എസ്.ബി.ഹൈസ്കൂളിൽ) തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് കൂടിക്കലിലെ തടിഫാക്ടറിയിൽ കണക്കെഴുത്തുകാരനായിട്ടും കുറച്ചു നാൾ എം.പി.പോളിന്റെ ട്യൂട്ടോറിയലിൽ പഠിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് എം.പി.പോളിനോടൊത്ത് സഹ പത്രാധിപരായി ദീപികയിൽ ജോലിചെയ്തത്.
കൈനിക്കര കുമാരപിള്ള
[തിരുത്തുക]നാടകകൃത്ത്:പ്രശസ്ത നാടകകൃത്തും, ഗാന്ധിയനും, വിദ്യാഭ്യാസവിദഗ്ദ്ധനും സാഹിത്യകാരനുമായ കുമാരപിള്ള 27-09-1900-ൽ ചങ്ങനാശ്ശേരി പെരുന്നയിൽ കൈനിക്കര വീട്ടിൽ ജനിച്ചു. 1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 1924 മുതൽ 1944 വരെ കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ ഹെഡ്മാസ്ററായും 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അധ്യാപകനായും സേവനം അനുഷ്ഠിച്ചു. പിന്നീട് വിദ്യാഭ്യാസ ഡയറക്ടറുടെ പി.എ., വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ, 1957-64 വർഷക്കാലങ്ങളിൽ ആകാശവാണി പ്രൊഡ്യൂസർ എന്നീ നിലകളിൽ സേവനം നടത്തി. കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കേരള നാടക അക്കാദമി ഫെല്ലോഷിപ്പ് 1976-ൽ ഇദ്ദേഹത്തിന് ലഭിച്ചു. മലയാളനാടകരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി കേരള സർക്കാരിന്റെ പ്രത്യേക അവാർഡിനും ഇദ്ദേഹം അർഹനായി.
അക്കാമ്മ ചെറിയാൻ
[തിരുത്തുക]സ്വാതന്ത്ര സമര നേതാവ്: തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന, സ്വാതന്ത്ര സമരചരിത്രത്തിൽ കേരളത്തിന്റെ സംഭാവനയായ ധീര വനിത. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്ന അക്കാമ്മ നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള അക്കാമ്മ 1909 ഫെബ്രുവരി 15-ന് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു. 1952ൽ എം.എൽ.എ ആയിരുന്ന വി.വി വർക്കിയെ വിവാഹം ചെയ്യുകയും, ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിര താമസമാകുകയും ചെയ്തു. അതിനുശേഷം അവർ അക്കാമ്മ വർക്കി എന്ന പേരിലാണ് അറിയപ്പെട്ടത്.
എൽ. പി. ആർ വർമ്മ
[തിരുത്തുക]ചങ്ങനാശേരിയുടെ സംഗീതമാണ് എൽ.പി.ആർ; ചങ്ങനാശ്ശേരി പുഴവാതിലെ ലക്ഷ്മീപുരം കൊട്ടാരത്തിൽ പൂരം നാളിൽ പിറന്നു. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് ലക്ഷ്മിപുരം പൂരം നാൾ രവിവർമ്മ എന്നാണ്. സംഗീത സംവിധാനത്തിന്റെ പേരിൽ ഇദ്ദേഹത്തെ തേടിവരാത്ത അവാർഡുകളില്ല. 1969-ൽ ദേശീയ പുരസ്കാരം, 1985-ൽ സംസ്ഥാന അവാർഡ്, 1978-ൽ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വടക്കാഞ്ചേരി വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും ചങ്ങനാശ്ശേരി ലക്ഷമീപുരം കൊട്ടാരത്തിൽ മംഗളാ ബായി തമ്പുരാട്ടിയുടെയും മകനായിപ്പിറന്ന അദ്ദേഹം, ചങ്ങനാശ്ശേരിയിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ചേർന്നു. മലയാളത്തിലെ ഒരു സംഗീത സംവിധായകനും, ഗായകനുമാണ് ഇദ്ദേഹം. എൽ.പി.ആറിന്റെ ബഹുമാനാർത്ഥം തുടങ്ങീയ സംഗീത അവാർഡാണ് സംഗീത രത്നാകര പുരസ്കാരം.
പി.കെ. നാരായണപണിക്കർ
[തിരുത്തുക]എൻ.എസ്.എസ് ജനറൽ സെക്രടറി, എൻ.എസ്.എസ്. പ്രസിഡന്റ്, ചങ്ങനാശ്ശേരി നഗരസഭാ അധ്യക്ഷൻ, കേരള സർവകലാശാലാ സെനറ്റംഗം, എംജി സർവകലാശാലാ സിൻഡിക്കേറ്റംഗം, ഗുരുവായൂർ ദേവസ്വം ബോർഡംഗം, ചങ്ങനാശേരി ലയൺസ് ക്ലബ് പ്രസിഡന്റ്എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1977-ൽ എൻ.എസ്.എസ്. ട്രഷററായി നേതൃസ്ഥാനത്തെത്തി.1983 ഡിസംബർ 15നാണ് ആദ്യമായി ജനറൽ സെക്രട്ടറിയായത്. എൻഡിപി എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചപ്പോൾ അതിന്റെ അമരക്കാരനായിരുന്നു പണിക്കർ.
മാർ കുര്യാളശ്ശേരി
[തിരുത്തുക]ചങ്ങനാശ്ശേരി രൂപതയുടെ ഒന്നാമത്തെ ബിഷപ്പായിരുന്നു കുര്യാളശ്ശേരി പിതാവ് എന്നറിയപ്പെട്ട മാർ തോമസ് കുര്യാളശ്ശേരി. ജന്മം കൊണ്ട് അദ്ദേഹം കുട്ടനാട്ടുകാരനായിരുന്നെങ്കിലും കർമ്മംകൊണ്ട് ചങ്ങനാശ്ശേരിക്കാരനായിരുന്നു കുര്യാളശ്ശേരി പിതാവ്. ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകുകയുണ്ടായി.
മാർ ജയിംസ് കാളാശ്ശേരി
[തിരുത്തുക]സമുദായ നേതാവ്, രൂപതാ മെത്രാൻ: പുണ്യചരിതനായ കുര്യാളശ്ശേരി പിതാവിനെ തുടർന്ന് ചങ്ങനാശേരി രൂപതയുടെ മെത്രാനായി വന്ന മാർ കാളാശേരി അസാധാരണമായ കഴിവുകളുടേയും വ്യക്തി പ്രഭാവത്തിന്റെയും ഉടമയായിരുന്നു. ചങ്ങനാശേരി രൂപതയുടെ മാത്രമല്ല കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് മുഴുവൻ രക്ഷകനായിരുന്നു. ഇദ്ദേഹം ജനിച്ചത് ചങ്ങനാശ്ശേരിയിലാണ്. വിദ്യാഭ്യാസ സ്വാതന്ത്ര്യം എടുത്തു കളയുവാൻ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ അന്നത്തെ സ്റ്റേറ്റ് കൗൺസിലിന്റെയും സർക്കാരിന്റെയും പേരിൽ തീരുമാനമെടുത്തപ്പോൾ ഇതിലടങ്ങിയിരിക്കുന്ന അപകടം അതിന്റെ പൂർണതയിൽ മനസ്സിലാക്കാനും അർത്ഥശങ്ക കൂടാതെ അതിനെ എതിർക്കാനും അദ്ദേഹം ധൈര്യം കാണിച്ച് അദ്ദേഹം പ്രശസ്തനായി.
മാർ മാത്യു കാവുകാട്ട്
[തിരുത്തുക]ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായിരുന്നു മാർ മാത്യു കാവുകാട്ട്.
മാർ ജോസഫ് പവ്വത്തിൽ
[തിരുത്തുക]ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്തയായിരുന്നു ജോസഫ് പവ്വത്തിൽ.
കൈനിക്കര പത്മനാഭപിള്ള
[തിരുത്തുക]നാടകകൃത്ത്:
അരവിന്ദാക്ഷമേനോൻ
[തിരുത്തുക]നാടകകൃത്ത്, നാടക സംവിധായകൻ:
പി. എ. രാമചന്ദ്രൻനായർ
[തിരുത്തുക]അദ്ധ്യാപകൻ, എഴുത്തുകാരൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. റെയിൻബൊ ബുക്സിസ് പ്രസിദ്ധീകരിച്ച സ്ഥലനാമ കൗതുകം എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രശസ്തമാണ്.[17] ചരിത്രാന്വേഷിയായിരുന്ന അദ്ദേഹം സ്ഥലനാമപഠനത്തെ സാധാരണക്കാരിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മലയാള മനോരമ, മാതൃഭൂമി എന്നീ ദിനപത്രങ്ങളിലും, ഭാഷാപോഷിണി, സർവീസ്, വിജ്ഞാന കൈരളി, സന്നിധാനം, പ്രഗതി തുടങ്ങിയ ആനുകാലികങ്ങളിലുമായി 500-ലധികം ലേഖനങ്ങൾ എഴുതി. എൻ.എസ്.എസ്. ഹിന്ദു കോളേജിലെ മലയാളം അദ്ധ്യാപകനായിരുന്നു.
അഞ്ജു ബോബി ജോർജ്
[തിരുത്തുക]പ്രശസ്തയായ ഇന്ത്യൻ ലോംഗ്‌ജമ്പ് താരമാണ് അഞ്ജു ബോബി ജോർജ്ജ്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. ചങ്ങനാശ്ശേരിയിലെ ചീരഞ്ചിറ കൊച്ചുപറമ്പിൽ കുടുംബത്തിൽ കെ.ടി.മർക്കോസിന്റേയും ഗ്രേസിയുടേയും പുത്രിയായി 1977 ഏപ്രിൽ 19-നാണ് അഞ്ജു ജനിച്ചത്. [18]
ചരിത്ര സ്മാരകങ്ങൾ
[തിരുത്തുക]മന്നം സമാധി
[തിരുത്തുക]കേരളത്തിലെ പ്രമുഖ സാമുദായിക പരിഷ്‌കർത്താവായ മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം പെരുന്നയിലാണ്. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്തിനോട് ചേർന്ന്. എം.സി. റോഡിന് അഭിമുഖമായിട്ട് സ്ഥിതിചെയ്യുന്നു.
എട്ടു വീട്ടിൽപിള്ളമാരുടെ സമാധി
[തിരുത്തുക]അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് കൊല്ലചെയ്യപെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ പ്രേത ശല്യം, മാർത്താണ്ഡവർമ്മയ്ക്കുശേഷം ഭരണത്തിലേറിയ ധർമ്മരാജാവിനു അനുഭവപ്പെട്ടു. അതിനെ തുടർന്ന് കുമാരമംഗലത്തു മനയിലെ നമ്പൂതിരിയെ കൊണ്ട് ആവാഹിക്കുകയും അവരുടെ ആത്മാക്കളെ വേണാട്ടിൽനിന്നും ആവാഹിച്ചു കുടങ്ങളിലാക്കി ചങ്ങനാശ്ശേരിയിൽ പുഴവാതിലെ കുമാരമംഗലത്തുമനയിൽ കുടിയിരുത്തി. അന്ന് ധർമ്മരാജാവ് കാർത്തിക തിരുനാൾ ചങ്ങനാശ്ശേരിയിൽ എഴുന്നള്ളുകയും വലിയ ഗുരുതി നടത്തി ഇനി മേലാൽ ചങ്ങനാശ്ശേരിയിൽ കാലുകുത്തുകയില്ല എന്നും കാലുകുത്തിയാൽ തിരിച്ച് പിള്ളമാരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുപൊക്കോളാം എന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുകയുണ്ടായി. അതിനുശേഷം തിരുവിതാംകൂറിൽനിന്നും രാജാക്കന്മാർ ആരുംതന്നെ ചങ്ങനാശ്ശേരിയിൽ കാലുകുത്തിയിട്ടില്ലത്രേ. ചങ്ങനാശ്ശേരി വഴി കടന്നുപോകേണ്ടി വന്നിരുന്ന അവസരത്തിൽ കറുത്ത തുണികൊണ്ട് വശങ്ങൾ മറക്കുകയും പതിവായിരുന്നു.
ചിത്തിര തിരുനാൾ ബാലരാമ വർമ്മമഹാരാജാവാണ് ഇത് തിരുത്തിയത്. തിരു-കൊച്ചി ലയനത്തിനുശേഷം അദ്ദേഹം എൻ.എസ്.എസിന്റെ ഉദ്ഘാടന പരിപാടികൾക്കായി ചങ്ങനാശ്ശേരിയിൽ വരുകയുണ്ടായി. അതായിരുന്നു ധർമ്മരാജാവിനു ശേഷം ചങ്ങനാശ്ശേരിയിൽ വന്ന ആദ്യ തിരുവിതാംകൂർ മഹാരാജാവ്. അന്ന് അദ്ദേഹം തിരു-കൊച്ചി രാജപ്രമുഖനായിരുന്നു. മന്നത്തു പദ്മനാഭന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം അന്ന് പതാക ഉയർത്തി പെരുന്നയിലെ എൻ.എസ്.എസ് ഹിന്ദു കോളേജ് ഉദ്ഘാടനത്തിനായി എത്തിയത്. ഇന്നും പുഴവാതിൽ എട്ടുവീട്ടിൽ പിള്ളമാരുടെ സമാധിയുണ്ട്. വർഷത്തിലൊരു പ്രാവിശ്യം ഗുരുതിയും പൂജകളും ഇവിടെ പതിവുണ്ട്.
ചങ്ങനാശ്ശേരി പുഴവാതിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം. സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവായ രാജാരാജവർമ്മ വലിയ കോയിത്തമ്പുരാന്റെ ഗൃഹമാണിത്. 1811-ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി ഗൗരി ലക്ഷ്മിബായിയുടെ നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയകോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു ലക്ഷ്മീപുരം കൊട്ടാരം [19]. അന്നുവരെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്ന[20] രാജകുടുംബാംഗങ്ങളെ ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.[21] [22]
മന്നം മ്യൂസിയം
[തിരുത്തുക]മാർ കുര്യാളശ്ശേരി മ്യൂസിയം
[തിരുത്തുക]വാഴപ്പള്ളി മതുമൂല
[തിരുത്തുക]വാഴപ്പള്ളി ക്ഷേത്രത്തിന്റെയും, അനുബന്ധ കെട്ടിടങ്ങളുടേയും, സുരക്ഷയ്ക്കായി പത്തില്ലത്തിൽ പോറ്റിമാർ നിർമ്മിച്ചതായിരുന്നു ഇത്. മാർത്താണ്ഡവർമ്മയുടെ തെക്കുക്കൂർ ആക്രമണത്തിൽ തന്നെ ഈ മൺകോട്ടയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ശേഷിച്ചിരുന്ന ഭാഗമായിരുന്നു വാഴപ്പള്ളിയിൽ എം.സി റോഡിനരികുലായി ഉണ്ടായിരുന്ന മതിൽക്കെട്ട്. ഈ മതിൽക്കെട്ട് വാമൊഴിയിലൂടെ മതിൽ മൂലയായും പിന്നീട് മതുമൂലയായും തീർന്നു. [23]
ആനന്ദാശ്രമം
[തിരുത്തുക]ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത് വാഴപ്പള്ളി മോർക്കുളങ്ങരയിലാണ്. കൊല്ലവർഷം 10-09-1103 മഹാത്മാഗാന്ധിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ട സ്കൂൾ സ്ഥിതിചെയ്യുന്നത് വാഴപ്പള്ളിയിലെ ഈ ആശ്രമ പരിസരത്താണ്. ശ്രീ നാരായണതീർത്ഥർസ്വാമിയുടെ ആശ്രമമായിരുന്നു ഇവിടെ, അതിനോട് അനുബന്ധിച്ചാണ് സ്കൂൾ ആരംഭിച്ചതും ഗാന്ധിജിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ടതും. സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടികൾക്കായി ശ്രീ നാരായണ ഗുരു ഗാന്ധിജിയെ ഇവിടേക്ക് ക്ഷണിക്കുകയും, ഇവിടെ ആശ്രമമുറ്റത്തെ ആൽമരചുവട്ടിൽ വെച്ചു നടത്തിയ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുകയും ചെയ്തിരുന്നു. എസ്.എൻ.ഡി.പി യുടെ ഒന്നാം നമ്പർ ശാഖയാണ് ആനന്ദാശ്രമം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]സ്കൂളുകൾ
[തിരുത്തുക]1891 ൽ സ്ഥാപിതമായ ഈ പുരാതന വിദ്യാലയം ചങ്ങനാശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിലെ ആദ്യത്തെ വിദ്യാലയമായ എസ്.ബി സ്ക്കൂൾ 1891 ൽ ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബിഷപ്പായിരുന്ന ചാൾസ് ലവീഞ്ഞ് പിതാവിനാൽ സ്ഥാപിതമായി. റെസിഡൻഷ്യൽ സ്ക്കൂളായി ആരംഭിച്ചു എന്ന പ്രത്യേകത കൂടി എസ്.ബിക്കുണ്ട്.
കോളേജുകൾ
[തിരുത്തുക]പ്രധാന കോളേജുകൾ | സ്ഥലം | ചിത്രം | |
---|---|---|---|
1 | സെന്റ്. ബർക്കുമാൻസ് കോളേജ് | ചങ്ങനാശ്ശേരി | |
2 | എൻ .എസ്.എസ്.എസ് ഹിന്ദു കോളേജ് | പെരുന്ന | |
3 | അസംപ്ഷൻ കോളേജ് | ചങ്ങനാശ്ശേരി | |
4 | എസ്.എസ്.എസ് ട്രയിനിംഗ് കോളേജ് | പെരുന്ന | |
5 | എസ്.എസ്.എസ് ആതുരാശ്രമം ഹോമിയോ കോളേജ് | കുറിച്ചി | |
6 | സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മൂണിക്കേഷൻ | കുരിശുംമൂട് | പ്രമാണം:St Joseph College of Communication.jpg |
7 | സെന്റ് ഗിസ്റ്റ് എഞ്ചിനിയറിംഗ് കോളേജ് | പാത്താമുട്ടം, കുറിച്ചി |
പ്രമുഖ ആസ്ഥാന മന്ദിരങ്ങൾ
[തിരുത്തുക]ഗതാഗതം
[തിരുത്തുക]ചിത്രങ്ങൾ
[തിരുത്തുക]-
പ്രധാന മാർക്കറ്റ്
-
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ
-
ബോട്ട്ജെട്ടി
-
നഗരത്തിലെ ഗാന്ധി പ്രതിമ
-
സെൻട്രൻ ജംഗ്ഷൻ
-
മന്നം സ്ക്വയർ
-
പ്രധാന ബസ് സ്റ്റേഷൻ
-
വാഴപ്പള്ളിയിലെ മതുമൂല
-
എൻ.എസ്.എസ് പ്രതിനിധി സഭാമന്ദിരം
-
നഗരസഭ കാര്യാലയം
-
റെയിൽവേ സ്റ്റേഷൻ
-
ചെത്തിപ്പുഴ ആശുപത്രി
-
എൻ.എസ്.എസ്. ഹിന്ദു കോളേജ്
-
അസംപ്ഷൻ കലാലയം
-
പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രം
-
മെത്രാപ്പോലീത്തൻ സെൻറ് മേരീസ് പള്ളി
-
പുതൂർപള്ളി ജുമാമസ്ജിദ്
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://books.google.co.in/books?id=WhbMYm-5J9QC&printsec=frontcover#v=onepage&q&f=false
- ↑ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്, ചങ്ങനാശ്ശേരി ക്ലബ്
- ↑ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്
- ↑ കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
- ↑ സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്
- ↑ വി.വി.കെ. വാലത്ത് -- കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
- ↑ സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്
- ↑ ശ്രീ കേരള മഹാചരിത്രം - കുറുപ്പം വിട്ടീൽ കെ.എൻ. ഗോപാലപിള്ള - റെഢ്യാർ പ്രസ്സ്, തിരുവനന്തപുരം, 1948
- ↑ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്
- ↑ ചങ്ങനാശ്ശേരി - പ്രൊഫ. പി.എ. രാമചന്ദ്രൻ നായർ - (ചങ്ങനാശ്ശേരി '99 - ഡി.സി. ബുക്സ്
- ↑ "ചരിത്രമുറങ്ങുന്ന ശാലഗ്രാമം". www.mathrubhumi.com. Retrieved 8 ജൂൺ 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ തിരുവിതാംകൂർ ചരിത്രം - പി. ശങ്കുണ്ണി മേനോൻ - പേജ് 130, 131
- ↑ കേരള ചരിത്രം -- എ.ശ്രീധരമേനോൻ -- ഡി.സി. ബുക്സ്
- ↑ Visakham Thirunal - Editor: Lennox Raphael Eyvindr - ISBN 9786139120642
- ↑ History of Travancore from the Earliest Times - P. Shungoonny Menon - ISBN 8120601696 - Published By: Asian Educational Services
- ↑ Travancore State Manual Vol II (1906) by V. Nagam Aiya
- ↑ സ്ഥലനാമ കൗതുകം--ISBN : 9788189716554 -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്
- ↑ മാതൃഭൂമി ദിനപത്രം 2013 ആഗസ്റ്റ് 9 . സ്പോർട്ട്സ് പേജ് 14
- ↑ പി.കെ., നാരായണപിള്ള (1994). (തർജ്ജമ): കെ. രാമചന്ദ്രൻ നായർ (ed.). ഭാരതീയ സാഹിത്യശില്പികൾ - കേരളവർമ്മ. കേന്ദ്ര സാഹിത്യ അക്കാദമി. p. 8. ISBN 81-7201-611-8.
{{cite book}}
:|access-date=
requires|url=
(help);|format=
requires|url=
(help); Check|isbn=
value: checksum (help); More than one of|pages=
and|page=
specified (help) - ↑ പി. കെ. നാരായണപിള്ള: Kerala Varma - the symbol of transition to the modern age in Malayalam
- ↑ തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ
- ↑ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്
- ↑ ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്