ഷിറിൻ ഫോസ്ദാർ
Shirin Fozdar | |
---|---|
ജനനം | 1905 |
മരണം | 1992 |
ദേശീയത | Indian |
തൊഴിൽ | Women's rights activist |
സ്ത്രീകളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച ഒരു വനിതാ വിമോചന പ്രവർത്തകയായിരുന്നു ഷിറിൻ ഫോസ്ദാർ(1905–1992).
ആദ്യകാലജീവിതം
1905 ൽ ബോംബൈയിൽ (ഇന്നത്തെ മുംബൈ) ഷിറിൻ ഫോസ്ദാർ ജനിച്ചു. അവരുടെ മാതാപിതാക്കളായ മെഹ്റബാൻ ഖൊദാബക്സ് ബെഹ്ജാത്ത്, ദൗലത്ത് എന്നിവർ ബഹായി മതവിശ്വാസികളായിരുന്നു [1][2]. ബഹായി മതവിശ്വാസത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്യരാണ്. 17 വയസ്സായപ്പോൾ കറാച്ചിയിൽ നടന്ന ഇന്ത്യൻ ബഹായി ദേശീയ സമ്മേളനത്തിൽ സാർവ്വത്രിക വിദ്യാഭ്യാസം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയുണ്ടായി [1][3]. 1930 കളോടെ, ഓൾ ഏഷ്യൻ വുമൺസ് കോൺഫറൻസിൽ അവർ സജീവപങ്കാളിയായി. 1934 ൽ ജനീവയിൽ നടന്ന ലീഗ് ഓഫ് നേഷൻസ് കോൺഫറൻസിൽ ലിംഗസമത്വത്തെക്കുറിച്ച് ഒരു അവതരണം നടത്താൻ ഷിറിൻ നിയുക്തയായി. അവർ പരസ്യ പ്രഭാഷണങ്ങൾ നടത്തി. 1941 ൽ മഹാത്മാഗാന്ധിയുടെ അഭ്യർഥന പ്രകാരം അവർ അഹമ്മദാബാദിൽ സമാധാനത്തെ കുറിച്ച് പ്രഭാഷണം നടത്തി [2].
സിംഗപ്പൂരിൽ
1950-ൽ ബഹായി വിശ്വാസത്തെ പ്രചരിപ്പിക്കാൻ അവർ ഭർത്താവുമൊത്ത് സിംഗപ്പൂരിലേക്ക് തിരിച്ചു. സിംഗപ്പൂരിൽ, വിവാഹജീവിതത്തിലെ ലൈംഗിക അസമത്വത്തിനും ബഹുഭാര്യത്വത്തിനും എതിരായി വിജയകരമായി പ്രവർത്തിച്ചു . 1952-ൽ സിംഗപ്പൂർ കൗൺസിൽ ഓഫ് വിമൻസ് എന്ന സംഘടനയുടെ സ്ഥാപനത്തിൽ അവർ പ്രധാന പങ്ക് വഹിച്ചു. ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷിറിൻ രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും ആശയവിനിമയം നടത്തുന്ന ചുമതല ഏറ്റെടുത്തു. രാഷ്ട്രീയപ്രവർത്തനത്തിനായുള്ള ആദ്യത്തെ വനിതാ സംഘടനയായിരുന്നു ഈ സംഘം. രണ്ടായിരത്തിലധികം അംഗങ്ങളുള്ള ഈ സംഘം അഞ്ച് ദശാബ്ദത്തോളം ഏറ്റവും വലിയ വനിതാ സംഘടനയുമായിരുന്നു[4]. ബഹുഭാര്യത്വവും വിവാഹമോചനവും മൂലം കഷ്ടതയനുഭവിച്ച വനിതകൾക്ക് നീതി ലഭിക്കുന്നതിനായി സിംഗപ്പൂർ കൗൺസിൽ ഓഫ് വിമൻസ് നടത്തിയ മുന്നേറ്റങ്ങളിലൂടെ 1955-ൽ ഈ പ്രശ്നങ്ങൾക്ക് തീർപ്പ് കല്പിക്കുവാനും അർഹതപ്പെട്ട ജീവനാംശം വിധിക്കുവാനും ഒരു ശരീഅത്ത് കോടതി സ്ഥാപിതമായി[5]. വനിതകളുടെ ചാർട്ടർ നിയമമാക്കിയെടുക്കുവാനുള്ള പരിശ്രമത്തിന് അവർ നേതൃത്വം നൽകി.
അവസാനകാലം
1958-ൽ അവരുടെ ഭർത്താവ് മരിച്ചു. 1961-ൽ ഫോസ്ദാർ ഗ്രാമീണ തായ്ലൻഡിലേക്ക് താമസം മാറി. വേശ്യാവൃത്തിക്ക് നിർബന്ധിക്കപ്പെടുന്നതിൽ നിന്നും സ്ത്രീകളെ രക്ഷിക്കുക, അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്കായി ഒരു സ്കൂൾ സ്ഥാപിച്ചു. സിംഗപ്പൂരിൽ മടങ്ങിയെത്തുന്നതിനു മുൻപ് അവൾ 14 വർഷത്തോളം തായ്ലൻഡിൽ ചെലവിട്ടു[6]. വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്ത് ബഹായി വിശ്വാസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1992 ഫെബ്രുവരി രണ്ടിനാണ് ഷിറിൻ ഫോസ്ദാർ കാൻസർ ബാധിച്ച് മരണമടഞ്ഞത്. ഇവർക്ക് മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ടായിരുന്നു.
അവലംബം
- ↑ 1.0 1.1 Fong, Lee-Khoo Guan (2007). "Shirin Fozdar". Singapore Infopedia. National Library Board. Retrieved 24 December 2015.
- ↑ 2.0 2.1 Chew, Phyllis Ghim Lian (24 August 2009). "The Singapore Council of Women and the Women's Movement" (PDF). Journal of Southeast Asian Studies. 25 (1): 112–140. doi:10.1017/S0022463400006706. Archived from the original (PDF) on 2015-11-21. Retrieved 24 December 2015.
- ↑ Chua, Alvin (11 December 2012). ""One man one wife" and the happiest woman on earth Shirin Fozdar (born 1905 – died 1992)". Singapore Memory Project. Archived from the original on 2015-11-17. Retrieved 24 December 2015.
- ↑ Soin, Kanwaljit; Thomas, Margaret, eds. (2015). Our Lives to Live: Putting a Woman's Face to Change in Singapore. Singapore: World Scientific. pp. 50–52. ISBN 978-9814641999.
- ↑ "Shirin Fozdar". Singapore Women's Hall of Fame. Singapore Council of Women's Organisations. Archived from the original on 2016-03-05. Retrieved 24 December 2015.
- ↑ "A Tribute to Mrs Shirin Fozdar" (PDF). The Women's Times. 19 September 2000. Archived from the original (PDF) on 2015-12-25. Retrieved 24 December 2015. Archived in Singapore & I.R.O., p. 35.